Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിടപറഞ്ഞത് കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിലെ 37ാമത്തെ ബീവി; കണ്ണൂരിനെ ഒരു പ്രധാന തുറമുഖ പട്ടണമാക്കിയ രാജവംശ പരമ്പരയിലെ കണ്ണി; നിര്യാതയായ സൈനബാ ബീവിക്കും അറക്കൽ രാജവംശത്തിനും പറയാനുള്ളത് നൂറ്റാണ്ടുകളുടെ പൈതൃകം

വിടപറഞ്ഞത് കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിലെ 37ാമത്തെ ബീവി; കണ്ണൂരിനെ ഒരു പ്രധാന തുറമുഖ പട്ടണമാക്കിയ രാജവംശ പരമ്പരയിലെ കണ്ണി; നിര്യാതയായ സൈനബാ ബീവിക്കും അറക്കൽ രാജവംശത്തിനും പറയാനുള്ളത് നൂറ്റാണ്ടുകളുടെ പൈതൃകം

രഞ്ജിത്ത് ബാബു

കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിന്റെ 37 ാമത്തെ ബീവിയാണ് ഇന്ന് നിര്യാതയായ സുൽത്താൻ അറയ്ക്കൽ ആദിരാജാ സൈനബാ ബീവി. 2006 സെപ്റ്റംബർ 27 ന് അറയ്ക്കൽ കെട്ടിൽനിന്ന് സ്ഥാനമേറ്റ ബീവി ദീർഘകാലമായി വാർധക്യ സഹജമായ രോഗാവസ്ഥയിലായിരുന്നു. അടുത്ത ബീവിയായി, സൈനബാ ബീവിയുടെ സഹോദരി ഫാത്തിമാ മുത്തുബീവി ആചാരാനുഷ്ഠാനങ്ങളോടെ സ്ഥാനമേൽക്കും.

14 ാം നൂറ്റാണ്ടിന്റെ ആദ്യ ദശയിലാണ് കണ്ണൂരിലെ അറക്കൽ രാജവംശം സ്ഥാപിതമായത്. കോലത്തിരിയുടെ കപ്പൽ പടയുടെ അധിപതി രാമൻന്തളി അരയൻ കുളങ്ങര നായർ തറവാട്ടിലെ ഒരു വ്യക്തി ഇസ്ലാം മതത്തിൽ ചേർന്ന് മുഹമ്മദാലി ആയിത്തീർന്നതാണ് ഈ വംശപരമ്പരയുടെ തുടക്കമെന്നാണ് ഐതീഹ്യം. ഒരിക്കൽ അദ്ദേഹം ഏഴിമല പുഴയിൽ കുളിച്ചു കൊണ്ടിരിക്കേ നടുപ്പുഴയിലെത്തിയ ഒരു കോലത്തിരി തമ്പുരാട്ടി മുങ്ങി താഴുന്നത് കണ്ട്് പുഴയിൽ ചാടി അവരെ രക്ഷിച്ചു. പുഴയിൽ മുങ്ങി കൊണ്ടിരിക്കുന്ന തന്നെ രക്ഷിച്ച യുവാവിനെ വിവാഹം ചെയ്യാൻ തമ്പുരാട്ടി നിർബന്ധം പിടിക്കുകയും അങ്ങനെ കോലത്തിരി രാജാവ് തന്നെ മമ്മാലിക്ക് തമ്പ്രാട്ടിയെ വിവാഹം കഴിക്കാൻ അനുമതി നൽകുകയും ചെയ്തു. അങ്ങിനെ ഉത്ഭവിച്ചതാണ് അറക്കൽ രാജവംശം എന്നാണ് ഐതീഹ്യം.

അറക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ മുഹമ്മദലി എന്നു പേരുള്ള ഒരു രാജാവായിരുന്നുവെന്ന് മലബാർ മാന്യുവലിൽ വില്യും ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ രാജാവ് മുഹമ്മദലിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അറക്കൽ സ്വരൂപത്തിലെ ഭരണാധിപന്മാരെല്ലാം അലിരാജാ എന്ന് പേര് ചേർത്തിരുന്നു. കേരളത്തിലെ ആദ്യ മുസ്ലിം ഭരണാധികാരി എന്ന നിലയിൽ ആദിരാജാ എന്നും കടലുകളുടെ അധിപതി എന്ന നിലിയിൽ ആഴി രാജാ എന്നും പേര് വന്നതായും അറിയുന്നു. ഇന്നത്തെ ധർമ്മടം അക്കാലത്തെ ധർമ്മ പട്ടണമായിരുന്നു. അവിടെ നിന്ന് മതപരിവർത്തനത്തിന് ശേഷം അറക്കൽ കുടുംബം കണ്ണൂരിൽ സ്ഥിര താമസമാക്കി.

കോട്ട കൊത്തളങ്ങളും പ്രാർത്ഥനാലയങ്ങളും അവർ നിർമ്മിച്ചു. കണ്ണൂരിനെ ഒരു പ്രധാന തുറമുഖ പട്ടണമാക്കിയത് അറക്കൽ രാജവംശമായിരുന്നു. അതുകൊണ്ടു തന്നെ മധ്യകാല കേരളത്തിലെ വ്യാവസായിക രാഷ്ട്രീയ മേഖലകളിൽ അറക്കൽ രാജവംശത്തിനും കണ്ണൂരിനും പ്രധാന പരിഗണന ലഭിച്ചു. കണ്ണൂരിന്റെ അക്കാലത്തെ പുരോഗതിയും ഈജിപ്ത്, ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധമായിരുന്നു. കുരുമുളക്, കാപ്പി., സുഗന്ധ വ്യജ്ഞനങ്ങൾ, വെറ്റില, അടക്ക തുടങ്ങിയ ഉത്പ്പന്നങ്ങൾ അറക്കൽ രാജവംശത്തിന്റെ പ്രതാപ കാലത്ത് കയറ്റി അയച്ചിരുന്നു.

വിദേശ കമ്പോളങ്ങൾ കയ്യടക്കാൻ സാധിച്ച അറക്കൽ സ്വരൂപത്തിന് സാമ്രാജ്യത്തിന് പുറത്ത് നിന്നു പോലും നാവികരേയും കച്ചവടക്കാരേയും ആകർഷിക്കാൻ കഴിഞ്ഞു. മാലിദ്വീപും ലക്ഷദ്വീപും അറക്കൽ രാജവംശത്തിന്റെ അധീനതയിൽ കൊണ്ടുവന്നതിലൂടെ അക്കാലത്തെ അറക്കലിന്റെ സ്വാധീനം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതാണ്. മിനിക്കോയിയേയും ലക്ഷദ്വീപിനേയും വേർതിരിക്കുന്ന കടലിടുക്കിനെ 'മമ്മാലി ചാനൽ ' എന്നായിരുന്നു നാമകരണം ചെയ്തിരുന്നത്. കേരളത്തിലെ എല്ലാ രാജാക്കന്മാർക്കും കരസേനമാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ കടലുകളിലും ദ്വീപ സമൂഹങ്ങളിലും ആധിപത്യം സ്ഥാപിച്ചത് അക്കാലത്ത് അറയ്ക്കലിന് നാവിക സേനയും ഉണ്ടായിരുന്നുവെന്നാണ്. പോർച്ചുഗീസുകാർ ആലിരാജായുടെ നാവികരെ പുറന്തള്ളി ദ്വീപ് കൈവശപ്പെടുത്തിയെങ്കിലും പിന്നീട് അറയ്ക്കലിന്റെ നാവിക സേന പോർച്ചുഗീസുകാരെ തോൽപ്പിച്ചുകൊണ്ട് ദ്വീപ് പിടിച്ചടക്കി. മൂന്നാം മൈസൂർ യുദ്ധത്തിൽ സൈന്യം കണ്ണൂർ കീഴടക്കുകയും ഭരണാധികാരിയായിരുന്ന ബീബിയുമായി ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു.

യുദ്ധ ശേഷം മലബാർ ഇംഗ്ലീഷുകാരുടെ അധീനതയിലായി. ഒടുവിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി നിജപ്പെടുത്തി അടുത്തൂൺപ്പറ്റി ഒടുങ്ങേണ്ടുന്ന അവസ്ഥയിലേക്ക് ഈ രാജവംശം ചെന്നെത്തി. ജനാധിപത്യ സംവിധാനം പ്രാവർത്തിക്കമായിട്ട് ദശകങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും രാജകീയ പ്രതാപം കാത്തു സൂക്ഷിക്കുകയാണ് അറയ്ക്കൽ രാജവംശത്തിലെ പിൻഗാമികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP