Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൈങ്കിളി പത്രപ്രവർത്തനത്തെ വിമർശിച്ചതിന് മനോരമ തമസ്‌ക്കരിച്ചത് കാൽ നൂറ്റാണ്ടോളം; കവിയരങ്ങുകളിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിച്ച് സാധാരണക്കാരന്റെ കവിയായി; റോഡിൽ ചത്തുകിടക്കുന്ന പട്ടിയെക്കുറിച്ചും സർക്കാർ ഓഫീസിലെ ആളില്ലാകസേരകളെ കുറിച്ചും കവിത എഴുതി; ചെമ്മനം ചക്കോ കടന്നുപോവുന്നത് കുഞ്ചൻ നമ്പ്യാരുടെയും സഞ്ജയന്റെയും പിൻഗാമിയെന്ന പെരുമയുമായി

പൈങ്കിളി പത്രപ്രവർത്തനത്തെ വിമർശിച്ചതിന് മനോരമ തമസ്‌ക്കരിച്ചത് കാൽ നൂറ്റാണ്ടോളം; കവിയരങ്ങുകളിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിച്ച് സാധാരണക്കാരന്റെ കവിയായി; റോഡിൽ ചത്തുകിടക്കുന്ന പട്ടിയെക്കുറിച്ചും സർക്കാർ ഓഫീസിലെ ആളില്ലാകസേരകളെ കുറിച്ചും കവിത എഴുതി; ചെമ്മനം ചക്കോ കടന്നുപോവുന്നത് കുഞ്ചൻ നമ്പ്യാരുടെയും സഞ്ജയന്റെയും പിൻഗാമിയെന്ന പെരുമയുമായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'രണ്ടുനാളായ് റോഡിലൊരു പട്ടി ചത്തുകിടക്കുന്നു, കാണ്ടുപോകാനാരുമില്ല കോർപ്പറേഷനിൽ'.... ഇങ്ങനെയൊരു വരികൾ കാണുമ്പോൾതന്നെ അറിയാം അത് ചെമ്മനം ചാക്കേയുടെതാണെന്ന്. ഇന്നലെ അന്തരിച്ച ചെമ്മനം ചാക്കോ മലയാളത്തിന്റെ സാധാരണക്കാരുടെ പ്രിയ കവിയായിരുന്നു. സംസ്‌കൃതംചേർത്ത് വൃത്തവും പ്രാസവുമൊപ്പിച്ച് കവിത എഴുതുന്ന പണ്ഡിത കവിയായിരുന്നി ല്ല അദ്ദേഹം. അതീവ ലളിതമായ ഭാഷ. രൂക്ഷമായ സാമൂഹിക വിമർശനം.

പ്രതിപാദിക്കുന്നതാകട്ടെ ഏറ്റവും പ്രസക്തമായ സാമൂഹിക കാര്യങ്ങളും. സാധാരണക്കാർ പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് ചെമ്മനം ചാക്കോ കവിതകളിൽ ആവിഷ്‌കരിച്ചത്. കുഞ്ചൻ നമ്പ്യാരുടെയും സഞ്ജയന്റെയും പിൻഗാമിയായിട്ടാണ് മലയാളത്തിൽ ചെമ്മനമെന്ന കവി തന്റെ സിംഹാസനം ഉറപ്പിച്ചത്. റോഡിൽ ചത്തുകിടക്കുന്ന പട്ടിയുടെയും, അതുനോക്കി നിസ്സഗംരായി കടന്നുപോകുന്ന ആൾക്കൂട്ടത്തെ ചിത്രീകരിച്ച 'നാട്ടുനടപ്പ്' എന്ന കവിതപോലെ ചെമ്മനത്തിന്റെ പല കവിതകളും സാമൂഹിക പ്രസ്‌ക്തമായ വിഷയങ്ങളായിരുന്നു.

കലാതിലകം എന്ന കവിത തുടങ്ങുന്നത് നോക്കുക.

'ഓടിയെത്തീടണം ഡാഡി, യുവജന-
കോടിതന്നുത്സവം മുറ്റത്തുവന്നുപോയ്്
മസ്‌ക്കറ്റിൽനിന്ന് പറക്കണം കൂട്ടത്തിൽ
ബിസ്‌ക്കറ്റ്‌വേണ്ടത്ര കൊണ്ടുവന്നീടണം'

ഇങ്ങനെ ലളിത സുന്ദര പദങ്ങളിലൂടെയാണ് കുട്ടികളെ കലാതിലകമാക്കാനുള്ള രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കാട്ടിക്കൂട്ടലുകളെ അദ്ദേഹം പരിഹസിക്കുന്നത്. ഉദ്ഘാടനം' ആണ് ചെമ്മനത്തിന്റെ ആദ്യം പ്രസിദ്ധീകരിച്ച ആക്ഷേപഹാസ്യ കവിത. ജനങ്ങളുടെ ജീവൽ പ്രധാനങ്ങളായ കാര്യങ്ങൾ നോക്കേണ്ട മന്ത്രിമാർ, അതു ചെയ്യാതെ പാലം മുതൽ മൂത്രപ്പുര വരെ ഉദ്ഘാടനം ചെയ്തു നടക്കുന്നതിലെ പരിഹാസവും പ്രതിഷേധവുമായിരുന്നു ഈ കവിത. ഇന്നും പ്രസക്തമാണ് ഈ കവിത.

ആളില്ലാ കസേരകൾ', 'മാധ്യമസൃഷ്ടി' എന്നീ കവിതകൾ ഏറെ പ്രശസ്തമായിരുന്നു. ഒരുകാലത്ത് എന്തും മാധ്യമ സൃഷ്ടിയാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ചെമ്മനത്തിന്റെ മാധ്യമസൃഷ്ടിയെന്ന കവിത വന്നത്. സർക്കാർ ഓഫീസകളിലെ അഴിമതിയെയും ജനവിരുദ്ധ ഇടപെടലുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിന്റെ കാവ്യ വിമർശനങ്ങൾ മർമത്തു തന്നെ കൊള്ളുന്നവയായിരുന്നു.'പാഠം തുടർന്ന് പഠിക്കാൻ പറഞ്ഞ് ബീഡി വലിക്കാൻപോയി സാർ,' എന്ന അദ്ദേഹത്തിന്റെ വരികൾ അദ്ധ്യാപകവൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്ന് പരസ്പരം പോരടിച്ചപ്പോൾ അതിനെ പരിഹസിച്ച് എഴുതിയ 'ഉൾപ്പാർട്ടി യുദ്ധം' എന്ന കവിത മുതൽ ആക്ഷേപഹാസ്യം തന്റെ കവിതയുടെ ജീവവായുവായി അദ്ദേഹം തിരഞ്ഞെടുത്തു. സാധാരണ മനുഷ്യർ നേരിടുന്ന ബുദ്ധിമുട്ടുകളെയും അധികാരിവർഗത്തിന്റെ ഗർവിനെയും അദ്ദേഹം തന്റെ കവിതകളിൽ ആവാഹിച്ചു.പത്രലോകത്തെ തെറ്റുകുറ്റങ്ങളും പൈങ്കിളി രീതികളും വിർശന വിധേയമാക്കിയതിനെത്തുടർന്ന് മലയാള മനോരമ ഏറെക്കാലം ചെമ്മനത്തിന്റെ കൃതികൾ തമസ്‌കരിച്ചിരുന്നു. 25വർഷത്തോളം നീണ്ടുനിന്ന മനോരമയുടെ തമസ്‌ക്കരണം അടുത്തകാലത്താണ് അവസാനിച്ചത്.അക്കാലത്തൊന്നും ചെമ്മനം പങ്കെടുത്ത ചടങ്ങിന്റെ പടംപോലും മനോരമയിൽ വരാറുണ്ടായിരുന്നില്ല.തന്റെ കവിതകളെ അത്രയേറെ അവർ ഭയക്കുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു ഈ വിഷയത്തിൽ ചെമ്മനത്തിന്റെ പ്രതികരണം.അതൊന്നും കാര്്യമാക്കാതെ കവിയരങ്ങുകളിൽ ഗദ്യ വിയതുമായി എത്തി അദ്ദേഹം ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രിയപ്പെട്ടവനായി.

മുക്കാൽ നൂറ്റാണ്ടോളം നീണ്ട കാവ്യസപര്യയിൽ അമ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം.1946-ൽ പി. ദാമോദരൻ പിള്ള കോട്ടയത്തുനിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന 'ചക്രവാളം' മാസികയിൽ 'പ്രവചനം' എന്ന ആദ്യ കവിത പ്രസിദ്ധീകരിച്ചു. സി.ജെ.സി. മുളക്കുളം എന്ന പേരിലാണ് ആദ്യമൊക്കെ എഴുതിയിരുന്നത്. പിന്നീടാണ് ചെമ്മനം ചാക്കോ എന്ന പേര് സ്വീകരിച്ചത്. തന്റെ സാമൂഹിക വിമർശനത്തിന് ശക്തി പകർന്നത് എൻ.വി. കൃഷ്ണവാര്യരുടെ കവിതകളാണെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.947-ൽ 'വിളംബരം' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. 53 വർഷം തിരുവനന്തപുരത്തായിരുന്നു താമസം. പിന്നീട് എറണാകുളത്തേക്കു മാറി. ഇപ്പോൾ 12 കൊല്ലമായി എറണാകുളത്താണ്. ഇവിടെ അധികം കവികളും സാഹിത്യകാരന്മാരുമില്ലാത്തതുകൊണ്ട് നാട്ടുകാരുടെ ഊഷ്മളമായ സ്നേഹം ലഭിക്കുന്നുവെന്നാണ് കവി പറയുന്നത്. തൃക്കാക്കരയിൽ അദ്ദേഹത്തിന്റെ ശ്രമഫലമായി ഒരു സാംസ്‌കാരിക കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കവിത, ബാലസാഹിത്യം, ലേഖനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി അമ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പി. സ്മാരക അവാർഡ്, ആശാൻ അവാർഡ്, മൂലൂർ അവാർഡ്, മഹാകവി ഉള്ളൂർ കവിതാ അവാർഡ്, സഞ്ജയൻ അവാർഡ്, പണ്ഡിറ്റ് കെ.പി. കറുപ്പൻ അവാർഡ്, കുട്ടമത്ത് അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ്, എ.ഡി. ഹരിശർമ അവാർഡ്, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP