Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുരാത്രിയുടെ ആകാംക്ഷയ്ക്ക് ശേഷം ശുഭവാർത്തയ്ക്കായി കാത്തിരുന്നവരുടെ ഹൃദയം നുറുക്കി ഈ ഏഴുവയസുകാരിയുടെ വേർപാട്; ഒന്നും അറിയാതെ, ഇമകൾ പൂട്ടി അവസാനയാത്ര; തലസ്ഥാനത്ത് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയത് ഉച്ചയ്ക്ക് രണ്ടോടെ; മോർച്ചറിക്ക് മുന്നിൽ കണ്ണീർ വാർത്ത് ഉറ്റവരും നാട്ടുകാരും കണ്ടും കേട്ടും വന്നവരും; ഇളവൂരിലെ ദേവനന്ദ ഇനി കണ്ണീരോർമ

ഒരുരാത്രിയുടെ ആകാംക്ഷയ്ക്ക് ശേഷം ശുഭവാർത്തയ്ക്കായി കാത്തിരുന്നവരുടെ ഹൃദയം നുറുക്കി ഈ ഏഴുവയസുകാരിയുടെ വേർപാട്; ഒന്നും അറിയാതെ, ഇമകൾ പൂട്ടി അവസാനയാത്ര; തലസ്ഥാനത്ത് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയത് ഉച്ചയ്ക്ക് രണ്ടോടെ; മോർച്ചറിക്ക് മുന്നിൽ കണ്ണീർ വാർത്ത് ഉറ്റവരും നാട്ടുകാരും കണ്ടും കേട്ടും വന്നവരും; ഇളവൂരിലെ ദേവനന്ദ ഇനി കണ്ണീരോർമ

എം മനോജ് കുമാർ

തിരുവനന്തപുരം: വിടരും മുൻപ് കൊഴിഞ്ഞ ശലഭത്തിന്റെ വേദനയാണ് കൊല്ലം ഇളവൂരിലെ എഴുവയസുകാരി ദേവനന്ദയുടെ മുഖത്ത് പ്രതിഫലിച്ചത്. എന്തൊക്കെയെ കടുത്ത വേദനകൾ ഏറ്റതിന്റെ പ്രതിബിംബങ്ങളും ഭയപ്പാടുമാണ് മുഖത്ത് നിറഞ്ഞിരുന്നത്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ദേവനന്ദയുടെ ഈ മുഖമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാത്തു കെട്ടിനിന്ന മാധ്യമങ്ങൾ പകർത്തിയത്. രാവിലെ പതിനൊന്നരയോടെ പോസ്റ്റ്‌മോർട്ടത്തിനു എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ഇതോടെ ദേവനന്ദയ്ക്ക് കേരളം നൽകുന്ന യാത്രാമൊഴിയുടെ തുടക്കവുമായി. കൊല്ലം ഇളവൂരിൽ ദുഃഖമടക്കി കാത്തു നിൽക്കുന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും അടുത്തേക്കാണ് ഈ കൊച്ചു മിടുക്കിയുടെ ജീവനറ്റ ശരീരവുമായി ആംബുലൻസ് യാത്ര തുടങ്ങിയത്.

ദേവനന്ദയ്ക്ക് എന്തുപറ്റിയെന്നറിയാതെയുള്ള വേദനയും അസ്വസ്ഥതയും നിറഞ്ഞ ഒരു രാത്രിയിലൂടെയാണ് കേരളം ഇന്നലെ കടന്നുപോയത്. കേരളത്തിലെ ഒട്ടുമുക്കാൽ വീടുകളിലും ഇന്നലത്തെ സംസാരം ദേവനന്ദ തന്നെയായിരുന്നു. കുട്ടിയെ ജീവനോടെ തിരികെ ലഭിക്കണേ എന്നതായിരുന്നു മിക്ക വീടുകളിൽ നിറഞ്ഞു നിന്ന പ്രാർത്ഥന. എല്ലാ പ്രാർത്ഥനകളും വിഫലമാക്കിയാണ് ഇന്നു രാവിലെ ദേവനന്ദയുടെ നിശ്ചലദേഹം കണ്ടുകിട്ടിയെന്ന വാർത്ത മാധ്യമങ്ങളിലൂടെ പരക്കുന്നത്. ഇതോടെ ദേവനന്ദയെ അറിയുകപോലും ചെയ്യാത്ത പല വീടുകളിലും ദുഃഖവും സങ്കടവും ഉയരുകയായിരുന്നു. ഈ എഴുവയസുകാരിയുടെ വീട്ടുകാരുടെ ദുഃഖം കേരളം ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. ഇന്നലെ ചാനലുകളിൽ നിറഞ്ഞു നിന്ന ചർച്ചയും വാർത്തയും ദേവനന്ദയായിരുന്നു. ജീവനറ്റ ഈ കൊച്ചുമിടുക്കിയുടെ ദേഹം കണ്ടുകിട്ടിയതോടെ ഇന്നും വാർത്തകൾ ദേവനന്ദയെ ചുറ്റിപ്പറ്റി തന്നെ നിന്നു.

ദേവനന്ദയുടെ മരണം കേരളം ചർച്ച ചെയ്യുന്നതിനാൽ വലിയ രീതിയിൽ തിരക്കും ബഹളവുമാണ് രാവിലെ മോർച്ചറിക്ക് മുന്നിലുണ്ടായത്. ഒരു വശത്ത് മാധ്യമങ്ങളും മറുവശത്ത് പൊലീസും സന്നാഹങ്ങൾ ഒരുക്കി കാത്തു നിന്നു. മാധ്യമങ്ങളും പൊലീസും ഇല്ലാതിരുന്ന സ്ഥലത്ത് ആൾക്കൂട്ടവും നിലകൊണ്ടു. ദേവനന്ദയുടെ മൃതദേഹം എത്തിച്ചിട്ടുണ്ട് എന്നറിഞ്ഞു മെഡിക്കൽ കോളേജിൽ എത്തിയ രോഗികളുടെ കൂട്ടിരിപ്പുകാരും മോർച്ചറിക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരുന്നു. പണിപ്പെട്ടാണ് മാധ്യമങ്ങളും ദേവനന്ദയുടെ നാട്ടുകാരും അല്ലാത്തവരെ പൊലീസ് വകഞ്ഞു മാറ്റിയത്. മൊബൈലുകളിൽ ഷൂട്ട് ചെയ്യുന്നതിനും പൊലീസ് വിലക്കെർപ്പെടുത്തി. മൃതദേഹത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ വഴി ഷെയർ ചെയ്യപ്പെടുന്നത് തടയാനായിരുന്നു ഈ നടപടി.

രാവിലെ പതിനൊന്നരയോടെ ഇളവൂര് നിന്ന് ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുമ്പോൾ കാത്തുനിന്ന ക്യാമറാകണ്ണുകൾ സർവ ചലനങ്ങളും ഒപ്പിയെടുത്തിക്കൊണ്ടിരുന്നു. ക്യാമറകളെ ഭയന്നെന്നോണം മെഡിക്കൽ കോളേജ് അധികൃതർ വളരെ പെട്ടെന്ന് തന്നെ പോസ്റ്റ്‌മോർട്ടത്തിനായി ശരീരം മാറ്റുകയും ചെയ്തു. കൊല്ലം ഇളവൂരിലെ ജനപ്രതിനിധികളും ദേവനന്ദയുടെ ബന്ധുക്കളും നാട്ടുകാരും ആംബുലൻസിന് അകമ്പടി സേവിച്ച് മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. പതിനൊന്നു മണിക്ക് ദേവനന്ദയെ മെഡിക്കൽ കോളേജിൽ എത്തിക്കും എന്നറിഞ്ഞു അതിനു മുൻപേ തന്നെ ചാനലുകൾ സർവ സന്നാഹങ്ങളുമായി ലൈവ് നൽകാനായി മോർച്ചറിക്ക് മുന്നിൽ കാത്ത് കെട്ടിക്കിടക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടക്കുമ്പോഴോക്കെ ഇടവിട്ട് ലൈവുകളും ചാനലുകൾ നൽകി. സമയം അധികരിക്കുമ്പോൾ ആൾക്കൂട്ടത്തിന്റെ എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു.

ദേവനന്ദയുടെ മരണം വിവാദമായിരിക്കെ പോസ്റ്റ്മോർട്ടം നടക്കുന്ന വേളയിൽ തന്നെ ധനമന്ത്രി തോമസ് ഐസക്കും മുൻ സ്പീക്കർ കെ.രാധാകൃഷ്ണനും മോർച്ചറിക്ക് മുന്നിലെത്തി. കാൽ മണിക്കൂർ നേരം ആശുപത്രി അധികൃതരുമായി സംസാരിച്ച ശേഷമാണ് ധനമന്ത്രിയും മുൻ സ്പീക്കറും മടങ്ങിയത്. തിരുവനന്തപുരം മേയർ കെ.ശ്രീകുമാറും ഡെപ്യൂട്ടി മേയർ രാഖി രവികുമാറും പോസ്റ്റ്‌മോർട്ടം കഴിയുന്ന വേളയിൽ മോർച്ചറിക്ക് മുന്നിൽ എത്തിയിരുന്നു. ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ തന്നെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അകത്തേക്കും മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിക്കൊണ്ടുമിരുന്ന കാഴ്ചകളും കണ്ടു. ഓരോ മൃതദേഹവും മോർച്ചറിക്ക് മുന്നിലേക്ക് അകത്തു നിന്ന് എത്തിക്കുമ്പോൾ മാധ്യമങ്ങളും പൊലീസും ഉണർന്നു നിന്നു. ഇത് ദേവനന്ദയുടെ മൃതദേഹമല്ലാ എന്നറിഞ്ഞു പിൻവാങ്ങുകയും ചെയ്തു.

രണ്ടു മണിയോടെയാണ് അറിയിപ്പ് വന്നത്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞു. അൽപ്പ സമയത്തിനുള്ളിൽ പുറത്തെത്തിക്കും. പൊലീസ് ഉദ്യോഗസ്ഥർ പുറത്ത് വന്നു സ്ഥിതിഗതികൾ വിലയിരുത്തി. മോർച്ചറിക്ക് ഒരു വശം മാധ്യമങ്ങളെ നിർത്തി. മറുവശത്ത് തടിച്ചു കൂടി നിന്ന ആളുകളെയും നിർത്തി. ആളുകൾക്ക് മുന്നിലും മാധ്യമങ്ങൾക്ക് മുന്നിലും പൊലീസ് വലയം തീർത്തു. ഇതോടെ ദേവനന്ദയുടെ കൊച്ചു ശരീരം വഹിക്കുന്ന സ്‌ട്രെക്ച്ചറിന് വഴിയായി. നടുവിൽ ഒഴിഞ്ഞു കിടക്കുന്ന വഴിക്ക് അല്പം അകലെയായി ദേവനന്ദയുടെ അവസാന യാത്രയ്ക്കുള്ള ചെറിയ ആംബുലൻസും റെഡിയാക്കി നിർത്തി. വഴി ശരിയാക്കി അറേഞ്ച്‌മെന്റ് കഴിഞ്ഞതോടെ മൃതദേഹം പുറത്തെത്തിച്ചു.ഇതോടെ മാധ്യമങ്ങൾ തള്ളിക്കയറി. എല്ലാവരും ദേവാനന്ദയുടെ അവസാന ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്നു. ആംബുലൻസിന്റെ വാതി അടയ്ക്കുന്നത് വരെ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്നു. ദേവനന്ദയുടെ മരണം കേരളം ഒന്നടങ്കം ചർച്ച ചെയ്യുന്ന വേളയിൽ ഇതൊന്നും അറിയാതെ ചേർത്തടച്ച കണ്ണുകളുമായി ദേവനന്ദയുടെ അവസാനയാത്രയുടെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ആംബുലൻസ് പതിയെ മെഡിക്കൽ കോളെജിനു മുന്നിൽ നിന്ന് കൊല്ലം ഇളവൂരിലെക്ക് നീങ്ങി.

പോസ്റ്റ്‌മോർട്ടം നടന്നുകൊണ്ടിരിക്കെ ഇളവൂരിലെ ജനപ്രതിനിധികളും ദേവനന്ദയുടെ ബന്ധുക്കളും മറുനാടനോട് സംസാരിച്ചു. മരണത്തിൽ അസ്വാഭാവികതകളാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതയും പഞ്ചായത്ത് മെമ്പർ ഉഷയും പറഞ്ഞത്. കുട്ടിയെ പ്ലാൻ ചെയ്തുകൊണ്ടു പോയതാണെന്ന് പഞ്ചായത്ത് അംഗം ഉഷ പറഞ്ഞത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാക്കുകളിലും നിറയുന്നതു കൊലപാതക സംശയങ്ങളാണ്. ദേവനന്ദയുടെ മരണത്തിൽ മറുനാടനോട് പ്രതികരിച്ചവരെല്ലാം ആവശ്യപ്പെടുന്നത് പൊലീസിന്റെ കാര്യക്ഷമമായ അന്വഷണമാണ്. സത്യം പുറത്തു കൊണ്ടു വരേണ്ട അന്വേഷണം. പോസ്റ്റമോർട്ടം ചെയ്യാൻ മൃതദേഹം കൊണ്ടു വന്നപ്പോൾ അടുത്ത ബന്ധുക്കളും പഞ്ചായത്ത് അധികാരികളും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ എത്തിയിരുന്നു.

ഇതിൽ കുട്ടിയുടെ അമ്മയുടെ അച്ചന്റെ സഹോദരനായ ഗോപാലകൃഷ്ണനാണ് റേപ്പ് ചെയ്തിട്ടുണ്ടാകാമെന്ന സംശയം മറുനാടനു മുന്നിൽ ഉയർത്തിയത്. വീട്ടിനു പുറത്ത് പോലും പോകാൻ മടിക്കുന്ന കുട്ടി എങ്ങിനെ ആറ്റിലെക്കെത്തി. വീട്ടിന്നകത്ത് നിന്നാണ് കൊച്ചു മകളെ കാണാതായത്. ആറും വീടും തമ്മിൽ ദൂരമുണ്ട്. ആരോ ദേവനന്ദയെ റേപ്പ് ചെയ്ത ശേഷം ആറ്റിൽ വലിച്ചെറിഞ്ഞതാണ്. ഗോപാലകൃഷ്ണൻ സംശയം പ്രകടിപ്പിക്കുന്നു. മുങ്ങി മരണമാണ് നടന്നതെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനമെങ്കിലും ബന്ധുക്കളും ജനപ്രതിനിധികളും ഉയർത്തുന്ന സംശയം കൊലപാതകത്തിന്റെതാണ്. വെള്ളം കുടിച്ച് വയർ വീർത്ത നിലയിൽ ആയിരുന്നില്ല ദേവനന്ദ-ഗോപാലകൃഷ്ണൻ വിരൽ ചൂണ്ടുന്നു.

കുഞ്ഞിനെ വെള്ളത്തിൽ നിന്ന് കിട്ടി. സംശയം ഉണ്ട്. വെള്ളം കുടിച്ച് മരിച്ചതാണെങ്കിൽ വയറിൽ വെള്ളം നിറഞ്ഞ് വീർക്കേണ്ടേ... ഇവിടെ അതു കാണാനില്ല. എല്ലാം തെളിയിക്കേണ്ടത് പൊലീസും അന്വേഷണവുമാണ്. ആരോ റേപ്പ് ചെയ്തു കൊണ്ടു പോയതെന്നാണ് സംശയിക്കുന്നത്. ആരു വിളിച്ചാലും വീട്ടിന് പുറത്തിറങ്ങാത്ത കുട്ടിയാണ്-ഇതാണ് ദേവനന്ദയുടെ അടുത്ത ബന്ധുവായ ഗോപാലകൃഷ്ണൻ മറുനാടനോട് പറഞ്ഞത്. ഇതുകൊലപാതകമാണെന്ന സംശയം തന്നെയാണ് കുട്ടിയുടെ അപ്പൂപ്പന്റെ സഹോദരനായ ഗോപാലകൃഷ്ണൻ പങ്കുവച്ചത്. ഇന്ന് മൃതശരീരം കണ്ട സ്ഥലത്ത് ഇന്നലെ പരിശോധിച്ചിരുന്നില്ല. ഇന്നലെ പരിശോധിച്ച് നിർത്തിയതിന് 20 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പുഴയും വീടുമായുള്ള 70 മീറ്റർ ദൂരമാണ്. മൃതദേഹം കിടന്നത് 150 മീറ്ററോളം അകലെയും-ഗോപാലകൃഷ്ണൻ പറയുന്നു.

കൊല്ലം ഇളവൂരിൽ ആറ്റിൽ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. വ്യാഴാഴ്ച കാണാതായ കുട്ടിയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ കണ്ടെത്തിയത്. മരണത്തിൽ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചിരുന്നു. വസ്ത്രങ്ങളെല്ലാം മൃതദേഹത്തിൽ തന്നെ ഉണ്ടായിരുന്നു. മുറിവുകളും മറ്റു ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രാഥമിക പരിശോധനയിൽ പൊലീസിന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ശാസ്ത്രീയ പരിശോധനകളടക്കം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെയാണ് മരണത്തിൽ കൊലപാതകമെന്ന സംശയം ബന്ധുക്കൾ കാണുന്നത്.

നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയിൽ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുൻഭാഗത്തുള്ള ഹാളിൽ ഇരിക്കുകയായിരുന്നു. തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാൽ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുൻഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതോടെ നാട്ടുകാർ പരിശോധനകൾ തുടങ്ങി. ഇതിന് നേതൃത്വം നൽകിയത് വാർഡ് മെമ്പറായിരുന്ന ഉഷയാണ്. കുട്ടിയെ പ്ലാൻ ചെയ്തു ആരോ കൊന്നതാണെന്ന് തന്നെയാണ് ഉഷയും മറുനാടനോട് പ്രതികരിച്ചത്.

കുട്ടി ഒരിടത്തും ഒറ്റയ്ക്ക് പോകില്ല. ക്ലാസില്ലായിരുന്നതിനാലാണ് വീട്ടിൽ നിന്നത്. അമ്മൂമ്മയും അപ്പൂപ്പനും പണിക്ക് പോയി. അമ്മ തുണി അലക്കുകയായിരുന്നു. ഇതെല്ലാം മനസ്സിലാക്കി ആരോ പ്ലാൻ ചെയ്തുകൊന്നതാണെന്ന് ഉഷ പറയുന്നു. പ്ലാൻ ചെയ്താണ് എല്ലാം നടന്നതെന്ന് നൂറ് ശതമാനം ഉറപ്പാണെന്ന് അവർ പറയുന്നു. ഇന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ പരിശോധന നടന്നിട്ടില്ലെന്നും മെമ്പറും പറയുന്നു. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തു വരുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. ഇത് തന്നെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ അനിതയ്ക്കും പറയാനുള്ളത്.

മുങ്ങൽ വിദഗദ്ധർ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിഭാഗവും, ഡോഗ് സ്‌ക്വാഡും അടങ്ങുന്ന സംഘം രാത്രിയും അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ വീട്ടിൽ നിന്നും ആറ്റിലേക്ക് ദൂരമുള്ളതിനാൽ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയിൽ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുൻഭാഗത്തുള്ള ഹാളിൽ ഇരിക്കുകയായിരുന്നു.

തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാൽ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുൻഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.കണ്ണനല്ലൂർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു. ദേവാനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. എന്തായാലും ദേവാനന്ദയുടെ മരണം വിവാദമായി തുടരുകയാണ്. കുട്ടി ഒറ്റയ്ക്ക് പുഴയ്ക്ക് അരികിലേക്ക് പോകില്ല. ആരോ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. അതാരെന്നു പൊലീസ് കണ്ടുപിടിക്കട്ടെ-ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP