Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരുന്നു മാഫിയക്ക് തലവേദന ആയപ്പോൾ തുടർച്ചയായി ട്രാൻസ്ഫർ ചെയ്തു അധികാരികൾ വലച്ചു; ആരെയും ഭയപ്പെടാതെ നിലപാടിൽ ഉറച്ചു നിന്നു; മദ്യപാനിയല്ലെന്ന് കോടതി പറഞ്ഞതിന്റെ ആശ്വാസം തീരും മുമ്പ് മരണം വിളിച്ചു: ഷാനവാസിന്റെ ജീവിതം പോരാട്ടങ്ങളുടെ നിറക്കാഴ്‌ച്ച

മരുന്നു മാഫിയക്ക് തലവേദന ആയപ്പോൾ തുടർച്ചയായി ട്രാൻസ്ഫർ ചെയ്തു അധികാരികൾ വലച്ചു; ആരെയും ഭയപ്പെടാതെ നിലപാടിൽ ഉറച്ചു നിന്നു; മദ്യപാനിയല്ലെന്ന് കോടതി പറഞ്ഞതിന്റെ ആശ്വാസം തീരും മുമ്പ് മരണം വിളിച്ചു: ഷാനവാസിന്റെ ജീവിതം പോരാട്ടങ്ങളുടെ നിറക്കാഴ്‌ച്ച

ആവണി ഗോപാൽ

മലപ്പുറം: '3 വർഷം തികയുന്നതിനു മുമ്പേ സ്വന്തം ജില്ലയിൽ വേക്കൻസി ഉണ്ടായിരിക്കേ അന്യജില്ലയിലേക്ക് സ്ഥലം മാറ്റി. തികച്ചും അനധികൃതം,നിയമ വിരുദ്ധം...പുതിയ സ്ഥലമായ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ 3 മാസം തികയുന്നതിനു മുമ്പ്തന്നെ അവിടുന്ന് ശിരുവാണി കാടുകളിലേക്കും,കുന്നുകളിലേക്കും സ്ഥലം മാറ്റി.തികച്ചും നിയമവിരുദ്ധം,,പച്ചയായ മനുഷ്യാവകാശ ലംഘനം......എതിരാളികൾ വമ്പൻ സ്രാവുകളാണ്..പക്ഷേ അവർക്കൊന്നും സത്യത്തിനും നീതിക്കും മീതെ അധികകാലം പറക്കാനാവില്ല....ഹെകോടതിയിൽ സത്യത്തിനും നീതിക്കും വേണ്ടിയിട്ടുള്ള നിയമ പോരാട്ടം നടക്കട്ടെ.എന്തായാലും സത്യമേ വിജയിക്കൂ.സത്യമേ വിജയിക്കാവൂ,കാരണം സത്യം ഈശ്വരനാണ്......എന്റെ സ്ഥലം മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ച വൃത്തികെട്ട കരങ്ങൾക്ക് സത്യത്തിൽ ഭയമാണ്. കാരണം അവരെ പൂട്ടുന്ന രഹസ്യങ്ങൾ ആദിത്യന്റെ പക്കലുള്ളതു കൊണ്ടു തന്നെ.സമയമാകുമ്പോൾ ആദിത്യൻ അതു പൊതു ജനമദ്ധ്യേ തുറന്നു കാണിക്കും...പിന്നെ ഇവർക്കറിയില്ലല്ലോ ആദിത്യനു കാടും,മേടും,മലയുമാണ് കൂടുതൽ ഇഷ്ടമെന്ന്. ശിരുവാണിയിലെ എന്റെ പ്രിയപ്പെട്ട ആദിവാസികളെ, പട്ടിണിപ്പാവങ്ങളെ, കാടും മലയും കയറി ആദിത്യൻ നിങ്ങൾക്കാവശ്യമുള്ള അത്യാവശ്യ വസ്തുക്കളുമായി വരും. നിങ്ങൾ ഇനി മുതൽ പട്ടിണി കിടക്കേണ്ടി വരില്ല....ആദിത്യന്റെ അടുത്ത യാത്ര ശിരുവാണിയിലേക്ക്'...!!

മരണം കീഴടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഡോ. ഷാനവാസ് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. താൻ കടുത്ത സമ്മർദ്ദത്തിന് നടുവിലാണ് എന്ന് വെളിവാക്കുന്ന രണ്ട് കുറിപ്പുകളാണ് അദ്ദേഹം ഇന്നലെ ഫേസ്‌ബുക്കിൽ കുറിച്ചത്. കടുത്ത സമ്മർദ്ദത്തിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അധികാരികളേ നിങ്ങളാണ് അതിന് ഉത്തരവാദികൾ എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയിരുന്നു. തീർത്തും അന്യായമായ സ്ഥലംമാറ്റത്തിനെതിരെ ധൈര്യപൂർവ്വം പ്രതിരോധിക്കുകയയായിരുന്നു ഷാനവാസ്.

ആദിവാസികൾക്കിടയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ പേരിൽ മരുന്നു മാഫിയയുടെ പോലും കണ്ണിലെ കരടായിരുന്നു ഇദ്ദേഹം. തന്നോട് പ്രതികാരം തീർക്കുന്ന വമ്പൻ സ്രാവുകളെ കുറിച്ച് പേര് പറയാതെ അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. തോൽക്കാൻ ഒരുക്കമല്ലാത്ത പോരാളായായിരുന്നു അദ്ദേഹം. ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ വർഷം മുതലാണ് ആരംഭിച്ചത്. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ ഒപ്പുശേഖരണം നടത്തി പ്രതിരോധം തീർത്ത അദ്ദേഹത്തോടൊപ്പം നിൽക്കാൻ അന്ന് മറുനാടൻ മലയാളിക്കും സാധിച്ചിരുന്നു. എന്നാൽ, അധികൃതർ വീണ്ടും പ്രതികാര നടപടികളുമായി നീങ്ങിയതോടെ കടുത്ത മാനസിക സംഘർഷങ്ങളെ നേരിടേണ്ടി വന്നു ഡോ. ഷാനവാസിന്.

ചുങ്കത്തര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജോലി നോക്കവെ നിലമ്പൂരിലെ ആദിവാസി മേഖലയിൽ സൗജന്യമായി ചികിത്സ എത്തിച്ചിരുന്ന അദ്ദേഹത്തെ കഴിഞ്ഞവർഷം പാലക്കാട് ജില്ലയിലെ കാഞ്ഞിരം പുഴയിലേക്കാണ് സ്ഥലം മാറ്റിയത്. സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. താൻ തുടങ്ങിവച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചു പോകാനുള്ള ബുദ്ധിമുട്ടായിരുന്നു സ്ഥലംമാറ്റത്തിൽ ഷാനവാസിനെ ബുദ്ധിമുട്ടിച്ച കാര്യം. അതുകൊണ്ടാണ് നീതിലഭിക്കാനായി നിയമത്തിന്റെ വഴിയിലേക്ക് അദ്ദേഹം നീങ്ങിയതും, വിജയം കൈവരിച്ചതും.

എന്നാൽ കോടതി വിധിയെ തുടർന്ന് കോടതി വിധിക്ക് ശേഷം അവിടെ തുടർന്ന ഡോക്ടർക്കെതിരെ ശക്തമായ കരുനീക്കങ്ങൾ ഉണ്ടായി. എന്നാൽ തന്റെ ഒപ്പം നിൽക്കുന്ന സുഹൃത്തുക്കളെയും സോഷ്യൽ മീഡിയയുടെ കരുത്തിലൂടെയുമാണ് അദ്ദേഹം ഇതിനെയൊക്കെ അതിജീവിച്ചത്. ഏറ്റവും ഒടുവിൽ ചിലരുടെ പ്രേരണയോടെ മാതൃഭൂമി പോലൊരു പാരമ്പര്യമുള്ള പത്രം അദ്ദേഹത്തെ മദ്യപാനിയായി ചിത്രീകരിച്ചത് ഷാനവാസിനെ അതിയായി വേദനിപ്പിക്കുകയുണ്ടായി. എങ്കിലും തോൽക്കാൻ മനസില്ലാത്ത ഷാനവാസ് താൻ മദ്യപാനിയല്ലെന്ന് ഹൈക്കോടതി മുമ്പാതെ തെളിയിച്ച ശേഷം പത്രത്തിനെതിരെ നിയമനടപടിയിലേക്ക് നീങ്ങുകയുമുണ്ടായി.

ഇങ്ങനെ നിയമത്തിന്റെ മുന്നിൽ തന്റെ നിരപരാധിത്വം തെളിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ തേടി മരണം എത്തിയത്. തന്നെ തേടിയെത്തിയിരുന്ന രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നു നൽകിയതാണ് ഷാനവാസിനെ പലരുടെയും ശത്രുവാക്കിയത്. ഇതോടെ സ്വകാര്യ ആശുപത്രികളും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. തുടർന്നാണ് മദ്യപിച്ച് ബഹളം വച്ചെന്ന വിധത്തിൽ അദ്ദേഹത്തിനെതിരെ കേസ് നൽകിയത്. എന്നാൽ ഇതേക്കുറിച്ച് ഷാനവാസ് അന്ന് മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:

''ചാരിറ്റി പ്രവർത്തനങ്ങളുമായി ഞാൻ രണ്ടുദിവസം ഉണ്ടായിരുന്നില്ല, ഈ സമയത്ത് എന്നെ നിർബന്ധിച്ച് ആശുപത്രിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഞാൻ ഡ്യൂട്ടിയിൽ ഇല്ലാതിരുന്നിട്ടും എന്നെ വിളിക്കുകയും ആളില്ലാത്തതിനാൽ ഞാൻ അന്ന് ഡ്യുട്ടിയിൽ കയറുകയും ചെയ്തു. കഴിഞ്ഞ മൂന്നുദിവസത്തെ ഉറക്ക ക്ഷീണം എനിക്ക് നന്നായി ഉണ്ടായിരുന്നു. കാരണം, പട്ടാമ്പിയിലും മറ്റു പലയിടത്തും വനത്തിലുമൊക്കെയായി ചില ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പോയതായിരുന്നു. പക്ഷേ, പെട്ടെന്ന് സൂപ്രണ്ടും മറ്റു ഡോക്ടർമാരും ചേർന്ന് ഞാൻ മദ്യപിച്ചെന്നു പറഞ്ഞ് ബഹളമുണ്ടാക്കുകയാണ് ചെയ്തത്. ഇതിനായി ചില ആളുകളെ പരസരത്ത് തയ്യാറാക്കി നിർത്തിയിരുന്നു. അവരും ഓടിയെത്തി. തിരക്കഥ പോലെ പിന്നാലെ പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നു. അവർ പത്രക്കാരെയും പൊലീസിനെയും വിവരമറിയിച്ച് ഒരു ക്രിമിനലിനെ കൊണ്ടു പോകുന്ന തരത്തിൽ എന്നെ പൊലീസ് ജീപ്പിൽ കൊണ്ടു പോയി. ശേഷം താലൂക്ക് ആശുപത്രിയിൽ കൊണ്ടു പോയി എന്നെ പരിശോധിച്ച ഉടനെ അവിടത്തെ ഡോക്ടർ പറഞ്ഞിരുന്നു ഞാൻ മദ്യപിച്ചിട്ടില്ലെന്ന്, എന്നിട്ടും അത് മാറ്റി എഴുതാൻ ആ ഡോക്ടർക്ക് സമ്മർദവും ഉണ്ടായിരുന്നു.

എനിക്ക് ഏറ്റവും വിഷമം തോന്നിയത് സത്യമറിയാതെ മാതൃഭൂമിയിൽ എന്റെ ഫോട്ടോ സഹിതം വാർത്ത കൊടുത്തതാണ്. അതുകാരണം എനിക്ക് ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടി വന്നു. പല വിവാഹാലോചനയും ഇതു കാരണം മുടങ്ങി. വേറെയും വ്യക്തിപരമായ പല പ്രശ്‌നങ്ങളുണ്ടായി. ഞാൻ കരുളായിയിലേക്ക് സ്ഥലം മാറിയെങ്കിലും ഇവർ കുറച്ചു പേരെ എതിർ കക്ഷിയാക്കി കേസ് നടക്കുന്നുണ്ടായിരുന്നു. ഡ്യൂട്ടിസമയത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നായിരുന്നു അതിലെ കുറ്റം. എന്നാൽ കോടതി എന്റെ നിരപരാധിത്വം മനസിലാക്കി കഴിഞ്ഞ ദിവസം നിലമ്പൂർ സി.ജെ.എം കോടതി വെറുതെ വിട്ടു. ഡോക്ടറുടെ പരിശോധനാ സർട്ടിഫിക്കറ്റ് മുൻ നിർത്തിയായിരുന്നു വിധി.''

അതിനിടെ ഷാനവാസ് ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നത് വിദേശ ഫണ്ട് പറ്റിയാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇങ്ങനെ ആരോപണം ഉന്നയിച്ചവരോട് അത് തെളിയിക്കാൻ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പരസ്യമായി തന്നെ വെല്ലുവിളിച്ചു. താൻ അധ്വാനിച്ചുണ്ടാക്കിയ പണത്തിൽ ഒരു പങ്ക് നിരാലംബരായവർക്ക് നൽകുമ്പോൾ ആർക്കാണ് ചൊടിക്കുന്നതെന്നുമായിരുന്നും അദ്ദേഹത്തിന്റെ ചോദ്യം. ഇങ്ങനെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ ഓരോന്നായി സധൈര്യം തരണം ചെയ്തുവരുന്നതിന് ഇടയിൽ അവിചാരിതമായാണ് അദ്ദേഹത്തെ മരണം വിളിച്ചത്.

തന്റെ മനസിലെ വിഷമങ്ങളും സംഘർഷങ്ങളും അതേപടി ഫേസ്‌ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്ന ഷാനവാസ് പ്രശ്‌നങ്ങൾ രൂക്ഷമായപ്പോൾ താൻ സർക്കാർ സർവീസിൽ നിന്ന് രാജി വെക്കാൻ ആലോചിക്കുന്നതായി പോലും ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. തോൽക്കാൻ ഒരിക്കലും താൻ തയ്യാറാല്ലെന്ന് സ്റ്റാറ്റസുകളിലൂടെ വിളിച്ചുപറഞ്ഞ അദ്ദേഹം മരണത്തിന് മുന്നിൽ മാത്രമാണ് ഒടുവിൽ മുട്ടുമടക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP