Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂക്കോയ തങ്ങളുടെ കൈ പിടിച്ച് രാഷ്ട്രീയത്തിൽ; സി എച്ച് മുഹമ്മദ് കോയയുടെയും സീതി സാഹിബിന്റെയും വാൽസല്യം ദേശീയ നേതാവാക്കി വളർത്തി; കാശ്മീരിനെ വിട്ടുകൊടുക്കാൻ ഇന്ത്യൻ മുസ്ലിംങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് യുഎന്നിൽ പറഞ്ഞ് അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടി: കണ്ണൂർ ലോകത്തിന് സമ്മാനിച്ച ഇ അഹമ്മദ് ഇന്ത്യൻ മതനിരപേക്ഷതയുടെ മുഖം

പൂക്കോയ തങ്ങളുടെ കൈ പിടിച്ച് രാഷ്ട്രീയത്തിൽ; സി എച്ച് മുഹമ്മദ് കോയയുടെയും സീതി സാഹിബിന്റെയും വാൽസല്യം ദേശീയ നേതാവാക്കി വളർത്തി; കാശ്മീരിനെ വിട്ടുകൊടുക്കാൻ ഇന്ത്യൻ മുസ്ലിംങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് യുഎന്നിൽ പറഞ്ഞ് അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടി: കണ്ണൂർ ലോകത്തിന് സമ്മാനിച്ച ഇ അഹമ്മദ് ഇന്ത്യൻ മതനിരപേക്ഷതയുടെ മുഖം

എം പി റാഫി

കോഴിക്കോട്: അഞ്ചു തവണ കേരള നിയമസഭയിലേക്കും ഏഴു തവണ പർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പട്ട ഇ അഹമ്മദ് എന്ന പ്രതിഭാസം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നട്ടെല്ലും മലബാറിലെ ജനസമൂഹത്തിന്റെ വിശ്വാസ്യത നേടിയ നേതാവുമായിരുന്നു. മുസ്ലിം ലീഗിന്റെ ആദ്യ വിദേശകാര്യ സഹ മന്ത്രിയായ അഹമ്മദ് കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും, ഇബ്രാഹീം സുലൈമാൻ സേട്ടിന് ശേഷം പാർലമെന്റിൽ രണ്ടര പതിറ്റാണ്ട് കാലം പൂർത്തിയാക്കിയെന്ന നേട്ടം കൈവരിച്ച വ്യക്തി കൂടിയാണ് ഇ. അഹമ്മദ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന അഹമ്മദിന്റെ കുതിപ്പ് പെട്ടെന്നായിരുന്നു.

കണ്ണൂരിലെ കച്ചവടക്കാരന്റെ മകനായി ജനിച്ച അഹമ്മദ് പൂക്കോയ തങ്ങളുടെ കൈ പിടിച്ച് സി.എച്ച് മുഹമ്മദ് കോയയുടെയും സീതി സാഹിബിന്റെയും പിന്മുറക്കാരനായി കേരള രാഷ്ട്രീയത്തിൽ വളർന്ന എട്ടിക്കണ്ടി അഹമ്മദ് എന്ന ഇ അഹമ്മദ് എന്നത് പിന്നീട് ഒരു രാഷ്ട്രത്തിന്റെ തന്നെ പ്രാർത്ഥനകൾ സഫലമാക്കിയ നയതന്ത്ര ഇടപെടലിന്റെ പേരായി മാറി.

2004ൽ ഇറാഖിലെ ഖാണ്ഡഹാറിൽ ബന്ദിയാക്കിയ ഇന്ത്യക്കാരെ മോചിപ്പിച്ചതും ഗൾഫ് രാഷ്ട്രങ്ങളിൽ സ്വദേശി വൽക്കരണം നടപ്പിലാക്കായപ്പോൾ ഇന്ത്യക്കാരെ അതിന്റെ ആഘാതത്തിൽ നിന്ന് രക്ഷിച്ച ഇടപെടലും അഹമ്മദിനെ നയതന്ത്ര രംഗത്ത് പ്രശസ്തനാക്കി. അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യവും പാണ്ഡിത്യവുമുള്ള ഇ അഹമ്മദിന് വിദേശ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കൽ എളുപ്പമായി. പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിലെ ഇ അഹമ്മദിന്റെ ബന്ധം പ്രവാസി ഇന്ത്യക്കാർക്ക് ഏറെ ഗുണമുണ്ടാവുകയും ചെയ്തു.

ഇറാഖിലെ കലാപകാരികളുടെ തോക്കിൻ മുനയിൽ പ്രാണൻ പിടഞ്ഞമരുന്ന നാളുകളെണ്ണിക്കഴിഞ്ഞ ട്രക്ക് ഡ്രൈവർമാരായ മൂന്ന് സിഖ് യുവാക്കളുടെ തടവുജീവിതം രാജ്യം മറക്കില്ല എക്കാലത്തും ഓർക്കുന്ന കാര്യമാണ്. അമൃത്‌സറിൽ പ്രാർത്ഥനയുടെ രാപകലുകളായിരുന്നു അന്ന്. മക്കളുടെ ജീവനു വേണ്ടി കരൾവെന്തു കരഞ്ഞ അമ്മമാരുടെ കണ്ണീർ ദിനങ്ങൾ.

ഇന്ത്യ എന്ന വലിയ രാജ്യത്തിനു ഒരേ സമയം മനുഷ്യനഷ്ടവും മാനഹാനിയും വരുത്താനിടയാക്കുന്ന രാഷ്ട്രീയ ചരടുവലികൾ. റാഞ്ചിയവരുടെ വിലപേശൽ. രണ്ടു രാഷ്ട്രങ്ങൾ ചേരികൾ തമ്മിലുള്ള ഏറ്റുമുട്ടൽ സാധ്യത. വിദേശകാര്യവകുപ്പിലെ പുതുമുഖ സഹമന്ത്രി അഹമ്മദിനെ ആ അങ്കലാപ്പിന്റെ നിമിഷത്തിൽ രാജ്യം ചുമതലയേൽപ്പിക്കുകയാണ്. പ്രധാനമന്ത്രിക്കൊത്ത അധികാര ഗാംഭീര്യമുള്ളവരും മുതിർന്ന മന്ത്രിമാരും മാത്രം കൈകാര്യം ചെയ്തുവന്ന ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചെയർമാൻ പദവി. ഇന്ത്യയുടെ തെക്കേ അറ്റത്ത്, രാജ്യാധികാരത്തിന്റെ മേനി പറയാനില്ലാത്ത, പിന്നണിയിൽ കിടക്കുന്ന ഒരു പ്രദേശത്തു നിന്ന് പാർലമെന്റിലെത്തിയ അഹമ്മദിനെ ഇത്രയും മർമപ്രധാനമായ ചുമതലയേൽപ്പിച്ചത് ഉഗ്രപ്രതാപമുള്ള പഞ്ചാബിനു തന്നെ അന്നു ഇഷ്ടപ്പെടണമെന്നില്ല. കാശ്മീരിനെ നഷ്ടപ്പെട്ടാൻ ഇന്ത്യൻ മുസ്ലിംങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് യുഎന്നിൽ പറഞ്ഞത് അന്താർദേശീയ തലത്തിൽ ശ്രദ്ധ നേടി.

ബന്ദികൾ വധിക്കപ്പെടാനാണ് സാധ്യതയെന്ന് പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ മലയാളി മന്ത്രിയുടെ ഇടപെടൽ. ഒടുവിൽ ആ ഇടപെടൽ വിജയം കാണുകയും ചെയ്തു.മൂന്നു സിഖ് യുവാക്കൾക്കൊപ്പം രക്ഷകനായ മലയാളി മന്ത്രി ഇ അഹമ്മദ് മറുകയായിരുന്നു. ലോകം അംഗീകരിച്ച ആ നയചാതുര്യത്തിന്റെ കരുത്തും കാതലുമാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ഇരുപത്തേഴു തവണ പ്രസംഗിച്ച ഇന്ത്യക്കാരൻ എന്ന കീർത്തിമുദ്ര അഹമ്മദിന്റെ മാറിലണിയിച്ചത്. ലോകത്തിനുമേൽ അധീശത്വമവകാശപ്പെടുന്ന പതിനഞ്ചു രാഷ്ട്രങ്ങളുടെ പ്രതിനിധികൾക്കിടയിലാണ് ഇ അഹമ്മദ് പ്രസംഗിക്കുന്നത്.

മലപ്പുറത്തെയും കണ്ണൂരിലെയും പാടവരമ്പത്തു കൂടെ, ഊടു വഴികളിലൂടെ പച്ചക്കൊടിയും പിടിച്ച് പൊരിവെയിലിൽ കാൽ നടയാത്ര നയിച്ച ഇ അഹമ്മദ് എന്ന വിദ്യാർത്ഥി പ്രവർത്തകൻ, ലോകരാഷ്ട്രങ്ങളുടെ നെറുകയിൽ ഇന്ത്യാ മഹാരാജ്യത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തി. 2006 ൽ കണ്ണൂരിൽ നടന്ന സിപിഐ(എം)-ആർഎസ്എസ് കൊലപാതക പരമ്പര അവസാനിപ്പിക്കുന്നതിലും അഹമ്മദ് നിർണ്ണായക പങ്കുവഹിച്ചു.

1991 മുതൽ 2014 വരെ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലെ സ്ഥിരം ഇന്ത്യൻ സാന്നിധ്യമായിരുന്നന്നു അഹമ്മദ്. ഹജ്ജ് സൗഹൃദസംഘാംഗത്തിലെ അംഗമായും കഅ്ബ കഴുകൽ ക്ഷണിക്കപ്പെടുന്ന ഏതാനും ലോക മുസ്്‌ലിം നേതാക്കളിൽ ഒരാളുമായിരുന്നു അഹമ്മദ്.

എതിർപ്പുകളെല്ലാം ഭൂരിപക്ഷമാക്കി മാറ്റിയ കാഴ്ചയായിരുന്നു ഇ അഹമ്മദ് എന്ന രാഷ്ട്രീയക്കാരനിൽ കാണാൻ സാധിച്ചത്. പാർട്ടിക്കകത്തും പുറത്തുനിന്നുമായി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എതിർപ്പ് ഉയർന്നപ്പോൾ വോട്ടു കൊണ്ടായിരുന്നു ഇതിന് മറുപടി നൽകിയത്. ആരോഗ്യമില്ലാത്തതിനാൽ 2014ലെ തെരഞ്ഞെടുപ്പിൽ മൽസരിക്കുമോ എന്നു കരുതി പലരും കസേരക്കു കൊതിച്ചിരുന്ന മലപ്പുറം മണ്ഡലത്തിൽ ജനവിധി തേടിയ മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് ഭൂരിപക്ഷത്തിൽ ഏറ്റവും മുന്നിലെത്തുന്ന കാഴ്ചയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടിയ ഭൂരിപക്ഷമായ 1,94,739 വോട്ടിനാണ് അദ്ദേഹം മലപ്പുറത്ത് വെന്നിക്കൊടി നാട്ടിയത്.

2009 ൽ ലഭിച്ച 1,15,597 നേക്കാൾ 79142 വോട്ട് കൂടുതലാണ് ഇത്തവണത്തെ ഭൂരിപക്ഷം. മതനിരപേക്ഷതയുടെ മുഖമായും മുസ്ലിം സംഘടനകളിലെ ഐക്യത്തിനു വേണ്ടിയും നിലകൊണ്ട നേതാവായിരുന്നു അഹമ്മദ്. കണ്ണൂർ ജന്മനാടാണെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ രാഷട്രീയ ജീവിതം കൊണ്ട് അഹമ്മദിന്റെ സ്വന്തം തട്ടകമായി മലപ്പുറം മാറുകയായിരുന്നു. തങ്ങളുടെ പ്രിയ നേതാവ്, കഴിഞ്ഞ തലമുറയിൽപ്പെട്ട നേതാക്കളിലെ അവസാന കണ്ണി...ഇ അഹമ്മദിന്റെ വേർപാട് മലബാറുകാരെ ഒന്നടങ്കം ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP