Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജഡ്ജിയോ ഡിജിപിയോ ബിഷപ്പോ ആവണമെങ്കിൽ സിനിമാക്കാരുടെ മനസിൽ ആദ്യം വരുന്ന രൂപം; ഡിവൈഎസ്‌പി ആയിരിക്കവേ അവധിയെടുത്ത് അഭിനയം തുടങ്ങിയ രാജകുടുംബാംഗം; വടക്കൻ വീരഗാഥ മുതൽ ലേലം വരെയുള്ള സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യം: അന്തരിച്ച ജഗന്നാഥ വർമ്മയുടെ ജീവിതം ഇങ്ങനെ

ജഡ്ജിയോ ഡിജിപിയോ ബിഷപ്പോ ആവണമെങ്കിൽ സിനിമാക്കാരുടെ മനസിൽ ആദ്യം വരുന്ന രൂപം; ഡിവൈഎസ്‌പി ആയിരിക്കവേ അവധിയെടുത്ത് അഭിനയം തുടങ്ങിയ രാജകുടുംബാംഗം; വടക്കൻ വീരഗാഥ മുതൽ ലേലം വരെയുള്ള സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യം: അന്തരിച്ച ജഗന്നാഥ വർമ്മയുടെ ജീവിതം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: സിനിമയോടുള്ള സ്‌നേഹം മൂലം കാക്കി കുപ്പായം അഴിച്ചുവച്ച് സിനിമയിലെ കാക്കിയണിഞ്ഞ വ്യക്തിയാണ് ഇന്ന് പുലർച്ചെവിടപറഞ്ഞ പ്രശസ്ത സിനിമാതാരം ജഗന്നാഥ വർമ്മ. മലയാള സിനിമയിൽ ജഡ്ജി, ഡിജിപി വേഷങ്ങളിൽ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു സംവിധായകൻ ഇത്തരം വേഷങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം തെളിഞ്ഞു വരുന്ന മുഖമായിരുന്നു അദ്ദേഹത്തിന്റേത്. ചെറിയ വേഷങ്ങളിൽ പോലും തന്റെ സാന്നിധ്യം അറിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ലേലം സിനിമയിലെ ബിഷപ്പിന്റെ വേഷവും ആറാം തമ്പുരാനിലെ വില്ലൻ വേഷത്തിലും ഏറെ ശ്രദ്ധിച്ചിരുന്നു അദ്ദേഹം.

ലേലം സിനിമയിലെ നേരാ തിരുമേനി.. എന്നു തുടങ്ങുന്ന സോമന്റെ തകർപ്പൻ ഡയലോഗും അതിനോട് ജഗന്നാഥ വർമ്മയുടെ പ്രതികരണവുമൊന്നും സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്. അതുപോലെ തന്നെയാണ് ആറാം തമ്പുരാനിലെ വില്ലനായ തമ്പുരാൻ വേഷവും. ചിത്രത്തിൽ അഫ്ഭന്റെ സഹോദരനായി ജഗന്നാഥ വർമ്മ നിറഞ്ഞാടുകയായിരുന്നു. മൃഗയയിലെ മുതലാളിയുടെ വേഷവും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി.

രാജകുടുംബാഗമായ ജഗന്നാഥ വർമ്മ ഡിവൈഎസ്‌പി ആയിരിക്കവേയാണ് അഭിനയം തുടങ്ങിയത്. 1963ലാണ് അദ്ദേഹം പൊലീസിൽ ജോലി ചെയ്തത്. ഡിവൈഎസ്‌പി റാങ്കിൽ ഇരിക്കവേ ലീവെടുത്ത് അഭിനയം തുടർന്നു. പിന്നീട് സർവീസിൽ തിരികെ കയറിപ്പോൾ എസ്‌പി റാങ്കിലാണ് റിട്ടയർചെയ്തത്. അക്കാലത്ത് നസീറിനൊപ്പം വരെ അദ്ദേഹം അഭിനയിച്ചു. പിൽക്കാലത്ത് മോഹൻലാലിന്റെ തമ്പുരാൻ സിനിമകൾക്ക് പുറമേ മമ്മൂട്ടിക്കൊപ്പം സിബിഐ ഡയറിക്കുറിപ്പ് സീരിസിലും ഉന്നത ഉദ്യോഗസ്ഥന്റെ വേഷത്തിൽ ജഗന്നാഥ വർമ്മയെത്തി. അക്കാലത്ത് ഇത്തരം വേഷങ്ങൾ ചെയ്യാൻ ജഗന്നാഥ വർമ്മയെ കഴിഞ്ഞേ മറ്റൊരു ആളുണ്ടായിരുന്നുള്ളൂ.

ജഡ്ജി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ജഗന്നാഥ വർമ്മ ജീവിതത്തിലും ജഡ്ജിയാണോ എന്ന് ചിന്തിച്ചിരുന്ന ആരാധകർ വരെയുണ്ടായിരുന്നു. മുഖ്യമന്ത്രി വേഷങ്ങളിലും ബാർ മുതലാളിയുടെ വേഷത്തിലും മറ്റും അദ്ദേഹം തിളങ്ങിയിരുന്നു. രാജാക്കന്മാരുടെ വേഷങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ കാരണവുരുടെ റോളിൽ തന്നെയായിരുന്നു അദ്ദേഹം എല്ലാക്കാലത്തും. സൂപ്പർതാര ചിത്രങ്ങളുടെ ഭാഗമായപ്പോൾ കൂടുതൽ ശോഭിക്കാനും ജഗന്നാഥ വർമ്മയ്ക്ക് സാധിച്ചു.

സിനിമയിൽ അഭിനയിച്ചാൽ മിനി സ്‌ക്രീനിനോട് മുഖം തിരിഞ്ഞു നിൽക്കുന്നവരുടെ കൂടെ ആയിരുന്നില്ല ജഗന്നാഥ വർമ്മ. സിനമയിലെ ഇടവേളകളിൽ അദ്ദേഹം മിനി സ്‌ക്രീനിലും സജീവമായിരുന്നു. 1978 ൽ എ. ഭീം സിങ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെ സിനിമാ ജീവിതം തുടങ്ങിയ ജഗന്നാഥ വർമ്മയുടെ അവസാനത്തെ ചിത്രം 2012ൽ പുറത്തിറങ്ങിയ ഡോൾ ആയിരുന്നു. ഈ സിനിമയ്ക്ക് ശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ അദ്ദേഹം സീരിയൽ രംഗത്ത് സജീവമായിരുന്നു.

സിനിമയ്ക്ക് പുറമേ കഥകളിൽ തൽപ്പരനായിരുന്നു ജഗന്നഥ വർമ്മ. കഥകളിയ്‌ക്കൊപ്പം ചെണ്ടമേളവും അദ്ദേഹം അഭ്യസിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് 2005ൽ ആണ് ജഗന്നാഥവർമ്മ കളിയരങ്ങിനോട് വിടപറഞ്ഞെങ്കിലും വീണ്ടും ശക്തമായി തന്നെ അദ്ദേഹം കഥകളി രംഗത്തേക്കും തിരിച്ചുവന്നു. മലയാള ചലച്ചിത്രലോകത്ത് മിന്നുന്ന നക്ഷത്രമായി അരങ്ങുവാഴുമ്പോഴും തന്നെ പോറ്റിവലുതാക്കിയ കഥകളിയെന്ന ദൈവീക കലയെ ജഗന്നാഥവർമ്മ പിന്നോട്ടടിച്ചിരുന്നില്ല. കുരുക്ഷേത്ര യുദ്ധത്തിൽ പഞ്ചപാണ്ഡവരായ മക്കളുടെ ജീവന് വേണ്ടി മാനസപുത്രനായ കർണനുമുന്നിൽ കൈകൾ കൂപ്പുന്ന നിസഹായയായ അമ്മയുടെ അവസ്ഥ ആസ്വാദക ഹൃദയങ്ങളിൽ സങ്കട കടലിരമ്പിച്ചാണ് ജഗന്നാഥവർമ്മ തന്റെ രണ്ടാം തിരിച്ചുവരവ് ഗംഭീരമാക്കിയത്.

കഴിയുന്നത്ര വേദികളിൽ തുച്ഛമായ പ്രതിഫലത്തിൽ പോലും കളിവിളക്കിന് പിന്നിൽ ആടിതിമിർക്കുവാൻ എത്തുമായിരുന്നു ജഗന്നാഥ വർമ്മയിലെ കഥാകാരൻ. എന്നാൽ കണ്ണിന്റെ കാഴ്ചയും ശരീരത്തിന്റെ ബലക്കുറവും അനുഭവപ്പെട്ടതോടെ കളിയരങ്ങിൽ നിന്നും ഏഴ് വർഷങ്ങൾക്ക് മുമ്പ് വിടപറയേണ്ടിവന്നു ഈ അതുല്യ നടന്. ഒടുവിൽ രോഗത്തോട് പട വെട്ടി ജീവിതവീഥിയിൽ തിരികെയെത്തിയപ്പോൾ ആദ്യം ആഗ്രഹിച്ചത് കൂത്തരങ്ങിലെ പഴയ രാവുകളായിരുന്നു. മണ്ണൂർകാവ് ദേവീക്ഷേത്രത്തിലെ കഥകളി ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന കഥകളിയിൽ കുന്തിവേഷം ലഭിച്ചതോടെ തിരക്കുകൾക്ക് വിടപറഞ്ഞ് ഈ അതുല്യ നടൻ ഇവിടേയ്ക്ക് തിരിച്ചു വന്നു.

പതിനാലാം വയസു മുതലാണ് അദ്ദേഹം കഥകളി അഭ്യസിച്ചു തുടങ്ങിയത്. കഥകളിയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് സിനിമയിലും അദ്ദേഹം ഒരി കൈ നോക്കിയും അതിൽ വിജയം കണ്ടതും. ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗത്തോടെ മലയാളി സിനിമയ്ക്ക് നഷ്ടമാകുന്നത് സിനിമ തലമുറകളെ ബന്ധിപ്പിച്ചു നിർത്തുന്ന ഒരു കണ്ണിയെ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP