Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്തോലിക്കാ സഭയിൽ ഉറച്ചു നിന്ന് പൗരോഹിത്യ മേധാവിത്വത്തിനെതിരെ ആഞ്ഞടിച്ചു; വ്യാജ പ്രചരണങ്ങൾ കൊണ്ട് തകർക്കാൻ ശ്രമിച്ചിട്ടും ക്രിസ്തുവിന്റെ നന്മ പ്രകാശിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചു; കോളേജ് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് ദരിദ്രർക്ക് വേണ്ടി ജീവിച്ച ജോസഫ് പുലിക്കുന്നേൽ വിടവാങ്ങുന്നത് ഏത് സാധാരണക്കാരനും അഭയമാകുന്ന ഓശാന മൗണ്ട് ചരിത്രത്തിന്റെ ഭാഗമാക്കിയ ശേഷം

കത്തോലിക്കാ സഭയിൽ ഉറച്ചു നിന്ന് പൗരോഹിത്യ മേധാവിത്വത്തിനെതിരെ ആഞ്ഞടിച്ചു; വ്യാജ പ്രചരണങ്ങൾ കൊണ്ട് തകർക്കാൻ ശ്രമിച്ചിട്ടും ക്രിസ്തുവിന്റെ നന്മ പ്രകാശിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചു; കോളേജ് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് ദരിദ്രർക്ക് വേണ്ടി ജീവിച്ച ജോസഫ് പുലിക്കുന്നേൽ വിടവാങ്ങുന്നത് ഏത് സാധാരണക്കാരനും അഭയമാകുന്ന ഓശാന മൗണ്ട് ചരിത്രത്തിന്റെ ഭാഗമാക്കിയ ശേഷം

മറുനാടൻ ഡെസ്‌ക്ക്

കോട്ടയം: യേശുക്രിസ്തു ലോകത്തിന് കാണിച്ചു കൊടുത്ത നല്ല മാതൃകയെ എന്നും വാഴ്‌ത്തുന്ന ആളായിരുനന്ു വിടപറഞ്ഞ ജോസഫ് പുലിക്കുന്നേൽ. എന്നാൽ, പൗരോഹിത്യത്തെ അടിമുടി വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല. അതായിരുന്നു പുലിക്കുന്നിലിന്റെ ശക്തിയും ദൗർബല്യവും. ഒരു വശത്ത് മതപൗരോഹിത്യത്തിന്റെ തട്ടിപ്പുകൾ തുറന്നു കാണിക്കാൻ അദ്ദേഹം ധൈര്യസമേതം രംഗത്തുവന്നപ്പോൾ സഭ ഭയപ്പാടിൽ അതിനെ അടിച്ചമർത്താനാണ് ശ്രമിച്ചത്.

തെറ്റായ വ്യാഖ്യാനങ്ങളിലൂടെ വിശ്വാസികളെ മുതലെടുക്കാനുള്ള പുരോഹിതരുടെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുകയായിരുന്നു ജോസഫ് പുലിക്കുന്നേൽ. ക്രൈസ്തവ സൈദ്ധാന്തിക വിമർശകൻ എന്ന പേരും ജോസഫ് പുലിക്കുന്നേൽ അങ്ങനെ കിട്ടി. കത്തോലിക്കാ സഭയിലെ പരിഷ്‌കരണവാദിയും വിമർശകനുമായിരുന്നുജോസഫ് പുലിക്കുന്നേൽ. ഒരിക്കലും സഭയ്ക്ക് പുറത്ത് പോയായിരുന്നില്ല വിമർശനങ്ങൾ. ക്രിസ്തുവിനെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി.

1932ൽ ഭരണങ്ങാനത്തായിരുന്നു ജനനം. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂൾ, മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എഴുത്തുകാരൻ, പത്രാധിപർ, അദ്ധ്യാപകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. കോഴിക്കോട് ദേവഗിരി കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുള്ള ജോസഫ് പുലിക്കുന്നേൽ, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെംബർ, കെപിസിസി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് ജോസഫ് പുലിക്കുന്നേൽ.

കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെ മുൻനിർത്തി, സഭാ-അധികാര ഘടനയെയും പൗരോഹിത്യത്തിന്റെ പ്രവർത്തനരീതികളെയും രൂക്ഷമായി വിമർശിച്ചിരുന്ന ജോസഫ് പുലിക്കുന്നേൽ ഓശാന എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്നു. മലയാളത്തിൽ ഒരു എക്യുമെനിക്കൽ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് മുൻകൈ എടുത്ത് പ്രവർത്തിച്ചു. സഭാ പ്രവർത്തനത്തിനൊപ്പം രാഷ്ട്രീയത്തിലും കൈവിച്ചിരുന്നു അദ്ദേഹം.

ക്രൈസ്തവ സഭയിലെ ഒരു ക്രിട്ടിക്കൽ ഇൻസൈഡർ എന്ന റോളായിരുന്നു അദ്ദേഹത്തിന്. എന്നാൽ, ഈ ചെറിയ വിമർശനം പോലും സഹിക്കാൻ അവർക്കായില്ല. അവർ നിരന്തരം അദ്ദേഹത്തെ തളർത്താന് ശ്രമിച്ചു. സഭാ വിമർശനത്തിന്റെ പേരിലാണ് അദ്ദേഹത്തിന് ജോലിയും നഷ്ടമാകുന്നത്. മദ്രാസ് പ്രസിഡൻസി കോളജിൽനിന്നു സാമ്പത്തികശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദമെടുത്ത ജോസഫ് പുലിക്കുന്നേൽ 1958 മുതൽ 1967 വരെ കോഴിക്കോട് ദേവഗിരി കോളജിൽ അദ്ധ്യാപകനായിരുന്നു.

നിർഭയ പ്രവർത്തനശൈലി കോളജിൽനിന്നു പുറത്താക്കപ്പെടാൻ കാരണമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1975ൽ ആരംഭിച്ച 'ഓശാന' മാസിക സഭാവിമർശനത്തിലൂന്നി പ്രവർത്തിച്ചു. പാലായിലെ ഒരു വാടകമുറിയിൽ പൊൻകുന്നം വർക്കി അധ്യക്ഷനായ യോഗത്തിൽ പ്രഫ. ജോസഫ് മുണ്ടശേരിയാണ് 'ഓശാന' ഉദ്ഘാടനം ചെയ്തത്.

സഭയുടെ നിയമക്കുരുക്കുകളിൽ പെട്ട വിവാഹങ്ങളുടെയും ശവസംസ്‌കാരങ്ങളുടെയും കാർമികനായി അദ്ദേഹം. 2008ൽ ഭാര്യ കൊച്ചുറാണി മരിച്ചപ്പോൾ അവർക്ക് ഇടമറ്റത്തെ സ്വന്തം മണ്ണിൽ ചിതയൊരുക്കി ദഹിപ്പിക്കാനും പുലിക്കുന്നേൽ മടിച്ചില്ല. ആ മണ്ണിൽ തന്നെയും ദഹിപ്പിക്കണമെന്ന് മരണപത്രത്തിൽ കുറിക്കുകയും ചെയ്തു. തന്റെ ശേഷക്രിയകൾ എങ്ങനെ വേണമെന്നു മുൻകൂട്ടി തീരുമാനിക്കുകയും അത് അച്ചടിച്ചു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുകയും ചെയ്തു.

സ്നേഹസാന്ത്വനത്തിനായി അദ്ദേഹം ഗുഡ് സമരിറ്റൻ പ്രോജക്ട് ഇന്ത്യയ്ക്കു രൂപം നൽകി. പാലാ ഇടമറ്റത്തെ ഓശാനക്കുന്നിലെ വേഡ് ആൻഡ് ഡീഡ് ആശുപത്രി, പാലിയേറ്റീവ് കാൻസർ കെയർ ഹോം, ജൂവനൈൽ ഡയബറ്റിക് ഹോം എന്നിവ ഒട്ടേറെ പേർക്കു സാന്ത്വനമാകുന്നു. ക്രിസ്ത്യൻ റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം എന്നിവയും വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈവഴികൾ തുറക്കുന്നു. എഴുപത്തഞ്ചാം വയസിൽ 'ഓശാന'യുടെ ചുമതലയൊഴിഞ്ഞ അദ്ദേഹം തന്റെ സ്വത്തുക്കളും വരുമാനവുമെല്ലാം പുലിക്കുന്നേൽ ഫൗണ്ടേഷനും ഓശാനക്കുന്നിലെ സ്ഥാപനങ്ങൾക്കുമായി എഴുതിവയ്ക്കുകയും ചെയ്തു. 'ഓശാന'യ്ക്ക് പക്ഷേ, എറെനാൾ പിടിച്ചുനിൽക്കാനായില്ല. ഈ വർഷാദ്യം മാസികയെന്ന നിലയിലുള്ള അതിന്റെ പ്രവർത്തനം നിലച്ചു.

1960ൽ കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടിവിലുണ്ടായിരുന്ന ജോസഫ് പുലിക്കുന്നേൽ 1964ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ ആർ ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ആദ്യസമ്മേളനം നിയന്ത്രിച്ചു. നിയമസഭയിൽ മത്സരിക്കാനും അദ്ദേഹം രംഗത്തുണ്ടിയരുന്നു. 1965ൽ കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരളത്തിലെ സഭാവിമർശനത്തിലൂന്നി പ്രവർത്തിച്ചു പുലിക്കുന്നിലിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP