Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണം വന്നു വിളിച്ചിട്ടും നിർത്താതെ തുള്ളൽ തുടർന്നു; നെഞ്ചു വേദനയിൽ പുളഞ്ഞു ഇടതുവശത്തേക്ക് ഇരുന്ന ശേഷം വീണ്ടും എണീറ്റു ചുവടുവച്ചു; ഒടുവിൽ തളർന്നു വീണത് മരണത്തിലേക്ക്; ഓട്ടൻ തുള്ളലിനെ ഉപാസിച്ച അപൂർവ്വ കലാകാരനെ മരണം വിളിച്ചു കൊണ്ടു പോയത് ഇങ്ങനെ: വീഡിയോ കാണാം

മരണം വന്നു വിളിച്ചിട്ടും നിർത്താതെ തുള്ളൽ തുടർന്നു; നെഞ്ചു വേദനയിൽ പുളഞ്ഞു ഇടതുവശത്തേക്ക് ഇരുന്ന ശേഷം വീണ്ടും എണീറ്റു ചുവടുവച്ചു; ഒടുവിൽ തളർന്നു വീണത് മരണത്തിലേക്ക്; ഓട്ടൻ തുള്ളലിനെ ഉപാസിച്ച അപൂർവ്വ കലാകാരനെ മരണം വിളിച്ചു കൊണ്ടു പോയത് ഇങ്ങനെ: വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഓട്ടൻതുള്ളൽ കലാകാരനും നടനുമായി കലാമണ്ഡലം ഗീതാനന്ദന്റെ ഞെട്ടിക്കുന്ന മരണമാണ് ഇന്നലെ കേരളക്കര കേട്ടത്. ഇരിങ്ങാലക്കുട അവിട്ടത്തൂരിൽ ക്ഷേത്രത്തിൽ ഓട്ടൻത്തുള്ളൽ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് അദ്ദേഹം മരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം അദ്ദേഹത്തിന്റെ മരണ വീഡിയോ പ്രചരിക്കുന്നുണ്ട്. എം എൻ വിജയൻ മാഷ് തൃശ്ശൂർ വാർത്താസമ്മേളനത്തിൽ കുഴഞ്ഞു വീണു മരിച്ച സംഭവത്തിന് ശേഷം സമാനമായ ഒരു മരണ ദൃശ്യം മലയാളികൾ കാണുന്നത് ഗീതാനന്ദന്റേതാണ്.

കലയെ ഉപാസിക്കുന്ന ഏതൊരാളും ജീവിതത്തിൽ ആഗ്രഹിക്കുന്ന വിധത്തിൽ അരങ്ങിൽ വെച്ചുള്ള മരണമായിരുന്നു ഗീതാനന്ദന്റേത്. തുള്ളൽ വേദിയിൽ തുടരുന്നതിനിടെയായിരുന്നു അദ്ദേഹം കുഴഞ്ഞു വീണ് മരണപ്പെട്ടത്. നെഞ്ചുവേദന കൊണ്ട് പുളഞ്ഞ അദ്ദേഹം ഇടതവശത്തേക്ക് ചെരിഞ്ഞിരുന്ന ശേഷം എണീറ്റു വീണ്ടും തുള്ളി. തുടർന്ന് മുദ്രകൾ കാണിച്ച് വാദ്യമേളക്കാരുടെ അടക്കലേക്ക് ചാഞ്ഞു അദ്ദേഹം. തുള്ളലിലെ ട്രിക്കാകും ഇതെന്ന് കരുതിയെങ്കിലും നെഞ്ചത്തു കൈവെച്ച് അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെയാണ് വാദ്യമേളക്കാർ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്.

കുഴഞ്ഞു വീണ ഗീതാനന്ദന് വേദിയിൽ വെച്ചു തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ കളിക്കുകയായിരുന്ന കലാമണ്ഡലം ഗീതാനന്ദൻ. കദളി വനത്തിലെ ഹനുമാൻ എന്ന ഭാഗം അവതരിപ്പിച്ചു തുടങ്ങി. 'കുരങ്ങിന്റെ വടിവായ...' എന്നാരംഭിക്കുന്ന പദത്തിനൊപ്പം തകർത്തഭിനയിക്കുന്നു ഗീതാനന്ദൻ. കല്യാണസൗഗന്ധികം പറിക്കാനെത്തിയ ഭീമന്റെ ഗർവ് തീർക്കാൻ വയസൻ കുരങ്ങനായി വഴിയിൽ കിടക്കുന്ന രംഗം തകർത്താടുന്നു. പതിവിനേക്കാൾ ഉൽസാഹത്തോടുള്ള പ്രകടം.

ഇതിനിടെയാണ് പക്കമേളക്കാരുടെ അരികിലേക്ക് മുട്ടുകുത്തി ആനന്ദേട്ടൻ നമസ്‌കരിച്ചത്. അങ്ങനെയൊരു നമസ്‌കാരം പതിവില്ല. ഒന്ന് എണീക്കാൻ ശ്രമിച്ച് വീണ്ടും മൂക്കുകുത്തി കുനിഞ്ഞുവീണു.അപ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീഴുകയാണെന്നു മനസിലായത്. സംഘാടകരിലൊരാളായ ശിവകുമാറും വേദിയിലേക്ക് ഓടിയെത്തി. ഞങ്ങൾ അദ്ദേഹത്തെ തിരിച്ചുകിടത്തി പെട്ടെന്നു വെള്ളം കൊടുത്തു. വേഷം കുറെയൊക്കെ അഴിച്ചുമാറ്റി. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പക്ഷേ, അപ്പോഴേക്കും അദ്ദേഹം പൊലിഞ്ഞിരുന്നു. ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന മരണം...പുണ്യം ചെയ്ത കലാജന്മം... ആദരാഞ്ജലികൾ! എന്നു പറഞ്ഞു കൊണ്ടാണ് നടി മഞ്ജു വാര്യർ അടക്കമുള്ളവർ ഗീതാനന്ദന് ആദരാജ്ഞലികൾ അർപ്പിച്ചതും ഇങ്ങനെയാണ്.

സമൂഹ്യ മാധ്യമങ്ങളിൽ വിവിധയിടത്തായി അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് കാണികൾക്ക് മുമ്പിൽ തന്റെ ജീവിതകഥ ആടിത്തീർത്താണ് ഗീതാനന്ദൻ മടഞ്ഞിയത്. ജീവിതത്തിലെ അവസാന ശ്വാസം വരെയും അദ്ദേഹം തുള്ളലിന് വേണ്ടി ഉഴിഞ്ഞു വെച്ചു. ഇക്കാര്യമാണ് അദ്ദേഹത്തെ അനുസ്മരിക്കുന്ന പലരും അഭിപ്രായപ്പെട്ടതും.

അഭിനേതാവ് എന്നതിനേക്കാൾ പ്രശസ്തനായ തുള്ളൽ കലാകാരൻ എന്ന നിലയിൽ കലാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ഗീതാനന്ദൻ. ഒട്ടേറെ ആസ്വാദകരേയും ചലച്ചിത്രലോകത്തുൾപ്പെടെ ഗീതാനന്ദൻ നേടിയെടുത്തു. അച്ഛനും ഗുരുവുമായ മഠത്തിൽ പുഷ്പവത്ത് കേശവൻ നമ്പീശൻ പ്രശസ്തനായ തുള്ളൽ കലാകാരനായിരുന്നു. തുള്ളൽ കലയെന്ന നിലയിൽ അഷ്ടിമാത്രം നൽകിയ കാലത്താണ് കേശവൻ നമ്പീശൻ ജീവിച്ചത്. അതിനാൽ ദാരിദ്രം അറിഞ്ഞാണ് ഗീതാനന്ദനും വളർന്നത്. ഇക്കാരണം കൊണ്ടുതന്നെ മകനെ തുള്ളൽ പഠിപ്പിക്കുവാൻ ആദ്യം വിസമ്മതിച്ചിരുന്നു ആ അച്ഛൻ. പക്ഷേ ഗീതാനന്ദന്റെ വാശിയിൽ അച്ഛൻ തന്നെ തുള്ളലിന്റെ ആദ്യ പാഠങ്ങൾ ഗീതാനന്ദനു പറഞ്ഞു കൊടുത്തു.

അമ്പലത്തിൽ കഴകം ജോലി ചെയ്തിരുന്ന അദ്ദേഹത്തെ അച്ഛനാണ് 1974ൽ കലാമണ്ഡലത്തിൽ ചേർത്തത്. 1983 മുതൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി ജോലിക്കു ചേർന്നു ഗീതാനന്ദൻ. ഇതോടെ തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലെ നിരന്തര സാന്നിധ്യമായി മാറി ഗീതാനന്ദൻ. അദ്ദേഹത്തിന്റെ ശിഷ്യന്മാർ തുള്ളൽ അവതരിപ്പിക്കാതെ കടന്നു പോകുന്ന ഒരു സംസ്ഥാന കലോത്സവവും ഇല്ലായിരുന്നു. ഒടുവിൽ താൻ സ്നേഹിച്ച അരങ്ങിൽ തുള്ളൽ അവതരിപ്പിക്കുന്നതിനിടെ തന്നെ ആ കലാകാരന് അന്ത്യം. കമലദളം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.

'തൂവൽ കൊട്ടാരം', 'മനസ്സിനക്കരെ', 'നരേന്ദ്രൻ മകൻ ജയകാന്തൻ വക' തുടങ്ങി നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇത് വരെ രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളൽ വേദികൾ പൂർത്തിയാക്കിയതും അടുത്തിടെ വാർത്തയായി. ഒടുവിൽ തുള്ളൽ പ്രസ്ഥാനത്തിനായി ജീവശ്വാസംപോലും മാറ്റിവച്ച ആ മഹാ കലാകാരൻ വേദിയിയിൽ തുള്ളൽ അവതരിപ്പിക്കുമ്പോൾ തന്നെ വിടവാങ്ങുകയായിരുന്നു.

ഏറെക്കാലമായി സ്‌കൂൾ കലോത്സവ വേദികളിൽ നിറ സാന്നിധ്യമായിരുന്നു ഗീതാനന്ദൻ. അദ്ദേഹത്തിന്റെ ശിഷ്യരില്ലാതെ കലോത്സവം ഇല്ലെന്നുതന്നെ പറയാവുന്ന സ്ഥിതി. അത്തരത്തിൽ ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട് ഗീതാനന്ദന്. അപ്പോഴും കലയെ മുറുകെപ്പിടിച്ചും മത്സരങ്ങൾക്കപ്പുറം കലയുടെ മൂല്യം ഓർമ്മിപ്പിച്ചുമായിരുന്നു ആ പ്രതിഭയുടെ ഇടപെടലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP