Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടുകാരുടെ കണ്ണിലുണ്ണിയായ സാമൂഹ്യ സേവകൻ; കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ കുഞ്ചാക്കോ ചേട്ടൻ; എന്തിനും ഏതിനും ഓടിയെത്തുന്ന മനുഷ്യസ്‌നേഹി: റോജിക്ക് കരൾപകുത്തു നൽകി മരണപ്പെട്ട നല്ല രാഷ്ട്രീയക്കാരനെ ഓർത്ത് നാട് തേങ്ങുന്നു..

നാട്ടുകാരുടെ കണ്ണിലുണ്ണിയായ സാമൂഹ്യ സേവകൻ; കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ കുഞ്ചാക്കോ ചേട്ടൻ; എന്തിനും ഏതിനും ഓടിയെത്തുന്ന മനുഷ്യസ്‌നേഹി: റോജിക്ക് കരൾപകുത്തു നൽകി മരണപ്പെട്ട നല്ല രാഷ്ട്രീയക്കാരനെ ഓർത്ത് നാട് തേങ്ങുന്നു..

മറുനാടൻ മലയാളി ബ്യൂറോ

മുണ്ടക്കയം: സ്വന്തം കരൾ നിരാലംബനായ ഒരു ചെറുപ്പക്കാരന് പകുത്തു നൽകി മരണത്തെ പുൽകിയ ചാക്കോ ജോസഫ് എന്ന കുഞ്ചാക്കോ(54)യുടെ മരണം ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയിരിക്കയാണ്. രക്തബന്ധത്തിൽപ്പെട്ടവർ പോലും അവയവദാനത്തിന് സന്നദ്ധരാകാതെ മാറിനിന്നപ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത യുവാവിനു വേണ്ടി കരൾ പകുത്ത് നൽകിയ പൊതുപ്രവർത്തനത്തിന്റെ അർത്ഥം തന്നെ തിരുത്തി എഴുതിയ കുഞ്ചാക്കോ ചേട്ടൻ എന്നും ജനഹൃദയങ്ങളിൽ ജീവിക്കുമെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്. അവിചാരിതമായി വിധി ജീവൻ എടുത്തപ്പോൾ സത്യസന്ധനും മനസിൽ നന്മ എപ്പോഴും സൂക്ഷിച്ച ഒരു രാഷ്ട്രീയക്കാരനെയുമാണ് ഒരു നാടിന് നഷ്ടമായത്.

റോജി ജോസഫ് (44) എന്ന യുവാവിന് വേണ്ടി കരൾ പകുത്തു നൽകിയ കുഞ്ചാക്കോയുടെ മരണം ഇന്നലെ വൈകീട്ടോടെയായിരുന്നു. ഇക്കഴിഞ്ഞ 17നായിരുന്നു കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി റോജി ജോസഫിന് കുഞ്ചാക്കോ കരൾ പകുത്ത് നൽകിയത്. അമൃതാ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സാ പിഴവു മൂലമാണ് അദ്ദേഹം മരിച്ചതെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.

നാട്ടുകാർ പിരിവെടുത്തായിരുന്നു റോജി ജോസഫിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തിയത്. എന്നാൽ ബന്ധുക്കൾ പോലും കരൾ പകുത്ത് നൽകാൻ സന്മനസ്സ് കാണിച്ചില്ല. ഇതറിഞ്ഞ് കുഞ്ചാക്കോ സ്വമനസ്സാലെ കരൾ പകുത്ത് നൽകാനായി മുന്നോട്ട് വരികയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിൽ നീർക്കെട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന കുഞ്ചാക്കോ ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം കക്ഷി ഭേദമന്യേ ഏവർക്കും പ്രിയങ്കനായ വ്യക്തിയായിരുന്നു. എന്തും ഏതും വിളിച്ചു പറയുകയും പ്രവർത്തിക്കുകുയം ചെയ്യുന്ന രപഷ്ട്രീയക്കാർക്കിടയിൽ തീർത്തും വ്യത്യസ്തനായിരന്നും അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ ബഹുമാനത്തോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും നോക്കിക്കണ്ട അദ്ദേഹം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ചെയ്ത നല്ലകാര്യങ്ങൾ ഇപ്പോഴും നാട്ടുകാർ ഒാർക്കുന്നു.

തന്റെ പക്കൽ സഹായം ചോദിച്ച് എത്തിയിരുന്നവരെ ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല. എന്തെങ്കിലും പരിഹാരം കാണാൻ അദ്ദേഹം തയ്യാറാകുകയും ചെയ്തിരുന്നു. ജനകീയനായ രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു അദ്ദേഹം. കോൺഗ്രസിലെ താഴെക്കിടയിലുള്ള പ്രവർത്തകരോടും മികച്ച അടുപ്പമായിരുന്നു വച്ചു പുലർത്തിയത്. ഇങ്ങനെയുള്ള ഒരാൾ നല്ലദൗത്യത്തിന് ഇറങ്ങിത്തിരിച്ച് മരണപ്പെട്ടതിന്റെ ദുഃഖമാണ് കോരുത്തോട് ഗ്രാമം മുഴുവനും.

റോജി ജോസഫിന് ഗുരുതര കരൾരോഗം ബാധിച്ചതോടെ നാട്ടുകാർ ലക്ഷങ്ങൾ സമാഹരിച്ചെങ്കിലും കരൾ നല്കാൻ ആരും തയ്യാറായിരുന്നില്ല. ഇതിനിടെയാണ് നാട്ടുകാരുടെ ജനകീയനായ നേതാവ് ത്യാഗസന്നദ്ധത അറിയിച്ചു രംഗത്തുവന്നത്. ഇപ്പോൾ ആശുപത്രിയുടെ പിഴവിൽ മരണം സംഭവിച്ചതോടെ ഒരു നാടിന് തീരാഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി കരൾദാനവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ഓടു നടക്കുകയാരുന്നു കുഞ്ചാക്കോ.

രോഗിയുടെ ബന്ധുവല്ലാത്തതിനാൽ വില്ലേജ് ഓഫിസർ, തഹസിൽദാർ, ഡി.എം.ഒ, ഡിവൈ.എസ്‌പി തുടങ്ങിയവരുടെ മുന്നിലും മെഡിക്കൽ കോളജിലും ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിലെയും അധികാരികൾക്കുമുന്നിൽ കുഞ്ചാക്കോയും ഭാര്യ ലിസമ്മ, മക്കളായ സുമി, പൊന്നി, എബിൻ എല്ലാവരും ചേർന്ന് സമ്മതപത്രം നൽകി. രണ്ടാമത്തെ മകൾ പൊന്നിയൊഴികെ മറ്റെല്ലാവരും കുഞ്ചാക്കോയുടെ ത്യാഗ സന്നദ്ധതയെ പിന്തുണച്ചിരുന്നു. ഡോക്ടർമാർ നൽകിയ ഉറപ്പിലായിരുന്നു കുഞ്ചാക്കോയ്ക്ക് കരൾ പകുത്തു നൽകാൻ രംഗത്തെത്തിയത്. എന്നാൽ ആരോഗ്യം അപകടത്തിലാകുന്ന സാഹചര്യത്തിൽ കരൾമാറ്റം ശസ്ത്രക്രിയ നടത്തരുതെന്നതാണ് പൊതു ചട്ടം. എന്നാൽ, ഡോക്ടർമാർ ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയോ എന്നതാണ് നാട്ടുകാർ ചോദിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. മെഡിക്കൽ കോളേജിൽ എത്തി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആന്റോ ആന്റണിയും അന്തിമോപചാരം അർപ്പിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകരും നന്മയുടെ ഈ രാഷ്ട്രീയക്കാരനെ ഒരുനോക്ക് കാണാൻ നേതാക്കൾക്കൊപ്പം എത്തിയിരുന്നു. സംസ്‌ക്കാരം നാളെ പത്ത് മണിക്ക് കോരുത്തോട് സെന്റ് ജോർജ്ജ് ദേവാലയത്തിൽ വച്ചു നടക്കും. സോഷ്യൽ മീഡിയയിലൂടെ അടക്കം ഈ നല്ല മനസിന്റെ ഉടമയ്ക്ക് നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP