Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അബുവിന്റെ ഡ്യുട്ടി അവസാനിച്ചു: കഴിഞ്ഞ ദിവസം അന്തരിച്ച ചന്ദ്രിക ദിനപ്പത്രത്തിലെ ലൈബ്രേറിയനെ സഹപ്രവർത്തകൻ ഓർക്കുമ്പോൾ

അബുവിന്റെ ഡ്യുട്ടി അവസാനിച്ചു: കഴിഞ്ഞ ദിവസം അന്തരിച്ച ചന്ദ്രിക ദിനപ്പത്രത്തിലെ ലൈബ്രേറിയനെ സഹപ്രവർത്തകൻ ഓർക്കുമ്പോൾ

ന്ന്, ഇശാഹ് ബാങ്കിനൊപ്പം അബു ഡ്യൂട്ടി അവസാനിപ്പിച്ചു-ഇനി ചന്ദ്രികയിലെ പടികൾ കയറി എൻ.പി അബൂബക്കർ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട അബു വരില്ല. എന്നും രാത്രി പന്ത്രണ്ട് മണി വരെ ഡ്യൂട്ടിയെടുക്കുന്ന അബു. പന്ത്രണ്ട് മണി കഴിഞ്ഞാൽ ഡ്യൂട്ടി അവസാനിച്ചു എന്ന് പറഞ്ഞ് സലാം ചൊല്ലി മടങ്ങുന്ന അബു-പെട്ടെന്ന് സലാം ചൊല്ലാതെ, പന്ത്രണ്ട് മണിയാവാതെ, കോഴിക്കോട് മെഡിക്കൽ കോളജ് ഇന്റൻസീവ് കെയർ യൂണിറ്റിലെ ശീതീകരിച്ച മുറിയിൽ വച്ച് ആരോടും സലാം പറയാതെ അബു മടങ്ങുമ്പോൾ ബാക്കിയാവുന്നത് നന്മയുടെ ഈറനണിഞ്ഞ ചിന്തകൾ.

അബു ലൈബ്രറി സയൻസിൽ ബിരുദധാരിയല്ല-പക്ഷേ ചന്ദ്രിക ലൈബ്രറി അദ്ദേഹത്തിന് സ്വന്തമായിരുന്നു. കംപ്യൂട്ടർ സാങ്കേതികവിദ്യ പഠിക്കാതിരുന്നിട്ടും പ്രായോഗിക പാതയിൽ അബു ചിത്രങ്ങളും ലേഖനങ്ങളും കംപ്യൂട്ടർ ഫയലുകളാക്കി. കോഴിക്കോടൻ വിഭവങ്ങളുടെ രുചിയും മാധുര്യവും എല്ലാവർക്കും പകരുന്നതിൽ അബു ഒരു ഡിക്ഷണറിയായിരുന്നു-സഹപ്രവർത്തകർക്കും കൂട്ടുകാർക്കും ചട്ടിപ്പത്തിരിയും ഉന്നക്കായയും പഴം നിറച്ചതുമെല്ലാം എത്തിച്ച്, അതിന്റെ രുചിയിൽ വാചാലനായി അതിഥികളെ സൽക്കരിക്കുന്നതിൽ സംതൃപ്തനായ യഥാർത്ഥ കോഴിക്കോട്ടുകാരൻ. നല്ല മമ്മുട്ടി ഇഷ്ടക്കാരനായ അബു മുഹമ്മദ് റാഫിയുടെ ശബ്ദത്തെ സുന്ദരമായി ആസ്വദിച്ചിരുന്നു. കാൽപ്പന്തിനെ നെഞ്ചിലേറ്റിയ അബുവിന് പെലെയും മെസിയുമെല്ലാം തുല്യരായിരുന്നു. ജീവിത വഴിയിൽ കൊച്ചു കുടുംബത്തിന് തണലേകാൻ പകലന്തിയോളം ജോലി ചെയ്ത് ക്ഷീണം പ്രകടിപ്പിക്കാതെ കളി തമാശകളുമായി ഞങ്ങൾക്കിടയിൽ സജീവമായിരുന്നു അബു.

മുപ്പത് വർഷത്തോളമായി ചന്ദ്രികയുടെ സ്പന്ദനങ്ങളിൽ അബുവുണ്ട്. സ്ഥാപനത്തിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെ നിന്ന നന്മയുടെ പ്രതീകം. വെള്ളയിൽ എന്ന തീരദേശ പ്രദേശത്തിന്റെ സ്നേഹ പാരമ്പര്യം പോലെ വിശ്രമത്തിന്റെ വഴി അബുവിന് അപരിചിതമായിരുന്നു. തന്റെ കൊച്ചു ഇരുചക്ര വാഹനത്തിൽ രാവിലെ മുതൽ ആരംഭിക്കുന്ന അവിശ്രമ സഞ്ചാരമാവാം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചത്.

അബുവിന്റെ ലൈബ്രറി ശേഖരത്തിൽ എല്ലാവരുമുണ്ട്- ആവശ്യത്തിന് ചിത്രം തേടിയാൽ സ്വന്തം ശേഖരവും പിന്നെ ഗൂഗിൾ ചിത്രങ്ങളും മുമ്പിലെത്തിക്കും. എന്നിട്ടൊരു ചോദ്യമുണ്ട്-എങ്ങനെയുണ്ട്....! വ്യക്തി വിശേഷങ്ങൾ തേടിയാൽ പഴയ ചന്ദ്രിക താളുകൾക്കൊപ്പം വീക്കിപ്പീഡിയ കോപ്പിയും മുന്നിലെത്തിക്കും. പഴമയും പുതുമയും-അതല്ലെങ്കിൽ പുരാതനവും ആധുനികവും-അതായിരുന്നു അബുവിന്റെ സമർപ്പണം. ഫോട്ടോഷോപ്പും കോറൽ ഡ്രോയുമെല്ലാം അബുവിന്റെ വഴിക്ക് വന്നത് പഴമക്കാരനെന്ന ലേബൽ ഒഴിവാക്കാനാണ്. ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് കളർ മിഴിവേകാൻ അബുവിന്റെ കരങ്ങൾ ഫോട്ടോഷോപ്പിനെ തേടുന്നത് അൽഭുതമായിരുന്നു. മോർഫിങ് എന്ന കലയിൽ പോലും കൈ വെക്കാനുള്ള താൽപ്പര്യത്തിൽ അബു കാലത്തെ തോൽപ്പിക്കാമെന്നുറച്ച് വിശ്വസിച്ചു.

മാസങ്ങൾക്ക് മുമ്പാണ് ഹൃദയം ചെറുതായൊന്ന് പിണങ്ങിയത്. ചികിൽസയും വിശ്രമവുമായി കുറച്ച് നാൾ അവധിയായിരുന്നു. സുഖ വിവരങ്ങൾ തിരക്കി വീട്ടിലെത്തുന്നവർക്ക് കോഴിക്കോടൻ മധുരങ്ങൾ നിരത്തും-തനിക്ക് അതിൽ കൈവെക്കാൻ കഴിയാത്ത സങ്കടവും പറയും. റമസാൻ സമയത്ത് സഹപ്രവർത്തകർക്ക് നോമ്പ് തുറ വിഭവമെത്തിക്കുക അബുവാണ്. മുപ്പത് ദിവസങ്ങളിൽ മുപ്പത് വിഭവങ്ങൾ. ചിക്കനും മട്ടണുമെല്ലാം അബുവിന്റെ വിശേഷണങ്ങളിൽ രുചിദായകമാണ്. മൂന്ന് നാൾ മുമ്പ് ഒരു കോൾ- ചെറിയ ഒരു ശസ്ത്രക്രിയ. രണ്ട് ദിവസം ലീവ് വേണം. ആ രണ്ട് ദിവസത്തിനിടെ ചന്ദ്രികയുടെ മെഡിക്കൽ കോളജ് ലേഖകൻ പി.എം മൊയ്തീൻകോയക്കയുടെ വിളി-ശസ്ത്രക്രിയക്കിടെ അബുവിന് ബ്ലഡ് പ്രഷർ വർധിച്ചു. മൈൽഡ് അറ്റാക്കുമുണ്ടായി-ഇപ്പോൾ വെന്റിലേറ്ററിലാണ്. പ്രാർത്ഥനയുടെ വഴിയിൽ ശുഭവാർത്തകൾ വന്നിരുന്നു. പക്ഷേ ഇന്നലെ ഉച്ചയോടെ വീണ്ടും മൊയ്തീൻക്കയുടെ വിളി-അബു പോയി......

ഞങ്ങളുടെ വാർത്താ മുറിയെ സമ്പന്നമാക്കാൻ ഇനി അബുവില്ല. ആ മധുര വിതരണമില്ല ആ ചിരിയും സന്തോഷവുമെല്ലാം ബാക്കിയാക്കി അബു ഡ്യൂട്ടി അവസാനിപ്പിച്ചിരിക്കുന്നു. ഈ കുറിപ്പെഴുതുമ്പോൾ അബുവിന്റെ കസേരയും കംപ്യൂട്ടറും നിർവികാരത പ്രകടിപ്പിച്ച് ഞങ്ങൾക്ക് മുമ്പിലുണ്ട്. പടച്ചവൻ മഹ്ഫിറത്ത് നൽകട്ടെ. 

കഴിഞ്ഞ ദിവസം അന്തരിച്ച ചന്ദ്രിക ദിനപ്പത്രത്തിലെ ലൈബ്രേറിയൻ എൻ പി അബൂബക്കറെക്കുറിച്ചു മാദ്ധ്യമപ്രവർത്തകൻ കമാൽ വരദൂർ ഫേസ്‌ബുക്കിൽ കുറിച്ചത്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP