Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇക്കായെ കണ്ടാൽ കടൽ കണ്ട പോലെ; പാറയിടുക്കുകളിൽ അള്ളിപ്പിടിച്ച കല്ലുമ്മക്കായും ചിപ്പിയും അടർത്തി സൗഹൃദങ്ങൾക്ക് വാരിവിളമ്പിയ കോഴിക്കോട്ടുകാരൻ; കടലിന്റെ കഥകൾ പറഞ്ഞു പറഞ്ഞു സോഷ്യൽ മീഡിയയിൽ കൂട്ടുകാരെ കൊതിപ്പിച്ച മനുഷ്യസ്‌നേഹി; ചാലിയാർ പുഴയിൽ ചിപ്പിക്ക് വേണ്ടി മുങ്ങിയ ടി.കെ.റഫീഖ് കഥകൾ പകുതിയിൽ പതറി നിർത്തി വിടവാങ്ങി; നിർത്തിയിട്ടിരിക്കുന്ന കപ്പലിന്റെ അടിഭാഗത്ത് തലയിടിച്ച് ദാരുണാന്ത്യം; ആദരാഞ്ജലികൾ

ഇക്കായെ കണ്ടാൽ കടൽ കണ്ട പോലെ; പാറയിടുക്കുകളിൽ അള്ളിപ്പിടിച്ച കല്ലുമ്മക്കായും ചിപ്പിയും അടർത്തി സൗഹൃദങ്ങൾക്ക് വാരിവിളമ്പിയ  കോഴിക്കോട്ടുകാരൻ; കടലിന്റെ കഥകൾ പറഞ്ഞു പറഞ്ഞു സോഷ്യൽ മീഡിയയിൽ കൂട്ടുകാരെ കൊതിപ്പിച്ച മനുഷ്യസ്‌നേഹി; ചാലിയാർ പുഴയിൽ ചിപ്പിക്ക് വേണ്ടി മുങ്ങിയ ടി.കെ.റഫീഖ് കഥകൾ പകുതിയിൽ പതറി നിർത്തി വിടവാങ്ങി; നിർത്തിയിട്ടിരിക്കുന്ന കപ്പലിന്റെ അടിഭാഗത്ത് തലയിടിച്ച് ദാരുണാന്ത്യം; ആദരാഞ്ജലികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ടി.കെ.റഫീഖ് ഇന്നു യാത്രയാവുകയാണ്. പുഴയുടെ ആഴങ്ങളിൽ നിന്ന് കൈ നിറയെ ചിപ്പികളുമായി സുഹൃത്തുക്കളുടെ അടുക്കലേക്ക് ഇനി ഒരിക്കലും റഫീഖ് മുങ്ങി നിവരില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പുഴകളിൽ നിന്ന് ചിപ്പികൾ വാരിയെടുക്കുക ഹോബിയാക്കിയിരുന്ന റഫീഖ് കോഴിക്കോട് ചാലിയം പുഴയിൽ ചിപ്പി വാരുമ്പോഴുള്ള അപകടത്തെ തുടർന്നാണ് മരണത്തിന്റെ തണുപ്പ് പുതച്ച് യാത്രയാകുന്നത് പറക്കമുറ്റാത്ത മുന്ന് കുട്ടികളെയും ഭാര്യയെയും സ്വയം കൊരുത്തെടുത്ത സൗഹൃദങ്ങളുടെ വിപുലമായ ആകാശത്തെയും അനാഥമാക്കിയാണ് റഫീഖ് കടന്നുപോകുന്നത്. സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലും പുറത്തുമായി റഫീഖുമായി സൗഹൃദം സൂക്ഷിച്ചവർക്കറിയാം സൗഹൃദങ്ങൾക്ക് റഫീഖ് കൽപ്പിച്ച വില. കടലിനെയും നല്ല സൗഹൃദങ്ങളേയും നെഞ്ചോടു ചേർക്കുന്ന കോഴിക്കോട്ടുകാരനായ ഒരു മനുഷ്യസ്‌നേഹി എന്ന് ഫെയ്സ് ബുക്ക് പേജിൽ സ്വയം പരിചയപ്പെടുത്തുമ്പോൾ തന്നെ റഫീഖിന്റെ മനസ് വായിച്ചെടുക്കാവുന്നതാണ്.

കോഴിക്കോട് ചാലിയം പള്ളിയിൽ ഇന്നു വൈകീട്ട് റഫീഖിന്റെ കബറടക്കം നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ശേഷമാണ് റഫീഖിന്റെ മൃതശരീരം ചാലിയത്തെ വീട്ടിൽ എത്തിക്കുന്നത്. സോഷ്യൽ മീഡിയാ സുഹൃത്തുക്കളുടെ വാക്കുകളിൽ പറഞ്ഞാൽ സൗഹൃദങ്ങളുടെ രാജകുമാരനാണ് ഇന്നു അകാലത്തിൽ വിടവാങ്ങുന്നത്. സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഇന്നു രാവിലെ മുതൽ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. റഫീഖിന് എന്ത് സംഭവിച്ചു? റഫീഖ് മരിച്ചോ? എങ്ങിനെ മരിച്ചു? ആർക്കാണ് ഇതൊന്നു സ്ഥിരീകരിക്കാൻ കഴിയുക. ഫെയ്സ് ബുക്കിൽ വന്നു നിറയുന്ന സന്ദേശങ്ങളിൽ നിന്ന് തന്നെ സോഷ്യൽ മീഡിയ റഫീഖിനും റഫീഖ് പകർന്നു നൽകിയ സൗഹൃദത്തിനും നൽകിയ വില എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.

കടലിൽ മീൻ പിടിക്കുന്ന ജോലിയും ചിപ്പിക്കായി പുഴയുടെ ആഴങ്ങളിൽ മുങ്ങിത്തപ്പുന്ന ജോലിയുമാണ് റഫീഖ് ചെയ്തിരുന്നത്. ഈ ജോലിയും വിപുലമായ സോഷ്യൽ മീഡിയാ സൗഹൃദങ്ങളുമായിരുന്നു റഫീഖിന്റെ കരുത്ത്. ചിപ്പിക്ക് വേണ്ടി മുങ്ങി നിവരുമ്പോൾ കാത്തു നിന്ന സുഹൃത്തുക്കൾക്ക് അരികിലേക്ക് ഇന്ന് രാവിലെ റഫീഖ് പൊന്തി വന്നില്ല. ആശങ്കയോടെ റഫീഖിന് വേണ്ടി തിരഞ്ഞവർക്ക് റഫീഖിന്റെ ഒരു വിവരവും അറിയാനായില്ല. തുടർന്ന് മീൻ പിടുത്തത്തിൽ ഏർപ്പെട്ടിരുന്നവരും ബോട്ടുകാരുമൊക്കെ എത്തി പുഴയിൽ വല വിരിച്ചാണ് റഫീഖിന്റെ മൃതദേഹം കണ്ടെത്തുന്നത്.

ചാലിയം പുഴയിൽ ഒരു കപ്പൽ നങ്കൂരമിട്ടിട്ടുണ്ടായിരുന്നു. കുറേക്കാലമായി നിർത്തിയിട്ടിരിക്കുന്ന കപ്പലാണിത്. ഈ കപ്പലിന്റെ അടിയിലുണ്ടായിരുന്ന ചിപ്പികളുടെ കൂട്ടമാണ് റഫീഖിനെയും കൂട്ടുകാരെയും പ്രലോഭിപ്പിച്ചത്. ഈ ചിപ്പികൾ കയ്യിലൊതുക്കാനാണ് എന്നത്തേയും പോലെ എന്നും റഫീഖ് ആഴങ്ങളിലേക്ക് ഊളിയിട്ട് പോയത്. ചിപ്പിയുമായി പൊന്തിവരുമ്പോൾ കപ്പലിന്റെ ഏതോ ഭാഗത്ത് റഫീഖിന്റെ തലയിടിക്കുകയായിരുന്നു. കപ്പലിന്റെ അടിയിൽ നിന്ന് റഫീഖിന്റെ ശരീരം വീണ്ടെടുക്കുമ്പോൾ തലയുടെ ഒരു വശത്ത് മുറിവുണ്ടായിരുന്നു. മുങ്ങി നിവരുമ്പോൾ തല കപ്പലിൽ വന്നിടിച്ചതിന്റെ ഭാഗമായാണ് ഈ മരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

സൗഹൃദങ്ങളുടെ രാജകുമാരൻ എന്ന് സോഷ്യൽ മീഡിയാ സൗഹൃദങ്ങളുടെ ഗ്രൂപ്പുകൾ റഫീഖിനെ വിശേഷിപ്പിക്കുന്നത്. ഫെയ്സ് ബുക്ക് സുഹൃത്തുക്കളെ കാണാനും ചിപ്പി വാരാനും വേണ്ടി കിലോമീറ്ററുകൾ റഫീഖ് ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരുന്നു. സ്വയം പിടിക്കുന്ന മീനും ചിപ്പിയുമായാണ് റഫീഖ് സുഹൃത്തുക്കളുടെ വീട്ടിൽ എത്താറുള്ളത്. അപ്രതീക്ഷിത സന്ദർശനങ്ങൾ വഴി ഫെയ്സ് ബുക്ക് സൗഹൃദങ്ങളെ റഫീഖ് ആഴത്തിലുള്ള സൗഹൃദമാക്കി മാറ്റി. എപ്പോഴും ഫെയ്സ് ബുക്ക് പോസ്റ്റുകൾ തുടർച്ചയായി റഫീഖ് നടത്തിക്കൊണ്ടിരുന്നു. ഈ ഫെയ്സ് ബുക്ക് പോസ്റ്റ് വഴി താൻ പരിചയപ്പെടുന്ന കടലിന്റെ, മീൻ പിടുത്തത്തിന്റെ വിസ്മയങ്ങൾ ഭാഷാശുദ്ധിയോടെ തന്നെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. ഇതെല്ലാം സൗഹൃദങ്ങളുടെ കൂട്ടം തന്നെ റഫീഖിനൊപ്പം അടുക്കാൻ കാരണമായി.

ഈയിടെ റഫീഖ് നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റ് തന്നെ അതിനു ഉദാഹരണമാണ്. കടലിനെ പറവ മീനിനെ കണ്ട റഫീഖ് ഇങ്ങിനെ കുറിച്ചു. ''അന്ന് നല്ല തെളിഞ്ഞ കാലാവസ്ഥയിലായിരുന്നു. അപ്പോഴാണ് മീൻ പിടുത്തത്തിനായി പുറം കടലിലേക്ക് പോയത്. പുറംകടലിലെത്താറായപ്പോഴാണ് വള്ളത്തിന്റെ മുമ്പിലിരിക്കുകയായിരുന്ന ഞാനാ കാഴ്‌ച്ച കണ്ടത്ആയിരക്കണക്കിന് വരുന്ന തുമ്പികളുടെ കൂട്ടം വെള്ളത്തിനു മുകളിലൂടെ പറന്നും വെള്ളത്തിലേക്ക് ചാടിയും കളിക്കുന്നു അവയ്ക്കുമുകളിലായി പറന്ന് പിന്തുടർന്ന് കടൽ പക്ഷികൾ അവയെ റാഞ്ചിയെടുത്ത് വിഴുങ്ങുന്നു. നേരിൽ കാണേണ്ട മനോഹര കാഴ്‌ച്ചകളായിരുന്നു അത് കുറച്ചുകൂടി അടുത്തെത്തിയപ്പോഴാണ് അത് തുമ്പികളുടെ കൂട്ടമല്ലെന്നും തുമ്പികളെപ്പോലെ ചിറകുകളുള്ള വെള്ളത്തിനു മുകളിലൂടെ പറക്കുകയും ചാടുകയും ചെയ്യുന്ന വലിയ മത്തിയോളം വലിപ്പമുള്ള പറവ മീനുകൾ ആണെന്ന് മനസ്സിലായത്. പറവ മീനുകളുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് സ്വന്തം കാഴ്ചകളിൽ കൂടി കടലിന്റെ അത്ഭുതങ്ങളിലേക്ക് റഫീഖ് ഫെയ്സ് ബുക്ക് സുഹൃത്തുക്കൾക്ക് കടൽവിസ്മയങ്ങൾ സമ്മാനിച്ചത്.

പറവ മീനുകൾ വെള്ളത്തിനു മുകളിലൂടെ ഒറ്റയായും കൂട്ടമായും പറന്നും ചാടിയും ഒക്കെ പോവുമ്പോൾ അവയെ പിന്തുടർന്ന് വെള്ളയും കറുപ്പും നിറമുള്ള കടൽ പക്ഷികൾ അവയെ റാഞ്ചിയെടുക്കുന്നത് നേരിട്ട് കാണേണ്ട മനോഹര കാഴ്‌ച്ചകളാണ്. കുറച്ചു നേരം ആ കാഴ്‌ച്ചകൾ കണ്ടിരുന്നപ്പോഴേക്കും അവ കുറെ അകലേക്ക് മാഞ്ഞുപോയി. വള്ളത്തിൽ മലർന്ന് കിടന്ന് തൊട്ടടുത്തെന്ന് തോന്നിക്കുന്ന തരത്തിൽ ആകാശത്തിലേക്ക് നോക്കിയപ്പോൾ എണ്ണിയാൽ തീരാത്തത്രയും നക്ഷത്രങ്ങളായിരുന്നു തൊട്ടടുത്തായിട്ടും ഞാൻ അവയൊക്കെ എണ്ണിനോക്കാൻ ശ്രമിച്ചിട്ടും തോറ്റു പിന്മാറേണ്ടി വന്നു. ചില നക്ഷത്രങ്ങൾ കടലിലേക്ക് വീഴുന്നതായി തോന്നി- കടൽ വിസ്മയങ്ങളെ ഇങ്ങിനെ തന്റേതായ ഭാഷയിലൂടെ റഫീഖ് പരിചയപ്പെടുത്തികൊണ്ടിരുന്നു. ഒട്ടനവധി കമന്റുകളും ഈ പോസ്റ്റുകൾക്കൊപ്പം പ്രത്യക്ഷപ്പെട്ടു. ഈ കുറിപ്പ് വായിച്ചവർ കുറിച്ചത് ഇങ്ങിനെയാണ്-ഈ പോസ്റ്റുകൾ വായിക്കുമ്പോ നിങ്ങളുടെ കൂടെ ഒരീസം കടലിൽ പോവാൻ തോന്നുന്നു, ഇത്തരം പ്രതികരണങ്ങൾ ധാരാളമായി റഫീഖിന്റെ പോസ്റ്റുകൾക്ക് ലഭിച്ചിരുന്നു.

ഫേസ്‌ബുക്ക് സൗഹൃദങ്ങളിലുള്ളവർ കാണാൻ എത്തുമ്പോൾ പലരും ആശങ്കയോടെയാണ് വീക്ഷിക്കാറുള്ളത്. ഈ ആശങ്കയില്ലാതെ തന്നെ സുഹൃത്തുക്കളോട് ഇടപഴകാൻ കഴിഞ്ഞതായിരുന്നു റഫീഖിന്റെ വിജയം. എത്ര ദൂരത്തുള്ള സുഹൃത്തുക്കൾ ആണെങ്കിലും പോയി കാണാൻ റഫീഖ് മടിച്ചിരുന്നില്ല. ഈ സന്ദർശനങ്ങൾ പലരെയും അത്ഭുതപ്പെടുത്തി. ആ ബന്ധങ്ങൾക്ക് ഇഴയടുപ്പം വരുകയും ചെയ്തു.

.ഫെയ്സ് ബുക്ക് സൗഹൃദങ്ങൾ ഓരോ വർഷവും കഴിയുമ്പോൾ നമ്മുടെ ഫെയ്സ് ബുക്ക് സൗഹൃദത്തിന് ഒരു വർഷം അല്ലെങ്കിൽ രണ്ടു വർഷം എന്നൊക്കെ ചൂണ്ടിക്കാട്ടി സന്ദേശം അയക്കുകയും റഫീഖ് പതിവാക്കിയിരുന്നു. റഫീഖ് ജീവിച്ചിരുന്നപ്പോൾ അത്ര പരിഗണന നൽകിയാൽ പോരായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. റഫീഖിന്റെ മരണം ഞങ്ങളെ ദുഃഖിപ്പിക്കുന്നു. റഫീഖിനെ അറിയുന്നവർ മറുനാടനോട് പ്രതികരിച്ചു. റഫീഖ് പൊടുന്നനെ യാത്രയാകുമ്പോൾ അതുകൊണ്ട് തന്നെ പലരും വിങ്ങിപ്പൊട്ടുകയും ഈ മരണത്തിനു മുന്നിൽ പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP