Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചുമട്ടുതൊഴിലും കൂലിപ്പണിയും തൊട്ട് കള്ളക്കടത്തും ഗുണ്ടായിസവും വരെ; മദ്യാസക്തിയിലേക്ക് വഴുതി വീണ് എല്ലാംമറന്നു; എന്നിട്ടും സംഗീതലോകം ഓരോ തവണയും കൈപടിച്ചുയർത്തി; കൊച്ചിയിൽ കച്ചറ കളിച്ച് നടന്ന പി അബു ഇബ്രാഹിം എന്ന ചെറുപ്പക്കാരൻ ഉമ്പായി എന്ന ലോകമറിയുന്ന ഗായകനായി മാറിയതിനുപിന്നിൽ സിനിമയെ അമ്പരപ്പിക്കുന്ന ജീവിതം

ചുമട്ടുതൊഴിലും കൂലിപ്പണിയും തൊട്ട് കള്ളക്കടത്തും ഗുണ്ടായിസവും വരെ; മദ്യാസക്തിയിലേക്ക് വഴുതി വീണ് എല്ലാംമറന്നു; എന്നിട്ടും സംഗീതലോകം ഓരോ തവണയും കൈപടിച്ചുയർത്തി; കൊച്ചിയിൽ കച്ചറ കളിച്ച് നടന്ന പി അബു ഇബ്രാഹിം എന്ന ചെറുപ്പക്കാരൻ ഉമ്പായി എന്ന ലോകമറിയുന്ന ഗായകനായി മാറിയതിനുപിന്നിൽ സിനിമയെ അമ്പരപ്പിക്കുന്ന ജീവിതം

എം.ബേബി

തിരുവനന്തപുരം: അധോലോകങ്ങളിലെ മുത്തും പവിഴവും തേടിയുള്ള യാത്രക്കിടയിലും സംഗീതം ഒരു വരമായി കിട്ടിയ മോഹൻലാലിന്റെ ആറാംതമ്പുരാനിലെ ജഗന്നാഥനെപ്പോലൊരു കഥാപാത്രം. അന്തരിച്ച ഗസൽഗായകൻ ഉമ്പായിയുടെ ജീവിതം അവിശ്വസനീയമായ തരത്തിൽ സിനിമാറ്റിക്കായിരുന്നു.

അന്യൂനവും അസാധാരണവുമായ ആ ആലാപനത്തിനു പിന്നിൽ കെടുതികളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരും വിഷാദവും ഉണ്ടായിരുന്നു. ചുമട്, കള്ളക്കടത്ത്, ഗുണ്ടായിസം തുടങ്ങി അദ്ദേഹം കടന്നുപോകാത്ത ജീവിതാനുഭവങ്ങളില്ലെന്ന് മാധ്യമങ്ങൾ നൽകിയ അഭിമുഖങ്ങളിൽ അദ്ദേഹം പലപ്പോഴായി പറഞ്ഞിരുന്നു. ഒരു സിനിമാക്കഥയെപ്പോലും അതിശയപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ യഥാർഥ ജീവിതം.

കൊച്ചിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പിഎ ഇബ്രാഹിമിനെ ഉമ്പായി എന്ന് ആദ്യം വിളിച്ചത് സ്വന്തം ഉമ്മതന്നെയാണ്. പക്ഷേ ആ വിളിപ്പേരിൽ അറിയപ്പെടുമെന്ന് താൻ ഒരിക്കലും കരുതിയിട്ടില്ലെന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. പിന്നീട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഈ പേര് തന്നെ വിളിച്ചു. അങ്ങനെയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്ത സംവിധായകൻ ജോൺ എബ്രഹാവും ഉമ്പായി എന്ന പേര് വിളിച്ചു. പിൽക്കാലത്ത് ജോണിന്റെ 'അമ്മ അറിയാൻ' എന്ന ചിത്രത്തിന്റെ ടൈറ്റിലിൽ ഈ പേര് തെളിഞ്ഞുവന്നു.

ഒരു ശരാശരി കൊച്ചി-മട്ടാഞ്ചേരിക്കാരനെപ്പോലെ പൊട്ടിത്തെറിക്കുന്നതും പെട്ടെന്ന് പ്രതികരിക്കുന്നതുമായിരുന്നു തന്റെ യൗവനമെന്ന് ഉമ്പായി പറഞ്ഞിട്ടുണ്ട്. അക്കാലത്തുകൊച്ചിക്കാർക്ക് എന്തെങ്കിലും സംഗീതോപകരണം പഠിക്കുന്ന പണിയുണ്ട്. അങ്ങനെ ഉസ്താദ് മുജാവർ അലീഖാന്റെ കീഴിൽ തബല പഠിച്ചുകൊണ്ടിരുന്ന ശിഷ്യനിൽനിന്ന് അപ്രതീക്ഷതമായി കേട്ട സ്വരമാധുരിയാണ് ഉമ്പായി എന്ന ഗസൽ ചക്രവർത്തിയുടെ ഉദയത്തിനു പിന്നിൽ. ആ ഗുരുതന്നെ ഉമ്പായിയെ ഏഴ് വർഷത്തോളം ഹിന്ദു സ്ഥാനി പഠിപ്പിച്ചു. ഉമ്പായി തബലിസ്റ്റായാണ് സംഗീത ലോകത്ത് കടന്നത്. പ്രശസ്ത പിന്നണിഗായകൻ മെഹബൂബിനു വേണ്ടിയും തബല വായിച്ചു.

അപ്പോഴും ജീവിക്കാനുള്ള വരുമാനം കഷ്ടിയായിരുന്നു. ആ കാലത്തെകുറിച്ചുള്ള ഉമ്പായിയുടെ ഓർമ്മകൾ ഇങ്ങനെ. 'ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്തിട്ടുണ്ട്. പഴയ കാലത്ത് സോപ്പും പൗഡറും കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന സംഗീതമാണ് തന്നെ പിന്നീട് നേർവഴിക്ക് നയിച്ചത്. മദ്യമടക്കമുള്ള തെറ്റായ മാർഗ്ഗങ്ങളിലേക്ക് വഴുതി വീണപ്പോൾ സംഗീതത്തെ പലപ്പോഴും ഉപേക്ഷിക്കാൻ മുതിർന്നിട്ടുണ്ട്. എന്നാൽ പീന്നീട് തനിക്ക് ജീവിതം തന്നെ ഗസലിനോട് പൊറുക്കണേ എന്ന അഭ്യർത്ഥന മാത്രമാണുള്ളത്'

പലപ്പോഴും പലകൂട്ടുകെട്ടുകളിലും പെട്ട് താൻ ഗുണ്ടായിസത്തിലേക്കും അക്രമത്തിലേക്കും പോയിട്ടുണ്ട്. ചുമട്ടുതൊഴിൽ അടക്കമുള്ള വിവിധ ജോലികളും നോക്കി. കല്യാണ വീടുകളിലും പാർട്ടികളിലും പാടുകയും അക്കാലത്തെ ഒരു പ്രധാന വരുമാന മാർഗമായിരുന്നു. സത്യത്തിൽ പണത്തിന് ആവശ്യമുള്ളപ്പോഴൊക്കെ സഹായത്തിനെത്തിയത് സംഗീതമായിരുന്നു.

ആദ്യകാലത്തൊന്നും എന്റെ സംഗീതത്തിന്റെ കരുത്ത് എനിക്ക് പിടികിട്ടിയിരുന്നില്ല. ട്രെയിൻ യാത്രയിൽ ആയാലും സൗഹൃദ സദസ്സിൽ ആയാലും ജനം എന്നോട് പാടിക്കൊണ്ടിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ഒരു തീവണ്ടിയാത്രയിൽ ഞാൻ പാടിയ പാട്ട് ഒരിക്കൽ ഒരാൾ ടേപ്പ് റെക്കോർഡറിൽ പിടിച്ച് എനിക്ക് തന്നെ കേൾപ്പിച്ചു. എന്റെ ദൈവമേ....മനോഹരമായ ആ ശബ്ദം കേട്ട് ഞാൻ അമ്പരുന്നു. ഇത് പാടിയത് ഞാൻ തന്നെയാണോയെന്ന് അദ്ഭുതപ്പെട്ടു. അപ്പോഴാണ് ഞാൻ എന്ത് പോക്രിത്തരം കാട്ടിയിട്ടും ജനം തല്ലിക്കൊല്ലാത്തതിന്റെ രഹസ്യം പടികിട്ടിയത്. പാട്ടാണ് എന്റെ വഴിയെന്ന് തോന്നിച്ചതും ആ നിമിഷമാണ്'- ഉമ്പായി ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്.

ഏറണാകുളത്തെ ഒരു സ്വകാര്യഹോട്ടലിൽ ഗസൽ ഗായകനായി കയറിയ ഉമ്പായി ക്രമേണ കാസറ്റുകളിലൂടെ സംഗീതലോകത്തേക്ക് പടിപടിയായി ഉയരുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP