Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അടിയന്തരാവസ്ഥയിലേക്ക് നയിച്ച വിധി പുറപ്പെടുവിച്ച ന്യായാധിപൻ; 'ഇന്ദിരയെ ഇന്ത്യ'യാക്കിയ കൃഷ്ണയ്യരുടെ വിധി പ്രസ്താവം നിയമ വിദ്യാർത്ഥികൾക്ക് ഇന്നും പാഠ്യവിഷയം

അടിയന്തരാവസ്ഥയിലേക്ക് നയിച്ച വിധി പുറപ്പെടുവിച്ച ന്യായാധിപൻ; 'ഇന്ദിരയെ ഇന്ത്യ'യാക്കിയ കൃഷ്ണയ്യരുടെ വിധി പ്രസ്താവം നിയമ വിദ്യാർത്ഥികൾക്ക് ഇന്നും പാഠ്യവിഷയം

ന്യൂഡൽഹി: നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ കുറിക്കപ്പെട്ട വരികൾ: സോഷ്യലിസ്റ്റ്, സെക്കുലർ, ഡെമോക്രാറ്റിക് റിപ്പബളിക്ക്.... ഇതു തന്നെയാണ് സ്വന്തം ജീവിതത്തിൽ കൃഷ്ണയ്യറെന്ന ബഹുമുഖ പ്രതിഭയും വരച്ചു കാട്ടിയത്. ആർക്കും വഴങ്ങാതെ തന്റേടത്തോടെ തന്റെ നിലപാട് വിശദീകരിച്ചു. സമൂഹനന്മയ്ക്ക് അപ്പുറമൊന്നും ആഗ്രഹിച്ചുമില്ല. ശാന്തതയാണ് ആ മുഖത്ത് നിറഞ്ഞു നിന്നത്. പക്ഷേ അനീതിക്ക് എതിരെ പോരടിക്കുമ്പോൾ കൃഷ്ണയ്യർ ആർക്കും പിടികൊടുത്തുമില്ല. സമൂഹത്തിന് തന്റെ കാർകശ്യത അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം.

അഭിഭാഷകനായിരുന്നപ്പോഴും 42ാം വയസ്സിൽ മന്ത്രിയായപ്പോഴും പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിയായിരുന്നപ്പോഴും മനുഷ്യസ്‌നേഹമെന്ന മഹാനിയമം മുറുകെ പിടിച്ചു. തടവുകാർ മനുഷ്യരാണെന്ന തിരിച്ചറിവ് ജുഡീഷ്യറിയെ ഓർമിപ്പിച്ചത് കൃഷ്ണയ്യരാണ്. പൊതുതാത്പര്യ ഹർജികൾ ആശയും പ്രതീക്ഷയും നഷ്ടപ്പെട്ടവന്റെ ആയുധമാക്കിമാറ്റിയതും കൃഷ്ണയ്യർ തന്നെ. എഴുന്നൂറോളും വിധികളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. ജസ്റ്റീസിന് നേരിട്ട് കത്തെഴുതിയാൽ പോലും അത് പരിഗണിച്ച് നിയമനടപടികൾ തുടങ്ങുകയെന്ന കീഴ് വഴക്കവും സൃഷ്ടിച്ചു.

ബുദ്ധികൊണ്ട് നിയമത്തിന്റെ തലനാരിഴ കീറി വ്യാഖ്യാനിക്കുമ്പോൾത്തന്നെ ഹൃദയംകൊണ്ട് അതിലെ മാനവികത കാത്തു സൂക്ഷിച്ചു. നിയമത്തിലൂന്നിയ തന്റേടം അതുതന്നെയായിരുന്നു കൃഷ്ണയ്യരെ വ്യത്യസ്തനാക്കിയത്. അതാണ് ഇന്ദിരാഗാന്ധിക്കെതിരായ അലഹബാദ് ഹൈക്കോടതിവിധി സ്റ്റേ ചെയ്യാതെ നിയമത്തിന്റെ ഉൽകൃഷ്ടം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് കേസിൽ കൃഷ്ണയ്യർ നടത്തിയ വിധി ലോകം ശ്രദ്ധാപൂർവ്വമാണ് വീക്ഷിച്ചത്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കേസുകളിൽ ഒന്നായിരുന്നു അത്. ഇന്ദിരാഗാന്ധിയെ ആറ് കൊല്ലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് ചില ഉപാധികളോടെ കൃഷ്ണയ്യർ റദ്ദാക്കി.

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ കൊണ്ടുവന്നത് കൃഷ്ണയ്യരുടെ തൂലികതുമ്പിലൂടെയാണെ വിശ്വസിക്കുന്നവരുണ്ട്. അലഹബാദ് കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയപ്പോൾ സുപ്രിംകോടതിയുടെ വെക്കേഷൻ ജഡ്ജിയായിരുന്ന കൃഷ്ണയ്യർ ഒറ്റയ്ക്ക് വാദം കേട്ട് വിധി പറഞ്ഞു. പാർലമെന്റ് അംഗം എന്നനിലയിൽ തുടരനാകില്ലെങ്കിലും ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നായിരുന്നു വിധി. അടുത്ത ദിവസങ്ങളിലായികുന്നു ഇന്ദിരാ ഗാന്ധിയുടെ കുപ്രസിദ്ധമായ അടിയന്തരാവസ്ഥ പ്രഖ്യാപനം.

അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ച വിധിയെക്കുറിച്ച് ചോദിക്കുമ്പോഴും അതൊരു സാധാരണ നിയമ നടപടിയെന്ന മട്ടിലാണ് പ്രതികരണം. 'ഇന്ദിരയാണെന്നെ ജഡ്ജിയായി നിയമിച്ചത്, അതിനുശേഷം ഒരുവർഷമായപ്പോഴാണ് അവരുടെ താത്പര്യത്തിന്
വിരുദ്ധമായ വിധി പ്രഖ്യാപിച്ചത്. പക്ഷേ, ഒരിക്കൽപോലും അവരോ സിൽബന്ധികളോ എന്നെ സ്വാധീനിക്കാൻ ശ്രമിച്ചില്ല. നേതാവെന്ന നിലയിൽ അവർ കരുത്തയായിരുന്നു.'ഇന്ദിരാഗാന്ധിയെ കൃഷ്ണയ്യർ വിശദീകരിച്ചത് എന്നും ഇങ്ങനെ മാത്രമായിരുന്നു.

1980ൽ രത്‌ലം മുനിസിപ്പാലിറ്റിക്കേസിൽ ഭരണാധികാരികൾക്ക് താക്കീതായ സുപ്രീംകോടതി വിധിയും വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്നവയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർണയിച്ച ആ വിധി ജനവിരുദ്ധ ഭരണകർത്താക്കൾക്കെതിരെ ഇന്നും എടുത്ത് പ്രയോഗിക്കാവുന്ന ആയുധമാണ്. കൊതുകു നശിപ്പിക്കാനും കാനകൾ വൃത്തിയാക്കാനും മാലിന്യം നിർമ്മാർജനം ചെയ്യാനുമൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവന്നത് ആ വിധിക്ക് ശേഷമാണെന്നതാണ് യാഥാർത്ഥ്യം.

സാമൂഹിക നീതി അപകടത്തിലാകുമ്പോഴെല്ലാം നൂറാം വയസ്സിലും വാക്കുകൊണ്ട് പോരാളിയായി കൃഷ്ണയ്യർ. തെറ്റുകാണുമ്പോൾ ചൂണ്ടിക്കാണിക്കുയും ചെയ്തു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തെ കേരള ഗവർണറാക്കിയ തീരുമാനത്തേയും വിമർശിച്ചു. പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്ദനിയെ വിചാരണ കൂടാതെ തടങ്കലിൽ പാർപ്പിക്കുന്നതിനെതിരേയും ശബ്ദമുയർത്തി. മലയാളികളായ മീൻ പിടിത്തക്കാരെ ഇറ്റാലിയൻ നാവകിർ ആക്രമിച്ച കേസിലെ നിയമ നടപടികളേയും വിമർശിച്ചു.

മുഖ്യന്ത്രിയായിരിക്കെ അച്യുതാനന്ദൻ സർക്കാരിന്റെ ആവശ്യപ്രകാരം നിയമപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷനായി അദ്ദേഹം ഒന്നര വർഷം പ്രവർത്തിച്ചു. കമ്മിഷനിലെ അംഗങ്ങളും കൃഷ്ണയ്യരെപ്പോലെ പ്രതിഫലം പറ്റിയില്ല. 104 ബില്ലുകൾ തയ്യാറാക്കി സർക്കാരിന് നൽകി. നിയമങ്ങൾ സമൂലം പരിഷ്‌കരിച്ച് ജനക്ഷേമം ഉറപ്പാക്കി. ഹർത്താലും ബന്ദും നിരോധിക്കാനുള്ള ബില്ലുകളും അതിൽ ഉണ്ടായിരുന്നു. പക്ഷേ ഒന്നും നിയമമായി കാണാനുള്ള ഭാഗ്യം ഉണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP