Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി.എസ്.എബ്രഹാം നിര്യാതനായി; ഓർമയാകുന്നത് ഐപിസിയെ ആഗോള പ്രസ്ഥാനമാക്കി ഉയർത്തിയ ക്രാന്തദർശി; സഭാസ്ഥാപകനായ പാസ്റ്റർ കെ.ഇ.എബ്രഹാമിന്റെ മകന്റെ മരണത്തിൽ മനംനൊന്ത് സഭാവിശ്വാസികൾ

ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി.എസ്.എബ്രഹാം നിര്യാതനായി; ഓർമയാകുന്നത് ഐപിസിയെ ആഗോള പ്രസ്ഥാനമാക്കി ഉയർത്തിയ ക്രാന്തദർശി; സഭാസ്ഥാപകനായ പാസ്റ്റർ കെ.ഇ.എബ്രഹാമിന്റെ മകന്റെ മരണത്തിൽ മനംനൊന്ത് സഭാവിശ്വാസികൾ

ശ്രീലാൽ വാസുദേവൻ


പത്തനംതിട്ട: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) മുൻ ജനറൽ പ്രസിഡന്റും സഭയുടെ ശുശ്രൂഷകന്മാരിൽ പ്രധാനിയുമായ ഹെബ്രോൻ ബംഗ്ലാവിൽ പാസ്റ്റർ ടിഎസ്. ഏബ്രഹാം (കുഞ്ഞൂഞ്ഞ് - 93) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഒരു കാലഘട്ടം മുഴുവൻ സഭയെ നയിച്ച ടിഎസ് ഏബ്രഹാം സഭയിലെ അറിയപ്പെടുന്ന ശുശ്രൂഷകനാണ്. തെക്കേപ്പറമ്പിൽ സ്റ്റീഫൻ ഏബ്രഹാം എന്നാണ് പൂർണ്ണമായ പേര്.
ശ്വാസതടസത്തെ തുടർന്ന് ജനുവരി 30 ന് പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി നാലിന് തിരികെ കൊണ്ടു വന്നെങ്കിലും രോഗം മൂർഛിച്ച് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മരിച്ചത്.

സഭയുടെ ജനറൽ സെക്രട്ടറിയായും, സ്റ്റേറ്റ് സെക്രട്ടറിയായും, യുവജന സംഘടനയായ പിവൈപിഎ സ്ഥാപക സെക്രട്ടറിയായും, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. സഭയുടെ വേദപാഠശാല ഹെബ്രോൻ ബൈബിൾ കോളജിന്റെയും ഇന്ത്യ ബൈബിൾ കോളജിന്റെയും ദീർഘകാല പ്രിൻസിപ്പൽ ആയിരുന്നു. ഇന്ത്യ ബൈബിൾ കോളജിന്റെ പ്രസിഡന്റ് എമറിറ്റസും ഐപിസി കുമ്പനാട് സെന്റർ ശുശ്രൂഷകനുമാണ്. സഭയുടെ സീനിയർ ജനറൽ മിനിസ്റ്റർ സ്ഥാനം നൽകി ആദരിച്ചു. സഭയുടെ സ്ഥാപകൻ പരേതനായ പാസ്റ്റർ കെഇഏബ്രഹാമിന്റെയും (ഉണ്ണുണ്ണിസാർ) അന്നമ്മ ഏബ്രഹാമിന്റെയും സീമന്ത പുത്രനാണ്. ഭാരതത്തിലെ പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം കൂട്ടിവായിക്കേണ്ട കുടുംബമാണ് പാസ്റ്റർ കെഇ ഏബ്രഹാമിന്റേത്.

1947 ൽ ആലുവ യൂണിയൻ ക്രിസ്ത്യൻ (യുസി) കോളജിൽ ബിഎയ്ക്ക് പഠിക്കുമ്പോഴാണ് സഭയുടെ യുവജന സംഘടനയായ പെന്തക്കോസ്ത് യുവജന സംഘടനയ്ക്ക് (പിവൈപിഎ) രൂപം നൽകുന്നത്. തുടർന്ന് വൈദീക പഠനത്തിനായി അമേരിക്കയിലെ ടെക്സസിൽ എത്തി. അവിടെ നിന്ന് ബാച്ചിലർ ഓഫ് ഡിവിനിറ്റിയും, ബിരുദാന്തര ബിരുദവും നേടി. തിരികെ ഇന്ത്യയിൽ എത്തി ആന്ധ്രയിലും കേരളത്തിലും സഭാ പ്രവർത്തനങ്ങളിൽ പങ്കാളിയായി. സഭയുടെ കേരള സേ്റ്ററ്റ് സെക്രട്ടറിയായി 17 വർഷം സേവനം ചെയ്തു. തുടർന്ന് ജനറൽ സെക്രട്ടറിയായി 10 വർഷവും ജനറൽ പ്രസിഡന്റായി ആറ് വർഷവും സഭാനേതൃത്വത്തിൽ ഉണ്ടായിരുന്നു. അമേരിക്കയിലെ ഐപിസി ഫാമിലി കോൺഫറൻസിന്റെ സ്ഥാപകനുമാണ്.

യഹൂദനും ഫലസ്തീനും, പുതിയ നിയമ സർവേ, വേദപുസ്തക ഭൂമിശാസ്ത്രം, പെന്തക്കോസ്ത് പ്രസ്ഥാനം, വേദപുസ്തക വിജ്ഞാനം, പെന്തക്കോസ്ത് ശുശ്രൂഷകർക്ക് മാർഗദർശി, ഐ.പി.സി 75 വർഷങ്ങൾ, ഐപിസിയുടെ ഹ്രസ്വചരിത്രം എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സഭയുടെ മുഖമാസികയായ സീയോൻ കാഹളത്തിന്റെ ചീഫ് എഡിറ്ററായിരുന്നു.

ഭാര്യ: കുമ്പനാട് പൂഴിക്കാലായിൽ പരേതയായ മേരി ഏബ്രഹാം (ഐപിസി സോദരി സമാജം മുൻ പ്രസിഡന്റ്, റിട്ട. ഹെഡ്‌മിസ്ട്രസ് എഇഒ). മക്കൾ : പാസ്റ്റർ ഡോ ടി വൽസൻ ഏബ്രഹാം (ഐപിസി മുൻ ജനറൽ സെക്രട്ടറി, ഐപിസി പഞ്ചാബ് സ്റ്റേറ്റ് പ്രസിഡന്റ്, ഇന്ത്യാ ബൈബിൾ കോളജ് പ്രസിഡന്റ്), ആനി ജേക്കബ് (കുവൈറ്റ്), സ്റ്റാർലാ ലൂക്ക് (ഇന്ത്യാ ബൈബിൾ കോളജ് വൈസ് പ്രസിഡന്റ്) ഷേർലി ചാക്കോ (യു.എസ്.എ). മരുമക്കൾ: കുഴിക്കാല തെക്കേതുണ്ടിയിൽ ലാലി ഏബ്രഹാം (യു.എസ്.എ), പുല്ലാട് മങ്ങാട്ട് ജേക്കബ് തോമസ് (കുവൈറ്റ്), നിരണം മട്ടയ്ക്കൽ വെൺപറമ്പിൽ മേജർ വി.ഐ. ലൂക്ക്, നിലമ്പൂർ പനച്ചമൂട്ടിൽ വിജയ് പി.ചാക്കോ (യു.എസ്.എ) സഹോദരൻ: പരേതനായ പാസ്റ്റർ ഉമ്മൻ ഏബ്രഹാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP