Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കൾ തിലകത്തിന്റെ തൊട്ടടുത്ത് തമിഴകത്തിന്റെ അമ്മയ്ക്കും നിത്യനിദ്ര; എംജിആറിന് വിട നൽകിയതിനേക്കാൾ ഹൃദയഭേദകമായി പുരട്ചി തലൈവിക്കും യാത്രാമൊഴി ചൊല്ലി ജനസാഗരം; നെഞ്ചുപൊട്ടിയുള്ള നിലവിളികൾക്ക് മുൻപിൽ നിശബ്ദമായി മറീനാ ബീച്ച്; അലറിവിളിച്ചും ഇരമ്പിയാർത്തും പരിസരംവിട്ട് പോവാതെ തമിഴ് മക്കൾ; അന്ത്യകർമ്മം നിർവഹിച്ച് തോഴി ശശികല

മക്കൾ തിലകത്തിന്റെ തൊട്ടടുത്ത് തമിഴകത്തിന്റെ അമ്മയ്ക്കും നിത്യനിദ്ര; എംജിആറിന് വിട നൽകിയതിനേക്കാൾ ഹൃദയഭേദകമായി പുരട്ചി തലൈവിക്കും യാത്രാമൊഴി ചൊല്ലി ജനസാഗരം; നെഞ്ചുപൊട്ടിയുള്ള നിലവിളികൾക്ക് മുൻപിൽ നിശബ്ദമായി മറീനാ ബീച്ച്; അലറിവിളിച്ചും ഇരമ്പിയാർത്തും പരിസരംവിട്ട് പോവാതെ തമിഴ് മക്കൾ; അന്ത്യകർമ്മം നിർവഹിച്ച് തോഴി ശശികല

ചെന്നൈ: മറീനാ ബീച്ചിൽ വെള്ളിത്തിരയിലെ തന്റെ പ്രിയനാകനും രാഷ്ട്രീയഗുരുവുമായ എംജിആർ അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടരികിൽ തമിഴകത്തിന്റെ അമ്മയ്ക്കും നിത്യനിദ്ര. തന്റെ ഇഷ്ടദൈവമായ എംജിആറിനടുത്തുതന്നെ തനിക്കും അന്ത്യവിശ്രമം വേണമെന്ന ആഗ്രഹം ജയലളിത അടുപ്പക്കാരെ അറിയിച്ചിരുന്നു.

29 വർഷങ്ങൾക്കുമുമ്പ് ഒരു ഡിസംബർ സന്ധ്യയിൽ എംജിആറിന് അന്ത്യവിശ്രമം നൽകിയ മറീനാ ബീച്ചിൽ സമാനമായ രീതിയിൽ തന്നെ അദ്ദേഹത്തിന്റെ പ്രിയനായികയ്ക്കും ആരാധകർ അന്ത്യയാത്ര നൽകി. എംജിആറിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ ആരാണ് തന്റെ അനന്തരാവകാശിയെന്ന് വ്യക്തമാക്കാതെയാണ് ജയയും യാത്രയായത്. പുരട്ചി തലൈവരുടെ വിലാപയാത്രയിൽ നിന്ന് 29 വർഷങ്ങൾക്ക് മുമ്പ് ജയലളിതയെ ഇറക്കിവിട്ട അതേ അണ്ണാഡിഎംകെ പ്രവർത്തകർതന്നെ ഇന്ന് ജയലളിതയുടെ വിലാപയാത്രയെ കണ്ണീരോടെ അനുഗമിച്ചുവെന്നത് തമിഴകത്തിന്റെ ചരിത്രനിയോഗമായി മാറി.

പ്രത്യേക പേടകത്തിൽ, ദേശീയപതാക പുതപ്പിച്ചു കിടത്തിയ ജയയുടെ ഭൗതികദേഹം സൈനികോദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് വിലാപയാത്രയ്ക്കായി വാഹനത്തിൽ കയറ്റിയത്. 4.20ന് തുടങ്ങിയ വിലാപയാത്ര ഒന്നര കിലോമീറ്റർ പിന്നിട്ട് മറീനാ ബീച്ചിൽ എത്തുമ്പോഴേക്കും അഞ്ചര മണി കഴിഞ്ഞിരുന്നു. മൃതദേഹം ചില്ലുപേടകത്തിൽ നിന്ന് പുറത്തെടുത്തുവച്ചതോടെ ജനസാഗരം വാവിട്ടുകരഞ്ഞു.

കര, വ്യോമ, നാവിക സേനകൾ പ്രത്യേകമായി സല്യൂട്ട് ചെയ്ത് ബ്യൂഗിൾ മുഴക്കിയതോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ഒരുമിനിറ്റ് മൗനാചരണം. കണ്ണീരൊപ്പി, കറുത്ത വസ്ത്രമണിഞ്ഞ് തോഴി ശശികല അരികെ നിന്നു. മുഖ്യമന്ത്രി പന്നീർ ശെൽവവും അതിനു പിന്നാലെ മന്ത്രിമാരും മുതിർന്ന നേതാക്കളും മൃതദേഹത്തിൽ പുഷ്പാർച്ച നടത്തി, അവസാനമായി ഒരുവട്ടംകൂടി അന്ത്യാഞ്ജലി അർപ്പിച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഗുലാംനബി ആസാദ് തുടങ്ങിയവരും പുഷ്പങ്ങളർപ്പിച്ച് അന്ത്യപ്രണാമം നൽകി.

അവസാനമായി ഒരുവട്ടം കൂടി എല്ലാ സേനാമേധാവികളും സല്യൂട്ട് നൽകി പ്രണമിച്ച ശേഷം ജയയുടെ മൃതദേഹത്തെ പുതപ്പിച്ച ദേശീയ പതാക നീക്കം ചെയ്തു. തുടർന്ന് തോഴി ശശികല അന്തിമകർമ്മങ്ങൾ നടത്തിയതോടെ ആറുമണിയോടെ തമിഴകത്തിന്റെ അമ്മയുടെ മൃതദേഹം പൂവുകളിട്ട് പനിനീരുതളിച്ച് ചന്ദനത്തടിയിൽ തീർത്ത പേടകത്തിൽ പ്രത്യേകം തയ്യാറാക്കിയ കുഴിയിൽ് അടക്കം ചെയ്തു. അവസാനമായി തങ്ങളുടെ ജീവശ്വാസമായി കരുതുന്ന അമ്മയെ ഒരുനോക്കുകാണാൻ എത്തിച്ചേർന്ന ജനസാഗരവും അതിനുപിന്നിൽ നീലസാഗരവും സാക്ഷിയായി നിൽക്കേ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നിത്യനിദ്ര.

നേരത്തേ, രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാഷ്ട്രീയ പ്രമുഖരും മുഖ്യമന്ത്രിമാരുമുൾപ്പെടെ നൂറുകണക്കിന് വിഐപികളാണ് അന്തിമോപചാരമർപ്പിക്കാൻ ചെന്നൈയിലെ രാജാജി ഹാളിൽ എത്തിയത്. 

തമിഴകത്തിന്റെ പ്രിയങ്കരിയായ ജന നായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ വിഐപികളുടെ ബാഹുല്യം ചെന്നൈ വിമാനത്താവളത്തിനു പോലും താങ്ങാനായില്ല. തിരക്കുമൂലം കേരള ഗവർണർ സദാശിവവും മുഖ്യമന്ത്രി പിണറായിയും ഉൾപ്പെടെയുള്ളവർ എത്തിയ വിമാനമടക്കം പല വിമാനങ്ങളും തിരിച്ചുവിടേണ്ട സാഹചര്യംപോലും ഉണ്ടായി. ജയലളിതയെന്ന ജനസമ്മതിയേറെയുള്ള രാഷ്ട്രീയ നേതാവിന്റെ മരണം എത്രത്തോളം രാജ്യത്തിന് ആഘാതമായെന്നതിന്റെ സൂചനയായി ഇത്. ജയലളിതയുമായി അടുത്ത ബന്ധമുള്ള സിനിമാ പ്രവർത്തകരും സാംസ്‌കാരിക നായകന്മാരും ഉൾപ്പെടെ സമസ്ത മേഖലകളിലെ പ്രമുഖർ അവരെ അവസാനമായി ഒരുനോക്ക് കാണാനെത്തി.

അമ്മയുടെ സ്ഥിതി മോശമായെന്ന വാർത്ത അറിഞ്ഞതുമുതൽ ഞായറാഴ്ച വൈകീട്ടോടെ അപ്പോളോ ആശുപത്രിക്കുമുന്നിലേക്കും പിന്നീട് മരണത്തിനുശേഷം ഇന്നു പുലർച്ചെ ഔദ്യോഗിക വസതിയായ പോയ്‌സ് ഗാർഡനിലേക്കും രാവിലെ പൊതുദർശനത്തിന് വച്ച രാജാജി ഹാളിലേക്കുമെല്ലാം ജനലക്ഷങ്ങൾ ഒഴുകിയെത്തി. അമ്മയുടെ തിരിച്ചുവരവിനായി കാത്തിരുന്ന സാധാരണക്കാരായ പതിനായിരങ്ങൾക്ക് താങ്ങാനാവുന്നതായിരുന്നില്ല ജയലളിതയുടെ വിയോഗവാർത്ത.

അവസാനമായി ചെന്നൈയിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജി അന്തിമോപചാരം അർപ്പിക്കും വരെ മാത്രമായിരുന്നു അന്ത്യദർശനം. വാവിട്ടുകരഞ്ഞും നെഞ്ചത്തിടിച്ച് നിലവിളിച്ചും സ്്ത്രീകളും കുട്ടികളുമുൾപ്പെടെ ആബാലവയോധികം ജനങ്ങൾ അവരുടെ പ്രിയപ്പെട്ട അമ്മയുടെ വേർപാടിൽ വിലപിച്ചു. രാജാജി ഹാളിനുമുന്നിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം കിട്ടാത്തവർ പലപ്പോഴും പൊലീസ് തീർത്ത ബാരിക്കേഡുകളും നിയന്ത്രണങ്ങളും ലംഘിച്ച് അമ്മയെ ഒരുനോക്കുകാണാൻ അവസരം തേടി.

മൃതദേഹം വൈകുന്നേരം 4.20ഓടെ വിലാപയാത്രയായി മൃതദേഹം മറീനാബീച്ചിലേക്ക് കൊണ്ടുപോകാൻ എടുത്തപ്പോൾ ജനലക്ഷങ്ങൾ അതിനൊപ്പം നിലവിളിയുമായി കൂടി. മൃതദേഹം വഹിച്ച വാഹനം വളരെ പതുക്കെ മാത്രമേ നീങ്ങാനായുള്ളൂ. ഒന്നര കിലോമീറ്റർ ദൂരം പിന്നിടേണ്ട വിലാപയാത്ര മറീനാ ബീച്ചിൽ എത്താൻ ഒരു മണിക്കൂറോളം സമയമെടുത്തു എന്നതുതന്നെ അമ്മയെ ഒരുനോക്കുകാണാൻ അവസാനമായി എത്തിയ ജനബാഹുല്യത്തിന് തെളിവായി. റോഡിനിരുവശത്തും ആദ്യം പൊലീസിനെ അനുസരിച്ച് നിലയുറപ്പിച്ചവർ പിന്നീട് വാഹനത്തെ പൊതിയുന്ന കാഴ്ചയാണ് കണ്ടത്. ഇതിനകം തന്നെ മറീനാ ബീച്ച് പരിസരം ജനലക്ഷങ്ങളാൽ നിറഞ്ഞിരുന്നു. ഭരണത്തിന്റെ അവസാനകാലത്ത് ജയലളിതയുടെ സർക്കാർ ചെയ്ത ജനോപകാരപ്രദമായ നടപടികൾ അവരെ ദൈവതുല്യയാക്കി മാറ്റിയിരുന്നു തമിഴകത്ത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഇന്ന് കണ്ടത്.

അയ്യങ്കാർ കുടുംബത്തിൽ പിറന്ന ജയലളിതയുടെ മൃതദേഹം അഗ്നിക്കു സമർപ്പിക്കുമോ എന്ന ചോദ്യം അവരുടെ മരണശേഷം ഉയർന്നെങ്കിലും അതുണ്ടാവില്ലെന്നും ദ്രാവിഡ മുന്നേറ്റ പാർട്ടികളിലെ തന്റെ മുൻഗാമികളേപ്പോലെ അവരെ അടക്കം ചെയ്യുകയാണ് വേണ്ടതെന്നുമുള്ള തീരുമാനമാണ് ഉണ്ടായത്. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തത് ജയലളിതയുടെ പ്രിയതോഴിയായി അറിയപ്പെടുന്ന ശശികലയാണെന്നതും ശ്രദ്ധേയമായി. ദേശീയ നേതാക്കൾ ഉൾപ്പെടെ ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയവരെല്ലാം ശശികലയുമായി സംസാരിക്കുകയും ആശ്വാസവചനങ്ങൾ പറയുകയും ചെയ്തു. കൂപ്പുകൈകളുമായി അടുത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിരസ്സിൽ കൈവച്ചാണ് അവരെ ആശ്വസിപ്പിച്ചത്. ഇന്നു രാവിലെ മൃതദേഹം രാജാജി ഹാളിനുമുന്നിൽ അന്ത്യദർശനത്തിന് വച്ചപ്പോൾ മുതൽ കറുത്ത സാരിയുടുത്ത് ശശികല ജയലളിതയുടെ ഭൗതികദേഹത്തിന് അരികെതന്നെ ഉണ്ടായിരുന്നു. പുതിയ മുഖ്യമന്ത്രിയായ പന്നീർ ശെൽവവും മറ്റു മന്ത്രിമാരും എംഎൽഎമാരും പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരും രണ്ടുവശത്തുമുള്ള പടവുകളിൽ നിലയുറപ്പിച്ചിരുന്നു.

ശശികലയുടെ നിർദ്ദേശപ്രകാരമാണ് സംസ്‌കാരം ബ്രാഹ്മണ രീതി അനുസരിച്ച് ചിതയൊരുക്കി നടത്തുന്നതിന് പകരം അടക്കം ചെയ്താൽ മതിയെന്ന് തീരുമാനിച്ചതെന്നാണ് വിവരം. ജെസിബി ഉപയോഗിച്ച് പ്രത്യേകം കുഴിയെടുത്താണ് ജയയ്ക്ക് അന്ത്യവിശ്രമസ്ഥലം സജ്ജീകരിച്ചത്. ഇതോടെ മറീനാബീച്ചിലെ കാമരാജാർ ശാലയിൽ എംജി ആറിനെ അടക്കംചെയ്തതിന് സമാനമായ രീതിയിൽ തമിഴകത്തിന്റെ അമ്മയ്ക്കും അന്ത്യവിശ്രമം ഒരുങ്ങുകായയിരുന്നു.

അമ്മ ഞങ്ങൾക്ക് അയ്യങ്കാർ ആയിരുന്നില്ലെന്നും അവർ ജാതിക്കും മതത്തിനും അതീതമായ വ്യക്തിത്വമായിരുന്നുവെന്നുമാണ് സംസ്‌കാരത്തിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് ചുമതലയുണ്ടായിരുന്ന മുതിർന്ന ഗവ. സെക്രട്ടറി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മാത്രമല്ല, സമാനമായ രീതിയിലാണ് ദ്രാവിഡ പാർട്ടികളുടെ നേതാക്കന്മാർക്കെല്ലാം സംസ്‌കാരം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരിയാറും അണ്ണാദുരൈയും എംജിആറും ഉൾപെടെ മുമ്പ് മരിച്ച ദ്രാവിഡ നേതാക്കന്മാരുടെയെല്ലാം മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. അതിനാലാണ് ചന്ദനത്തടികൊണ്ട് തീർത്ത പേടകത്തിൽ കുഴിയിൽ അടക്കംചെയ്ത് സംസ്‌കരിക്കാൻ തീരുമാനമെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP