Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഗ്രഹപ്രകാരം മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിക്കും; കണ്ണുകൾ മെഡിക്കൽ കോളേജിന് നൽകി; സഭാ വിരുദ്ധൻ എന്നു ചാപ്പ കുത്തിയിട്ടും ക്രൈസ്തവ രീതികൾ വേണ്ടെന്ന് വെച്ചിട്ടും അന്ത്യാഞ്ജലി അർപ്പിക്കാൻ മെത്രാൻ വീട്ടിൽ എത്തി; ജോസഫ് പുലിക്കുന്നേൽ വിട പറയുന്നത് സഭയെ തിരുത്തിയെന്ന കൃത്യതയോടെ തന്നെ

ആഗ്രഹപ്രകാരം മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിക്കും; കണ്ണുകൾ മെഡിക്കൽ കോളേജിന് നൽകി; സഭാ വിരുദ്ധൻ എന്നു ചാപ്പ കുത്തിയിട്ടും ക്രൈസ്തവ രീതികൾ വേണ്ടെന്ന് വെച്ചിട്ടും അന്ത്യാഞ്ജലി അർപ്പിക്കാൻ മെത്രാൻ വീട്ടിൽ എത്തി; ജോസഫ് പുലിക്കുന്നേൽ വിട പറയുന്നത് സഭയെ തിരുത്തിയെന്ന കൃത്യതയോടെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പാല: ഒടുവിൽ സഭയും അംഗീകരിച്ചു. ജോസഫ് പുലിക്കുന്നേൽ സഭാ വിരുദ്ധൻ ആയിരുന്നു. സഭയെ തിരുത്താൻ ആണ് ശ്രമിച്ചത്. സഭയുടെ എല്ലാ ആചാരങ്ങൾക്കും വിരുദ്ധമായി ജീവിക്കുകയും മരണ ശേഷമുള്ള സംസ്‌ക്കാര ശുശ്രൂഷകൾ മാറ്റി മറിക്കുകയും ചെയ്തിട്ടും രൂപതാ മെത്രാൻ വീട്ടിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചത് സഭ തെറ്റു സമ്മതിച്ചതിന്റെ തെളിവാണ് എന്ന് കരുതുകയാണ് പലരും. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനാണ് ജോസഫ് പുലിക്കുലിന്റെ വീട്ടിലെത്തി പ്രാർത്ഥന നടത്തിയത്.

ജോസഫ് പുലിക്കുന്നേലിന് ആദരാഞ്ജലികളർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് ഇടമറ്റത്തെ ഓശാനമൗണ്ടിൽ എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, കെ.എം.മാണി എംഎൽഎ, ആർഎസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോൻ, ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ, പി.സി.തോമസ്, ഫ്രാൻസിസ് ജോർജ്, ആർഎസ്എസ് സംസ്ഥാന നേതാക്കളായ സി.സി. ശെൽവൻ, മോഹന കണ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി എന്നിവർ ഓശാന മൗണ്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചു. 

ഇന്ന് 11 അദ്ദേഹത്തിന്റെ സംസ്‌ക്കാരം ഓശാന മൗണ്ടിൽ നടക്കുകയാണ്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പ്രത്യേക ശുശ്രൂഷകളൊന്നും കൂടാതെ മൃതദേഹം ദഹിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. കണ്ണുകൾ കോട്ടയം മെഡിക്കൽ കോളജിനു ദാനം ചെയ്തു. സഭയുടെ നിയമക്കുരുക്കുകളിൽ പെട്ട വിവാഹങ്ങളുടെയും ശവസംസ്‌കാരങ്ങളുടെയും കാർമികനായി അദ്ദേഹം.

ഭാര്യ കാവാലം മുണ്ടകപ്പള്ളിയിൽ കൊച്ചുറാണി 2008ൽ നിര്യാതയായപ്പോൾ ഇടമറ്റത്തെ ഓശാന മൗണ്ടിൽ സ്വന്തം മണ്ണിൽ ചിതയൊരുക്കി ദഹിപ്പിക്കുകയായിരുന്നു. ആ മണ്ണിൽ തന്നെയും ദഹിപ്പിക്കണമെന്ന് മരണപത്രത്തിൽ അദ്ദേഹം കുറിക്കുകയും ചെയ്തു. ശേഷക്രിയകൾ എങ്ങനെ വേണമെന്നു മുൻകൂട്ടി തീരുമാനിക്കുകയും അത് അച്ചടിച്ചു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുകയും ചെയ്തു. അതനുസരിച്ചാണ് ഇന്ന് സംസ്‌കാര ചടങ്ങുകൾ.

സ്നേഹസാന്ത്വനത്തിനായി ഗുഡ് സമരിറ്റൻ പ്രോജക്ട് ഇന്ത്യയ്ക്കു രൂപം നൽകി. ഓശാനക്കുന്നിലെ വേഡ് ആൻഡ് ഡീഡ് ആശുപത്രി, പാലിയേറ്റീവ് കാൻസർ കെയർ ഹോം, ജൂവനൈൽ ഡയബറ്റിക് ഹോം എന്നിവ ഒട്ടേറെപ്പേർക്കു സാന്ത്വനമാകുന്നു. ക്രിസ്ത്യൻ റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം എന്നിവയും വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈവഴികൾ തുറക്കുന്നു. സ്വത്തുക്കളും വരുമാനവുമെല്ലാം പുലിക്കുന്നേൽ ഫൗണ്ടേഷനും ഓശാനക്കുന്നിലെ സ്ഥാപനങ്ങൾക്കുമായി എഴുതിവച്ചു.

പൗരോഹിത്യത്തിന്റെ പോരായ്മകളേയും സഭയിലെ തെറ്റുകളേയും നിരന്തരം വിമർശിച്ചുവന്ന ഒരു പോരാളി ഒടുവിൽ വിടവാങ്ങുന്നത് തന്റെ ജീവിതം ധന്യമാണെന്ന ബോധ്യത്തോടെ തന്നെയാണ്. തന്റെ സ്വത്തുമുഴുവൻ ജനസേവനത്തിനായി താൻ സ്ഥാപിച്ച പുലിക്കുന്നേൽ ഫൗണ്ടേഷന് നൽകിക്കൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്. വർഷങ്ങൾക്ക് മുമ്പേ പത്നിയുടെ വേർപാടും തന്റെ മരണവുമെല്ലാം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് മുൻകൂട്ടിക്കണ്ട് അദ്ദേഹം ഒസ്യത്തെഴുതി. ഇതോടൊപ്പം തന്റെ മരണശേഷം എങ്ങനെയാവണം സംസ്‌കാരമെന്നും വ്യക്തമാക്കിയ കുറിപ്പ് 2002ൽതന്നെ അദ്ദേഹം കുറിച്ചുവച്ചു. സ്വന്തം നിലയിൽ നടത്തിവന്ന ഓശാന മാസികയിലാണ് 'എന്റെ ശേഷക്രിയകൾ' എന്ന ശീർഷകത്തിൽ അദ്ദേഹം ഈ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

ജീവിതത്തിൽ സുനിശ്ചിതമായ ഒന്നേയുള്ളൂ എന്നും എല്ലാവർക്കും മരണമെന്നതാണ് ആ ശാശ്വതസത്യമെന്നും വ്യക്തമാക്കി തുടങ്ങുന്ന കുറിപ്പിൽ ഓരോ സമുദായത്തിന്റേയും ശേഷക്രിയകളേയും ആചാരങ്ങളേയും പരാമർശിച്ചുകൊണ്ടാണ് പുലിക്കുന്നേൽ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നത്. സമുദായപ്രകാരമുള്ള ആചാരങ്ങളിൽ മാറ്റം വരുത്തിയാൽ അത് ജീവിച്ചിരിക്കുന്നവർക്ക് അഭിമാനക്ഷതം ആണെന്ന് വരുന്നതെങ്ങനെയെന്നും മക്കളും ബന്ധുക്കളും ദുഃഖിതരായി ഇരിക്കുന്നതിനാൽ മറ്റുള്ളവർ അവരുടെ ഇഷ്ടംപോലെ കാര്യങ്ങൾ നടപ്പാക്കുന്നുവെന്നും പറഞ്ഞാണ് ജോസഫ് പുലിക്കുന്നേൽ കാര്യങ്ങൾ തുറന്നുപറയുന്നത്.

1. മരണശേഷം സാധാരണ ഞാൻ ധരിക്കുന്ന ഖദർ വസ്ത്രങ്ങൾ മാത്രമേ മൃതദേഹത്തിൽ ധരിപ്പിക്കാവൂ. ഷൂസ് സോക്സ്, ഗ്ളൗസ് എന്നിവ ധരിപ്പിക്കരുത്. തലയിൽ മുടിയും വയ്ക്കരുത്. - കോമാളിവേഷം കെട്ടാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി പുലിക്കുന്നേൽ പറയുന്നു.

2. തലഭാഗത്ത് ആചാരപരമായി കുരിശുവയ്ക്കുന്നതും, തിരി വയ്ക്കുന്നതും ഉപേക്ഷിക്കണം

3. സുഹൃത്തുക്കളോ ബന്ധുക്കളോ സ്ഥാപനങ്ങളോ മൃതദേഹത്തിൽ റീത്തുവയ്ക്കുന്നതിനെ ഞാൻ ശക്തമായി വിലക്കുന്നു

4. ആർക്കെങ്കിലും മൃതദേഹത്തെ ആചാരപരമായി ബഹുമാനിക്കണം എന്നുണ്ടെങ്കിൽ സ്വന്തം സ്ഥലത്തുണ്ടായ പൂക്കൾ ഉപയോഗിക്കണം. ഇതിനായി പണം ചെലവാക്കരുത്.

5. മരിച്ചാൽ ഉടനെ പൂവത്തോട് പള്ളി വികാരിയെ അറിയിക്കുക. മൃതദേഹം ഏതെങ്കിലും ആശുപത്രിയുടെ മോർച്ചറിയിൽ വയ്ക്കരുത്. കഴിയുന്നതും വേഗം മറവുചെയ്യണം.

6. മൃതദേഹം എന്റെ വീടിന്റെ വാരത്തിൽ വയ്ക്കുക. മറ്റൊരു സ്ഥലത്തും സ്ഥാപനത്തിലും മൃതദേഹം കൊണ്ടുപോകാൻ പാടില്ല.

7. മൃതദേഹം എന്റെ കുടുംബവകയായ എന്റെ സ്വന്തം ഭൂമിയിൽ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുക.

8. മറവുചെയ്ത സ്ഥലത്ത് ആചാരപരമായ ഒരു കർമ്മവും നിർവഹിക്കപ്പെടേണ്ടതില്ല. ഏഴ്, നാൽപത്, ആണ്ട് മുതലായ ഒരു ആചാരങ്ങളും നടത്തരുത്.

9. മൃതദേഹം മറവുചെയ്ത ശേഷം ്അനുശോചന യോഗം നടത്താൻ പാടില്ല.

10. സംസ്‌കാരം നിശ്ചയിച്ചിരിക്കുന്ന കൃത്യസമയത്തു തന്നെ നടത്തണം.

ഇത്തരത്തിൽ വിശദമായാണ് തന്റെ ബന്ധുക്കളേയും സഹപ്രവർത്തകരേയും അദ്ദേഹം 15 വർഷങ്ങൾക്ക് മുമ്പുതന്നെ തന്റെ സംസ്‌കാരത്തെകുറിച്ച് ബോധിപ്പിക്കുന്നത്. ഇത് പ്രകാരം തന്നെ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടത്താനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP