Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊണ്ണൂറുകളിൽ ബിജെപി-സിപിഐ(എം) സംഘർഷം ഉടലെടുത്തപ്പോൾ സമാധാന സന്ദേശ വാഹകനായി; പോർവിളിച്ചു നടന്ന നേതാക്കളെ ഒന്നിച്ചിരുത്തി ചർച്ചയ്ക്കു തുടക്കമിട്ടു: അഹമ്മദ് സാഹിബ് എന്ന ശാന്തിദൂതനു കണ്ണൂരിന്റെ അശ്രുപൂജ

തൊണ്ണൂറുകളിൽ ബിജെപി-സിപിഐ(എം) സംഘർഷം ഉടലെടുത്തപ്പോൾ സമാധാന സന്ദേശ വാഹകനായി; പോർവിളിച്ചു നടന്ന നേതാക്കളെ ഒന്നിച്ചിരുത്തി ചർച്ചയ്ക്കു തുടക്കമിട്ടു: അഹമ്മദ് സാഹിബ് എന്ന ശാന്തിദൂതനു കണ്ണൂരിന്റെ അശ്രുപൂജ

രഞ്ജിത് ബാബു

കണ്ണൂർ: സമാധാനത്തിന്റേയും ശാന്തിയുടേയും വെള്ളരിപ്രാവായിരുന്നു അന്തരിച്ച ഇ.അഹമ്മദ്. പ്രിയപ്പെട്ടവരുടെ അഹമ്മദ് സാഹിബ് കണ്ണൂരിലെ സമാധാന പ്രവർത്തനത്തിന് തുടക്കമിട്ടതിന്റെ കഥ ഇങ്ങനെ. തൊണ്ണൂറുകളുടെ ഒടുവിൽ കണ്ണൂരിൽ ബിജെപി. - സിപിഐ(എം). സംഘർഷം ഉടലെടുത്ത കാലം. അന്ന് സമാധാനത്തിനു വേണ്ടി മുൻ നിരയിലിറങ്ങി പ്രവർത്തിച്ചത് ഇ.അഹമ്മദ് സാഹിബായിരുന്നു.

പരസ്പരം പോർ വിളിയും വാക്ക് പയറ്റും നടത്തി ഭിന്നിച്ചു നിന്നിരുന്ന സിപിഐ(എം).- ബിജെപി. നേതാക്കളെ ഒറ്റക്കിരുത്തിയും ഒന്നിച്ചിരുത്തിയും ചർച്ചക്ക് തുടക്കമിട്ട് ഇ.അഹമ്മദ് ആയിരുന്നു. സദാ സുസ്മേര വദനനായ ഇ.അഹമ്മദ് രാഷ്ട്രീയ മിത്രങ്ങളേയും എതിരാളികളേയും സമീപിക്കുന്നതിൽ വിജയം കണ്ടു. ഇ.അഹമ്മദ് അക്കാലത്ത് തുടങ്ങി വച്ച സമാധാന ശ്രമമാണ് കണ്ണൂരിലെ കൊല വിളിക്ക് അന്ന് അറുതിയായത്.

അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ കണ്ണൂരിൽ സർവ്വ കക്ഷി സമാധാന യോഗം വിളിച്ചതും ഇ.അഹമ്മദ് തുടങ്ങി വച്ച സമാധാന ശ്രമങ്ങളുടെ പ്രചോദനത്തിലായിരുന്നു. കണ്ണൂർ കലക്ട്രേറ്റിൽ ചേർന്ന സമാധാന യോഗത്തിൽ ഇ.അഹമ്മദ് സാഹിബിന്റെ സമാധാന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അനാഥരെ സംരക്ഷിക്കുന്നതിലും അവരെ വിദ്യാഭ്യാസത്തിൽ കൈ പിടിച്ചുയർത്തുന്നതിലും അഹമ്മദ് വഹിച്ച പങ്ക് എക്കാലത്തും തിളങ്ങി നിൽക്കും. കണ്ണൂർ ദീനുൽ ഇസ്ലാം സഭുടെ പ്രസിഡണ്ട് സ്ഥാനത്ത് നാലര പതിറ്റാണ്ട് തികയിക്കാനിരിക്കേയാണ് അഹമ്മദ് സാഹിബ് മരണം വരിച്ചത്.

മുസ്ലിം പെൺകുട്ടികളുടെ പഠന ഉന്നതിക്ക് വേണ്ടി ഗേൾസ് ഹയർ സെക്കന്ററി സ്‌ക്കൂളും വനിതാ കോളേജ് തുടങ്ങിയ മേഖലകളിലേക്കും അദ്ദേഹം പ്രവർത്തനം വ്യാപിപ്പിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകിയ അദ്ദേഹം ഹംദർദ് യൂനിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് കണ്ണൂരിൽ സ്ഥാപിക്കുന്നതിനും മുൻ കൈ എടുത്തിരുന്നു. കണ്ണൂർ നഗര സഭയുടെ സാരഥിയായി രണ്ട് വർഷം മാത്രമേ ഇരുന്നുള്ളൂവെങ്കിലും വികസന പ്രവർത്തനങ്ങൾക്ക് ദിശാ ബോധം ഉണ്ടാക്കിയ വ്യക്തിയാണ് അഹമ്മദ് സാഹിബ്.

ഇന്നു കാണുന്ന കണ്ണൂർ ജവഹർ സ്റ്റേഡിയവും റെയിൽവേ ഫൂട്ട് ഓവർ ബ്രിഢ്ജും താവക്കര സബ് വേയും അഹമ്മദിന്റെ ഭാവനയിൽ വിരിഞ്ഞതായിരുന്നു. കണ്ണൂർ മുനിസിപ്പാലിറ്റി ഇപ്പോൾ കോർപ്പറേഷനായി ഉയർന്നെങ്കിലും അഹമ്മദിന്റെ കാലത്ത് പണി കഴിപ്പിച്ച കെട്ടിടമാണ് കോർപ്പറേഷൻ യോഗത്തിനു പോലും ഉപയോഗപ്പെടുത്തുന്നത്. കേന്ദ്ര മന്ത്രിയായിരിക്കേ കണ്ണൂരിന്റെ വികസനത്തിൽ അഹമ്മദ് പ്രത്യേക പരിഹഗണന നൽകിയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിലും അഹമ്മദിന്റെ പങ്ക് നിസ്തുലമായിരുന്നു.കേരളത്തിന്റെ വടക്കേ അറ്റത്തു നിന്ന് പൊതു പ്രവർത്തനമാരംഭിച്ച് കേന്ദ്ര മന്ത്രിയായും ഐക്യ രാഷ്ട്ര സഭ പ്രതിനിധിയായും ഇന്ത്യയുടെ ശബ്ദം എത്തിച്ച ഇ.അഹമ്മദ് എന്ന കണ്ണൂരുകാരൻ എന്നും ഓർമ്മിക്കപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP