Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാർത്രിന്റെ ട്രോജൻ പെണ്ണുങ്ങൾ മുതൽ മോഹൻലാലിനെ അരങ്ങിലെത്തിച്ച കർണഭാരം വരെ; തനതു നാടക വേദികളിൽ ഭാസകൃതികളെ നവസൗന്ദര്യമായി ആവാഹിച്ചു; പാട്ടെഴുത്തിലും എന്നും തിളങ്ങുന്ന പുലരിത്തൂമഞ്ഞു തുള്ളിയായി കാവാലം

സാർത്രിന്റെ ട്രോജൻ പെണ്ണുങ്ങൾ മുതൽ മോഹൻലാലിനെ അരങ്ങിലെത്തിച്ച കർണഭാരം വരെ; തനതു നാടക വേദികളിൽ ഭാസകൃതികളെ നവസൗന്ദര്യമായി ആവാഹിച്ചു; പാട്ടെഴുത്തിലും എന്നും തിളങ്ങുന്ന പുലരിത്തൂമഞ്ഞു തുള്ളിയായി കാവാലം

തിരുവനന്തപുരം: ബഹുമുഖ പ്രതിഭയെന്ന് വ്യക്തിവിശേഷണങ്ങളിൽ ഒതുക്കിനിർത്താൻ പറ്റാത്ത പ്രതിഭയാണ് കാവാലമെന്ന ത്രൈയക്ഷരി. മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യൻ എന്ന പ്രാഥമിക സങ്കൽപനത്തിനപ്പുറം സാംസ്‌കാരിക ലോകത്തെ ഒരു വിപ്‌ളവകാരിയായിരുന്നു കാവാലം നാരായണപ്പണിക്കർ. നാടകകൃത്ത്, നാടക സംവിധായകൻ, കവി, ചലച്ചിത്രഗാന രചയിതാവ്, ലളിതഗാന സൃഷ്ടാവ്, നാടോടിപ്പാട്ടിന്റെയും സംസ്‌കൃതിയുടെയും കാവലാൾ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ.... തീരാത്ത വിശേഷണങ്ങൾ.

എങ്കിലും നാടകപ്രസ്ഥാനത്തിന് പകർന്നുനൽകിയ ഊർജവും നവഭാവങ്ങളും തന്നെയാകും കാവാലത്തിന്റെ ജീവിതം ലോകത്തിന് പകർന്നുനൽകിയ മഹാഭാഗ്യം. ഭാസനും കാളിദാസനും തീർത്തുവച്ച വഴികളിൽ പുതുഭാവം ലയിപ്പിച്ച പ്രതിഭാശാലിയായിരുന്നു കാവാലം നാരായണപ്പണിക്കർ. ഊരുഭംഗവും കർണഭാരവും ഭഗവദ്ദജ്ജുകവും ഷേക്‌സ്പിയറുടെ കൊടുങ്കാറ്റും മുതൽ സാർത്രിന്റെ ട്രോജൻ പെണ്ണുങ്ങൾ വരെ കാവാലത്തിലൂടെ നാടകവേദികളിൽ നവ്യാനുഭമായി വിരിഞ്ഞിറങ്ങി.

ചുറ്റുപാടുകളിൽ നിന്ന് ശക്തി സംഭരിച്ചു വികസിക്കുന്ന സർഗ്ഗ വ്യാപാരമെന്ന് കാവാലം നിർവചിച്ച തനതു നാടകവേദിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംഭാവന. തനത് എന്നത് ഒരു ക്ലാസിക് കലാരൂപത്തെ വിശേഷിപ്പിക്കാനുള്ളതാണെന്നും മറിച്ച് നാട്ടുസംസ്‌കൃതിയിൽ നിന്നുൾക്കൊണ്ട കലാരൂപമാണെന്നുമുള്ള വാദങ്ങൾ ഉയർന്നപ്പോളാണ് തന്റെ വിശ്വാസത്തിൽ നിന്നുണ്ടായതാണ് തനതുനാടകമെന്ന് വിവരിച്ച് കാവാലം രംഗത്തെത്തിയത്. ആദ്യം കവിതാരൂപത്തിലെഴുതി, അതിലെ ബിംബങ്ങൾ ഉപയോഗിച്ച് ആ നാടകം വികസിപ്പിക്കുന്ന കാവാലത്തിന്റെ തനതുകല അങ്ങനെ മലയാള നാടകലോകത്തിന് നവോന്മേഷമായി മാറി.

സംഭാഷണങ്ങളിലും ഗാനങ്ങളിലും അലിഞ്ഞുനിൽക്കുന്ന നാടോടിപ്പാട്ടുകളുടെ തനിമയും നാടാൻ വായ്ത്താരികളുടെ ഭംഗിയും കാവാലം നാടകങ്ങളെ കൂടുതൽ ജനകീയമാക്കി. പുരാണനാടകങ്ങൾ കണ്ടുമടുത്തവർ അരങ്ങിലെത്തിയ കഥാപാത്രങ്ങളിൽ സ്വന്തം മുഖച്ഛായയും ജീവിതസാഹചര്യങ്ങളും തിരിച്ചറിഞ്ഞതോടെ കാവാലത്തിന്റെ കഥകൾ നാടകവേദികളെ കീഴടക്കി. എഴുപതുകളിൽ രൂപപ്പെട്ട പുതിയ നാടകപ്രസ്ഥാനത്തിന്റെ ജീവവായുവായി കാവാലം നാടകങ്ങൾ. അതുവരെക്കാണാത്തൊരു സംസ്‌കാരമായിരുന്നു അരങ്ങിൽ നിറഞ്ഞത്.

കാവാലമെഴുതിയ 26 നാടകങ്ങൾ. സംസ്‌കൃത നാടകങ്ങളുടേയും ഷേക്‌സ്പിയർ നാടകങ്ങളുടേയും വിവർത്തനം പ്രേക്ഷകാനന്ദം തീർത്ത് അരങ്ങുകളിൽ നിറഞ്ഞു. കാവാലത്തിന്റെ ആദ്യകാല നാടകങ്ങൾ സംവിധാനം ചെയ്തത് പ്രൊഫസർ കുമാരവർമയും ജി.അരവിന്ദനുമെല്ലാം. പിന്നീട് കാവാലംതന്നെ സംവിധായകനായി സ്വന്തം നാടകങ്ങൾക്ക് രംഗഭാഷ തീർത്തു. സാക്ഷി, തിരുവാഴിത്താൻ, ജാബാലാ സത്യകാമൻ, ദൈവത്താർ, അവനവൻ കടമ്പ, കരിംകുട്ടി, കൈക്കുറ്റപ്പാട്, ഒറ്റയാൻ തുടങ്ങിയ നാടകങ്ങൾ, ഏകാങ്ക സമാഹാരമായ നാടകചക്രം ഇവയെല്ലാം ജനശ്രദ്ധ നേടി. രചനാശൈലിക്കുപുറമെ രംഗാവതരണവും ആസ്വാദകരെ പുതിയ വിസ്മയലോകത്തിലെത്തിക്കുന്നതിൽ നിർണായകമായി. ഭാസന്റെ അഞ്ച് സംസ്‌കൃതനാടങ്ങളായ ഊരുഭംഗം, ദൂതഘടോദ്ഖജം, മധ്യമവ്യായോഗം, ദൂതവാക്യം, കർണഭാരം എന്നിവ ഭാസഭാരതം എന്നപേരിൽ കാവാലം വിവർത്തനം ചെയ്തു. ബോധായനന്റെ സംസ്‌കൃതനാടകം ഭഗവദജ്ജുകവും മഹേന്ദ്രവിക്രമ വർമന്റെ സംസ്‌കൃതനാടകം മത്തവിലാസവും ഷേക്‌സ്പിയർ നാടകങ്ങളായ കൊടുങ്കാറ്റ്, ഒരു മധ്യവേനൽ രാക്കനവ് എന്നിവയും കാവാലത്തിന്റെ രംഗാവതരണത്തിലൂടെ ആസ്വാദകർക്ക് നവ്യാനുഭവം തീർത്തു.

1984 കാവാലം ഒരുക്കിയ കർണഭാരത്തിന് താരപദവിയേകി 2001ൽ നടൻ മോഹൻലാൽ കർണനായി അരങ്ങിലെത്തി. നാടകാഭിനയത്തിൽ ലാലിന് താത്പര്യമുണ്ടെന്നറിഞ്ഞ് കർണഭാരത്തിൽ അഭിനയിക്കാൻ കാവാലം പറയുകയായിരുന്നു. നാടകത്തിന്റെ കാസറ്റും സംഭാഷണങ്ങളും കണ്ട് റിഹേഴ്‌സലിനെത്തുമ്പോഴേക്കും നാടകത്തിലെ മുഴുവൻ സംസ്‌കൃതസംഭാഷണങ്ങളും ലാൽ കാണാതെ പഠിച്ചിരുന്നു. പിന്നീട് രാവിലെ മുതൽ രാത്രി വരെ പരിശീലനമായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിക്കാൻ വീട്ടിൽ പോയതൊഴിച്ചാൽ മുഴുവൻ സമയവും ലാൽ റിഹേഴ്‌സൽ ക്യാമ്പിൽ തുടർന്നു. 'കർണഭാരം' ആദ്യം ഡൽഹിയിൽ ആണ് അവതരിപ്പിക്കപ്പെട്ടത്. പിന്നീട് പല വേദികളിലും ലാൽ കർണനായി എത്തി.

നാടകത്തിന്റെ ആധികാരിക ഗ്രന്ഥമായി ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ഉൾക്കൊള്ളുന്ന കാവാലം അതിന്റെ അടിസ്ഥാനകാര്യങ്ങളെങ്കിലും മനസ്സിലാക്കാതെയുള്ള നാടകപഠനം അപൂർണമാണെന്ന് വിലയിരുത്തുന്നു. ഏറെ കഷ്ടപ്പെട്ട് ഒരുക്കുന്ന നാടകങ്ങൾ അവതരിപ്പിക്കാൻ ഇന്ന് നല്ല വേദികൾ നമുക്കില്ലെന്നും അദ്ദേഹം സങ്കടപ്പെട്ടിരുന്നു. നാടകം അവതരിപ്പിക്കാൻ മാത്രമായി ഓഡിറ്റോറിയങ്ങളും ഹാളുകളും ഉണ്ടാകണമെന്നും രംഗഭാഷയ്ക്ക് പുതുവ്യാഖ്യാനങ്ങൾ പകർന്ന കാവാലം പറഞ്ഞിരുന്നു. നാടകത്തിന്റെ ശബ്ദക്രമീകരണവും വെളിച്ചവിന്യാസവുമെല്ലാം കൃത്യമാകണമെങ്കിൽ അതു കൂടിയേതീരു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ബാംഗ്ലൂരിലെ 'രംഗശങ്കര' തിയേറ്റർ പോലെ ഒരു തിയേറ്റർ കേരളത്തിലും ഉണ്ടാകണമെന്ന അദ്ദേഹത്തിന്റെ മോഹം ബാക്കി നിൽക്കുന്നു. മുംബൈയിലും ഡൽഹിയിലുമൊക്കെ നാടകങ്ങൾക്ക് മാത്രമായി പ്രത്യേക തട്ടകങ്ങളുണ്ട്. സ്വന്തമായ വേദികളുണ്ടെങ്കിൽ മാത്രമേ നാടകം നിലനിൽക്കൂ എന്നും എങ്കിലേ രാജ്യത്ത് സംസ്‌കാരം നിലനിൽക്കൂ എന്നുമായിരുന്നു കാവാലത്തിന്റെ പക്ഷം.

നാടകരംഗത്തിനപ്പുറം ചലച്ചിത്രഗാന രചനയിലും വേറിട്ട സാന്നിധ്യമായിരുന്നു കാവാലം. 1982ൽ ഇളയരാജയുടെ സംഗീതസംവിധാനത്തിൽ 'ആലോലം' എന്ന ചിത്രത്തിനുവേണ്ടിയായിരുന്ന ആദ്യ രചന. പിന്നീടിതുവരെ നാൽപതിലേറെ സിനിമകൾക്ക് പാട്ടെഴുതി. ഉത്സവപ്പിറ്റേന്നിലെ 'പുലരിപ്പൂമഞ്ഞു തുള്ളിയിൽ' എന്ന അനശ്വരഗാനം സംഗീതസംവിധായകൻ ദേവരാജന് ഫോണിലൂടെ പറഞ്ഞുകേൾപ്പിച്ചായിരുന്നു റെക്കോഡ് ചെയ്തത്. ശതാഭിഷേകം പിന്നിട്ട നാടകാചാര്യൻ അവസാനകാലത്തും തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തുള്ള സോപാനം നാടകക്കളരിയിലിരുന്ന് പുതിയ നാടകത്തെക്കുറിച്ചായിരുന്നു ചിന്തിച്ചത്. നാടകരംഗത്തെ പുനരുദ്ധരിക്കാൻ നൂറുകണക്കിന് പദ്ധതികളായിരുന്നു ജീവിതാവസാനംവരെ ആ മനസ്സിൽ നിറഞ്ഞതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP