Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ത്രീകൾ രണ്ടാം തരം പൗരന്മാരല്ലെന്ന് അറബ് ലോകത്തെ പഠിപ്പിച്ച ഭരണാധികാരി; മാമൂലുകളിൽനിന്നും സൗദിയെ കാക്കാൻ പടപൊരുതിയ നായകൻ; അബ്ദുള്ള രാജാവ് വിടപറഞ്ഞത് പത്തുവർഷത്തെ സദ്ഭരണത്തിനുശേഷം

സ്ത്രീകൾ രണ്ടാം തരം പൗരന്മാരല്ലെന്ന് അറബ് ലോകത്തെ പഠിപ്പിച്ച ഭരണാധികാരി; മാമൂലുകളിൽനിന്നും സൗദിയെ കാക്കാൻ പടപൊരുതിയ നായകൻ; അബ്ദുള്ള രാജാവ് വിടപറഞ്ഞത് പത്തുവർഷത്തെ സദ്ഭരണത്തിനുശേഷം

സൗദി അറേബ്യയുടെ രാജാവും വിശുദ്ധഗേഹങ്ങളുടെ സംരക്ഷകനുമായിരുന്ന അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്ന അബ്ദുള്ള രാജാവ് അന്തരിച്ചു. 91 വയസ്സായിരുന്നു. പത്തുവർഷം നീണ്ട ഭരണത്തിനുശേഷമാണ് അബ്ദുള്ള രാജാവ് കാലയവനികയിൽ മറഞ്ഞത്. അർധസഹോദരനായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദാണ് പുതിയ ഭരണാധികാരി. നിലവിൽ പ്രതിരോധ മന്ത്രിയായിരുന്നു സൽമാൻ. കിരീടാവകാശിയായിരുന്ന നായിഫ് ബിൻ അബ്ദുൾ അസീസ് രാജകുമാരൻ 2012-ൽ മരിച്ചതിനെത്തുടർന്നാണ് സൽമാനെ അടുത്ത കീരിടാവകാശിയായി പ്രഖ്യാപിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങളാൽ ഏറെ നാളായി പൊതുപരിപാടികളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു അബ്ദുള്ള രാജാവ്. ന്യൂമോണിയ ബാധയെ തുടർന്ന് ഡിസംബർ 31 മുതൽ റിയാദിലെ കിങ് അബ്ദുൾ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ മകനായി 1924 ൽ ജനിച്ച അബ്ദുല്ല തന്റെ മുപ്പത്തെട്ടാം വയസ്സിൽ സൗദി അറേബ്യയുടെ നാഷണൽ ഗാർഡിന്റെ സാരഥിയായി നിയമിതനായി. 1975 ൽ രണ്ടാം കിരീടാവകാശിയും 1982-ൽ കിരീടാവകാശിയും ആയ അദ്ദേഹം 2005-ൽ ഫഹദ് രാജാവിന്റെ മരണത്തെത്തുടർന്ന് അതേ വർഷം ഓഗസ്റ്റ് ഒന്നാം തീയതി അധികാരമേറ്റു. ഫഹദ് രാജാവ് രോഗബാധിതനായതിനെതുടർന്ന് 1996 മുതൽ 2005 വരെ രാജാവിന്റെ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നത് അക്കാലത്ത് ഒന്നാം കിരീടാവകാശിയായിരുന്ന അബ്ദുല്ലയാണ്.

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിക്കാണ് അബ്ദുള്ള രാജാവ് മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുതിയതായി ചുമതലയേറ്റ സൽമാൻ തന്റെ അനന്തരാവകാശിയായി അർധസഹോദരൻ മുർഖിന്റെ പേര് നിർദ്ദേശിക്കുകയും ചെയ്തു.

സൗദി അറേബ്യയുടെ ഭരണരംഗത്ത് ഒന്നരദശാബ്ദത്തോളം നിറഞ്ഞുനിന്ന അബ്ദുള്ള രാജാവ് അറബ് ലോകത്ത് ശക്തമായ സാന്നിധ്യമായിരുന്നു. അറബ് ലോകത്ത അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലും ഏറെ ശ്രദ്ധേയമായ നിലപാടുകൾ കൈക്കൊള്ളാൻ അദ്ദേഹത്തിനായി. അറബ് ലോകത്ത് വിവിധ രാജ്യങ്ങളിൽ ഭരണാധികാരികൾക്കെതിരെ തെരുവിൽ പോരാട്ടമരങ്ങേറിയപ്പോഴും അബ്ദുള്ള രാജാവിന്റെ ഭരണത്തിൽ സൗദിയിലെ ജനങ്ങൾ തൃപ്തരായിരുന്നു.

യഥാർഥത്തിൽ സൗദിയുടെ പരിഷ്‌കർത്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്. മാമൂലുകൾക്കെതിരെ പോരാടിയും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിച്ചും ധീരമായ നിലപാടുകളെടുക്കാൻ അദ്ദേഹം തയ്യാറായി. ലോകത്തെ ഏറ്റവും ധനാഢ്യനായ ഭരണാധികാരികളിൽ ഒരാളായിരുന്നു അബ്ദുള്ള.

രാജ്യത്തെ കുറ്റകൃത്യനിയമങ്ങളിൽ കാതലായ മാറ്റം വരുത്തുവാനും അദ്ദേഹം വഴിയൊരുക്കി. പൗര•ാർക്ക് കൂടതൽ സ്വാതന്ത്ര്യം അനുവദിക്കുന്ന തരത്തിൽ നിയമങ്ങൾ പരിഷ്‌കരിച്ചു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിൽ സുരക്ഷാ വിഭാഗം ഉദ്യോഗസഥർ ഇടപെടുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

ടെലിഫോൺ സംഭാഷണം, ഇമെയിൽ തുടങ്ങി വ്യക്തികൾ നടത്തുന്ന ആശയവിനിമയങ്ങളിൽ നിരീക്ഷണം പാടില്ല. സുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷണം അനിവാര്യമെങ്കിൽ ഉദ്യോഗകേന്ദ്രങ്ങളിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം. നിരീക്ഷണത്തിന് കാലപരിധിയുണ്ടാവും തുടങ്ങിയ പരിഷ്‌കാരങ്ങളാണ് അബ്ദുള്ള കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP