Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസുകാരനായി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത് വക്കീൽകോട്ട് ഉപേക്ഷിച്ചു കൊണ്ട്; 13 തവണ എംഎൽഎ ആയപ്പോൾ പത്ത് മന്ത്രിസഭകളിൽ അംഗമായി റെക്കോഡിട്ട പാലാക്കാരുടെ സ്വന്തം അച്ചായൻ; പാലായിലെ മുക്കിലും മൂലയിലും വികസനം എത്തിച്ച വികസന നായകൻ; കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും 'മാണിസാർ'; മൺമറഞ്ഞത് കേരള രാഷ്ട്രീയത്തെ ചരിത്രവുമായി ബന്ധിപ്പിച്ച നിർണായക ഏട്

കോൺഗ്രസുകാരനായി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത് വക്കീൽകോട്ട് ഉപേക്ഷിച്ചു കൊണ്ട്; 13 തവണ എംഎൽഎ ആയപ്പോൾ പത്ത് മന്ത്രിസഭകളിൽ അംഗമായി റെക്കോഡിട്ട പാലാക്കാരുടെ സ്വന്തം അച്ചായൻ; പാലായിലെ മുക്കിലും മൂലയിലും വികസനം എത്തിച്ച വികസന നായകൻ; കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും 'മാണിസാർ'; മൺമറഞ്ഞത് കേരള രാഷ്ട്രീയത്തെ ചരിത്രവുമായി ബന്ധിപ്പിച്ച നിർണായക ഏട്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കരിങ്കോഴയ്ക്കൽ മാണി മാണി എന്ന കെഎം മാണിയുടെ രാഷ്ട്രീയ ജീവിതം പ്രായോഗിക രാഷ്ട്രീയത്തിന്റെ ഒരു പാഠ പുസ്തകമാണ്. കോട്ടയത്ത് റബറും കേരള കോൺഗ്രസും വളരുന്നതിനനുസരിച്ച് വളർന്നതും പടർന്നു പന്തലിച്ചതുമാണ് മാണിസാറെന്നും മാണിക്കുഞ്ഞെന്നും പൊതുസമൂഹം വിളിക്കുന്ന കെ.എം. മാണിയുടെ രാഷട്രീയ ചരിത്രം. കേരളത്തിന്റെ പാർലമെന്ററി രാഷ്ട്രീയത്തിൽ കെഎം മാണി സ്വന്തമാക്കാത്ത റെക്കോർഡുകൾ അപൂർവ്വമാണ്.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30ന് ജനിച്ച കെ.എം. മാണി തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സസിലെ് കോളജ് വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം കരസ്ഥമാക്കി. ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955 ൽ കോഴിക്കോട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. തുടർന്ന് രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം 1959 ൽ കെപിസിസി അംഗമായി. കേരള കോൺഗ്രസ് രൂപീകരണത്തോടെ കേരള കോൺഗ്രസിൽ എത്തിയ മാണി പിന്നീട് കേരള കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവായി വളർന്നു. വളരുന്തോറും പിളരും പിളരുന്തോറും വളരും എന്ന വിശേഷണം മുഖമുദ്രയാക്കിയ കേരള കോൺഗ്രസുകളിൽ പലതും പല കഷണങ്ങളായിട്ടും മാണിയുടെ നേതൃപാടവത്തിന്റെ മികവിൽ കേരള കോൺഗ്രസ് (എം) പ്രബലമായ പ്രാദേശിക കക്ഷിയായി വളർന്നു.

കേരളത്തിലെ ഇടതു - വലതു മുന്നണികൾക്ക് ഒരു പോലെ സ്വീകാര്യനും അബിമതനുമായിരുന്നു കെ.എം. മാണി എന്ന നേതാവ്. 1964-ൽ കേരള കോൺഗ്രസ്സിന്റെ നേതൃത്വ സ്ഥാനത്ത് എത്തിയ മാണി 1975ലെ അച്ചുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് മന്ത്രി മാണിയുടെ തേരോട്ടത്തിന് കേരള രാഷ്ട്രീയം സാക്ഷിയായി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോർഡ് 7 മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം) അധികാരത്തിൽ തുടർന്ന് 2003ൽ മറികടന്ന് മാണി പുതിയ ചരിത്രം സൃഷ്ടിച്ചു.

പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും. അച്ചുതമേനോന്റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) അദ്ദേഹം അംഗമായിരുന്നു. ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായതിന്റെ റെക്കോർഡും മാണിക്ക് സ്വന്തം.

തുടർച്ചയായി 9 നിയമസഭകളിൽ അംഗമായ അദ്ദേഹം 2004, 2005, 2006, 2007, 2009, 2011 എന്നീ ആറ് നിയമസഭകളിൽ മന്ത്രിയാകാൻ അവസരം ലഭിച്ചു. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ൽ മന്ത്രിയായിരിക്കെ രാജിവക്കേണ്ടിവന്നതിന് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.

ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡും കെ.എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പന്ത്രണ്ട് തവണ അവിടെ ജയിച്ച മാണി ഒരിക്കലും പരാജയം അറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തതും മാണിതന്നെ. ഏറ്റവും കൂടുതൽ കാലം നിയമസഭാഗം, ഏറ്റവും കൂടുതൽ തവണ (12 തവണ) ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിൽതന്നെ.

കേരള കോൺഗ്രസിന്റെ അമ്പതാം പിറന്നാളിൽ മുഖ്യമന്ത്രിയാകാൻ നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങൾ മാത്രമാണ് ലക്ഷ്യം കാണാതെ പോയത്. ഒരു കോൺഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതം തുടങ്ങി അധികാരത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ നോക്കി കേരള കോൺഗ്രസ്സിലേയ്ക്ക് ചേക്കേറി പിന്നീട് കേരള കോൺഗ്രസ് എം രൂപീകരിച്ച് അതിന്റെ തലച്ചോറും ഹൃദയവുമായിരുന്ന മാണിക്ക് പക്ഷേ കേരള മുഖ്യമന്ത്രി എന്ന സ്വപ്ന പദവി എന്നും അപ്രാപ്യമായിരുന്നു.

അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിൽ ബാർ കോഴക്കേസ് മാത്രമാണ് മാണിക്കുമേൽ കരിനിഴൽ വീഴ്‌ത്തിയത്.
കേരളത്തിൽ 2014-ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബാർ മുതലാളിമാരുടെ സംഘടനയിൽ നിന്ന് കോഴവാങ്ങിയെന്ന് കേസാണ് ബാർ കോഴ കേസ്. പൂട്ടിയ ബാറുകൾ തുറക്കുന്നതിനായി മന്ത്രി കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ തുടർന്ന് 2014 ഡിസംബർ 10ന് മാണിയെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിജിലൻസ് അന്വേഷിച്ച കേസിൽ മാണിക്കെതിരെ തെളിവുകൾ കണ്ടെത്താനായിരുന്നില്ല.

കെ.എം. മാണിയുടെ അധ്വാന വർഗ സിദ്ധാന്തം

കേരളം മാത്രമല്ല, ബ്രിട്ടീഷ് പാർലമെന്റ് പോലും ചർച്ച ചെയ്ത ഒന്നാണ് കെ.എം. മാണിയുടെ അധ്വാനവർഗ സിദ്ധാന്തം. ഒരു പക്ഷേ, കാൾ മാർക്സ് വിഭാവനം ചെയ്തതിലും പ്രായോഗികവും വസ്തുതകളോട് അടുത്ത് നിൽക്കുന്നതുമായിരുന്നു മാണിസാറിന്റെ ചിന്തകളും എഴുത്തുകളും സിദ്ധാന്തങ്ങളുമെല്ലാം. അതിനാലാണ് 2012 സെപ്റ്റംബറിൽ ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ നേരിട്ട് പങ്കെടുത്ത് തന്റെ സിദ്ധാന്തം ബ്രിട്ടീഷ് ബരമാധികാരികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്താൻ മാണിക്ക് കഴിഞ്ഞത്.

1978ൽ കേരളാ കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനത്തിലാണ് കെ.എം. മാണി അധ്വാന വർഗ സിദ്ധാന്തം അവതരിപ്പിക്കുന്നത്. കോൺഗ്രസും കമ്യൂണിസവും സജീവമായിരുന്ന നാളുകളിൽ തന്നെയാണ് കേരളത്തിൽ അധ്വാന വർഗ സിദ്ധ്വാന്തം അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ തന്നെ എഴുതപ്പെട്ട പ്രത്യയ ശാസ്ത്രം ഉള്ളതും കേരള കോൺഗ്രസ്സിനാണ് എന്ന് മാണി പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ടായിരുന്നു. നമ്മുടെ ജീവിത രീതികളോട് നീതി പുലർത്തുന്ന ഒന്നായിരുന്നു മാണി സാറിന്റെ സിദ്ധാന്തം.

മധ്യവർഗത്തിന്റെ കാര്യമാണ് മാണി പലപ്പോഴും പറഞ്ഞിരുന്നത്. തൊഴിലാളികൾ, തൊഴിൽ സംരംഭകർ, കർഷകർ, ഭൂ ഉടമ, പ്രൊഫഷണലുകൾ, നഴ്‌സുമാർ, ഡോക്ടർമാർ, തുടങ്ങി ആരും ഇതിന്റെ നിർവചനത്തിൽ വരാം. സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടില്ലാത്ത മധ്യവർഗത്തിന്റെ പ്രതിനിധികൾ ആയിരിന്നു ഈ സിദ്ധാന്തത്തിന്റെ ഉപയോക്താക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP