Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിൽ നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി; കേരളാ കോൺഗ്രസ് ഓഫീസിൽ എത്തിക്കുക 12 മണിയോടെ; കോട്ടയത്തിന്റെ ലീഡറിന് തിരുന്നക്കര മൈതാനത്തിൽ പൊതുദർശനം; പാലായിലേക്കുള്ള അവസാന യാത്ര കഞ്ഞിക്കുഴി, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി വഴിയും; മാണിക്യത്തെ കാണാൻ പൊട്ടിക്കരയുന്ന മനസ്സുമായി പാല; സംസ്‌കാരം നാളെ; കെഎം മാണിക്ക് കേരളം അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ

കൊച്ചിയിൽ നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി; കേരളാ കോൺഗ്രസ് ഓഫീസിൽ എത്തിക്കുക 12 മണിയോടെ; കോട്ടയത്തിന്റെ ലീഡറിന് തിരുന്നക്കര മൈതാനത്തിൽ പൊതുദർശനം; പാലായിലേക്കുള്ള അവസാന യാത്ര കഞ്ഞിക്കുഴി, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി വഴിയും; മാണിക്യത്തെ കാണാൻ പൊട്ടിക്കരയുന്ന മനസ്സുമായി പാല; സംസ്‌കാരം നാളെ; കെഎം മാണിക്ക് കേരളം അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുന്നണിഭേദമില്ലാതെ 'മാണിസാർ' എന്ന വിളിച്ച് ബഹുമാനിച്ച പാലയുടെ മാണിക്യത്തിന് ആദരാഞ്ജലികളുമായി കേരളം. ഇന്ന് പൊതു ദർശനമാണ്. രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് മൃതദേഹം കൊണ്ടു പോകും. കേരളാ കോൺഗ്രസ് ആസ്ഥാനത്ത് പൊതു ദർശനത്തിന് വയ്ക്കും. അതിന് ശേഷം പാലയിലേക്ക്. മാണിക്യത്തിനെ അവസാനമായി ഒന്ന് കാണാൻ പാല എല്ലാ അർത്ഥത്തിലും തയ്യാറെടുക്കുകയാണ്. കോട്ടയത്ത് തിരുന്നക്കര മൈതാനത്തും മൃതദേഹം പൊതു ദർശനത്തിന് വയക്കുന്നുണ്ട്. കേരളരാഷ്ട്രീയത്തിലെ അതികായനായ കെ.എം. മാണിയുടെ അന്ത്യയാത്ര നാളെയാണ്. വ്യാഴാഴ്ച മൂന്നുമണിക്ക് പാലാ കത്തീഡ്രലിൽ ശവസംസ്‌കാരച്ചടങ്ങുകൾ നടക്കും.

ഇന്നലെ എംബാം ചെയ്ത ശേഷം അരമണിക്കൂർ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരം മോർച്ചറിയിലേക്കു മാറ്റിയിരുന്നു. ഇന്നു രാവിലെ 9.30ന് വിലാപയാത്രയായി കോട്ടയത്തേക്കു കൊണ്ടുപോകും. 12 ന് കേരള കോൺഗ്രസ് സംസ്ഥാന ഓഫിസിലും 12.30 ന് തിരുനക്കര മൈതാനത്തും 4.30 ന് പാലാ ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. ഇവിടെയെല്ലാം വലിയൊരു ജനക്കൂട്ടത്തെ കേരളാ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. യുഡിഎഫ് നേതാക്കളും എല്ലാത്തിനും നേതൃത്വവുമായി കോട്ടയത്തുണ്ട്. മാണിയുടെ അന്ത്യായാത്ര ചരിത്രമാക്കി മാറ്റാനാണ് കോട്ടയത്തെ യുഡിഎഫ് നേതാക്കളുടെ ശ്രമം. വിവിഐപികളും അന്തിമോപചാരം അർപ്പിക്കാൻ കോട്ടയത്ത് എത്തിയേക്കും. അതുകൊണ്ട് തന്നെ കോട്ടയത്ത് സുരക്ഷയും ശക്തമാക്കും.

വിലാപയാത്ര എറണാകുളത്തുനിന്നു തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴിയാകും കോട്ടയത്തേക്ക് പോവുക. ഇവിടെ എല്ലാം മാണി സാറിനെ ഒരുനോക്ക് കാണാൻ ആളുകൾ തടിച്ചു കൂടും. കഞ്ഞിക്കുഴി, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളിയാണ് കോട്ടയത്ത് നിന്ന് പാലയിലേക്കുള്ള യാത്ര. ഇതും ആൾതിരിക്ക് കാരണം ഏറെ സമയമെടുക്കാൻ സാധ്യതയുണ്ട്. മാണിക്ക് വികാരപരമായി ഏറെ അടുപ്പമുള്ള സ്ഥലങ്ങളാണ് ഇതെല്ലാം. പാലയുടെ മാണിക്യമായിരിക്കുമ്പോഴും കോട്ടയത്തിന്റെ ലീഡറായിരുന്നു മാണി. മധ്യതിരുവിതാംകൂറിന്റെ നമ്പർ വൺ നേതാവ്.

രാജ്യത്തുതന്നെ ഏറ്റവുംകൂടുതൽ കാലം നിയമസഭാ സാമാജികനും വിവിധ വകുപ്പുകളിലായി ദീർഘകാലം മന്ത്രിയുമായിരുന്നു കേരള കോൺഗ്രസ് (എം) ചെയർമാൻകൂടിയായ കെ.എം. മാണി. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ട് 4.57-ന് ആയിരുന്നു അന്ത്യം. ഏറ്റവും കൂടുതൽ കാലം മന്ത്രി, എറ്റവും കൂടുതൽ കാലം എംഎൽഎ, കൂടുതൽ മന്ത്രിസഭകളിൽ അംഗം, ഏറ്റവുംകൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, കൂടുതൽ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്തയാൾ തുടങ്ങിയ റെക്കോർഡുകളും മാണിയുടെ പേരിലുണ്ട്. 1964-ൽ പാലാ മണ്ഡലം രൂപീകരിച്ച് മുതൽ അവിടുത്തെ എംഎ‍ൽഎയാണ്. ഒരേ മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച വ്യക്തി കൂടിയാണ് മാണി. 54 വർഷം പാലായെ പ്രതിനിധീകരിച്ചു. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണിത്.

പാലയിലെ മാണിക്യമെന്നാണ് അതുകൊണ്ട് തന്നെ മാണിയെ വിളിക്കുന്നത്. കോൺഗ്രസിലൂടെയാണ് കരിങ്ങോഴക്കൽ മാണി മാണി എന്ന മാണി സാർ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതൽ 1964 വരെ കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. പിന്നീട് കേരളാ കോൺഗ്രസിലേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 1975-ൽ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980-ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രി. പിന്നീടും പല മന്ത്രിസഭകളിലും അംഗം. ഭാര്യ:അന്നമ്മ(കുട്ടിയമ്മ), മകൻ ജോസ് കെ. മാണി രാജ്യസഭാ അംഗമാണ്. മറ്റുമക്കൾ: എൽസ, ആനി, സാലി, ടെസ്സി, സ്മിത. മരുമക്കൾ: നിഷ ജോസ് കെ. മാണി, ഡോ. തോമസ് കവലയ്ക്കൽ (ചങ്ങനാശ്ശേരി), എംപി. ജോസഫ് (തൃപ്പൂണിത്തറ- മുൻ തൊഴിൽവകുപ്പ് സെക്രട്ടറി), ഡോ. സേവ്യർ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനിൽ ഇലവനാൽ (കോഴിക്കോട്), രാജേഷ് കുരുവിത്തടം.

അഭിഭാഷകനായിരിക്കേ, കോൺഗ്രസ് മരങ്ങാട്ടുപിള്ളി വാർഡ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയജീവിതത്തിലേക്ക്. പി.ടി. ചാക്കോയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ അനുയായികൾ 1964-ൽ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ അതിൽ അംഗമായി. പിന്നീട് അധ്വാന വർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ച് കേരളാ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി. ഇതിന് ശേഷം മധ്യകേരളത്തിന്റെ കർഷക നേതാവായി മാണി മാറി. പിന്നീട് സ്വന്തമാക്കിയത് ചരിത്രവും. ഈ നേതാവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിടവാങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP