Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോട്ടറി വഴി പാവങ്ങളുടെ സഹായിക്കാൻ തുടങ്ങിയ കാരുണ്യ തുടച്ചത് അനേകരുടെ കണ്ണുനീർ; അധികാരം ഒഴിഞ്ഞിട്ടും കാരുണ്യയെ കാക്കാൻ മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചു; റവന്യൂമന്ത്രി ആയിരുന്നപ്പോൾ മലയോരങ്ങൾക്ക് മുഴുവൻ പട്ടയം; വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഗ്രാമങ്ങളിൽ വൈദ്യുതി; വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വഴി ചെറുകിട റോഡുകളുടെ അറ്റകുറ്റപ്പണി; ധനമന്ത്രി ആയിരുന്നപ്പോൾ ഉള്ളതിൽ പാതി കർഷകർക്ക്; കേരളത്തിൽ മലയോര ജനതയ്ക്ക് എന്തുകൊണ്ട് കെ എം മാണിയെ ഒരിക്കലും വിമർശിക്കാനാവില്ല?

ലോട്ടറി വഴി പാവങ്ങളുടെ സഹായിക്കാൻ തുടങ്ങിയ കാരുണ്യ തുടച്ചത് അനേകരുടെ കണ്ണുനീർ; അധികാരം ഒഴിഞ്ഞിട്ടും കാരുണ്യയെ കാക്കാൻ മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചു; റവന്യൂമന്ത്രി ആയിരുന്നപ്പോൾ മലയോരങ്ങൾക്ക് മുഴുവൻ പട്ടയം; വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഗ്രാമങ്ങളിൽ വൈദ്യുതി; വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വഴി ചെറുകിട റോഡുകളുടെ അറ്റകുറ്റപ്പണി; ധനമന്ത്രി ആയിരുന്നപ്പോൾ ഉള്ളതിൽ പാതി കർഷകർക്ക്; കേരളത്തിൽ മലയോര ജനതയ്ക്ക് എന്തുകൊണ്ട് കെ എം മാണിയെ ഒരിക്കലും വിമർശിക്കാനാവില്ല?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലയുടെ മാണിക്യം മലയോര ജനതയുടെ കുഞ്ഞു മാണിയായിരുന്നു. കേരളത്തിന് മാണി സാറും. പാലാ നിയമസഭാ മണ്ഡലത്തെ 54 വർഷം പ്രതിനിധീകരിച്ച എംഎ‍ൽഎ എന്ന നിലയിൽ രാഷ്ട്രീയ ചരിത്രത്തിൽ റെക്കോർഡിട്ട നേതാവാണ് കെ.എം മാണി. 13 തവണ ബജറ്റ് അവതരിപ്പിച്ച രാജ്യത്തെ ഏക ധനമന്ത്രിയും മാണിയാണ്. അങ്ങനെ അരങ്ങൊഴിയുന്ന നേതാവിന് വിശേഷണങ്ങൾ ഏറെയാണ്. ഇതിനൊപ്പം ജനകീയ നേതാവായി മാണി വളർന്നത് സാധാരണക്കാരുടെ കണ്ണീരൊപ്പിയായിരുന്നു. എല്ലാ മന്ത്രിസഭയിലും മാണിയുടെ കൈയൊപ്പ് പതിഞ്ഞ ഓരോ തീരുമാനം ഉണ്ടായിരുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മാണിയുടെ കാരുണ്യം തുടച്ചത് സാധാരണക്കാരായ രോഗികളുടെ വേദനയായിരുന്നു.

'സാധാരണക്കാർക്കു ഗുണകരമായ ഒരു പദ്ധതി എന്റെ മനസ്സിലുണ്ട്. നമുക്ക് അതു ചർച്ച ചെയ്താലോ' ഉമ്മൻ ചാണ്ടി സർക്കാർ 2001 ൽ അധികാരമേറ്റ ശേഷമുള്ള ബജറ്റ് തയാറാക്കുന്നതിനു മുൻപ് മാസ്‌കറ്റ് ഹോട്ടലിൽ ധനവകുപ്പിന്റെ വിവിധ സ്ഥാപന മേധാവികളുടെ യോഗത്തിൽ മന്ത്രി കെ.എം. മാണിയുടെ ചോദ്യം ഉച്ചത്തിലായിരുന്നു. ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനം സാധാരണക്കാർക്കും ചികിത്സാസഹായമായി നൽകുന്നതിനെക്കുറിച്ചുള്ള ആശയം. ഉടൻ അദ്ദേഹം ലോട്ടറി ഡയറക്ടർ ബിജു പ്രഭാകറിനോടു ചോദിച്ചു, 'ലോട്ടറി കച്ചവടക്കാരെ സംരക്ഷിക്കുന്ന പദ്ധതികൾ വല്ലതും നിലവിലുണ്ടോ ഇല്ലെങ്കിൽ അവരുടെ കാര്യവും പരിഗണിക്കണം'. അങ്ങനെ കാരുണ്യ യഥാർത്ഥ്യലെത്തി. ഇതേ കുറിച്ച് ബിജു പ്രഭാകരന് പറയാനുള്ളത് ഇത്രമാത്രം.

ബിജു കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചപ്പോൾ ചിരിച്ചുകൊണ്ടു മാണി പറഞ്ഞു, 'ബിജൂ, ബജറ്റ് അവതരിപ്പിക്കുന്നതുവരെ മാധ്യമങ്ങൾ അറിയാതെ നോക്കണം. ഓഫിസിൽ മറ്റാരോടും പറയണ്ട. ഉമ്മൻ ചാണ്ടിക്കും കൂടി താൽപര്യമുള്ള കാര്യമാണ്. ബജറ്റിലൂടെ ജനം അറിഞ്ഞാൽമതി.' അടുത്തിരുന്ന ധനവകുപ്പ് സെക്രട്ടറി വി.പി. ജോയി മാണിയോടു പറഞ്ഞു, 'സാറ്, പേടിക്കേണ്ട. അതു തച്ചടി പ്രഭാകരന്റെ മകനാണ്'. മാണി അത്ഭുതത്തോടെ ബിജുവിനെ നോക്കി. 1986 ൽ മാണി രാജിവയ്ക്കുമ്പോൾ ധനമന്ത്രിയായി ചുമതലയേറ്റ തച്ചടി പ്രഭാകരനെക്കുറിച്ചുള്ള ഓർമകളായിരുന്നു മനസ്സിൽ. പിന്നീടൊരിക്കലും ബിജു എന്നു വിളിച്ചിട്ടില്ല. പ്രഭാകരൻ എന്നു മാത്രം. അങ്ങനെ കാരുണ്യ പദ്ധതി യാഥാർത്ഥ്യമായി. അധികാരം ഒഴിഞ്ഞപ്പോഴും കാരുണ്യയ്‌ക്കൊപ്പമായിരുന്നു മനസ്. ആ പദ്ധതി ഇല്ലാതാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് അഭ്യർത്ഥിച്ചു. ഈ അപേക്ഷയുടെ ഫലമായി കാരുണ്യ ഇന്നും തുടരുന്നു. പതിനായിരങ്ങളാണ് ഇതിന്റെ ഉപഭോക്താക്കളായി ഓരോ വർഷവും മാറുന്നത്. ഖജനാവിന് ബാധ്യതയില്ലാതെ പൊതുജനാരോഗ്യത്തെ ജനങ്ങൾക്ക് പ്രാപ്യമാക്കിയ കാരുണ്യ.

മാരകരോഗങ്ങൾ ബാധിച്ച നിരവധി പേർ സഹായം തേടി കെ.എം. മാണിയുടെ അടുത്തെത്തുമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുൾപ്പെടെ സർക്കാരിൽ നിന്നു കിട്ടാവുന്ന നാമമാത്രമായ സഹായം ഒന്നിനും തികയുമായിരുന്നില്ല. ഇതിനൊരു പരിഹാരം കാണണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിൽ നിന്നു പിറന്നുവീണതാണ് കാരുണ്യ പദ്ധതി എന്ന ആശയം. രാഷ്ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ രൂപം കൊടുത്ത കാരുണ്യ ബെനവലന്റ് ഫണ്ടും ചികിത്സാ പദ്ധതിയും തന്റെ സുദീർഘമായ പൊതുപ്രവർത്തന കാലഘട്ടത്തിലെ ഏറ്റവും വിലപ്പെട്ട സംഭാവനയായാണു കെ.എം. മാണി കണ്ടിരുന്നത്. കാരുണ്യയെ സമഗ്ര ആരോഗ്യ പദ്ധതിയിൽ ലയിപ്പിക്കാൻ ഇടതുസർക്കാർ തീരുമാനിച്ചപ്പോൾ കാരുണ്യ എന്റെ കുഞ്ഞാണ്, അതിനെ കൊല്ലരുതേ എന്നാണു മാണി പല തവണ നിയമസഭയിൽ പറഞ്ഞത്. ആദ്യമായി കർഷക തൊഴിലാളി പെൻഷൻ പ്രഖ്യാപിച്ചും വെളിച്ച വിപ്ലവം നടപ്പിലാക്കിയും പിന്നീടു കർഷക പെൻഷൻ പ്രഖ്യാപിച്ചും രാജ്യത്തിന്റെ ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ മാണി പക്ഷേ നെഞ്ചോടു ചേർത്ത പദ്ധതി കാരുണ്യ ആയിരുന്നു.

ലോട്ടറിയിൽ നിന്നുള്ള മുഴുവൻ വരുമാനവും ചികിത്സാ ചെലവിനായി നൽകുന്നതായിരുന്നു പദ്ധതി. യുഡിഎഫ് സർക്കാരിന്റെ കാലയളവിൽ തന്നെ ഒരു ലക്ഷത്തിലേറെ പേർക്ക് കാരുണ്യയിലൂടെ സഹായം ലഭിച്ചു. 1500 കോടിയിലേറെ രൂപയാണ് ഇത്രയും പേരുടെ ചികിത്സയ്ക്കായി വിതരണം ചെയ്തത്. നൂലാമാലകളൊന്നുമില്ലാതെ എളുപ്പത്തിൽ പണം ലഭ്യമാക്കുന്ന സംവിധാനമായിരുന്നു തയാറാക്കിയിരുന്നത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നപ്പോൾ കെ.എം. മാണി അഭിമുഖീകരിച്ച മറ്റൊരു പ്രതിസന്ധി റബറിന്റെ വിലത്തകർച്ചയായിരുന്നു. കേരള കോൺഗ്രസിന്റെ അടിത്തറയായ കർഷകരുടെ പ്രശ്‌നം യുഡിഎഫിനും മാണിക്കു തന്നെയും വലിയ പ്രശ്‌നമായി മാറി. അപ്പോഴാണ് വില സ്ഥിരതാ ഫണ്ട് എന്ന ആശയം മാണി മുന്നോട്ടുവച്ചത്. റബറിനു കിലോഗ്രാമിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതി പ്രകാരം വിപണി വിലയിൽ നിന്നുള്ള വിടവ് സർക്കാർ നികത്തിക്കൊടുക്കും. കർഷകരുടെ അക്കൗണ്ടിൽ നേരിട്ടു പണമെത്തിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്.

റവന്യൂമന്ത്രി ആയിരുന്നപ്പോൾ മലയോരങ്ങൾക്ക് മുഴുവൻ പട്ടയം അനുവദിച്ചും മാണി കൈയടി നേടി. മലയാര കർഷകരുടെ പ്രശ്‌നങ്ങൾക്കാണ് അന്ന് പരിഹാരമുണ്ടാക്കിയത്. വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഗ്രാമങ്ങളിൽ മുഴുവൻ വൈദ്യുതി എത്തിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വഴി ചെറുകിട റോഡുകളുടെ അറ്റകുറ്റപ്പണിയും നടത്തി. ധനമന്ത്രി ആയിരുന്നപ്പോൾ ഉള്ളതിൽ പാതി കർഷകർക്ക് നൽകുന്നതായിരുന്നു ബജറ്റ് പ്രസംഗങ്ങൾ. ഇങ്ങനെയാണ് മലയോരത്തിന്റെ നേതാവായി മാണി മാറിയത്. മലയോര കർഷകന്റെ ആവേശവും ധൈര്യവും മാണിക്കും ഉണ്ടായിരുന്നു. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഈ മനസ്സാണ് മാണിയെ കേരള രാഷ്ട്രീയത്തിലെ അതികായനാക്കിയതും.

കെ. ആർ. നാരായണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കാലം. അദ്ദേഹത്തിന് ജന്മനാടായ ഉഴവൂരിൽ സ്വീകരണം നൽകി. സമ്മേളനത്തിൽ കെ.എം മാണിയുമുണ്ട്. കെ.ആർ നാരായണൻ പ്രസംഗത്തിൽ പറഞ്ഞു: ''നിങ്ങളെല്ലാം മാണിസാറെന്നു വിളിക്കുന്ന കെ. എം. മാണിയെ ഞാനും മാണിസാറെന്നാണു വിളിക്കുന്നത്!'' ഒരു സ്‌കൂളിലും അദ്ധ്യാപകനായിരുന്നില്ല കെ.എം മാണി. പക്ഷേ, എല്ലാവരും അദ്ദേഹത്തെ മാണി സാറെന്നു വിളിച്ചു.പാർട്ടിയിലെ ഓരോ കാലത്തെയും ചെറുപ്പക്കാർക്ക് അദ്ഭുതമായിരുന്നു 'മാണി സാർ'. ഓരോ വിഷയത്തിലും അദ്ദേഹം നടത്തുന്ന ഹോംവർക്കും ബൗദ്ധിക വ്യയവും അവതരണ രീതികളുമെല്ലാം ആരാധനയോടെയാണ് അവർ നോക്കിക്കണ്ടതും. 2001 ലെ യുഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചർച്ചയുടെ അവസാന ദിവസം കെ.എം മാണി പ്രമേയത്തെ തകർത്തു തരിപ്പണമാക്കുന്ന പ്രസംഗം നടത്തി. കണക്കുകളും കാര്യങ്ങളും വച്ച് പ്രമേയത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നതായിരുന്നു പ്രസംഗം.

പാലാ നിയമസഭാ മണ്ഡലത്തെ 54 വർഷം പ്രതിനിധീകരിച്ച എംഎ‍ൽഎ എന്ന നിലയിൽ രാഷ്ട്രീയ ചരിത്രത്തിൽ റെക്കോർഡിട്ട നേതാവാണ് കെ.എം മാണി. കോൺഗ്രസിലൂടെയാണ് കരിങ്ങോഴക്കൽ മാണി മാണി രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതൽ 1964 വരെ കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 1975-ൽ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980-ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രി. 13 തവണ ബജറ്റ് അവതരിപ്പിച്ച രാജ്യത്തെ ഏക ധനമന്ത്രിയും മാണിയാണ്. സംസ്ഥാനത്ത് ഏഴുതവണയായി 24 വർഷം മന്ത്രിയായതുൾപ്പെടെ രാഷ്ട്രീയ രംഗത്തെ നിരവധി റെക്കോർഡുകൾക്ക് ഉടമയാണ് പാലായുടെ മാണിക്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP