അദ്ധ്യാപകൻ, വിദ്യാഭ്യാസ വിദഗ്ദ്ധൻ, ചരിത്ര പണ്ഡിതൻ, മതപണ്ഡിതൻ തുടങ്ങിയ നിലകളിൽ ശോഭിച്ച ലീഗ് നേതാവ്; കേരള അറബിക് ടീച്ചേഴ്സ് ഫെഡ. സംസ്ഥാന പ്രസിഡന്റായിരുന്ന കൊളത്തൂർ ടി. മുഹമ്മദ് മൗലവി 1980ലെ ഭാഷാ സമരത്തിലെ നേതൃനിരയിലെ പ്രമുഖൻ; വിടവാങ്ങിയത് പ്രഭാഷണത്തിലും അറബി ഭാഷയുടെ പ്രചാരണപ്രവർത്തനങ്ങൾക്കുമായി നിരവധി പുരസ്കാരങ്ങൾ നേടിയ പ്രതിഭ
March 22, 2019 | 07:46 AM IST | Permalink

മറുനാടൻ ഡെസ്ക്
മലപ്പുറം: മലപ്പുറം ജില്ല മുസ്ലിം ലീഗ് ട്രഷററും മുൻ പി.എസ്.സി അംഗവുമായിരുന്ന കൊളത്തൂർ ടി. മുഹമ്മദ് മൗലവി(73) അന്തരിച്ചത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്. ഇന്നലെ പുലർച്ചെ 5.25ന് മലാപ്പറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കബറടക്കം ഇന്നുരാവിലെ എട്ടിന് കൊളത്തൂർ ജലാലിയ്യ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
കേരള അറബിക് ടീച്ചേഴ്സ് ഫെഡ. സംസ്ഥാന പ്രസിഡന്റായിരുന്ന മൗലവി 1980ലെ ഭാഷാ സമരത്തിൽ നേതൃനിരയിലുണ്ടായിരുന്നു.തിരൂർക്കാട് എ.എം. ഹൈസ്കൂളിലെ റിട്ട. അറബി അദ്ധ്യാപകനാണ്.1962 മാർച്ചിൽ നാഷണൽ സ്കൂൾ കൊളത്തൂരിലെ ആദ്യ പത്താം ക്ലാസ് ബാച്ചിൽ വിജയികളുടെ കൂട്ടത്തിൽ ഒന്നാമനായി ഇദ്ദേഹമുണ്ടായിരുന്നു.1964 മുതൽ തിരൂർക്കാട് എ.എം.എച്ച് ഹൈസ്കൂളിൽ അറബി അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1990 മുതൽ 1994 വരെ കേരള അറബിക് ടീചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു.പി.എസ്.സി യുടെ ചരിത്രത്തിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള നാലിൽ ഒരാളും പെരിന്തൽമണ്ണ താലൂക്കിൽ നിന്നുള്ള ആദ്യത്തെ മെമ്പറും മൗലവിയായിരുന്നു.
1980 ജൂലൈ 30 നു മലപ്പുറത്ത് നടന്ന അറബി ഭാഷാ സമരത്തിൽ നിർണായക സ്ഥാനം മൗലവിക്കുണ്ട്.മജീദ,് റഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂനു പേർ ശഹീദാവുകയും ചെയ്തു ഈ സമരത്തിൽ. അദ്ധ്യാപക പ്രതിനിധിയായി ഭരണാധികരികളോട് (നായനാർ സർക്കാർ) നിരന്തര ചർച്ചകൾക്കും മറ്റും നേതൃത്വം മൗലവിക്കായിരുന്നു.ഭാഷാ സമരം വള്ളിപുള്ളി തെറ്റാതെ സമയവും ഓരോ മണിക്കൂറിലെ സംഭവ വികാസങ്ങളും വ്യക്തമായി ഇന്നു പറഞ്ഞുതരാൻ യോഗ്യൻ മൗലവി മാത്രമാണുണ്ടായിരുന്നത്.നല്ല പ്രാസംഗികൻ കൂടിയായിരുന്നു ഇദ്ദേഹം. ഭാഷാ സമര ചരിത്ര പ്രസംഗ സീഡിയും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിലും മൗലവി സജീവമാണു.ഖായിദേ മില്ലത്ത് സൗധം പ്രസിഡന്റ് കൂടിയായ മൗലവി മലപ്പുറം ജില്ല മുസ്ലിം ലീഗ് ട്രഷറർ കൂടിയായിരുന്നു.
അദ്ധ്യാപകൻ, വിദ്യാഭ്യാസ വിദഗ്ദ്ധൻ, ചരിത്ര പണ്ഡിതൻ, മതപണ്ഡിതൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. കൊളത്തൂർ എൽ.പി സ്കൂൾ, ഹൈസ്കൂൾ, തിരൂർക്കാട് എ.എം. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറർ, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് വരികയായിരുന്നു. പ്രഥമ മലപ്പുറം ജില്ലാ കൗൺസിൽ ഉപാദ്ധ്യക്ഷനാണ്. പ്രഭാഷണ മികവിനും അറബി ഭാഷയുടെ പ്രചാരണപ്രവർത്തനങ്ങൾക്കുമായി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കേരള പബ്ലിക് സർവിസ് കമ്മിഷൻ അംഗമായി പ്രവർത്തിച്ച അദ്ദേഹം പ്രഭാഷകൻ എന്ന നിലയിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. 1980ലെ ഭാഷാസമരത്തിൽ നേതൃപരമായ പങ്കുണ്ടായിരുന്നു. കൊളത്തൂരിലെ പരേതനായ താഴത്തേതിൽ അഹമ്മദ് മൊല്ലയുടെയും ഉമ്മാത്തയുടെയും മകനായി 1946 ഫെബ്രുവരി നാലിനാണ് ജനനം.
ഭാര്യ: ജമീല (റിട്ട. അദ്ധ്യാപിക, എ.എൽ.പി സ്കൂൾ, കൊളത്തൂർ). മക്കൾ: മുഹമ്മദ് ഇബ്രാഹിം (അബൂദബി), മുഹമ്മദ് മുഖ്താർ (അദ്ധ്യാപകൻ, പി.ടി.എം.എച്ച്.എസ്, എടപ്പലം), മുഹമ്മദ് ശിഹാബ് (ഹെൽത്ത് ഇൻസ്പെക്ടർ, പാങ്ങ് പി.എച്ച്.സി), അമീന ശാനിബ (ഒമാൻ), ജമീല ലാഫിയ (അദ്ധ്യാപിക, പി.കെ.എച്ച്.എം.എൽ.പി.എസ്, പടപ്പറമ്പ്).
മരുമക്കൾ: ആബിദ പൊന്മുണ്ടം (അദ്ധ്യാപിക, വളാഞ്ചേരി എം.ഇ.എസ്.എച്ച്.എസ്), ഫെബിന മങ്കട (അദ്ധ്യാപിക, എ.എം.എച്ച്.എസ്, തിരൂർക്കാട്), നഷീദ കുറ്റിപ്പുറം (അദ്ധ്യാപിക, ജി.എൽ.പി.എസ്, അത്തിപ്പറ്റ), നൗഷാദ് ബാബു വടക്കാങ്ങര (ഒമാൻ), അഫ്സൽ ജമാൽ കോഡൂർ (അദ്ധ്യാപകൻ, ഗവ. കോളജ്, കൊണ്ടോട്ടി).
