Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിനക്ക് അഭിനയിക്കാൻ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്; ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താൽ ജീവിതകാലം മുഴുവൻ സിനിമയിൽ തല്ലുകൊള്ളേണ്ടി വരുമെന്ന മമ്മൂട്ടിയുടെ വാക്ക് കേട്ട് കരഞ്ഞ നടൻ; ഇരുപതാനൂറ്റാണ്ടും ന്യൂഡൽഹിയിലും കൈവിട്ടതും നിർഭാഗ്യം കൊണ്ട്; അത്‌ലറ്റ് കോച്ചിനെ കൊണ്ടുപോയത് പത്മരാജന്റെ വിയോഗം; വിടപറയുന്നത് സിനിമാ ലോകം ചവിട്ടിമെതിച്ച പ്രതിഭാശാലി; കൊല്ലം അജിത്ത് എന്തുകൊണ്ട് രണ്ടാംനിരക്കാരനായി?

നിനക്ക് അഭിനയിക്കാൻ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്; ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താൽ ജീവിതകാലം മുഴുവൻ സിനിമയിൽ തല്ലുകൊള്ളേണ്ടി വരുമെന്ന മമ്മൂട്ടിയുടെ വാക്ക് കേട്ട് കരഞ്ഞ നടൻ; ഇരുപതാനൂറ്റാണ്ടും ന്യൂഡൽഹിയിലും കൈവിട്ടതും നിർഭാഗ്യം കൊണ്ട്; അത്‌ലറ്റ് കോച്ചിനെ കൊണ്ടുപോയത് പത്മരാജന്റെ വിയോഗം; വിടപറയുന്നത് സിനിമാ ലോകം ചവിട്ടിമെതിച്ച പ്രതിഭാശാലി; കൊല്ലം അജിത്ത് എന്തുകൊണ്ട് രണ്ടാംനിരക്കാരനായി?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അർദ്ധമയക്കത്തിലായിരുന്ന ഞാൻ മമ്മുക്കയുടെ ഗർജ്ജിക്കുന്ന ശബ്ദമാണ് എന്റെ റൂമിനു പുറത്തു കേട്ടത് . കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാൻ ഞെട്ടി . എന്നോടായി മമ്മുക്ക ''ഞാൻ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത് . നിനക്ക് അഭിനയിക്കാൻ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട് . ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താൽ ജീവിതകാലം മുഴുവൻ സിനിമയിൽ തല്ലുകൊള്ളേണ്ടി വരും .അതുകൊണ്ടാണ് ഞൻ അങ്ങനെ പറഞ്ഞത് ''.... ഓർക്കുമ്പോൾ എത്ര സത്യമായിരുന്നു മമ്മുക്ക പറഞ്ഞത്! . അതിൽ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല ..-കൊല്ലം അജിത്ത് എന്ന നടൻ വേദനയോടെ പങ്കുവച്ച വാക്കുകളാണ് ഇവ.

സിനിമയെ മോഹിച്ച് സംവിധായകനാകാൻ കൊതിച്ച വ്യക്തിയായിരുന്നു കൊല്ലം അജിത്ത്. രണ്ടാ നിര വില്ലൻ വേഷങ്ങൾ മടുത്തപ്പോൾ സ്വയം സംവിധാകനായി മാറി തന്റെ ആഗ്രഹം സാധിക്കാനൊരുങ്ങിയ സിനിമാക്കാരൻ. അപ്പോഴും ഈ പ്രതിഭയെ ശേഷി തിരിച്ചറിഞ്ഞ ആരും സഹായിച്ചില്ല. അങ്ങനെ ആഗ്രഹങ്ങൾ ബാക്കിയാക്കി അജിത്ത് യാത്രയാകുന്നു. തൊണ്ണൂറുകളിലാണ് അജിത് സിനിമ രംഗത്തെത്തുന്നത്. അജിത്ത് 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1984-ൽ പി. പത്മരാജൻ സംവിധാനം ചെയ്ത 'പറന്ന് പറന്ന് പറന്ന്' എന്ന സിനിമയിൽ ചെറിയ വേഷത്തിലാണു അജിത്തിന്റെ തുടക്കം. ഈ സിനിമയിലെ വേഷത്തിന് പിന്നിലും ഒരു ഖയുണ്ട്. പിന്നീട് പത്മരാജന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി അദ്ദേഹം. 1989-ൽ പുറത്തിറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തിൽ നായകനായി രംഗത്തെത്തിയിരുന്നു. പക്ഷേ പിന്നീട് അഭിനയിച്ചത് ഏറെയും വില്ലൻ വേഷങ്ങളാണ്.

ദൂരദർശനിലെ ആദ്യകാല പരമ്പരകളിലൊന്നായ 'കൈരളി വിലാസം ലോഡ്ജ്' അടക്കം നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ, തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. മൂന്നുപതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് തിളങ്ങിയ അജിത്ത് 'കോളിങ് ബെൽ' എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. തെരുവിലുപേക്ഷിക്കപ്പെടുന്ന ചോരക്കുഞ്ഞുങ്ങളെ എടുത്ത് അനാഥാലയങ്ങളിൽ എത്തിക്കുന്ന കള്ളന്റെ കഥയാണ് കോളിങ്‌ബെൽ പറഞ്ഞത്. പത്ഭനാഭൻ-സരസ്വതി ദമ്പതികളുടെ മകനായി ജനിച്ച അജിത്തുകൊല്ലത്ത് കാമ്പിശ്ശേരി കരുണാകരൻ അധികാരിയായിട്ടുള്ള ക്ലബ്ബിലൂടെയാണ് കലാജീവിതത്തിന് തുടക്കം കുറിച്ചത്. അങ്ങനെ അഭിനയത്തെ നെഞ്ചിലേറ്റിയ പ്രതിഭയെ അർഹിക്കുന്ന അംഗീകാരം നൽകാതെ രണ്ടാം നിരയിലേക്ക് ചവിട്ടിയൊതുക്കുകയായിരുന്നു മലയാള സിനിമ.

വേറിട്ട അനുഭവങ്ങൾ തുറന്നു പറയാനും അജിത്തിന് മടിയുണ്ടായില്ല. അതായിരുന്നു മമ്മൂട്ടിഖതയെ പുറത്തെത്തിച്ചത്. മലയാളത്തിന്റെ പ്രിയതാരം മെഗാ സ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് സഹപ്രവർത്തകർക്ക് എന്നും നല്ലത് മാത്രമേ പറയാനുള്ളൂ. വെളിപ്പെടുത്താൻ ഇഷ്ടപെടാത്ത ഒരുപാട് സൽകർമങ്ങൾ ചെയ്യുന്ന ഒരു വലിയ മനുഷ്യനാണ് മമ്മൂക്ക എന്ന് നടൻ കൊല്ലം അജിത്ത് പറയുന്നു. എത്ര എഴുതിയാലും തീരില്ല, ആ വലിയ നടനെ കുറിച്ചെന്നും അജിത്ത് പറയുന്നു. ലക്ഷ കണക്കിനുവരുന്ന മമ്മുക്ക ആരാധകർക്ക് എന്റെ പെരുനാൾ സമ്മാനം . 1984 ലാണ് ഞാൻ മമ്മുക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത് . ചിത്രം 'ഈ ലോകം ഇവിടെ കുറെ മനുഷ്വർ''. 50 ഓളം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടി . എന്റെ 35 വർഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനര്ഘനിമിഷങ്ങൾ ! എന്നു പറഞ്ഞാണ് മമ്മട്ടിയുടെ വാക്കുകൾ അജിത് പങ്കുവച്ചത്.

കോളിങ് ബെൽ എന്ന ചിത്രത്തിനുവേണ്ടി സ്വന്തമായി തിരക്കഥ രചിച്ച് സംവിധായകന്റേയും നായകന്റേയും വേഷത്തിൽ കൊല്ലം അജിത്ത് എത്തി. 1975- 80 കാലഘട്ടത്തിൽ സിനിമയെന്ന മാധ്യമത്തെ ഇഷ്ടപ്പെട്ട് നടന്നകാലം. സംവിധായകൻ ആവണമെന്ന മോഹത്തോടെ, പത്മരാജന്റെ ശിഷ്യനാവാൻ എത്തിയതായിരുന്നു അജിത്ത്. റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു അജിത്തിന്റെ അച്ഛൻ. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തൊടുവിൽ മക്കളുടെ വിദ്യാഭ്യാസത്തെ കരുതി കൊല്ലം കടപ്പാക്കടയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. കൊല്ലത്ത് കാമ്പിശ്ശേരി കരുണാകരൻ അധികാരിയായിട്ടുള്ള ക്ലബ്ബിലൂടെയാണ് കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. അവിടെനിന്നും ഇഷ്ടസംവിധായകനെ തേടിച്ചെന്നപ്പോൾ മനുഷ്യത്വപരമായ സമീപനത്തോടെയുള്ള സ്വീകരണം. സംവിധാനം പഠിക്കാനാണ് എത്തിയതെന്ന് അറിയിച്ചപ്പോൾ കെ.മധു, സുരേഷ് ഉണ്ണിത്താൻ തുടങ്ങി നിരവധി സംവിധാന സഹായികളെ ചൂണ്ടിക്കാട്ടി ഒഴിവു വരുമ്പോൾ വിളിക്കാമെന്നുള്ള മറുപടിയാണ് പത്മരാജൻ നൽകിയത്. അവിടെ നിന്നും നിരാശനായി മടങ്ങാൻ തുടങ്ങുമ്പോൾ ഒരു പിൻവിളി.

അജിത്തിന് അഭിനയിച്ചുകൂടെയെന്നൊരു ചോദ്യവും. ഇടയ്ക്കൊക്കെ ഫുട്ബോൾ കളിക്കും എന്നല്ലാതെ തനിക്ക് അഭിനയം വശമില്ല എന്ന മറുപടി നൽകി അജിത്ത്. നിനക്ക് അഭിനയിക്കാൻ സാധിക്കും. അടുത്ത പടത്തിൽ നല്ല റോൾ തരാം. ഇതുപറഞ്ഞ് അദ്ദേഹത്തിന്റെ ലാന്റ് ലൈൻ നമ്പർ കുറിച്ചുകൊടുത്തു. നാളേറെ കഴിഞ്ഞ് പത്മരാജൻ സാറിനെ വിളിച്ചു. ഒരിക്കൽ മാത്രം കാണുകയും സംസാരിക്കുകയും ചെയ്ത അജിത്തിനെ അദ്ദേഹം മറന്നിരുന്നില്ല, കൊടുത്ത വാക്കും. തിരുവനന്തപുരത്തെ ഹോട്ടൽ താരയിലെത്താൻ പറഞ്ഞു. അനുസരിച്ചു. അന്നവിടെ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. ആ ചിത്രത്തിൽ ഒരു ചെറിയ വേഷം. അതിൽ തുടങ്ങിയതാണ് അജിത്തിന്റെ അഭിനയം. തന്നെ അഭിനയത്തിലേക്ക് തിരിച്ചുവിട്ടത് പത്മരാജനാണെന്ന് അഭിമാനത്തോടെ പറയുമായിരുന്നു അജിത്ത്.

ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച വില്ലൻ വേഷം അവസാന നിമിഷം നഷ്ടപ്പെടുകയായിരുന്നു. ആ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന് വേണ്ടി ആദ്യം നിശ്ചയിച്ചത് സുരേഷ്ഗോപിയെയായിരുന്നു. മറ്റൊരു ചിത്രത്തിൽ നായകവേഷം കിട്ടിയപ്പോൾ ഇരുപതാം നൂറ്റാണ്ടില്ലെ വേഷം സുരേഷ്ഗോപി ഉപേക്ഷിച്ചു. ലാലു അലക്സിനെ വില്ലനാക്കാൻ തീരുമാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതിനാൽ വില്ലൻ വേഷം തത്കാലം സ്വീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു. ഒടുവിൽ ഗാനരചയിതാവ് ചുനക്കര രാമൻകുട്ടിയാണ് അജിത്തിന്റെ പേര് നിർദ്ദേശിച്ചത്. എന്നാൽ സുരേഷ് ഗോപിക്ക് തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാഗ്യം കിട്ടിയത്. ന്യൂഡൽഹി എന്ന ചിത്രത്തിലും പ്രധാന വില്ലന്റെ വേഷത്തിൽ അഭിനയിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു.

ഞാൻ ഗന്ധർവൻ സിനിമയുടെ എഡിറ്റിങ് ജോലികൾക്കിടയിലാണ് പത്മരാജനെ അവസാനമായി കണ്ടത്. തന്റെ വരാനിരിക്കുന്ന ചിത്രത്തിൽ അജിത്തിന് നല്ലൊരു റോൾ കരുതിവച്ചിട്ടുണ്ടെന്നും അതിനായി തടിയൊക്കെ കുറയ്ക്കണമെന്നും ഉപദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ വിരിഞ്ഞ ചിത്രത്തിൽ അത്ലറ്റ് കോച്ചിന്റെ വേഷമായിരുന്നു കരുതിയിരുന്നത്. പക്ഷേ പിന്നീട് അജിത് കേട്ടത് പത്മരാജന്റെ വിയോഗ വാർത്തയായിരുന്നു. അങ്ങനെ ആ പ്രതീക്ഷയും പൊലിഞ്ഞു. അപ്പോഴും രണ്ടാ നിര വില്ലനായി തന്നെ സിനിമയിൽ തുടരാനായിരുന്നു കൊല്ലം അജിത്തിന്റെ തീരുമാനം. സിനിമയല്ലാതെ മറ്റൊന്നിനെ പ്രണയിക്കാനുള്ള താൽപ്പര്യക്കുറവായിരുന്നു തല്ലുകൊള്ളിയായി സിനിമയിൽ തുടരാനുള്ള കാരണം.

അജിത്ത് സംവിധാനം ചെയ്ത കോളിങ്ബെൽ സാമൂഹിക പ്രസക്തമായ ഒട്ടനവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമയായിരുന്നു. സമൂഹത്തിന് എന്ത് നൽകാൻ സാധിക്കും എന്നാണ് സിനിമയെക്കുറിച്ച് ആലോചിച്ചപ്പോൾ താൻ ചിന്തിച്ചത് സിനിമയെ കുറിച്ചാണെന്ന് കൊല്ലം അജിത്ത് പറഞ്ഞിരുന്നു. അതായിരുന്നു കോളിങ് ബെല്ലിലേക്ക് കാര്യങ്ങളെത്തിച്ചത്. ചെലവ് തീരെ കുറച്ച് ഈ ചിത്രം നിർമ്മിച്ചത് സുഹൃത്തായ റിനോ രാജനാണ്. കോളിങ്ബെല്ലിന്റെ കഥ പറഞ്ഞപ്പോൾ ആ സിനിമയുമായി മുന്നോട്ട് പോകാൻ പ്രചോദനം നൽകിയത് തനിക്ക് ഗുരുതുല്യനായ ചുനക്കര രാമൻ കുട്ടിയും.

ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൊല്ലം അജിത്ത്. ഇന്ന് പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. അവിടെ ജനിച്ചു വളർന്നതിനാലാണ് അജിത് പേരിനൊപ്പം കൊല്ലം എന്നു കൂടി ചേർത്തത്. പ്രമീളയാണ് ഭാര്യ. ഗായത്രി,ശ്രീഹരി എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP