Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാന് നാടിന്റെ വിട; മലയാളി സൈനികൻ സുബിനേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാന് നാടിന്റെ വിട; മലയാളി സൈനികൻ സുബിനേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കോഴിക്കോട്: അതിർത്തിയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച മലയാളി ജവാൻ സുബിനേഷിന് നാടിന്റെ അന്ത്യാഞ്ജലി. സൈനിക ബഹുമതികളോടെ കോഴിക്കോട് ചേലിയയിലെ മുത്തുബസാറിലെ വീട്ടുവളപ്പിൽ സുബിനേഷിന്റെ മൃതദേഹം സംസ്‌കരിച്ചു.

കൊയിലാണ്ടി ചേലിയ അടിയള്ളൂർമീത്തൽ കുഞ്ഞിരാമന്റേയും ശോഭനയുടേയും മകനാണ് സുബിനേഷ്.മദ്രാസ് റെജിമെന്റിൽ ശിപായിയായിരുന്നു. സൈന്യത്തിൽ ചേർന്നിട്ട് എട്ടുവർഷത്തോളമായി. ഈ വരുന്ന ഡിസംബർ 20ന് വിവാഹം നിശ്ചയിച്ചിരുന്ന വേളയിലാണ് തീവ്രവാദികളോട് എതിരിട്ട് മരണം വരിച്ചത്.

ചേലിയയിലെ വീട്ടു വളപ്പിൽ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തിന്റെ വീരപുത്രന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. വെസ്റ്റ്ഹിൽ സൈനിക ആസ്ഥാനത്ത് നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ വിലാപയാത്രയായിട്ടാണ് ചേലിയയിലെ പൊതുദർശന സ്ഥലത്തേക്ക് മൃതദേഹം എത്തിച്ചത്. റോഡിൽ ഉടനീളവും പൊതുദർശന സ്ഥലത്തും ആയിരകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ കാത്തു നിന്നത്. മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ എൻഎസ്ജി കമാൻഡോ പി.വി മനീഷ് ഉൾപ്പെടെയുള്ളവർ രാജ്യത്തിനായി ജീവൻ വെടിഞ്ഞ സൈനികന് ആദരാഞ്ജലി അർപ്പിക്കാനെത്തി.

ടെറിട്ടോറിയൽ ആർമി കണ്ണൂർ ബറ്റാലിയനിലെ സൈനികരുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം മൃതദേഹം ചിതയിലേക്ക് എടുത്തു. സഹോദരി പുത്രനാണ് ചിതക്ക് തീ കൊളുത്തിയത്.

കഴിഞ്ഞ ദിവസം രജൗരിയിലെ നൗഷേര സെക്ടറിൽ പട്രോളിംഗിനിടെയാണ് സുബിനീഷിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ സുബിനേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു.

സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സുബിനേഷ് അടങ്ങുന്ന സൈനികരുടെ സംഘം പ്രദേശത്ത് തെരച്ചിലിനെത്തിയതായിരുന്നു. സൈനികരെ കണ്ടതോടെ തീവ്രവാദികൾ നിറയൊഴിക്കുകയായിരുന്നു. ഇതിനിടെയാണ് വെടിയേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP