Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമ്മൂട്ടിക്ക് അഭ്രപാളിയിൽ തിളങ്ങാൻ അവസരമൊരുക്കി; മലയാളത്തിലെ ആദ്യ വനിതാ സംവിധായകയെ സൃഷ്ടിച്ചു: ഐ വി ശശിയെന്ന കരുത്തുറ്റ സംവിധായകനെ മലയാളത്തിന് നൽകി: എങ്കിലും ഷെറീഫിക്കയെ തേടി ആരും വന്നില്ല

മമ്മൂട്ടിക്ക് അഭ്രപാളിയിൽ തിളങ്ങാൻ അവസരമൊരുക്കി; മലയാളത്തിലെ ആദ്യ വനിതാ സംവിധായകയെ സൃഷ്ടിച്ചു: ഐ വി ശശിയെന്ന കരുത്തുറ്റ സംവിധായകനെ മലയാളത്തിന് നൽകി: എങ്കിലും ഷെറീഫിക്കയെ തേടി ആരും വന്നില്ല

ആലപ്പുഴ: അഭ്രപാളിയിൽ വിസ്മയത്തിന്റെ നാമ്പുകൾ തീർത്ത ആലപ്പി ഷെറീഫ് എന്ന കഥാകാരനു മരണത്തിലും അവഗണനയുടെ ഭാണ്ഡം. ജീവിതഗന്ധിയായ ഒട്ടേറെ സിനിമകൾക്ക് തിരക്കഥയെഴുതാൻ കഴിഞ്ഞ ഷെറീഫിനെ തേടി അവാർഡുകളൊന്നും എത്തിയില്ല എന്നതു തന്നെയാണു മരണത്തിലും സർക്കാരിന്റെ അവഗണനയ്ക്കു കാരണമായത്.

വർഷാവർഷങ്ങളിൽ സർക്കാർ മുഖംനോക്കി നൽകുന്ന അവാർഡുകൾ നേടിയെങ്കിൽ മാത്രമെ കലാകാരനായി അംഗീകരിക്കുകയുള്ളുവെന്ന നിയമമാണ് സർഗധനനായ ഈ കഥാകാരന്റെ മരണ ചടങ്ങുകളെ അവഗണിക്കാനിടയാക്കിയത്. ആസ്വാദക ഹൃദയങ്ങളെ ആനന്ദത്തിലാറാടിച്ച ഷെറീഫെന്ന കഥാകാരനെ അംഗീകാരങ്ങൾ തേടിയെത്തിയില്ലെങ്കിലും അഭ്രപാളികളിൽ മിന്നിത്തിളങ്ങുന്നവർക്ക് അദ്ദേഹം എന്നും ഗുരുഭൂതനായിരുന്നു.

മാക്ടയും അമ്മയും ഷെറീഫിന് ഗുരുപ്രണാമം നടത്തുമ്പോൾ സർക്കാർ മാത്രം ഷെറീഫിന്റെ കഥയൊന്നു തുറന്നുനോക്കാൻ പോലും തയ്യാറായില്ല. നൂറ്റി ഇരുപതോളം സിനിമകൾക്ക് തിരക്കഥയെഴുതിയ ഷെറീഫിന് സർക്കാർ അവാർഡ് ലഭിക്കാതിരുന്നത് വലിയ പോരായ്മയായി. അവാർഡ് കിട്ടിയില്ലെങ്കിൽ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുന്ന കലാകാരന്റെ ഒരു ഗതികേട് ആസ്വാദകർ അറിയേണ്ടിയിരിക്കുന്നു. ഔദ്യോഗിക ബഹുമതിയോടെ അടക്കം ചെയ്യേണ്ട മൃതദേഹം അവാർഡിന്റെ അഭാവത്തിൽ സാധാരണമായി. മരണ വാർത്ത അറിയിച്ചതു മുതൽ ഔദ്യോഗിക ബഹുമതി നൽകണമോ വേണ്ടയോ എന്ന തിരക്കിട്ട ചർച്ചകളിലായിരുന്നു സർക്കാർ.

അവാർഡ് പട്ടികയിൽ ഷെറീഫിന് ലഭിച്ചവയെക്കുറിച്ച് പരതിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കബറടക്കത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ ജില്ലാ കളക്ടർ ഓടിക്കിതച്ചെത്തി റീത്ത് സമർപ്പിച്ച് സ്ഥലം വിട്ടു. വളർത്തി വലുതാക്കിയവരും ഷെറീഫിനെ തഴഞ്ഞതായാണ് സംസ്‌ക്കാരച്ചടങ്ങുകളിൽ കാണാൻ കഴിഞ്ഞത്. അതുല്യനടൻ മമ്മൂട്ടിക്ക് അഭ്രപാളിയിലേക്ക് വീഥിയൊരുക്കിയ കഥാകാരൻ ഷെറീഫായിരുന്നു. അനശ്വര നടൻ ജയന്റെ ആകസ്്മിക നിര്യാണത്തിൽ ചലച്ചിത്രലോകം പകച്ചു നിന്നപ്പോൾ സുന്ദരനും സുമുഖനുമായ മമ്മൂട്ടിയെ നിർദ്ദേശിക്കാൻ ഷെറീഫിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി
വന്നില്ല. രണ്ടു ചിത്രങ്ങളിൽ മാത്രം മുഖം കാണിച്ചിരുന്ന മമ്മൂട്ടിക്ക് അങ്ങനെ സ്‌ഫോടനത്തിൽ അഭിനയിക്കാൻ അവസരം ഒരുങ്ങി. അന്ന് സ്‌ഫോടനത്തിന്റെ തിരക്കഥാകാരനായിരുന്നു ഷെറീഫ്. അങ്ങനെ സ്‌ഫോടനം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി അരങ്ങ് തകർത്തു. എന്നാൽ മമ്മൂട്ടിയും ഷെറീഫിനെ അവസാനമായി കാണാൻ എത്തിയില്ല.

മലയാള സിനിമയിൽ ആദ്യ വനിതാ സംവിധായികയെ സൃഷ്ടിച്ചതിൽ ഷെറീഫിന്റെ പങ്ക് നിസ്തുലമാണ്. സംവിധായികയായി വിജയനിർമ്മലയെത്തുന്നതും ഷെറീഫിന്റെ പിൻബലത്തിലായിരുന്നു. ഐ വി ശശിയെന്ന കരുത്തുറ്റ സംവിധായകന്റെ മുഴുവൻ ചിത്രങ്ങളും അരങ്ങു തകർത്തത് ഷെറീഫിന്റെ തിരക്കഥയിലൂടെയായിരുന്നു. എന്നാൽ ശശിയെ ശശിയാക്കിയ ഷെറീഫിക്കയെ കാണാൻ ശശി എത്തിയില്ല. ഷെറീഫിന്റെ വീടിനോട് ചേർന്നുള്ള സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകന്റെ സഹായം തേടി അയാളെ കൊണ്ട് ഷെറീഫിന്റെ മൃതദേഹത്തിൽ റീത്ത് വയ്പിച്ചു ശശി കടമ നിറവേറ്റി. അവളുടെ രാവുകൾ എന്ന ഒറ്റ സിനിമകൊണ്ട് മലയാള സിനിമയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ച ഷെറീഫിന്റെ കഥകൾ നാലോളം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

ഇക്കാര്യവും അധികൃതർക്ക് അറിയില്ലായിരുന്നു എന്നതാണ് വിചിത്രമായത്. ഇത് ചലച്ചിത്ര രംഗത്തുതന്നെ വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഏതായാലും ഈറ്റയും അവളുടെ രാവുകളും സ്‌ഫോടനവും മലയാളി മനസുകളിൽ നിത്യവസന്തം പൊഴിക്കുമ്പോഴാണ് ഷെറീഫെന്ന കഥാകാരൻ അനശ്വരതയിലേക്ക് ആണ്ടുപോയത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP