Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാന്യതയും മനുഷ്യത്വവും പുലർത്തിയ വ്യക്തിയെന്നു പിണറായി; നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്ന് ആന്റണി; ജ്യേഷ്ഠ സഹോദരനായിരുന്നെന്ന് ചെന്നിത്തല: ജി കാർത്തികേയനെ നേതാക്കൾ സ്മരിക്കുന്നു

മാന്യതയും മനുഷ്യത്വവും പുലർത്തിയ വ്യക്തിയെന്നു പിണറായി; നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്ന് ആന്റണി; ജ്യേഷ്ഠ സഹോദരനായിരുന്നെന്ന് ചെന്നിത്തല: ജി കാർത്തികേയനെ നേതാക്കൾ സ്മരിക്കുന്നു

തിരുവനന്തപുരം: ജി കാർത്തികേയനെന്ന കോൺഗ്രസ് നേതാവ് കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവർക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു. രാഷ്ട്രീയ ശത്രുക്കൾ പോലും അംഗീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു ജി കാർത്തികേയന്റേത്. അടുത്ത സുഹൃത്തായും ജ്യേഷ്ഠ സഹോദരനായും മാന്യതയുടെ നേർസാക്ഷ്യമായും നിലകൊണ്ടിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങലിനോട് രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുന്നു.

രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷത്വവും പുലർത്തിയ കോൺഗ്രസ്സിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി കാർത്തികേയനെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലും അല്ലാതെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും അനുശോചനം അറിയിക്കുന്നതായും പിണറായി ഫേസ്‌ബുക്കിൽ കുറിച്ചു.

അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഓർമിച്ചു. വ്യക്തിബന്ധങ്ങളിലെ കാർത്തികേയൻ ടച്ചിലൂടെ നിയമസഭ നിയന്ത്രിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് എടുത്തു പറയേണ്ടതാണെന്നും ആന്റണി പറഞ്ഞു. ജ്യേഷ്ഠ സഹോദരനെയാണ് കാർത്തികേയന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഓർമിച്ചു.

താങ്ങാനാവാത്ത ദുഃഖമാണ് കാർത്തികേയന്റെ വേർപാട് നൽകുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. സൗമ്യനെങ്കിലും ആദർശത്തിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു അദ്ദേഹം.

കാർത്തികേയന്റെ വേർപാട് ദുഃഖമുളവാക്കുന്നതാണെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കാർത്തികേയന്റെ മരണം കേരള നിയമസഭയ്ക്ക് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും സ്‌നേഹാദരങ്ങൾ പിടിച്ചു പറ്റിയ മഹദ് വ്യക്തിത്വമായിരുന്നു കാർത്തികേയന്റേതെന്നു മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ജനപക്ഷ നിലപാടുകളിൽ ഇച്ഛാശക്തിയോടെ ഉറച്ചു നിന്ന നേതാവായിരുന്നു അദ്ദേഹമെന്നും ജോസഫ് പറഞ്ഞു.

കറ പുരളാത്ത നേതാവിനെയാണ് നഷ്ടമായതെന്നും ശത്രുക്കളെപ്പോലും മിത്രങ്ങളാക്കിയ അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ആദർശത്തിൽ അടിയുറച്ച് ജീവിതത്തിലുടനീളം മുന്നോട്ട് പോയ ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു കാർത്തികേയനെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.

രാഷ്ട്രീയ രംഗത്തെയും നിയമസഭയിലെയും പ്രവർത്തനം കൊണ്ട് മനസ്സിലെ സൂപ്പർ ഹീറോ ആയിരുന്നു കാർത്തികേയനെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. രാഷ്ട്രീയ രംഗത്തെ ആദർശത്തിന് ഉജ്വല മാതൃകയാണ് അദ്ദേഹമെന്നും മമ്മൂട്ടി പറഞ്ഞു.

ആത്മമിത്രത്തെയാണ് നഷ്ടമായതെന്ന് മന്ത്രി കെ.എം മാണി അനുസ്മരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ട് പോയ നേതാവായിരുന്നു കാർത്തികേയനെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം കഴിവ് കൊണ്ടും മികവ് കൊണ്ടും ആദർശം കൊണ്ടും വളർന്ന് സംസ്ഥാനത്തെ മികച്ച പൊതുപ്രവർത്തകനായി മാറിയ വ്യക്തിയാണ് കാർത്തികേയനെന്ന് എം ഐ ഷാനവാസ് എംപി പറഞ്ഞു. പക്വതയുടെ മുഖമായിരുന്നു ജി കാർത്തികേയനെന്ന് മന്ത്രി കെ ബാബു അനുസ്മരിച്ചു.

സംശുദ്ധ പൊതുജീവിതത്തിന്റെയും ആദർശ രാഷ്ട്രീയത്തിന്റെയും പ്രതിരൂപമായിരുന്നു ജി. കാർത്തികേയനെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അനുസ്മരിച്ചു. സാഹിത്യ സാംസ്‌കാരിക ചലച്ചിത്ര മേഖലകളിൽ അതീവ ശ്രദ്ധാലുവായിരുന്ന കാർത്തികേയൻ ഈ മേഖലകളുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിന്റെ പ്രമുഖനേതാവും നിയമസഭാ സ്പീക്കരുമായ ജി.കാർത്തികേയന്റെ നിര്യാണത്തിൽ സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അനുശോചിച്ചു. നിയമസഭാപ്രവർത്തനങ്ങളിലും കെ.എസ്.യു, യൂത്ത് കോൺഗ്രസ് രംഗത്തും സഹകരിച്ച് പ്രവർത്തിച്ച അവസരങ്ങൾ വിസ്മരിക്കാൻ കഴിയില്ല. ആദർശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം എന്നും നിലകൊണ്ടിട്ടുള്ളത്. കാർത്തികേയന്റെ വിയോഗം കേരളത്തിനും കോൺഗ്രസ് പാർട്ടിക്കും തീരാനഷ്ടമാണ് വരിത്തിയിരിക്കുന്നതെന്നും സന്ദേശത്തിൽ മന്ത്രി അനുസ്മരിച്ചു.

സ്പീക്കർ ജി. കാർത്തികേന്റെ നിര്യാണത്തിൽ റവന്യൂ മന്ത്രി അടൂർ പ്രകാശ് അനുശോചിച്ചു. തിളക്കമാർന്ന വ്യക്തിത്വത്തിനുടമയും മികച്ച സംഘാടകനും ഭരണകർത്താവുമായിരുന്ന ജി. കാർത്തികേയന്റെ നിര്യാണം സംസ്ഥാനത്തെ പൊതു പ്രവർത്തന രംഗത്തിന് തീരാ നഷ്ടമാണെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ജനങ്ങളോട് പ്രതിബദ്ധത പുലർത്തിയ മാന്യതയുടെ പര്യായമായിരുന്നു ജി. കാർത്തികേയനെന്ന കോൺഗ്രസ്സ് നേതാവെന്ന് തൊഴിൽമന്ത്രി ഷിബു ബേബിജോൺ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലളിതമായ ജീവിതശൈലികൊണ്ടും സൗമ്യമായ പെരുമാറ്റശീലം കൊണ്ടും ഏവരേയും തന്നിലേയ്ക്കടുപ്പിച്ച വ്യക്തിത്വമായിരുന്നു ജി. കാർത്തികേയന്റേത്. പറയാനുള്ള കാര്യങ്ങൾ ശക്തമായി പറയുകയും, ശക്തമായ വാദമുഖങ്ങൾകൊണ്ട് എതിരാളികളെ പ്രതിരോധിക്കുകയും ചെയ്ത സൗമ്യതയാർന്ന നേതാവായിരുന്നു ജി. കാർത്തികേയൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി സ്പീക്കർ പദവിവരെ അലങ്കരിച്ച കാർത്തികേയന്റെ നിര്യാണം കേരള രാഷ്ടീയത്തിന് മാത്രമല്ല വ്യക്തിപരമായി തനിക്കും തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നതായും മന്ത്രി ഷിബു ബേബിജോൺ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഊർജ്ജസ്വലനായ സംഘാടകൻ, ഭരണകർത്താവ്, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ തിളക്കമാർന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അന്തരിച്ച ജി.കാർത്തികേയനെന്ന് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഹൃദ്യവും മാന്യവുമായ പെരുമാറ്റം കൊണ്ട് ഏവരുടേയും സ്‌നേഹാദരങ്ങൾ നേടിയെടുത്ത മികച്ച പൊതുപ്രവർത്തകനായിരുന്നു ജി.കാർത്തികേയനെന്നും തിരുവഞ്ചൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സ്വന്തം വിശ്വാസ പ്രമാണങ്ങളിൽ ഉറച്ചു നിന്നു പ്രവർത്തിച്ച രാഷ്ട്രീയ നേതാവായിരുന്നു അന്തരിച്ച സ്പീക്കർ ജി. കാർത്തികേയൻ എന്ന് വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. നേതൃത്വപാടവവും ഭരണ നൈപുണ്യവും ഒരേ പോലെ പ്രകടിപ്പിച്ചിട്ടുള്ള കാർത്തികേയൻ സ്പീക്കർ എന്ന നിലയിൽ പ്രവർത്തിച്ചതെന്ന് അബ്ദുറബ്ബ് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP