Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കമാൻഡോ ആകാൻ മോഹിച്ച് സൈനിക ജീവിതം തിരഞ്ഞെടുത്തു; ഭീകരതയോട് അടിപതറാത്ത ധീരരക്തസാക്ഷിയായി ലെഫ് കേണൽ നിരഞ്ജൻ കുമാർ: സന്ദീപ് ഉണ്ണികൃഷ്ണന് ശേഷം വീരമൃത്യവരിക്കുന്ന രണ്ടാമത്തെ മലയാളി കമാൻഡോയ്ക്ക് ബിഗ് സല്യൂട്ട്

കമാൻഡോ ആകാൻ മോഹിച്ച് സൈനിക ജീവിതം തിരഞ്ഞെടുത്തു; ഭീകരതയോട് അടിപതറാത്ത ധീരരക്തസാക്ഷിയായി ലെഫ് കേണൽ നിരഞ്ജൻ കുമാർ: സന്ദീപ് ഉണ്ണികൃഷ്ണന് ശേഷം വീരമൃത്യവരിക്കുന്ന രണ്ടാമത്തെ മലയാളി കമാൻഡോയ്ക്ക് ബിഗ് സല്യൂട്ട്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പഠാൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് മരിച്ച എൻഎസ്ജി ലഫ്. കേണൽ പാലക്കാട് മണ്ണാർക്കാട് സ്വദേശി നിരഞ്ജന് കുമാറിന് രാജ്യത്തിന്റെ പ്രണാമം. മരണ വാർത്തയറിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ഭീകരർക്കെതിരെയുള്ള കമാൻഡോ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളിയായ എൻ.എസ്.ജി കമാൻഡോയാണ് നിരഞ്ജൻ. മുംബൈ ഭീകരാക്രമണത്തിൽ എൻഎസ്ജി കമാൻഡോ മലയാളിയായ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ കൊല്ലപ്പെട്ടിരുന്നു.

കാമാണ്ടോയാവുകയെന്ന ലക്ഷ്യത്തോടെയാണ് നിരഞ്ജൻ സൈനിക ജീവിതം തെരഞ്ഞെടുത്തത്. എൻ.എസ്.ജിയിൽ ലഫ്.കേണലായിരുന്നു നിരഞ്ജൻ. മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്ന നിരഞ്ജൻ ഡെപ്യൂട്ടേഷനിലാണ് എൻഎസ്ജിയിൽ എത്തുന്നത്. വെല്ലവുളികളെ ഏറ്റെടുക്കാനുള്ള തന്റേടം തന്നെയാണ് നിരഞ്ജനെ യുദ്ധ സാധ്യത തീരെ കുറഞ്ഞ എംഇജിയിൽ നിന്ന് എൻഎസ്ജിയിലേക്ക് ചുവടുമാറാൻ പ്രേരിപ്പിച്ചത്. ലെഫ്. കേണൽ ആയ നിരഞ്ജൻ മുന്നിൽ നിന്ന് തന്നെയാണ് തന്റെ ടീമിനെ എന്നും നയിച്ചിരുന്നത്. എൻഎസ്ജി ബോംബ് സ്‌ക്വാഡിൽ അംഗമായ നിരഞ്ജൻ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ഒൻപത് വർഷം മുമ്പാണ് നിരഞ്ജൻ എംഇജിയിൽ ചേർന്നത്. അവിടെ നിന്ന് മൂന്ന് വർഷം മുമ്പ് എൻഎസ്ജിയും. ഏത് സാഹചര്യവും നേരിടാനുള്ള മനക്കരുത്തും പരിശീലനവും നിരഞ്ജൻ നേടിയിരുന്നു. നിരഞ്ജിന്റെ മനോബലം തിരിച്ചിറിഞ്ഞ് തന്നെയാണ് എൻഎസ്ജിയും ഈ മലയാളിയെ കമാണ്ടോ വിഭാഗത്തിന്റെ ഭാഗമായത്. ബോബുകൾ കണ്ടെത്തി നിർവ്വീര്യമാക്കാൻ വിദഗ്ധ പരിശീലനവും കിട്ടിയിരുന്നു. എൻഎസ്ജിയുടെ ബോംബ് ഡിക്ടറ്റഷൻ സംഘത്തിന്റെ നായകരിൽ ഒരാളായിരുന്നു നിരഞ്ജൻ. പഠാൻകോട്ടിലേക്ക് നിരഞ്ജന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് അയച്ചത്. പോരാട്ട ഭൂമിയിലും മുന്നിൽ നിന്ന് നയിക്കുന്ന രീതിയായിരുന്നു നിരഞ്ജന്റേത്. അതുകൊണ്ട് തന്നെ ടീം ലീഡറായിട്ടും ബോബുകൾ നിർവ്വീര്യമാക്കുക ഉൾപ്പെടെയുള്ള പ്രധാന ചുമതല നിരഞ്ജൻ തന്നെ നിർവ്വഹിച്ചു. അതിനിടെയാണ് അപകടമുണ്ടായത്.

ലെഫ്റ്റനന്റ് കേണലായി സ്ഥാന കയറ്റം കിട്ടി മാസങ്ങൾക്കകമാണ് നിരഞ്ജൻ കുമാറിന്റെ അവിചാരിത മരണം സംഭവിക്കുവന്നത്. ദേശീയ സുരക്ഷാ ഗാർഡിന്റെ ഭാഗമായ നിരഞ്ജൻ പഠാൻ കോട്ടിലെ ഭീകരാക്രമണ വിവരം അറിഞ്ഞാണ് അവിടേക്ക് പോകുന്നത്. പരിശീലനത്തിനായി അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് അച്ഛൻ ശിവരാജൻ പറഞ്ഞു. ചെറുപ്പം മുതൽ തന്നെ സൈനിക ഉദ്യോഗസ്ഥനാകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.

വൈകാതെ പൂണെയിലേക്ക് സ്ഥലമാറ്റം കിട്ടുമെന്നും അമേരിക്കയിൽ പരിശീലനത്തിന് പോകാൻ അവസരം ഉണ്ടെന്നും പറഞ്ഞിരുന്നു. പഠാൻകോട്ട് ഭീകരാക്രമണം നടന്നത് അച്ഛൻ ശിവരാജൻ അറിഞ്ഞിരുന്നുവെങ്കിലും നിരഞ്ജൻ ഡൽഹിയിലായിരുന്നതിനാൽ ആശങ്കകൾ ഉണ്ടായിരുന്നില്ല. എന്നാൽ ദേശീയ സുരക്ഷാ ഗാർഡിലെ ബോംബ് നിർവീര്യമാക്കുന്ന സംഘത്തിലെ വിദഗ്ദ്ധനായിരുന്ന നിരഞ്ജൻ അടിയന്തരമായി പഠാൻ കോട്ടിൽ എത്തേണ്ടിവന്നു. അത് വീരമൃത്യുവിലേക്കുള്ള വഴിയുമായി.

ഭീകരാക്രമണത്തെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് നിരഞ്ജന്റെ നേതൃത്വത്തിലുള്ള എൻഎസ്ജി കമാൻഡോ സംഘം വ്യോമസേന താവളത്തിലെത്തുന്നത്. കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തു നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെയായിരുന്നു അപകടം. നിരഞ്ജന്റെ മൃതദേഹം വൈകിട്ട് ഡൽഹിയിൽ എത്തിക്കും. പിന്നീട് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. സംസ്‌കാരം പാലക്കാട് എളമ്പുലാശേരിയിൽ നടക്കും. ഇവിടെ പൊതുദർശനത്തിന് വയ്ക്കുമെന്ന് എം.ബി. രാജേഷ് എംപി പറഞ്ഞു. ഇതിനുള്ള ഒരുക്കങ്ങൾ എളമ്പുലാശേരിയിൽ പുരോഗമിക്കുകയാണ്.

പാലക്കാട് മണ്ണാർക്കാട് എളമ്പിലാശ്ശേരി കളരിക്കൽ ശിവരാജന്റെയും രാജേശ്വരിയുടെയും മകനാണ് നിരഞ്ജൻ. ഡോ. രാധികയാണ് ഭാര്യ. മകൾ വിസ്മയ. 2013 മാർച്ച് 31നായിരുന്നു ഇരുവരുടെയും വിവാഹം. കഴി!ഞ്ഞ നാൽപതു വർഷമായി ബെംഗളൂരുവിൽ സ്ഥിര താമസമാണ് ശിവരാജനും കുടുംബവും. പാലാക്കാട്ടുള്ള കുടുംബവീട്ടിൽ നിരഞ്ജന്റെ പിതാവ് ശിവരാജന്റെ സഹോദരനാണ് താമസിക്കുന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഓണത്തിനാണ് കുടുംബത്തോടൊപ്പം നിരഞ്ജൻ പാലക്കാട്ട് എത്തിയത്. മിലിറ്ററി എൻജിനിയറിങ് സർവീസ് മദ്രാസിലായിരുന്നു നിരഞ്ജൻ ആദ്യം ജോലിചെയ്തത്. കഴിഞ്ഞ മൂന്നു വർഷമായി എൻഎസ്ജി കമാൻഡോയാണ്. മൂന്ന സഹോദരങ്ങളാണ് നിരഞ്ജനുള്ളത്. ശരത് (വ്യോമസേന), ഭാഗ്യലക്ഷ്മി (അദ്ധ്യാപിക), ശശാങ്കൻ (എൻജിനിയർ).

പഠാൻകോട്ടിൽ ആക്രമണം നടന്നയിടത്ത് പരിശോധന നടത്തിയ സൈനികർ ജി.പി.എസ് ഉപകരണങ്ങളും ആധുനിക തോക്കുകളും കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് നിരഞ്ജന്റെ നേതൃത്വത്തിലുള്ള എൻഎസ്ജി കമാൻഡോ സംഘം വ്യോമസേന താവളത്തിലെത്തുന്നത്. പിന്നീട് ഏറ്റുമുട്ടൽ അവസാനിച്ച ശേഷം സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സംഭവം. എൻഎസ്ജി ഡൽഹി ആസ്ഥാനത്ത് കമാൻഡോയായ ശേഷം ഡൽഹി ദ്വാരകയിലാണ് താമസിച്ചിരുന്നത്. ബംഗളൂരിൽ സ്ഥിരതാമസമാക്കിയ അച്ഛൻ കളരിക്കൽ ശിവരാജനും കുടുംബവും വൈകിട്ട് ഡൽഹിയിലെത്തി.

ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുത്തു. എൻഐഎ ഉദ്യോഗസ്ഥർ വ്യോമസേന കേന്ദ്രത്തിൽ എത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയ്ക്കു പങ്കുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബിലെ പഠാൻകോട്ട് വ്യോമസേനാ താവളത്തിൽ ഇന്നലെ പുലർച്ചെയാണ് ഭീകരാക്രമണമുണ്ടായത്. ദിവസം മുഴുവൻ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ നാലു ഭീകരരെയും സുരക്ഷാസേന വധിച്ചു.

വ്യോമസേനാ താവളത്തിലുള്ള മിഗ്21, മിഗ്25 പോർവിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാക്കിസ്ഥാൻ അതിർത്തിയിൽനിന്നു 40 കിലോമീറ്റർ അകലെയാണു പഠാൻകോട്ട് വ്യോമസേനാ താവളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP