Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തൊടുപുഴ വാസന്തിക്ക് അവസാന കാലം ജീവിത മാർഗ്ഗമായത് അരിപ്പൊടി മിൽ; രോഗശയ്യയിൽ കിടക്കുമ്പോഴും തിരിച്ചുവരവിന് കൊതിച്ച വാസന്തിക്ക് പ്രതീക്ഷ ഇല്ലാതാക്കിയത് പ്രമേഹത്താൽ കാൽ മുറിച്ചു മാറ്റേണ്ടി വന്നത്; മടക്കം മൂന്നുമുറികൾ മാത്രമുള്ള കൊച്ചുവീട് വലുതാക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാതെ; സിനിമയിൽ തിളങ്ങിയ നടിക്ക് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച് മമ്മൂട്ടി

തൊടുപുഴ വാസന്തിക്ക് അവസാന കാലം ജീവിത മാർഗ്ഗമായത് അരിപ്പൊടി മിൽ; രോഗശയ്യയിൽ കിടക്കുമ്പോഴും തിരിച്ചുവരവിന് കൊതിച്ച വാസന്തിക്ക് പ്രതീക്ഷ ഇല്ലാതാക്കിയത് പ്രമേഹത്താൽ കാൽ മുറിച്ചു മാറ്റേണ്ടി വന്നത്; മടക്കം മൂന്നുമുറികൾ മാത്രമുള്ള കൊച്ചുവീട് വലുതാക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാതെ; സിനിമയിൽ തിളങ്ങിയ നടിക്ക് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച് മമ്മൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴ വാസന്തിക്ക് ജീവിതത്തിന്റെ അവസാന കാലത്തെ ആഗ്രഹം മൂന്നുമുറികൾ മാത്രമുള്ള കൊച്ചുവീട് വലുതാക്കണം എന്നായിരുന്നു. എന്നാൽ ആ ആഗ്രഹം പൂർത്തീകരിക്കാൻ മരിക്കും വരെ അവർക്ക് സാധിച്ചില്ല. എങ്കിലും ആരോടും പരിഭവം കൂടാതെയായിരുന്നു അവരുടെ ജീവിതം. സ്വന്തമായി ഒരേക്കർ സ്ഥലം വാങ്ങിച്ചു. അനുജത്തിമാരെ അന്തസോടെ വിവാഹം കഴിപ്പിച്ച് അയച്ചു. ഇതൊക്ക തന്നിക്ക് സിനിമാലോകം നൽകിയതാണെന്ന് വാസന്തി പറയുമായിരുന്നു. ഭർത്താവിന്റെ ചികിൽസയ്ക്ക് താരസംഘടനയായ അമ്മ സഹായം നൽകിയിരുന്നു. മാസംതോറും 4000 രൂപ പെൻഷനും ലഭിച്ചിരുന്നു. എങ്കിലും അവസാന കാലം ദുരിതപൂർണമായിരുന്നു അവർക്ക്.

450-ലേറെ സിനിമകളിൽ അഭിനയിച്ച തൊടുപുഴ വാസന്തിക്ക് അവസാനകാലത്തെ ഉപജീവന മാർഗമായത് അരിപ്പൊടിമിൽ. മൂന്നുവർഷംമുമ്പാണ് സഹോദരനുമൊത്ത് അരിപ്പൊടി മില്ല് തുടങ്ങിയത്. പ്രമേഹരോഗത്തെത്തുടർന്ന് വലതുകാൽ മുറിച്ചുമാറ്റിയ വാസന്തിക്ക് മില്ലിൽനിന്നുള്ള വരുമാനം ആശ്വാസമായിരുന്നു.

നൃത്തം ഉപാസനയാക്കിയ നടിയായിരുന്നു തൊടുപുഴ വാസന്തി. മൂന്നു മാസം മുൻപ് വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. ഒരു നർത്തകിയുടെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ഏറ്റവും വലിയ ദുരനുഭവവമായിരുന്നു ഇത്. സിനിമയിലും അരങ്ങിലും പല വേഷങ്ങൾ കെട്ടിയാടിയ വാസന്തിയുടെ ജീവിതത്തിലെ അവസാനകാലം ദുരന്തനായികയുടേതായിരുന്നു. സിനിമാനടിയുടെ പ്രൗഢിക്ക് ഒട്ടും ചേരാത്ത തൊടുപുഴ മണക്കാടുള്ള കൊച്ചുവീട്ടിൽ രോഗശയ്യയിൽ കിടക്കുമ്പോഴും ഒരു തിരിച്ചുവരവിന് അവർ കൊതിച്ചു. സിനിമയിൽ സജീവമാകാൻ തുടങ്ങിയപ്പോഴൊക്കെയും പ്രതിസന്ധികൾ വാസന്തിയെ തേടിയെത്തി.

പിതാവ് രാമകൃഷ്ണൻ നായരുടെ മരണത്തോടെ സിനിമയിൽനിന്നു കുറച്ചു കാലം വിട്ടുനിന്നു. തിരിച്ചെത്താനൊരുങ്ങിയപ്പോഴാണ് ഭർത്താവ് രജീന്ദ്രനെയും കാൻസർ രോഗം ബാധിച്ചത്. ഭർത്താവിന്റെ നിർബന്ധത്തെത്തുടർന്ന്, ലാൽ ജോസിന്റെ 'എൽസമ്മ എന്ന ആൺകുട്ടി' എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ചു. മൂന്നു വർഷത്തിനുശേഷം ഒരു തിരുവോണനാളിൽ ഭർത്താവും പിന്നീട് അമ്മയും വിട്ടുപിരിഞ്ഞതോടെ വാസന്തി ജീവിതത്തിൽ ഒറ്റയ്ക്കായി. ഹൃദ്രോഗബാധയും ഗ്ലൂക്കോമയും സിനിമാമോഹങ്ങൾക്കു വീണ്ടും വിലങ്ങുതടിയായി.

മണക്കാട്ടെ വസതിയിലെത്തിയ നടന്മാരായ മമ്മൂട്ടി, സിദ്ദിഖ് എന്നിവർ തൊടുപുഴ വാസന്തിക്ക് അന്തിമോപചാരമർപ്പിക്കുന്നു. ആൻജിയോ പ്ലാസ്റ്റിയിലൂടെയും ശസ്ത്രക്രിയയിലൂടെയും രോഗങ്ങളെ മറികടന്നു സജീവമാകാനൊരുങ്ങുന്നതിനിടെ തൊണ്ടയിൽ കാൻസർ ബാധിച്ചു. ഇതിനിടെ, പ്രമേഹരോഗവും മൂർച്ഛിച്ചു. ഓഗസ്റ്റ് 17ന് അവരുടെ വലതുകാൽ മുറിച്ചുമാറ്റി. ജോഷിയുടെ 'ഈ തണുത്ത വെളുപ്പാൻകാലത്ത് 'എന്ന ചിത്രത്തിൽ അഭിനയിച്ച് വീട്ടിലേക്കു വരുമ്പോഴുണ്ടായ ഓട്ടോ അപകടത്തിൽ വലതുകൈ ഒടിഞ്ഞു, കൈയിൽ കമ്പിയിട്ടിരുന്നു.

പിന്നീട് ഇതിന്റെ അസ്വസ്ഥതകളും വാസന്തിയെ അലട്ടി. തൊടുപുഴയിൽ ആരംഭിച്ച വരമണി നൃത്തവിദ്യാലയത്തിൽനിന്നുള്ള വരുമാനമായിരുന്നു അവസാനകാലത്ത് ഏക ആശ്രയം. എന്നാൽ, രണ്ടു വർഷം മുൻപ് അതും പൂട്ടി. ഭർത്താവിന്റെയും പിതാവിന്റെയും തന്റെയും ചികിൽസയ്ക്കായി ലക്ഷങ്ങൾ ചെലവിടേണ്ടി വന്നതിനാൽ കാര്യമായി ഒന്നും സമ്പാദിക്കാൻ അവർക്കു കഴിഞ്ഞില്ല. ദുഃഖഭാരങ്ങൾ ഇറക്കിവയ്ക്കാൻ മക്കളുമുണ്ടായിരുന്നില്ല.

ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത മണക്കാട് ഗ്രാമത്തിലായിരുന്നു വാസന്തിയുടെ ജനനം. അച്ഛൻ കെ.ആർ. രാമകൃഷ്ണൻനായർ നാടകനടനും അമ്മ പി. പങ്കജാക്ഷി അമ്മ തിരുവാതിരക്കളി ആശാട്ടിയുമായിരുന്നു. ഭർത്താവ് സിനിമാ നിർമ്മാതാവായിരുന്ന രജീന്ദ്രൻ നായർ 2010-ൽ അർബുദം ബാധിച്ച് മരിച്ചു.

സിനിമാരംഗത്തെത്തി രണ്ടു വർഷത്തിനുശേഷം 'എന്റെ നീലാകാശം' എന്ന സിനിമയിലാണ് ആദ്യ കാരക്ടർ വേഷം ചെയ്തത്. ഫിലിം ക്രിട്ടിക്സ് അവാർഡും നാടകാഭിനയത്തിന് സംസ്ഥാന സർക്കാർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 16 ടെലിവിഷൻ പരമ്പരകളിലും നൂറിലധികം നാടകങ്ങളിലും അഭിനയിച്ചു. സിനിമയിൽ അവസരം കുറഞ്ഞപ്പോൾ മണക്കാട്ടെ ആർ.കെ. ഭവൻ വീടിനോടുചേർന്ന് 'വരമണി നാട്യാലയം' എന്നപേരിൽ നൃത്തവിദ്യാലയം തുടങ്ങി. മോചനം, എന്റെ നീലാകാശം, തീക്കടൽ, കക്ക, യവനിക, ആലോലം, നവംബറിന്റെ നഷ്ടം, ഗോഡ്ഫാദർ, കാര്യം നിസ്സാരം, സന്മനസ്സുള്ളവർക്ക് സമാധാനം, നിറക്കൂട്ട്, ഇന്നത്തെ പ്രോഗ്രാം, ഫസ്റ്റ് ബെൽ, മലയാള മാസം ചിങ്ങം ഒന്നിന്, അമ്മത്തൊട്ടിൽ, എൽസമ്മ എന്ന ആൺകുട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഭരതൻ, പത്മരാജൻ, ജോഷി, ഹരിഹരൻ, പി.ജി. വിശ്വംഭരൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേം നസീർ, ജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരോടൊപ്പവും വെള്ളിത്തിരയിലെത്തി.

ശവസംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ മണക്കാടുള്ള സ്വന്തം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മമ്മൂട്ടിയെയും സിദ്ദിഖിനെയും കൂടാതെ കുഞ്ചൻ, സീമാ ജി. നായർ, കുക്കു പരമേശ്വരൻ, സാദിഖ്, മനുരാജ്, കെപിസിസി. മുൻഅധ്യക്ഷൻ വി എം. സുധീരൻ, പി.ജെ. ജോസഫ് എംഎ‍ൽഎ. തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP