Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരണം വരേയും മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ അതുല്യ ഗായകൻ; 'കുടമുല്ല ചിരിയുള്ള..കുയിലിന്റെ സ്വരമുള്ള... പുതുപുതുമണവാട്ടി' പാട്ടിലൂടെ ഒരു തലമുറയുടെ തരംഗമായി മാറിയ താരം; തലശ്ശേരിയിലെ കല്യാണ വീടുകളിലും ആവേശം വിതച്ചത് എ ഉമ്മറിന്റെ മാപ്പിളപ്പാട്ടുകൾ

മരണം വരേയും മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ അതുല്യ ഗായകൻ; 'കുടമുല്ല ചിരിയുള്ള..കുയിലിന്റെ സ്വരമുള്ള... പുതുപുതുമണവാട്ടി' പാട്ടിലൂടെ ഒരു തലമുറയുടെ തരംഗമായി മാറിയ താരം;  തലശ്ശേരിയിലെ കല്യാണ വീടുകളിലും ആവേശം വിതച്ചത് എ ഉമ്മറിന്റെ മാപ്പിളപ്പാട്ടുകൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: മരണം വരേയും മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ അതുല്യ ഗായകനാണ് അന്തരിച്ച തലശ്ശേരി എ.ഉമർ. നാല് പതിറ്റാണ്ട് നീളുന്ന സംഗീത ജീവിതത്തിൽ എ. ഉമർ പാടിയ 'കുടമുല്ല ചിരിയുള്ള.....കുയിലിന്റെ സ്വരമുള്ള ... പുതുപുതുമണവാട്ടി 'എന്ന ഒരു ഗാനം മാത്രം മതി തലശ്ശേരി എ.ഉമറിന്റെ ഗാനമാധുര്യം നുണയാൻ. തലശ്ശേരിയിലും ധർമ്മടത്തും മുഴപ്പിലങ്ങാടുമൊക്കെയുള്ള കല്യാണ വീടുകളിൽ എ.ഉമറിന്റെ പാട്ടുകൾ ഒരു കാലത്ത് സജീവമായിരുന്നു.

മുഹമ്മദൻസ് കല്യാണ ഗായക സംഘം രൂപീകരിച്ച് കല്യാണ വീടുകളിൽ നിറസാന്നിധ്യമായി പതിറ്റാണ്ടുകൾ തിളങ്ങി നിന്നു. ആധുനിക സംഗീതത്തിന്റെ പിൻതുണയില്ലാതെ താളാത്മകമായി പാടി ആസ്വാദക മനസ്സിൽ ഉന്നത സ്ഥാനം നേടിയിരുന്നു ഉമർ. എന്നാൽ പ്രശസ്തിക്കും പദവിക്കും വേണ്ടി ആരുടേയും മുമ്പിൽ അടിയറവു പറയുന്ന ശീലം ഉമറിനുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രശസ്തിയുടെ പടവുകളിൽ ഒപ്പമുള്ളവർ കയറിയപ്പോഴും ഉമർ പാട്ടിനെ മാത്രം പ്രണയിച്ചു.

ഉമർ പാടിയ പാട്ടുകൾ പുതുതലമുറകളും ഏറ്റെടുത്തു. സ്‌ക്കൂൾ കലോത്സവങ്ങളിലും സ്റ്റേജ് ഷോകളിലും ഉമറിന്റെ ഗാനങ്ങൾ അണമുറിയാതെ ആലപിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ ഈ പാട്ടുകാരൻ അനശ്വരനാണ്. ജീവകാരുണ്യ പ്രവർത്തനത്തിനുവേണ്ടി സംഗീതത്തെ മാധ്യമമാക്കിയ ഈ ഗായകൻ ജനമനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയിരുന്നു.

പാട്ടുപാടി ലഭിക്കുന്ന വരുമാനം പാവപ്പെട്ടവനുവേണ്ടി മാറ്റിവെച്ചും അവർക്ക് ജീവിത മാർഗ്ഗമുണ്ടാക്കാനും ഈ സ്നേഹഗായകൻ മുന്നിട്ടിറങ്ങിയിരുന്നു. 'തേൻതുള്ളി ' എന്ന ചലച്ചിത്രത്തിലും ഉമർ പാടി അഭിനയിച്ചിരുന്നു. അസീസ് കുറാത്തിയുടെ രചനയിൽ കെ.രാഘവൻ മാസ്റ്റർ സംഗീത സംവിധാനം നിർവ്വഹിച്ച 'കുടമുല്ലചിരിയുള്ള....' എന്ന ഗാനത്തിലൂടേയാണ് ഉമർ മാപ്പിള പാട്ട് രംഗത്ത് പ്രശസ്തനായത്. രാഘവൻ മാസ്റ്റർ തന്നെയാണ് ഉമറിനെ ആകാശവാണിയിൽ പാടിക്കുന്നതും.

രണ്ട് വർഷം മുമ്പ് ഗൾഫിൽ ഇദ്ദേഹം മാപ്പിളപാട്ടുമായി സന്ദർശനം നടത്തിയിരുന്നു. യു.എ.ഇ. , അറേബ്യൻ മെലഡീസ് അവാർഡ്, ഒ. അബൂസ് സ്മാരക പുരസ്‌ക്കാരം, എന്നിവയും അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. മുഴപ്പിലങ്ങാട് തസ്മീർ മൻസിലിലാണ് ഇദ്ദേഹം കഴിഞ്ഞു പോന്നത്. ഭാര്യ സൈനബ, മക്കൾ റഹൂഫ്, ഫൈസൽ, ഫൗസിയ, ജമീല, തസ്ലീം, തൻസിയത്ത്, തസ്മീർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP