Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോലിയോടുള്ള ഹരവുമായി അഫ്ഗാനിലേക്ക്; താമസവും ഓഫീസുമെല്ലാം സുരക്ഷിതമാണെന്ന് എല്ലാവരേയും വിശ്വസിപ്പിച്ചു; വെടിയുണ്ടകളെ നേരിടുമ്പോഴും മകനോട് ഒന്നും പറഞ്ഞില്ല; കാബൂളിൽ ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിഎക്കാരൻ മാത്യു ജോർജ്ജിന്റെ സംസ്‌കാരം നാളെ

ജോലിയോടുള്ള ഹരവുമായി അഫ്ഗാനിലേക്ക്; താമസവും ഓഫീസുമെല്ലാം സുരക്ഷിതമാണെന്ന് എല്ലാവരേയും വിശ്വസിപ്പിച്ചു; വെടിയുണ്ടകളെ നേരിടുമ്പോഴും മകനോട് ഒന്നും പറഞ്ഞില്ല; കാബൂളിൽ ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിഎക്കാരൻ മാത്യു ജോർജ്ജിന്റെ സംസ്‌കാരം നാളെ

കൊച്ചി: തൊട്ടടുത്തു ദുരന്തം എത്തിയതറിഞ്ഞപ്പോഴും മുറിക്കുള്ളിൽ സുരക്ഷിതനാണെന്ന വിശ്വാസമായിരുന്നു കാബൂളിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപു വരെ മാത്യു ജോർജിന്. പുണെയിൽ നിന്നു പതിവുപോലെ മകൻ ദീപുവിന്റെ ഫോൺവിളിയെത്തിയപ്പോൾ അക്കാര്യം അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. ജോലിയോടായിരുന്നു എന്നും ഹരം. അതുകൊണ്ട് തന്നെയാണ് റിട്ടയർ ജീവിതത്തിന് ശേഷം അഫ്ഗാനിസ്ഥാനെന്ന യുദ്ധഭൂമിയിൽ പോലും ജോലി നോക്കാൻ മാത്യുജോർജ്ജ് എത്തിയത്.

മരിക്കും വരെ ജോലിയെടുക്കുകയായിരുന്നു ആഗ്രഹം. അതു മക്കളോടും പങ്കുവച്ചു. അങ്ങനെയാണ് വിശ്രമ ജീവിതം മാറ്റിവച്ചു വീണ്ടും ഡൽഹിയിലെ സിഎ സ്ഥാപനത്തിന്റെ ഭാഗമായത്. അഫ്ഗാനിസ്ഥാനിലെ ജോലിക്കു സ്ഥാപനം നിയോഗിച്ചപ്പോഴും മാത്യു മടിച്ചില്ല. കലാപ ഭൂമിയിൽ പൂർണ്ണ മനസ്സോടെ മാത്യുവെത്തി. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റി. കാബൂളിൽ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണു ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നതെന്നുമാണു മാത്യു എല്ലാവരേയും വിശ്വസിപ്പിച്ചു. അതുകൊണ്ട് തന്നെ ആരും എതിർത്തുമില്ല.

അതേസമയം, ഇനി അഫ്ഗാനിസ്ഥാനിലേക്കില്ലെന്ന് അവധിക്കു വരുമ്പോഴെല്ലാം അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ക്രിസ്മസ് കാലത്തു രണ്ടുമാസം നാട്ടിലുണ്ടായിരുന്നു. ഏൽപ്പിച്ച ജോലിയോടുള്ള ആത്മാർഥത കൊണ്ടാവാം മാത്യു വീണ്ടും കാബൂളിലേക്കു മടങ്ങി. ജീവിതത്തിന്റെ ഏറിയ കാലവും ഉത്തേരന്ത്യയിലായിരുന്നു ജോലിയും താമസവും. അപ്പോഴും മലയാളിത്തം മനസ്സിൽ കൂട്ടി. കൃത്യമായ ഇടവേളകളിൽ നാട്ടിലെത്തി. വയസ്സുകാലം കൊച്ചിയിൽ തന്നെ ആകണമെന്ന് ഉറപ്പിക്കുകയും ചെയ്തു. ഈ മോഹങ്ങളാണ് തീവ്രവാദികളുടെ തോക്കൻ കുഴലിന് മുന്നിൽ തകർന്ന് വീണത്.

അപ്പോളോ ടയേഴ്‌സിൽ നിന്ന് ചീഫ് ഫിനാൻസ് മാനേജരായി വിരമിച്ച ശേഷം സൗദി അറേബ്യയിൽ ജോലി ചെയ്തു. മടങ്ങിയെത്തിയ ശേഷം വീണ്ടും അപ്പോളോ ടയേഴ്‌സിൽ ചേർന്നു. കഴിഞ്ഞ മൂന്നുവർഷമായി ഡൽഹി ആസ്ഥാനമായ നന്ദ അസോസിയേറ്റ്‌സിൽ പാർട്ട്‌ടൈം ജോലി ചെയ്തുവരികയായിരുന്നു മാത്യു ജോർജ്. അഫ്ഗാൻ ഗവൺമെന്റിന്റെ ഓഡിറ്റ് ജോലികൾ നടത്തിയിരുന്നത് നന്ദ അസോസിയേറ്റ്‌സ് ആണ്. ആറുമാസംവീതം അദ്ദേഹം ഓഡിറ്റ് ജോലികൾക്കായി അഫ്ഗാനിസ്ഥാൻ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ അഫ്ഗാനിലെത്തിയ അദ്ദേഹം ജൂണിൽ മടങ്ങാനിരിക്കുകയായിരുന്നു.

ഭീകരാക്രമണം നടന്നുകൊണ്ടിരിക്കുമ്പോൾ മൂത്തമകൻ ദീപക് അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. റെസ്റ്റ് ഹൗസിൽ വെടിവയ്പ് നടക്കുന്നതായുള്ള ടെലിവിഷൻ വാർത്ത കണ്ട് രാത്രി 9.30നാണ് ദീപക് അദ്ദേഹത്തെ വിളിച്ചത്. പുറത്ത് വെടിവയ്പ് നടന്നുകൊണ്ടിരിക്കുകയാണെന്നും താൻ സുരക്ഷിതനായി മുറിയിൽ ഒളിച്ചിരിക്കുകയാണെന്നും മാത്യു ജോർജ് പറഞ്ഞു. 10.30 ഓടെ വീണ്ടും വിളിച്ചപ്പോൾ ഫോൺ പ്രവർത്തനരഹിതമായിരുന്നു.

ഇന്നലെ പുലർച്ചെ ഒന്നോടെ കാബൂളിലെ ഇന്ത്യൻ എംബസിയിൽനിന്ന് ദീപക്കിന് ഫോൺ കോൾ വന്നു. റെസ്റ്റ് ഹൗസിൽ വെടിവയ്പ് നടന്നുവെന്നല്ലാതെ മാത്യു ജോർജിന് എന്തെങ്കിലും സംഭവിച്ചതായി അറിയിച്ചില്ല. ഇന്നലെ ഒൻപത് മണിയോടെയാണ് മാത്യു ജോർജ് കൊല്ലപ്പെട്ട വിവരം എംബസിയിൽനിന്ന് അറിയിക്കുന്നത്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ചാർട്ടേഡ് അക്കൗണ്ടന്റും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.

പരേതരായ പാലാ വെള്ളാത്തോട്ടം വർക്കിഅന്നമ്മ ദമ്പതികളുടെ 12 മക്കളിൽ ഒമ്പതാമനാണ്. അവധിക്ക് നാട്ടിലത്തെി കഴിഞ്ഞ ജനുവരിയിലാണ് അഫ്ഗാനിലേക്ക് തിരികെ പോയത്. മുമ്പ് കൊച്ചിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം നടത്തിവരുകയായിരുന്നു. തൃശൂർ കിണറ്റിങ്കൽ കുടുംബാംഗം ഫിലോയാണ് ഭാര്യ. മക്കൾ: ദീപക് (എൻജിനീയർ, പുണെ), വിനോദ് (എൻജിനീയർ, അമേരിക്ക), അനിത (എൻജിനീയർ, ബംഗളൂരു). മരുമക്കൾ: തൃശൂർ ആമാടത്ത് പെല്ലിശ്ശേരി കുടുംബാംഗം സപ്ന, ഇടുക്കി പള്ളിക്കമാലിൽ കുടുംബാംഗം ലിറ്റോ, തൊടുപുഴ ചെമ്പകത്ത് പറമ്പിൽ കുടുംബാംഗം ടോം.

മൃതദേഹം വെള്ളിയാഴ്ച രാവിലെ അഫ്ഗാനിസ്ഥാനിൽനിന്ന് ഡൽഹിയിലത്തെിക്കും. അവിടെനിന്ന് രാത്രി 10ഓടെ കൊച്ചിയിലത്തെിക്കുമെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുള്ളത്. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് എളംകുളം ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP