Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിനു വേണ്ടി സമരം നയിച്ച തമിഴ്‌നാട്ടുകാരൻ; വാർധക്യത്തിൽ ജീവിതമാർഗം തന്നെ ഉപേക്ഷിച്ചും സമരമുഖത്തെത്തിയ ധീരപോരാളി; മുല്ലപ്പെരിയാറിൽ കേരളത്തിന്റെ സ്വന്തമായ അയൽനാട്ടുകാരൻ മയിലപ്പനെ ഓർക്കുമ്പോൾ

കേരളത്തിനു വേണ്ടി സമരം നയിച്ച തമിഴ്‌നാട്ടുകാരൻ; വാർധക്യത്തിൽ ജീവിതമാർഗം തന്നെ ഉപേക്ഷിച്ചും സമരമുഖത്തെത്തിയ ധീരപോരാളി; മുല്ലപ്പെരിയാറിൽ കേരളത്തിന്റെ സ്വന്തമായ അയൽനാട്ടുകാരൻ മയിലപ്പനെ ഓർക്കുമ്പോൾ

കട്ടപ്പന: മുല്ലപ്പെരിയാർ സമരനായകൻ മയിലപ്പനു നാടിന്റെ അന്ത്യാഞ്ജലി.  ഇടുക്കി ജില്ലയിലെ ഉപ്പുതറ ചപ്പാത്ത് മേലേമഞ്ചാടിവിള ആർ ചെല്ലമുത്തു നാടാർ എന്ന മയിലപ്പൻ വിടപറഞ്ഞത് കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു ഈ 92കാരന്റെ  അന്ത്യം.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യമുയർത്തി ചപ്പാത്തിലെ സ്ഥിരം സമരപ്പന്തലിൽ വർഷങ്ങൾ നീണ്ട സത്യാഗ്രഹത്തിലൂടെയാണ് മയിലപ്പൻ കേരളത്തിൽ ശ്രദ്ധേയനായത്. തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം അത്യന്തം അപകടകരമാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ പുതിയ ഡാം പണിയണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു സമരത്തിൽ പങ്കാളിയായത്.

ഏറ്റവും കൂടുതൽ ദിവസം സമരപ്പന്തലിൽ ഉപവാസമിരുന്ന വ്യക്തികൂടിയാണ് മയിലപ്പൻ. വർഷങ്ങളായി ചപ്പാത്തിലെ റോഡുവക്കിൽ മരച്ചീനി കച്ചവടം നടത്തി ഉപജീവനം മാർഗം തേടിയിരുന്ന ഈ വയോധികന്റെ സമരാവേശവും തീക്ഷ്ണമായ ചിന്താഗതിയും സമരത്തെ ഏറെ പ്രോജ്വലിപ്പിച്ചു. സമരപ്പന്തലിൽ ആള് കുറവാണെന്നു കണ്ടാൽ അപ്പോൾത്തന്നെ തന്റെ ഉപജീവനമാർഗമായ കച്ചവടം അവസാനിപ്പിച്ച് സമരത്തിനൊപ്പം പങ്ക് ചേരുമായിരുന്നു.

ചെല്ലമുത്തു എന്നറിയപ്പെട്ട ചെല്ലമുത്തു നാടാർ മയിലപ്പനായി മാറിയത് മുല്ലപ്പെരിയാർ സമരത്തിലൂടെയാണ്. പ്ലാച്ചിമട സമരനായിക മയിലമ്മയുടെ പേരിനെ സാമ്യപ്പെടുത്തി മുൻ എംഎ‍ൽഎ ആയ സൈമൺ ബ്രിട്ടോയാണ് മയിലപ്പൻ എന്ന പേര് ചെല്ലമുത്തു നാടാർക്ക് സമ്മാനിച്ചത്. കേരളമാകെ മുല്ലപ്പെരിയാർ സമരത്തിന് അഭിവാദ്യമർപിച്ച് ഒഴുകിയെത്തിയപ്പോഴും ബന്ധപ്പെട്ടവർ സമരത്തെ അവഗണിച്ചപ്പോഴുമെല്ലാം മയിലപ്പൻ സമരവേദിയുടെ മുന്നണിയിൽ ഉണ്ടായിരുന്നു. മുല്ലപ്പെരിയാർ സമരം മുന്നിൽ നിന്ന് നയിച്ചത് ഒരു തമിഴ്‌നാട്ടുകാരനായിരുന്നുവെന്ന് വേണമെങ്കിൽ ചരിത്രത്തിൽ കുറിക്കാം.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ സ്വാമിയാർ മഠം എന്ന സ്ഥലത്തു നിന്നും 1958-ലാണ് ചെല്ലമുത്തു നാടാരും ഭാര്യ ചെല്ലമ്മയും ചപ്പാത്തിലെത്തിയത്. വാർധക്യരോഗങ്ങൾ മൂർച്ഛിച്ചതോടു കൂടി ഭാര്യ ചെല്ലമ്മയാണ് കടയിലെ കാര്യങ്ങൾ നോക്കിയിരുന്നത്. കടയിൽ നിന്ന് കിട്ടുന്ന വരുമാനം ഇരുവരുടേയും ചികിത്സയ്ക്കു പോലും തികയുന്നില്ലായിരുന്നു. ചപ്പാത്തിൽ നിന്ന് 200 മീറ്ററോളം മാറിയാണ് മയിലപ്പന്റെ വീട്. ഇതാകട്ടെ യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത അവസ്ഥയിലും. ഇതിനിനിടെയാണ് സമരപ്പോരാളിയായി മയിലപ്പൻ നിറഞ്ഞുനിന്നത്. എന്നിട്ടും സമരപ്പന്തലിൽ മയിലപ്പൻ രാവിലെ നാലുമണിക്കൂർ നിരാഹാര സമരത്തിനെത്തുമായിരുന്നു.. രൂക്ഷമായ ശ്വാസംമുട്ടലും മൂത്രതടസ്സം, കാഴ്ചക്കുറവ്, ശരീരമാസകലം വേദന എന്നിവയുണ്ടെങ്കിലും ഇവയെല്ലാം അവഗണിച്ചായിരുന്നു സമരം. ജീവിക്കുന്നിടത്തോളം കാലം ഒറ്റയ്ക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്.

മയിലപ്പന്റെ മൃതദേഹം ചപ്പാത്തിൽ പൊതുദർശനത്തിനു വച്ചശേഷം കരിന്തരുവി പുതുവലിലെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളുമടക്കം വൻജനാവലി ആദരാഞ്ജലി അർപിക്കാനെത്തിയിരുന്നു. ഭാര്യ :ചെല്ലമ്മ. മക്കൾ: തങ്കസ്വാമി, സോമൻ, പൊന്നുസ്വാമി. മരുമക്കൾ :വിക്ടോറിയ, സുലോചന, രാജകുമാരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP