Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെഗുവേര മനസ്സിലേറ്റിയ വിപ്ലവ ഗുരു; അയൽപക്കങ്ങളിൽ ഇടതുപക്ഷത്തിന് വേരോട്ടമുണ്ടാക്കിയതോടെ അമേരിക്കയുടെ തലവേദനയായി; ഇന്ദിരയെ കെട്ടിപ്പിടിച്ച് ഞെട്ടിച്ചു; ആ സ്‌നേഹം തുടർന്നത് ക്യൂബയിലെ പെൺകുട്ടികൾക്ക് ഇന്ദിരയെന്ന് പേരിട്ടുകൊണ്ട്

ചെഗുവേര മനസ്സിലേറ്റിയ വിപ്ലവ ഗുരു; അയൽപക്കങ്ങളിൽ ഇടതുപക്ഷത്തിന് വേരോട്ടമുണ്ടാക്കിയതോടെ അമേരിക്കയുടെ തലവേദനയായി; ഇന്ദിരയെ കെട്ടിപ്പിടിച്ച് ഞെട്ടിച്ചു; ആ സ്‌നേഹം തുടർന്നത് ക്യൂബയിലെ പെൺകുട്ടികൾക്ക് ഇന്ദിരയെന്ന് പേരിട്ടുകൊണ്ട്

ലോക കമ്യൂണിസത്തിലെ തീപ്പന്തം അണഞ്ഞുപോയി. ക്യൂബൻ വിപഌവ നായകൻ ഫിദൽ കാസ്‌ട്രോ അന്തരിക്കുമ്പോൾ ലോക കമ്യൂണിസത്തിന് നഷ്ടമാകുന്നത് ജനലക്ഷങ്ങളുടെ നെഞ്ചിൽ കമ്യൂണിസ്റ്റ് ആശയങ്ങളുടെ കനലെരിയിച്ച കാരണവരെയാണ്. ലോകത്തെങ്ങും വിപഌവ പ്രസ്ഥാനം വളർത്തുന്നതിൽ കാസ്‌ട്രോ വഹിച്ച പങ്ക് ചെറുതല്ല. ലോകത്ത് എറ്റവുമധികം ആരാധകരുള്ള വിപഌവകാരിയാണ് വർത്തമാനകാലത്തും കാസ്‌ട്രോ.

ക്യൂബയിലെ ബീറാനിലുള്ള ഒരു ധനിക കർഷക കുടുംബത്തിൽ ജനിച്ച കാസ്‌ട്രോ ഹവാനയിലെ സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നത് 1945 കാലത്താണ്. ക്യൂബൻ സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള പുസ്തങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായ കാസ്‌ട്രോ ക്യൂബൻ ഭരണനേതൃത്വത്തിനെതിരെ സമരം ചെയ്തുകൊണ്ടാണ് രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുന്നത്. പിന്നീട് അമേരിക്കയുടെയും പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങളുടെയും ഉപരോധങ്ങളെയും സൈനിക നീക്കങ്ങളെയും ചെറുത്ത്, തന്റേതായ രീതിയിൽ ക്യൂബയിൽ സോഷ്യലിസ്റ്റ് സംവിധാനം കൊണ്ടുവരാൻ ശ്രമിച്ച് കാസ്‌ട്രോ ക്യൂബൻ രാഷ്ട്രീയത്തിൽ മാത്രമല്ല, രാജ്യാന്തര തലത്തിലും ശ്രദ്ധേയനായി. മുതലാളിത്ത വിരുദ്ധ പോരാട്ടത്തിന്റെ വക്താവായി കാസ്‌ട്രോ മാറുന്നത് അങ്ങനെയാണ്.

വിപ്ലവകാരിയും ഗൊറില്ലാ പോരാളിയുമായി മാറിയ കാസ്‌ട്രോ കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ നടന്ന സർക്കാർ വിരുദ്ധ കലാപങ്ങളിൽ പങ്കാളികളായി. അമേരിക്കൻ പിന്തുണയോടെ സർവാധിപത്യ ഭരണം നടത്തിയിരുന്ന ക്യൂബയിലെ ബാറ്റിസ്റ്റ സർക്കാരിനെവീഴ്‌ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. അട്ടിമറിയിലൂടെ രാജ്യത്ത് അധികാരത്തിലെത്തിയ ബാറ്റിസ്റ്റയെ കാസ്‌ട്രോ ഒരിക്കലും അംഗീകരിച്ചില്ല. 1953ൽ മൊൻകാഡ ബാരക്ക്‌സ് അക്രമത്തിലുടെ സർക്കാരിനെ മറിച്ചിടനുള്ള കാസ്‌ട്രോയുടെയും കൂട്ടരുടെയും നീക്കം പാളി. ഇതേത്തുടർന്ന് വിപ്ലവപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കാസ്‌ട്രോയടക്കമുള്ളവർ പിടിയിലായി. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് കാസ്‌ട്രോ ജയിൽ മോചിതനാകുന്നത്.

വിപ്‌ളവലോകത്തെ അഗ്നിനക്ഷത്രമായി ചെറുപ്പക്കാർ ആരാധിച്ച ചെഗുവേരയെ കാസ്‌ട്രോ കണ്ടെത്തുന്നത് ഇക്കാലത്താണ്. അർജന്റീനയിൽ ജനിച്ച ഏണസ്‌റ്റൊ ചെഗുവേര കാസ്‌ട്രോയുടെ ഉറ്റതോഴനായി മാറി. മെക്‌സിക്കോയിൽ രാഷ്ട്രീയ അഭയംതേടിയ കാലത്തായിരുന്നു ഈ കൂട്ടുകെട്ട്. അവിടെവച്ച് ചെ ഗുവേരയും സഹോദരൻ റൗൾ കാസ്‌ട്രോയുമായി ചേർന്ന് 26 ജൂലൈ പ്രസ്ഥാനമെന്ന പേരിൽ ഒരു വിപ്ലവ സംഘടന രൂപീകരിച്ചു. മൊൻകാഡ ബാരക്ക്‌സ് ആക്രമണത്തിന്റെ ഓർമ്മയിൽനിന്നാണ് ജൂലൈ 26 എന്ന പേര് വിപ്ലവ സംഘടനയ്ക്ക് നൽകുന്നത്. മെക്‌സിക്കോയിൽ കഴിയുകയായിരുന്ന 82 വിപ്ലവകാരികളായിരുന്നു അതിൽ ഉണ്ടായിരുന്നത്. 1956 ഡിസംബർ രണ്ടിന് ഈ ഗ്രൂപ്പിൽപെട്ട കാസ്‌ട്രോ അടക്കമുള്ളവർ, ഗ്രാന്മ എന്ന ബോട്ടിൽ കയറി, ക്യൂബയിൽ എത്തി. ക്യൂബർ വ്യോമസേനയുടെ ആക്രമണത്തിൽ കനത്ത നാശനഷ്ടം നേരിട്ട ഇവർക്ക് രണ്ട് വിഭാഗങ്ങളായി തിരിയേണ്ടിവുന്നു. ഒരു ഘട്ടത്തിൽ കാസ്‌ട്രോ കൊല്ലപ്പെട്ടതായിവരെ ബാറ്റിസ്റ്റ സർക്കാർ പ്രചരിപ്പിച്ചു.

ഭരണകൂടത്തിന്റെ ആക്രമണത്തിൽ ഛിന്നഭിന്നമായ സംഘത്തിലെ 12 പേർ സൈയിന്റ് മിസ്ട്ര മലനിരകളിൽ ഒന്നിച്ചുകൂടി. ക്യൂബൻ സൈന്യത്തെ എതിരിട്ട സംഘത്തിലെ ചേഗുവേരയ്ക്ക് കഴുത്തിൽ വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ഈ പോരാട്ടത്തിൽ പിന്നീട് വിവിധ സംഘടനകൾ പങ്കാളികളായി. ഈ സംഘടന യൂണൈറ്റഡ് പാർട്ടി ഓഫ് ക്യൂബൻ സോഷ്യലിസ്റ്റ് പാർട്ടിയായി മാറി. തുടർന്ന് നടന്ന പോരാട്ടങ്ങളിലൂടെയാണ് 1959ൽ ബാറ്റിസ്റ്റ ഭരണകൂടത്തെ അട്ടിമറിക്കുന്നത്.

ചെഗുവേരയുടെ മനസ്സിൽ ഇടംപിടിച്ച വിപ്ലവഗുരു

പക്ഷേ, ഇതൊന്നും അമേരിക്കൻ ഭരണകൂടത്തിന് രുചിച്ചില്ല. കാസ്‌ട്രോയെ അധികാരഭ്രഷ്ഠനാക്കാൻ അമേരിക്ക ആവതും ശ്രമിച്ചുതുടങ്ങി. പക്ഷേ, സോവിയറ്റ് യൂണിയനുമായുള്ള അടുപ്പം കാസ്‌ട്രോയ്ക്ക് തുണയായി. സോവിയറ്റ് യൂണിയനുമായുള്ള അടുപ്പവും കാസ്‌ട്രോയും ചേഗുവേരയും പിന്നിട്ട വിപ്ലവ പാതകളും അമേരിക്കയെ അസ്വസ്ഥമാക്കി. ഐസൻഹോവറിന്റെയും ജോൺ എഫ് കെന്നഡിയുടെയും കാലത്ത് കാസ്‌ട്രോ ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രത്യക്ഷത്തിൽ തന്നെയുള്ള സൈനിക ഇടപെടലുകൾക്ക് അമേരിക്ക തയ്യാറായി. 1961ൽ നടത്തിയ ബേ ഓഫ് പിഗ്‌സ് ആക്രമമായിരുന്നു ഇതിൽ പ്രധാനം. അമേരിക്കൻ ചാരസംഘടനയായ സിഐഎ പരിശീലിപ്പിച്ച സംഘമായിരുന്നു കാസ്‌ട്രോ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചത്. എന്നാൽ മൂന്ന് ദിവസം കൊണ്ട് അക്രമത്തെ ഇല്ലായ്മ ചെയ്തതോടെ അമേരിക്കൻ തന്ത്രം പൊളിഞ്ഞു.

1965 ലാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമാകുന്നത്. കാസ്‌ട്രോ അതിന്റെ ജനറൽ സെക്രട്ടറിയായി. മൂന്നാം ലോക രാജ്യങ്ങളുടെ മുന്നണി നേതാക്കളിൽ ഒരാളായി മാറിയ കാസ്‌ട്രോ ചേരിചേരാ ഉച്ചകോടിയുടെ സെക്രട്ടറി ജനറലായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം വലിയ പ്രതിസന്ധിയിലായ ക്യൂബയെ സോഷ്യലിസ്റ്റ് രാഷ്ട്രമായി പിടിച്ചുനിർത്താൻ കഴിഞ്ഞുവെന്നതാണ് കാസ്‌ട്രോയുടെ ഏറ്റവും വലിയ നേട്ടം. ബൊളിവീയ, നിക്കരാഗ്വ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വരുന്നതിന് നിർണായക പങ്കാണ് കാസ്‌ട്രോ വഹിച്ചത്.
ഇരുപതാം നൂറ്റാണ്ടു കണ്ട പ്രമുഖ രാഷ്ട്ര നേതാക്കളിലൊരാണ് കാസ്‌ട്രോ. ലാറ്റിനമേരിക്കൻ വിപ്ലവകാരികളുടെ കാരണവർ എന്ന് ഇവോ മൊറെയിസ് വിശേഷിപ്പിച്ച കാസ്‌ട്രോ എപ്പോഴും ലോകത്തിലെ ഇടതുചിന്തകരുടെ മനസ്സിലെ കത്തുന്ന തീപ്പന്തമായിരുന്നു.

കുറച്ചുനാളത്തെ അടുപ്പംകൊണ്ടുതന്നെ ചെഗുവേരയെന്ന യുവത്വത്തിന്റെ ആവേശനായകൻ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ച നേതാവായിരുന്നു കാസ്‌ട്രോ. വിപഌവാനന്തരം ക്യൂബൻ ജനത കാസ്‌ട്രോയ്ക്കു ശേഷമുള്ള നേതാവായി ചെയെ മനസ്സി്ൽ പ്രതിഷ്ഠിച്ചു. ഏണസ്‌റ്റോ ഗുവേര സെർണ എന്ന പേരിൽ ചെ എന്ന് കൂട്ടിച്ചേർത്തത് കാസ്‌ട്രോയാണ്. ഇതിനുശേഷം ക്യൂബയൽ ഭരണനിർവഹണ സ്ഥാനങ്ങൾ വഹിച്ചുവന്ന ചെ എന്ന പോരാളിക്ക് ഭരണത്തേക്കാൾ ഇഷ്ടം വിപഌവംതന്നെയായിരുന്നു. അതിനാൽ ചുമതലകളെല്ലാം വിട്ട് ചെ ഒരുനാൾ ക്യൂബ വിട്ടു. 1965ലായിരുന്നു ഇത്. ലാറ്റിനമേരിക്കയിലെ സായുധസമര രംഗത്തേക്ക് ക്യൂബയിൽ നിന്ന് ഒരു ഒളിച്ചോട്ടമാണ് ചെ നടത്തിയത്. ആ സമരഭൂമിയിൽ 1967 ഒക്ടോബറിൽ ബൊളീവിയൻ പട്ടാളക്കാർ ചെയെ വെടിവച്ചുകൊന്നു.

ഇന്ദിരയെ കെട്ടിപ്പിടിച്ച് ഇന്ത്യയെ ഞെട്ടിച്ച കാസ്‌ട്രോ

ഇന്ത്യയുടെ ഓർമ്മകളിൽ കാസ്‌ട്രോയുടെ പേര് തെളിയുക നെഹ്‌റു കുടുംബവുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത ബന്ധത്തിലൂടെയാണ്. ഇന്ദിരാഗാന്ധി തന്റെ സഹോദരിയായി കരുതിയ കാസ്‌ട്രോ ആ സ്‌നേഹം പ്രകടിപ്പിച്ചത് തന്റെ ക്യൂബയിലെ നിരവധി പേർക്ക് ഇന്ദിരയെന്ന് പേരിട്ടുകൊണ്ടാണ്. ന്യൂഡൽഹിയിൽ 1983ൽ ഇന്ദിര കൊല്ലപ്പെടുന്നതിന്റെ തൊട്ടു തലേവർഷം കാസ്‌ട്രോ ചേരിചേരാ സമ്മേളനത്തിന് എത്തിയ വേളയിൽ വേദിയിൽവച്ച് ഇന്ദിരയെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചത് വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. സമിറ്റിന് എത്തിയ നൂറിലേറെ ഉന്നതരായ പ്രതിനിധികൾക്കുമുന്നിൽ വച്ചാണ് ഇന്ദിരാഗാന്ധിയെ കരവലയത്തിൽ ഒതുക്കിയ ആശ്‌ളേഷം.

ഇരുവരും വേദിയിൽ അടുത്തെത്തിയപ്പോൾ ഇന്ദിര ഹസ്തദാനത്തിനായി കൈ മുന്നോട്ടു നീട്ടി. കാസ്‌ട്രോ അത് ശ്രദ്ധിച്ചില്ല. കൈ പിൻവലിച്ച ഇന്ദിര വീണ്ടും കൈനീട്ടി. പക്ഷേ, ഹസ്തദാനത്തിന് തയ്യാറാവാതെ ഒരു ചെറുചിരിയുമായി കാസ്‌ട്രോ നിന്നു. മൂന്നാമതും കൈനീട്ടിയപ്പോൾ പൊടുന്നനെ കാസ്‌ട്രോ ഇന്ദിരയെ വലിച്ചടുപ്പിക്കുകയും ഹാളിൽ എല്ലാവരും നോക്കിനിൽക്കെ ആശ്‌ളേഷിക്കുകയുമായിരുന്നു.

ഇതോടെ ഈ രംഗങ്ങൾ കണ്ടുനിന്ന എല്ലാവരും കരഘോഷംമുഴക്കി. ആ സഹോദര സ്‌നേഹം ക്യൂബയിലും ചർച്ചയായതോടെ അവിടെ നിരവധി പെൺകുട്ടികൾക്ക് ഫിദൽ-ഇന്ദിര സൗഹൃദത്തിന്റെ ഓർമ്മയിൽ ഇന്ദിരയെന്ന പേരും നൽകി ക്യൂബൻ ജനത. അതുപോലെ ചർച്ചചെയ്യപ്പെട്ട മറ്റൊരു സൗഹൃമാണ് ഫുട്ബോൾ മാന്ത്രികൻ മറഡോണയുമായി ഉണ്ടായിരുന്നതും. ചെയുടെ നാടായതുകൊണ്ടു കൂടി അർജന്റീനയും ഫുട്ബാളും കാസ്‌ട്രോയുടേയും ഇഷ്ടങ്ങളായിരുന്നു. മറഡോണയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തോടൊപ്പം കാസ്‌ട്രോയും പന്തുതട്ടിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP