Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളത്തിലെ ആധുനിക കവികളിൽ പ്രമുഖൻ; ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തത് അനുഭവങ്ങളിലൂടെ മറികടന്നു; ജാടയില്ലാത്ത ജൈവ ഭാഷയിൽ കവിതയെഴുതി; ഒരു ഉപജാപങ്ങൾക്കുമില്ലാതെ ഗാന്ധിയൻ ജീവിതം; വിടവാങ്ങുന്നത് സാഹിത്യലോകത്തെ സാത്വിക സാന്നിധ്യം; എംഎൻ പാലൂർ ഓർമ്മയാകുമ്പോൾ

മലയാളത്തിലെ ആധുനിക കവികളിൽ പ്രമുഖൻ; ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തത് അനുഭവങ്ങളിലൂടെ മറികടന്നു; ജാടയില്ലാത്ത ജൈവ ഭാഷയിൽ കവിതയെഴുതി; ഒരു ഉപജാപങ്ങൾക്കുമില്ലാതെ ഗാന്ധിയൻ ജീവിതം; വിടവാങ്ങുന്നത് സാഹിത്യലോകത്തെ സാത്വിക സാന്നിധ്യം;  എംഎൻ പാലൂർ ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആധുനികതയുടെ ദുർഗ്രഹ സങ്കേതകങ്ങളും ജാടകളുമൊന്നുമില്ലാതെ തീർത്തും ജൈവഭാഷയിൽ എഴുതിയ കവിയായിരുന്നു ഇന്ന് അന്തരിച്ച എം.എൻ.പാലൂർ എന്ന പാഴൂർ മാധവൻ നമ്പൂതിരി ( 86). മലയാളത്തിലെ ആധുനിക കവികളിൽ പ്രമുഖനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം യാതൊരു ഉപജാപങ്ങൾക്കും നിൽക്കാത്ത സ്വാതിക സാന്നിധ്യമാണ്. ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു പാലൂരിന്റെ അന്ത്യം. കേന്ദ്ര, കേരള പുരസ്‌കാരങ്ങളും ആശാൻ സാഹിത്യ പുരസ്‌കാരവും നേടിയിട്ടുണ്ട്.

എറണാകുളം ജില്ലയിൽ പാറക്കടവ് എന്ന സ്ഥലത്തെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൽ പാലൂരു മനയ്ക്കൽ മാധവൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി ജനിച്ച ഇദ്ദേഹത്തിനു ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ചെറുപ്രായത്തിൽ തന്നെ, പണ്ഡിതനായ കെ പി നാരായണ പിഷാരടിയുടെ കീഴിൽ സംസ്‌കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽനിന്നും കഥകളി അഭ്യസിക്കാനും ഇദ്ദേഹത്തിനു അവസരമുണ്ടായി.

പിന്നീട് നാടുവിട്ടു ബോംബെയിൽ എത്തി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്റായി വിരമിച്ചു. ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയാണ് ഉഷസ്സ്. പുതിയ തലമുറയോട് ജീവിതം എന്തെന്നറിഞ്ഞ ഒരു മനുഷ്യന്റെ സന്ദേശമാണ് ഉഷസ്സ്. ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദർശന ദീപ്തി കൊണ്ടും മലയാളകവിതയിൽ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതയെന്നും ആകർഷകമായ നർമ്മ ബോധത്തിന്റെ മിന്നൽ ചിരി ഇദ്ദേഹത്തിന്റെ ചില കവിതകളിൽ കാണാം എന്നും ലീലാവതി ടീച്ചർ അഭിപ്രായപ്പെടുന്നു. വാക്കുകളിലും ചിന്തകളിലും സൗമ്യത കാത്തുസൂക്ഷിക്കുന്ന കവി,ഗർജിക്കുന്നവരുടെ ലോകത്തു സൗമ്യശീലം ചിന്തയിലും മറ്റും ആവാഹിക്കുന്ന വേറിട്ടൊരു കാവ്യ രീതിയാണ് അവലംബിച്ചിരിക്കുന്നത്.

പേടിത്തൊണ്ടൻ (1962) ആണ് ആദ്യ കാവ്യ സമാഹാരം. തീർത്ഥയാത്ര, ഭംഗിയും അഭംഗിയും, സംഗമ സംഗീതം, പച്ചമാങ്ങ, സർഗധാര, കലികാലം തുടങ്ങിയവയാണു പ്രധാനകൃതികൾ. കലികാലത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് (1983) ലഭിച്ചു. ആത്മകഥ 'കഥയില്ലാത്തവന്റെ കഥ' 2013ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടി. 2009ലെ ആശാൻ സാഹിത്യ പുരസ്‌കാരവും പാലൂരിനായിരുന്നു.
ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.

ദീർഘകാലമായി കോഴിക്കോട് കോവൂരിനടുത്ത് താമസമാക്കിയ ഇദ്ദേഹം തീരെ വയ്യാതാവുന്നതുവരെ പ്രദേശത്തെ സാസ്്ക്കാരിക പരിപാടികളിൽ സജീവമായിരുന്നു. എഴുത്തുകാരുടെ ഗ്രൂപ്പിസത്തിലും ആരോപണപ്രത്യാരാപണങ്ങളിലും ഒന്നും ഭാഗഭാഗക്കാവാതെ അദ്ദേഹം തന്റെ കർമ്മ മണ്ഡലത്തിൽ മാത്രമായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP