Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുജനെ ബസിൽ വീട്ട് സ്‌കൂളിൽ പോയത് പുത്തൻ ഹെർകുലിസ് സൈക്കിളിൽ; ഇടയ്ക്കിടെ സ്‌കൂൾ ഷെഡിലെ സാരഥിയെ കണ്ടു മടങ്ങുന്ന പതിവിനിടെ പറന്നു വന്ന പട്ടിക; തലയിൽ കൊണ്ടത് കണ്ട് ക്രിക്കറ്റ് കളിക്കാർ ഞെട്ടിയപ്പോഴും 'കുഴപ്പമില്ല ചേട്ടാ' എന്നു പറഞ്ഞു മുന്നോട്ടു നടന്ന ശാന്തത; വീട്ടിന് മുമ്പിലെ 'കളിയരങ്ങിൽ' മകന്റെ ചേതനയറ്റ ശരീരം കണ്ട് വിങ്ങി പൊട്ടി അച്ഛനും അമ്മയും; ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ പൊട്ടിക്കരയുന്ന അനുജൻ; നവനീതിന് സ്‌കൂളും നാടും വിടചൊല്ലുമ്പോൾ

അനുജനെ ബസിൽ വീട്ട് സ്‌കൂളിൽ പോയത് പുത്തൻ ഹെർകുലിസ് സൈക്കിളിൽ; ഇടയ്ക്കിടെ സ്‌കൂൾ ഷെഡിലെ സാരഥിയെ കണ്ടു മടങ്ങുന്ന പതിവിനിടെ പറന്നു വന്ന പട്ടിക; തലയിൽ കൊണ്ടത് കണ്ട് ക്രിക്കറ്റ് കളിക്കാർ ഞെട്ടിയപ്പോഴും 'കുഴപ്പമില്ല ചേട്ടാ' എന്നു പറഞ്ഞു മുന്നോട്ടു നടന്ന ശാന്തത; വീട്ടിന് മുമ്പിലെ 'കളിയരങ്ങിൽ' മകന്റെ ചേതനയറ്റ ശരീരം കണ്ട് വിങ്ങി പൊട്ടി അച്ഛനും അമ്മയും; ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ പൊട്ടിക്കരയുന്ന അനുജൻ; നവനീതിന് സ്‌കൂളും നാടും വിടചൊല്ലുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സ്‌കൂളിൽ കുട്ടികളുടെ ക്രിക്കറ്റ് കളിക്കിടയിൽ അബദ്ധത്തിൽ പട്ടികക്കഷണം കൊണ്ടു മരിച്ച നവനീതിനു നാട് വിട നൽകിയത് കണ്ണീരോടെ. അച്ഛനും അമ്മയും അനുജനും അവനു കൂട്ടുകാർ തന്നെയായിരുന്നു. ആ വളപ്പു മാത്രമായിരുന്നു നവനീതിന്റെയും അനുജൻ നവീനിന്റെയും കളിയരങ്ങ്. ഇവിടെ ഇന്നലെ സാക്ഷ്യം വഹിച്ചത് നവനീതിന്റെ ഓർമ്മകൾക്ക് മുമ്പിൽ പൊട്ടിക്കരയുന്ന നാട്ടുകാരെയാണ്. അച്ഛനേയും അമ്മയേയും അനുജനേയും ആശ്വസിപ്പിക്കാൻ പാടുപെട്ട് ബന്ധുക്കളും.

അനുജനെ സ്‌കൂൾ ബസിൽ യാത്രയാക്കിയിട്ടാണ് അവൻ സ്‌കൂളിലേക്കു പുറപ്പെട്ടിരുന്നത്. ദുരന്തമുണ്ടായ ദിവസവും ചിരിച്ചു കൈവീശി അനുജനോടു യാത്ര പറഞ്ഞതാണു നവനീത്. വൈകിട്ടു തിരിച്ചെത്തിയാൽ രണ്ടുപേരും മാത്രമാണു കളിക്കൂട്ടുകാർ. അച്ഛനും അമ്മയും വീട്ടിലില്ലെങ്കിൽ നവനീതും നവീനും ഗേറ്റ് പൂട്ടിയിരിക്കും. ഈ വീട് ഇന്ന് ശോകമുകാമാണ്. കളി ചിരികൾ ഇല്ല. ഉയരുന്നത് കരച്ചിൽ മാത്രം. ഇന്നലെ രാവിലെ രാവിലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം 1.30ന് മൃതദേഹം നവനീതിന്റെ വിദ്യാലയമായ ചുനക്കര ഗവ. വിഎച്ച്എസ്എസിൽ പൊതുദർശനത്തിനു വച്ചു. രണ്ടു മണിയോടെ നൂറനാട് പുതുപ്പള്ളി കുന്നത്തെ വീട്ടിലേക്കു മൃതദേഹം കൊണ്ടുപോയി. ജനപ്രതിനിധികളും നാട്ടുകാരും അദ്ധ്യാപകരും വിദ്യാർത്ഥികളും അനുഗമിച്ചു. 2.10നു വീട്ടിലെത്തിച്ച മൃതദേഹം മൂന്നു മണിയോടെ വീടിനോടു ചേർന്നു തെക്കുവശത്ത് ഒരുക്കിയ ചിതയിലേക്കെടുത്തു. അനുജൻ നവീനാണു ചിതയ്ക്കു തീ കൊളുത്തിയത്. പിതാവ് വിനോദിന്റെയും മാതാവ് ധന്യയുടെയും വിലാപം കണ്ടുനിന്നവരിലും കണ്ണീർ പടർത്തി.

വിശാലമായ പേരുവേലിച്ചാൽ പുഞ്ചയുടെ സമീപത്താണു വീട്. തൊട്ടടുത്തെങ്ങും അവർക്കു കളിക്കൂട്ടുകാരില്ല. സൗമ്യനും ശാന്തനുമായിരുന്നു നവനീതായിരുന്നു അനുജന് എല്ലാമെല്ലാം. ഈ കൂട്ട് നഷ്ടമാകുന്ന വേദനിയിലാണ് ചേട്ടന്റെ ചിതയ്ക്ക് നവീൻ തീ കൊളുത്തിയത്. പുത്തൻ ഹെർക്കുലീസ് സൈക്കിൾ ആണ് നവനീതിന്റേത്. സ്‌കൂളിലെ ഷെഡിൽ വച്ചിരിക്കുന്ന സൈക്കിൾ അവിടെത്തന്നെയുണ്ടോയെന്ന് ഇടവേളകളിൽ പോയി നോക്കുന്ന പതിവുണ്ട് നവനീതിന്. അന്ന് ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് അവൻ സൈക്കിൾ ഷെഡിലേക്ക് ഓടിയതും ഇതിനായിരുന്നു. സ്‌കൂളിൽ ഓഡിറ്റ് തർക്കം ഉന്നയിച്ചതിനെത്തുടർന്ന് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച കെട്ടിടത്തിന്റെയും വൊക്കേഷനൽ ഹയർ സെക്കൻഡറിയുടെ സിവിൽ കൺസ്ട്രക്ഷൻ ലാബിന്റെയും മധ്യഭാഗത്തു കൂടിയാണ് ഏറ്റവും താഴെയുള്ള യുപി സ്‌കൂൾ കെട്ടിടത്തിൽ നിന്നു നവനീത് മുകളിലെ ഓഫിസ് കെട്ടിടത്തിനു പിന്നിലെ സൈക്കിൾ ഷെഡിലേക്ക് എത്തുന്നത്.

വഴിയിൽ മരക്കഷണങ്ങൾ മുറിച്ചിട്ടിരിക്കുന്നതിലും മരത്തിന്റെ വേരുകളിലുമായി കുട്ടികൾ ഇരിക്കാറുണ്ട്. അതിനിടയിലെ ചെറിയ മൈതാനത്ത് കുട്ടികൾ പട്ടികക്കഷണം ബാറ്റും കടലാസ് ചുരുട്ടിയ പന്തുമായി ക്രിക്കറ്റ് കളിക്കാറുണ്ട്. ബെഞ്ചിനടിയിൽ രണ്ടു കാലുകളെ ബന്ധിപ്പിച്ചു ഘടിപ്പിക്കുന്ന പട്ടികയായിരുന്നു ബാറ്റ്. ബാറ്റ് വീശി കറങ്ങിയതും നവനീത് ഓടിയെത്തിയതും ഒരേ നിമിഷത്തിൽ. വിദ്യാർത്ഥിയുടെ കൈയിൽനിന്നു പട്ടികക്കഷണം തെറിച്ചു നവനീതിന്റെ തലയിൽ കൊണ്ടുവെന്നാണു പൊലീസ് പറയുന്നത്. തലയ്ക്ക് അടിയേറ്റതും തല തടവി നവനീത്, 'കുഴപ്പമില്ല ചേട്ടാ' എന്നു പറഞ്ഞു മുന്നോട്ടു നടന്നു. പിന്നെ അവൻ കുഴഞ്ഞു വീണു. ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകുന്നുവെന്നു മനസ്സിലാക്കിയ ഡോക്ടർമാർ വിദഗ്ധ ചികിത്സയുള്ള ആശുപത്രിയിലേക്കു മാറ്റാൻ നിർദ്ദേശിച്ചു. വാഹനത്തിൽ കായംകുളം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടയിൽ നവനീത് മരിച്ചു. ഇതോടെ കളിചിരികൾ മാഞ്ഞു.

തലച്ചോറിലേക്കുള്ള പ്രധാന രക്തക്കുഴൽ മുറിഞ്ഞതാണു നവനീതിന്റെ മരണ കാരണമെന്നു പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. തടിക്കഷണം തലയിൽ കൊണ്ടപ്പോൾ വേഗത്തിൽ തല വെട്ടിച്ചതാകാം ഞരമ്പു മുറിയാൻ കാരണമെന്നാണ് ഡോക്ടർമാർ നവനീതിന്റെ ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചത്. തുടർന്നു തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ടായി. ഇങ്ങനെ സംഭവിച്ചാൽ വൈകാതെ മരണം സംഭവിക്കുമെന്നും ഡോക്ടർമാർ പറയുന്നു. നവനീതിന്റെ തലയിൽ ഗുരുതരമായ ക്ഷതമൊന്നും കാണാനില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു.

അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നതെന്നും പോസ്റ്റ്‌മോർട്ടത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം മറ്റു വകുപ്പുകൾ ഉൾപ്പെടുത്തണോ എന്ന് ആലോചിക്കുമെന്നും പൊലീസ് അറിയിച്ചു. ജീവാപായത്തിന് കാരണമായ അശ്രദ്ധയ്ക്കാണു കേസ് എടുത്തിരിക്കുന്നതെന്നാണ് പൊലീസ് ആദ്യം അറിയിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP