Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചേർത്തലയിലെ അടുത്ത സുഹൃത്ത് കമ്മ്യൂണിസ്റ്റുകാരനായ കെകെ കുമാരൻ; കോളേജിൽ വയലാറിനെ കവിതാ മത്സരത്തിൽ തോൽപ്പിച്ച കാവ്യ സൗന്ദര്യം; കാവിയുടുക്കാത്ത സന്യാസിയെന്ന് സ്വാമി ചന്മയാനന്ദൻ വിളിച്ച ഹൈന്ദവ ആചാര്യൻ; ഭൂവിൽ പിറന്ന നാളല്ല, താനാരെന്ന നേരറിയുന്ന നാളത്രേ പിറന്നാൾ എന്ന് പറഞ്ഞ് സപ്തതി ആഘോഷം വേണ്ടെന്ന് പറഞ്ഞ ബൗദ്ധിക മനസ്സ്; പി പരമേശ്വരൻ അറിയുന്നവർക്കെല്ലാം നല്ല സുഹൃത്ത്; വിടവാങ്ങുന്നത് പദവികൾക്ക് പിന്നാലെ പോകാത്ത പരിവാറുകാരൻ

ചേർത്തലയിലെ അടുത്ത സുഹൃത്ത് കമ്മ്യൂണിസ്റ്റുകാരനായ കെകെ കുമാരൻ; കോളേജിൽ വയലാറിനെ കവിതാ മത്സരത്തിൽ തോൽപ്പിച്ച കാവ്യ സൗന്ദര്യം; കാവിയുടുക്കാത്ത സന്യാസിയെന്ന് സ്വാമി ചന്മയാനന്ദൻ വിളിച്ച ഹൈന്ദവ ആചാര്യൻ; ഭൂവിൽ പിറന്ന നാളല്ല, താനാരെന്ന നേരറിയുന്ന നാളത്രേ പിറന്നാൾ എന്ന് പറഞ്ഞ് സപ്തതി ആഘോഷം വേണ്ടെന്ന് പറഞ്ഞ ബൗദ്ധിക മനസ്സ്; പി പരമേശ്വരൻ അറിയുന്നവർക്കെല്ലാം നല്ല സുഹൃത്ത്; വിടവാങ്ങുന്നത് പദവികൾക്ക് പിന്നാലെ പോകാത്ത പരിവാറുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 1999. ബിജെപി. കേന്ദ്രത്തിൽ അധികാരത്തിലെത്തിയ സമയം. തിരുവനന്തപുരത്തെ ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമായ സംസ്‌കൃതിഭവനിലേക്ക് ഡൽഹിയിൽ നിന്നൊരു ഫോൺകോൾ. പ്രധാനമന്ത്രി വാജ്പേയിയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി മുരളീമനോഹർജോഷി വിളിക്കുന്നു. മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പി. പരമേശ്വരൻ ഉടൻ ഡൽഹിയിലെത്തണം എന്നാണാവശ്യം. കൈക്കുമ്പിളിൽവന്ന കേന്ദ്രമന്ത്രിസ്ഥാനം രണ്ടാമതൊന്ന് ആലോചിക്കാതെ നിരസിക്കുന്നു, തത്സ്ഥാനത്തേക്ക് മറ്റൊരാളെ നിർദ്ദേശിക്കുന്നു. അങ്ങനെയാണ് രാജഗോപാൽ കേന്ദ്രമന്ത്രിയായത്. 'കാവിയുടുക്കാത്ത സന്ന്യാസി' എന്ന് സ്വാമി ചിന്മയാനന്ദൻ വിശേഷിപ്പിച്ച ആർഎസ്എസ് പ്രചാരകനായിരുന്നു പി പരമേശ്വരൻ.

ചേർത്തല ഹൈസ്‌കൂളിലെ പഠനകാലത്ത് അനശ്വരകവി വയലാർ സഹപാഠിയായിരുന്നു. 16-ാം വയസ്സിൽ ഇരുവരുമൊന്നിച്ച് പങ്കെടുത്ത കവിതയെഴുത്തിൽ പരമേശ്വരന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു വയലാർ. പരമേശ്വരന്റെ തൂലികയിൽ പിന്നെയും കവിതകൾ പിറന്നെങ്കിലും രചയിതാവ് ആരെന്നറിയാത്ത ദേശഭക്തി തുളുമ്പുന്ന ഗണഗീതങ്ങളായി അവ ആർഎസ്എസ്. ശാഖകളിൽ മുഴങ്ങുന്നു. പഞ്ഞമാസമായ കർക്കടകത്തെ രാമായണമാസമായി കേരളം ആചരിക്കുന്നത് 1982-ൽ അദ്ദേഹം സംഘടിപ്പിച്ച വിശാലഹിന്ദു സംഗമത്തിന്റെ ആഹ്വാനപ്രകാരമെന്ന് ചരിത്രം. നിലയ്ക്കൽ പ്രക്ഷോഭം മുതൽ ആറന്മുള സമരം വരെയും പരമേശ്വർജി എന്ന പി പരമേശ്വരൻ ഒരുക്കിയ ആശയത്തിന്റെ അടിത്തറയിലായിരുന്നു. 1996-ൽ തന്റെ സപ്തതി ആഘോഷത്തിന് വിപുലമായ തയ്യാറെടുപ്പുകൾ നടക്കുന്നു എന്നറിഞ്ഞപ്പോൾ ഒറ്റ വരി കൊണ്ടാണ് ആഘോഷങ്ങൾ വിലക്കിയത്. 'ഭൂവിൽ പിറന്ന നാളല്ല, താനാരെന്ന നേരറിയുന്ന നാളത്രേ പിറന്നാൾ'.-അതായിരുന്നു പി പരമേശ്വരൻ.

ആലപ്പുഴ ചേർത്തലയിലെ മുഹമ്മയിൽ ചാരമംഗലം എന്ന ഗ്രാമത്തിൽ, താമരശ്ശേരിയിൽ പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർ ജനത്തിന്റെയും ഇളയമകനായി 1926 ലായിരുന്നു ജനനം. കന്നിമാസത്തിലെ തിരുവോണനാളിൽ. ഓർമ്മവച്ച കാലം മുതൽ സംസ്‌കൃതവും അക്ഷരശ്ലേകവും കേട്ടാണ് കുട്ടിക്കാലം ചെലവിട്ടത്. കമ്മ്യൂണിസത്തിന്റെ സ്വാധീനം ഗ്രാമത്തിൽ ശക്തമായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാസെക്രട്ടറിയായി കെ.കെ. കുമാരനായിരുന്നു ഏറ്റവും അടുത്ത സുഹൃത്ത്. പ്രാഥമിക വിദ്യാഭ്യാസം കായിക്കര ആർ.എൽ.പി സ്‌കൂൾ, ചേർത്തല ഗവൺമെന്റ് സൂക്കൂൾ എന്നിവിടങ്ങളിൽ. ഈ സമയത്താണ് വയലാർ രാമവർമ്മ സഹപാഠിയായി വരുന്നത്. അദ്ദേഹവുമായി ആത്മാർത്ഥമായ സൗഹൃദബന്ധവും നിലനിർത്തി. കവിതയെഴുത്തിലായിരുന്നു ആദ്യകമ്പം.

പ്രായാധിക്യത്തിലേക്ക് കടന്നപ്പോൾ മറവി രോഗത്തിന്റെ ആകുലതകളും പരമേശ്വരനെ തേടിയെത്തി. അപ്പോഴും അതിനെ അതിജീവിക്കാൻ ഓടി നടന്നു. വിചാര കേന്ദ്രത്തിൽ തന്നെ തേടിയെത്തുന്നവരുമായി ആശയ സംവാദത്തിന് ആകുലതകളെ മറന്നും പരമേശ്വരൻ ശ്രമിച്ചു. ആർ എസ് എസിന്റെ ചട്ടക്കൂടിൽ നിന്ന് എല്ലാം വിശദീകരിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ പരിശോധനയെ അനുകൂലിച്ച പരമേശ്വരൻ ശബരിമലയിൽ നിലപാട് വിശദീകരിക്കാത്തതിന് കാരണവും ആരോഗ്യപരമായിരുന്നു. ഈ സമയത്ത് എഴുത്തിൽ നിന്നും അദ്ദേഹം പൂർണ്ണമായും പിൻവാങ്ങിയിരുന്നു. നിലപാടുകൾ അർത്ഥ ശങ്കയ്ക്ക് ഇടമില്ലാതെ പ്രഖ്യാപിച്ചിരുന്ന പരമേശ്വരന് എഴുത്തിലൂടെ ശബ്ദിക്കാനായിരുന്നുവെങ്കിൽ ശബരിമലയിൽ ആർ എസ് എസിന്റെ നിലപാട് മറ്റൊന്നാകുമെന്ന് കരുതുന്നവരുമുണ്ട്.

പരമേശ്വരൻ പത്മനാഭ സ്വാമിക്ഷേത്രത്തിൽ എടുത്ത നിലപാട് മറ്റ് പരിവാർ നേതാക്കളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അംഗീകരിക്കണമെന്ന് അദ്ദേഹം നിലപാട് എടുത്തു. നിലവറയിലെ കോടിക്കണക്കിന് രൂപ വരുന്ന കരുതൽ സമൂഹ നന്മയ്ക്കായി വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഹിന്ദു യൂണിവേഴ്‌സിറ്റി അടക്കമുള്ള നിലപാടുകൾ പൊതു സമൂഹത്തിന് മുമ്പിൽ ചർച്ചയാക്കുകയും ചെയ്തു. ഈ വിഷയത്തിൽ വി എസ് അച്യുതാനന്ദന്റെ പക്ഷത്തായിരുന്നു പരമേശ്വരൻ എന്നതും പരിവാറുകാർക്ക് അറിയാവുന്നതായിരുന്നു. കമ്മ്യൂണിസ്റ്റുകാരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന പരമേശ്വരന്റെ പ്രഭാത നടത്തം സിപിഎം ആസ്ഥാനമായ എകെജി സെന്ററിന് മുമ്പിലൂടെയായിരുന്നു. ഒരിക്കലും രാഷ്ട്രീയ എതിരാളികളിൽ നിന്ന് കായികമായ പ്രതികാരം അദ്ദേഹം ഭയന്നിരുന്നില്ല. മാറട്ടിലും നിലയ്ക്കലിലും പരിവാർ പ്രക്ഷോഭങ്ങൾ നിയന്ത്രിച്ചിരുന്നത് പരമേശ്വരനാണ്. നിലയ്ക്കലിൽ പിപി മുകുന്ദനും കുമ്മനം രാജശേഖരനും പ്രതിഷേധ സമരത്തിന്റെ മുന്നണിയിൽ നിന്നപ്പോൾ പിന്നിൽ നിന്ന ചാലക ശക്തി പരമേശ്വരനാണ്. മറാട്ടെ സമാധാന ശ്രമത്തിന് പിന്നിലും പ്രവർത്തിച്ചു. ക്രൈസ്തവ സഭകളെ ആർ എസ് എസുമായി ചർച്ചയ്ക്ക് അടുപ്പിച്ചതും പരമേശ്വരനായിരുന്നു.

ചേർത്തലയിൽ പഠിക്കുമ്പോൾ സ്‌കൂൾ കവിതാമത്സരത്തിൽ കൊളുകൊണ്ട വേമ്പനാട് എന്നവിശഷയത്തിൽ ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം വയലാർ രാമവർമ്മയ്ക്കും. ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ എഴുതിയ നാഗമയ്യയുടെ പേരിലുള്ള ഉപന്യാസമത്സരത്തിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് എഫ് എ. (ഫെലോ ഓഫ് ആർട്ട്‌സ്) പരീക്ഷയ്ക്കുള്ള രണ്ടുവർഷ കോഴ്‌സിന് തേർഡ് ഗ്രൂപ്പിൽ ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ ചേർന്നു.. എല്ലാ വിഷയങ്ങളിലും ഏറ്റവും ഉയർന്ന മാർക്ക് നേടി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയത്.എം.എ ബിരുദത്തിന് തുല്യമായ ബിഎ ഓണേഴ്‌സിന് ഒന്നാംസ്ഥാനവും സ്വർണമെഡലും നേടി. ചെറുപ്പംമുതൽ ആദ്ധ്യാത്മകതയുടേയും ദേശസ്‌നേഹത്തിന്റെയും സംയുക്ത പരിണയം മനസ്സിൽ ഉണ്ടായിരുന്നു. ആഗമനാനന്ദസ്വാമിയുമായുള്ള അടുപ്പവും സഹവാസവും ആദ്ധ്യാത്മികതയിലേക്ക് കൂടുതൽ അടുപ്പിച്ചു. വിവേകാനന്ദരാമകൃഷ്ണ ദർശനങ്ങളോടായിരുന്നു കൂടുതൽ താൽപ്പര്യം.പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് കൊൽക്കത്ത ബേലൂൽമഠം ആഗമാനന്ദസ്വാമിയോടൊപ്പം സന്ദർശിച്ചിരുന്നു. ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിലേക്ക് പോകാൻ സാധ്യതയും പ്രേരണയും ഉണ്ടായിരുന്നു.ആഗമാനന്ദനൊപ്പം വിദ്യാർത്ഥിജീവിതകാലത്തുതന്നെ ഭാരതതീർത്ഥാടനം നടത്തിയ പരമേശ്വരൻ രാമകൃഷ്ണമിഷനിൽനിന്ന് ദീക്ഷ സ്വീകരിച്ചു.

സംഘത്തിന്റെ രണ്ടാമത്തെ സംർസംഘചാലക് ഗുരുജി ഗോൾവൽക്കറെ കാണാനിടയായത് വഴിത്തിരിവായി. തമിഴ്‌നാട്ടിലെ ആറ്റൂരിൽ നടന്ന ക്യാമ്പിൽ വച്ചാണ് ഗുരുജിയെ ആദ്യം കാണുന്നത്. ഗുരുജിയുടെ വാക്കുകൾ കേട്ടപ്പോൾ, ഇതുതന്നെയല്ല വിവേകാനന്ദൻ പറഞ്ഞത് എന്ന ചിന്ത വന്നു. ഗാന്ധി വധത്തെത്തുടർന്ന് സംഘത്തെ നിരോധിച്ചപ്പോൾ ജയിലിൽ പോകേണ്ടിവന്നു. തുടർന്ന് ആർഎസ്എസ് പ്രചാരകനായി. ചങ്ങനാശ്ശേരിയിലും കൊല്ലത്തും നിയോഗിക്കപ്പെട്ടു. മുഖ്യമന്ത്രിയും എസ് എൻ ഡി പി യോഗം സെക്രട്ടറിയുമൊക്കെയായിരുന്ന ആർ ശങ്കർ ഉൾപ്പെടെ പ്രമുഖരെ ശാഖയിൽ കൊണ്ടുവന്നു.പിന്നീട് പ്രവർത്തനമേഖല കോഴിക്കോട് കേന്ദ്രീകരിച്ച് മലബാറിലേക്ക് മാറ്റി. ഇക്കാലത്താണ് ഇപ്പോൾ ദേശീയതയുടെ മാധ്യമാവിഷ്‌കാരമായി മാറിയിരിക്കുന്ന 'കേസരി' വാരിക തുടക്കം കുറിച്ചത്. 'കേസരി'യുടെ പത്രാധിപരായി

1958 ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. ഒമ്പത് വർഷം ആ പദവിയിൽ തുടർന്നു. 1967 ൽ കോഴിക്കോട് ചേർന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിൽ ദേശീയ സെക്രട്ടറിമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും അഞ്ചാറുവർഷം കഴിഞ്ഞപ്പോൾ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. ഈ പദവിയിലിരിക്കെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും അതിൽ പ്രതിഷേധിച്ച് അറസ്റ്റുവരിച്ചതും തടവനുഭവിച്ചതും. ജയിൽമോചിതനായശേഷം ജനസംഘം ലയിച്ച് ജനതാപാർട്ടി രൂപീകൃതമായതോടെ കക്ഷിരാഷ്ട്രീയത്തോട് എന്നേക്കുമായി വിടപറഞ്ഞു. ദീനദയാൽ ഉപാധ്യായയുടെ ഓർമയ്ക്കായി സ്ഥാപിക്കപ്പെട്ട ഡൽഹിയിലെ ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് തുടർന്ന് പ്രവർത്തിച്ചത്.1982ൽ തിരിച്ചെത്തിയതുമുതൽ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടർ എന്ന ചുമതല വഹിക്കുന്നു. ഒപ്പം കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അധ്യക്ഷപദവിയും.

ഇ.എം.എസ്.നമ്പൂതിരിപ്പാട് പലപ്പോഴും തന്റെ സൈദ്ധാന്തിക എതിരാളിയായി കണ്ടത് പരമേശ്വരനെയായിരുന്നു. ആദർശങ്ങളിലും വിശ്വാസങ്ങളിലും അണുവിടപോലും വിട്ടുവീഴ്ച ചെയ്യാതെ ഇടതുപക്ഷാധിപത്യമുള്ള കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിൽ തന്റേതായ ഒരിടം കണ്ടെത്തിയ പരമേശ്വരന് കഴിഞ്ഞു. ആശയ സംവാദങ്ങൾ നടക്കുമ്പോഴും കമ്മ്യൂണിസ്റ്റുകാരുമായി അടുത്ത സൗഹൃദം പരമേശ്വൻ പുലർത്തി. ഇഎംഎസും പി ഗോവിന്ദപിള്ളയും പരമേശ്വരന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. എഴുത്തിൽ നിന്നും പൊതു പരിപാടികളിൽ നിന്നും പരമേശ്വരൻ പതിയെ ഉൾവലിഞ്ഞത് ഗോവിന്ദപിള്ളയുടെ മരണത്തിന് ശേഷമാണ്. അടുത്ത സുഹൃത്തിനെയാണ് ഗോവിന്ദപിള്ളയുടെ വേർപാടിലൂടെ നഷ്ടമായതെന്ന വേദന എന്നും പരമേശ്വരനെ അലട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP