Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആപ്പാഞ്ചിറയിലെ മേഘ സ്റ്റുഡിയോയുടെ ഉടമ; മേഖലാ പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റും; കടുത്തുരുത്തിയിലെ പാവങ്ങൾക്കിടയിൽ സദാ സഹായ ഹസ്തവുമായി ഓടി നടന്ന കർമ്മ നിരതൻ; പ്രാദേശിക ലേഖകനായി നടത്തിയത് എണ്ണമറ്റ ജനകീയ ഇടപെടലുകളും; മുണ്ടാറിലെ ദുരിതം പുറലോകത്തെ അറിയിക്കാനുള്ള യാത്ര ജീവനെടുത്തു; മാതൃഭൂമിയിലെ പത്രപ്രവർത്തകൻ പട്ടശ്ശേരിൽ സജിയുടെ അകാലവിയോഗത്തിൽ പൊട്ടിക്കരഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും

ആപ്പാഞ്ചിറയിലെ മേഘ സ്റ്റുഡിയോയുടെ ഉടമ; മേഖലാ പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റും; കടുത്തുരുത്തിയിലെ പാവങ്ങൾക്കിടയിൽ സദാ സഹായ ഹസ്തവുമായി ഓടി നടന്ന കർമ്മ നിരതൻ; പ്രാദേശിക ലേഖകനായി നടത്തിയത് എണ്ണമറ്റ ജനകീയ ഇടപെടലുകളും; മുണ്ടാറിലെ ദുരിതം പുറലോകത്തെ അറിയിക്കാനുള്ള യാത്ര ജീവനെടുത്തു; മാതൃഭൂമിയിലെ പത്രപ്രവർത്തകൻ പട്ടശ്ശേരിൽ സജിയുടെ അകാലവിയോഗത്തിൽ പൊട്ടിക്കരഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കടുത്തുരുത്തിയിൽ വെള്ളപ്പൊക്ക ദുരന്തം റിപ്പോർട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് മുങ്ങിമരിച്ച മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകൻ പട്ടശ്ശേരിൽ സജി (46) കടുത്തുരുത്തിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രിയങ്കരനായിരുന്നു. മേഖലയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന സജി മേഖലാ പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.

ആപ്പാഞ്ചിറയിലെ പ്രശസ്തമായ മേഘ സ്റ്റുഡിയോ സജിയുടെ ഉടമസ്ഥതയിലുള്ളതാണ്. ആപ്പാഞ്ചിറ മാന്നാർ സ്വദേശിയായിരുന്നു. സുനിതയാണ് ഭാര്യ. മക്കളായ അനിഖയും (പ്ലസ് വൺ) അനയയും (അഞ്ചാം ക്ലാസ്) കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളാണ്. പ്രദേശത്തെ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടാനും സദാ സഹായ ഹസ്തവുമായി എത്താനും ഉണ്ടായിരുന്ന മനസ്ഥിതിയായിരുന്നു സജിയെ നാട്ടുകാർക്ക് പ്രിയങ്കരനാക്കിയത്. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനെത്തിയ മാതൃഭൂമി സംഘത്തിന് ദുരന്ത മേഖലകൾ ഏതൊക്കെയെന്നു തെരഞ്ഞെടുത്ത് നല്കിയതും സഞ്ചരിക്കാൻ വള്ളമൊരുക്കിയതുമെല്ലാം സജി തന്നെയായിരുന്നു.

കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാർ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോർട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് കല്ലറക്കടുത്ത് കരിയാറിൽ ഇവർ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. മൂവാറ്റുപുഴയാറിന്റെ കൈവഴികളിലൊന്നാണ് കരിയാർ. ഇത് ഒഴുകിയെത്തുന്നത് വേമ്പനാട്ടു കായലിലേക്കാണ്. ഇക്കുറി ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ശക്തമായ വെള്ളപ്പൊക്കമാണ് ഉണ്ടായത്. മുണ്ടാർ, വാഴമന, വടയാർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. നിരവധിയാൾക്കാർ ദുരിതാശ്വാസക്യാമ്പുകളിൽ അഭയംതേടി. ചിലർ ബന്ധുവീടുകളിൽ പോയി. എന്നാൽ കന്നുകാലികൾ ഉള്ളവരും മറ്റും വീടുകളിൽ തന്നെ തങ്ങി. വീടിനുള്ളിൽ കല്ലുകൾ അടുക്കിവെച്ച് അതിന് മുകളിൽ കട്ടിൽ ഇട്ട് അതിൽ ഇരുന്ന് ദിവസങ്ങൾ കഴിച്ചുകൂട്ടി.

വീടിനുള്ളിൽ തന്നെ വലിയ തടികൾ അടുക്കിവെച്ച് അതിന് മുകളിലാണ് പലരും പശുവിനെയും മറ്റും കെട്ടിയത്. വെള്ളപ്പൊക്കബാധിത പ്രദേശത്തെ മിക്കവരും കർഷകരാണ്. ഇവരുടെ ദുരിതജീവിതം പുറംലോകത്തെ അറിയിക്കുവാനാണ് സജിയും കൂട്ടരും ശ്രമച്ചത്. തിങ്കളാഴ്ച രാവിലെ കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറയിൽ ഭാഗത്ത് വെള്ളപ്പൊക്കദുരിതം റിപ്പോർട്ട് ചെയ്യാനാണ് ചാനൽ സംഘം എത്തിയത്. ഇവിടെ മുന്നൂറോളം കുടുബങ്ങളാണ് ഉള്ളത്. ഇവിടുത്തെ ദൃശ്യങ്ങൾ പകർത്തുകയും പ്രദേശവാസികളിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അതിനുശേഷം തിരികെ രണ്ട് കിലോമീറ്റർ അകലെ എഴുമാന്തുരുത്ത്, കൊല്ലംകരി ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനം ലക്ഷ്യമാക്കിയാണ് വള്ളത്തിൽ കയറിയത്.

വള്ളത്തിൽ വരുമ്പോൾ കരിയാറിന്റെ ഒമ്പതാം നമ്പറിന്റെ ഭാഗത്ത് ആറിന്റെ നടക്കുവെച്ച് തലകീഴായി വള്ളം മറിയുകയായിരുന്നു. വള്ളം മറിഞ്ഞ ഉടൻ തന്നെ വള്ളം ഊന്നിയിരുന്ന അഭിലാഷ്, നാല് പേരേയും രക്ഷിച്ചു മറിഞ്ഞ വള്ളത്തിൽ പിടിപ്പിച്ചുനിർത്തി. അഭിലാഷിന്റെയും മറ്റു നാലുപേരുടേയും ബഹളംകേട്ട് സമീപത്ത് പുല്ല് ചെത്തിയിരുന്നവർ വള്ളത്തിൽ അപകടസ്ഥലത്തേക്ക് എത്തുകയായിരുന്നു. വള്ളത്തിൽ രണ്ട് വശങ്ങളിലായി പിടിച്ചുകിടന്ന രണ്ടുപേർ ഈ വള്ളത്തിലേക്ക് കയറിയെങ്കിലും മറ്റ് രണ്ട് പേർ മറിഞ്ഞ വള്ളത്തിൽനിന്നു രക്ഷിക്കാനായി എത്തിയ വള്ളത്തിലേക്ക് കയറുന്നതിനിടയിൽ കൈവിട്ട് വെള്ളത്തിലേക്ക് മുങ്ങിതാഴുകയായിരുന്നു.

സജിക്ക് ഒപ്പമുണ്ടായിരുന്ന മാതൃഭൂമി കോട്ടയം റിപ്പോർട്ടർ കെ ബി ശ്രീധരൻ, തിരുവല്ല യൂണിറ്റിലെ ക്യാമറാമാൻ അഭിലാഷ് എന്നിവരെ രക്ഷപെടുത്തി. ഇവർ ഇപ്പോഴും ആശുപത്രിയിലാണ്. സജിക്കൊപ്പം കാണാതായ മാതൃഭൂമി തിരുവല്ല ബ്യൂറോയിലെ ഡ്രൈവർ ബിപിനെ (27) ആണ് ഇനി കണ്ടെത്തനുള്ളത്. ബിപിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പ്രളയക്കെടുതി റിപ്പോർട്ട് ചെയ്ത് മടങ്ങിയതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറക്കടുത്ത് കരിയാറിൽ ഇവർ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. പ്രദേശവാസികളും, ഫയർഫോഴ്‌സും, നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാർ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയിരുന്നു.

കാണാതായവർക്ക് വേണ്ടി പ്രദേശവാസികളുടെ അടക്കം സഹായത്തോടെ രാത്രി എഴരവരെ തിരച്ചിൽ നടത്തിയിരുന്നു. അതേസമയം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP