Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എഴുതാതിരിക്കാൻ വയ്യ, ജീവിച്ചിരിക്കുകയാണെങ്കിൽ ഇനിയും എഴുതി പോകും'; പേനയ്ക്ക് വിലക്കിടും മുമ്പേ രാജലക്ഷ്മി വിടവാങ്ങിയിട്ട് ഇന്ന് 50 വർഷം; അനുസ്മരിക്കാതെ സാഹിത്യ ലോകവും ഈ എഴുത്തുകാരിയെ മറന്നു

'എഴുതാതിരിക്കാൻ വയ്യ, ജീവിച്ചിരിക്കുകയാണെങ്കിൽ ഇനിയും എഴുതി പോകും'; പേനയ്ക്ക് വിലക്കിടും മുമ്പേ രാജലക്ഷ്മി വിടവാങ്ങിയിട്ട് ഇന്ന് 50 വർഷം; അനുസ്മരിക്കാതെ സാഹിത്യ ലോകവും ഈ എഴുത്തുകാരിയെ മറന്നു

പാലക്കാട്. അമ്പതുവർഷം മുമ്പ് ഇന്നത്തെ പ്രഭാതത്തിലാണ് രാജലക്ഷ്മി എഴുത്തിന്റെ ലോകം ഉപേക്ഷിച്ച് ഭീരുത്വത്തിന്റെ ലക്ഷണമല്ലെന്ന് അവർ കരുതിയ ആത്മഹത്യയിലൂടെ ഈ ലോകത്തോട് യാത്ര പറഞ്ഞത്. രാവിലെ കോളേജിലേക്ക് ചോറ്റും പാത്രവും കുടയുമായി ഇറങ്ങിയ അവർ എന്തോ മറന്നത് എടുക്കാനെന്ന് പറഞ്ഞ് തിരികെ മുറിയിലേക്ക് കയറിയതായിരുന്നു. പുറത്തേക്ക് കാണാതായപ്പോൾ അമ്മ ചെന്ന് നോക്കിയപ്പോഴാണ് സാരിതുമ്പിൽ ജീവിതം അവസാനിപ്പിച്ച രാജലക്ഷ്മിയെ കണ്ടത്. ജീവിച്ചിരുന്നാൽ നടത്തേണ്ടി വരുമായിരുന്ന വിലകെട്ട ഒത്തുതീർപ്പുകൾക്ക് മീതെയായി എഴുത്തുകാരി കണ്ടെത്തിയ വിജയപ്രഖ്യാപനമായിരുന്നു ഈ ആത്മഹത്യയെന്ന് കരുതുന്നവരുണ്ട്.

അമ്പതുകളിൽ മലയാള സാഹിത്യ ലോകത്ത് ഉദിച്ചുയർന്ന് അകാലത്തിൽ അസ്തമിച്ച രാജലക്ഷ്മിയെ ഇന്ന് എല്ലാവരും മറന്നു. സാഹിത്യലോകത്തെ ഏകാന്ത വിസ്മയമായിരുന്ന ഈ എഴുത്തുകാരിയെ ഇന്ന് മലയാളവും മലയാളിയും മറന്നു. ഈ എഴുത്തുകാരിക്ക് ഉചിതമായ ഒരു സ്മാരകം ഇത് വരെ ഉണ്ടായിട്ടില്ല. അനുസ്മരണങ്ങളും ഇല്ല. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ ഫിസിക്‌സ് ലക്ച്ചറായിരിക്കെ 1965 ജനുവരി 18 ന് കോളേജ് പരിസരത്തെ വാടകവീട്ടിൽ സാരിതുമ്പിൽ ജീവിതത്തിന് വിരാമമിടുകയായിരുന്നു.

'എഴുതാതിരിക്കാൻ വയ്യ, ജീവിച്ചിരിക്കുകയാണെങ്കിൽ ഇനിയും എഴുതി പോകും. എഴുതുമ്പോൾ മറ്റ് ചിലർക്ക് സുപരിചിതമായ സംഭവങ്ങൾ കണ്ടും കേട്ടുമുള്ള ജീവിത കഥകളുമായി സാമ്യം വന്നേക്കാം.'

രാജലക്ഷ്മി തന്റെ അവസാന നാളുകളിൽ എഴുതി വച്ചിരുന്ന വരികളാണിവ. തന്റെ രചനകളിൽ സാമ്യം വന്നാൽ കുറ്റം കാണാൻ കാത്തിരിക്കുന്ന സമുദായത്തിന്റെ അപവാദശരങ്ങളിൽ നിന്ന് രക്ഷ നേടാൻ അവർ ആഗ്രഹിച്ചിരുന്നിരിക്കാം. എഴുത്തിൽ ക്യത്രിമത്വം കലർത്തുക എന്നത് ആവിഷ്‌കരിക്കാൻ ഉദ്ദേശിക്കുന്ന ചൈതന്യത്തിന്റെ ആത്മാവ് നഷ്ടപെടുത്തലാണ് എന്നവർ വിശ്വസിച്ചിരുന്നു.

1930 ജൂൺ രണ്ടിന് ചെർപ്പുളശ്ശേരിയിൽ ജനിച്ച രാജലക്ഷ്മി മുപ്പത്തഞ്ചാം വയസ്സിനുള്ളിൽ നോവലുകളും കഥകളും എഴുതി. വള്ളുവനാടൻ ശൈലിയായിരുന്നു അവരുടേത്. 1956 ൽ പ്രസിദ്ധീകരി.ച്ച മകൾ എന്ന നീണ്ട കഥ കൊണ്ടുതന്നെ അവർ ശ്രദ്ധേയായി. തുടർന്ന് ഏഴ് കഥകളും കുമിള എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു.

ഒരു വഴിയും കുറെ നിഴലുകളും, ഞാനെന്ന ഭാവം, ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം) എന്നിവ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ക്യതികളാണ്. ഒരു വഴിയും കുറെ നിഴലുകളും 1960 ലെ സാഹിത്യ അക്കാദമി അവാർഡ് നേടി. 'ആത്മഹത്യ ചെയ്യുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്, ഭീരുത്വം എന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല.ഓടുന്ന തീവണ്ടിയുടെ മുമ്പിൽ തല വെയ്ക്കുന്നത് ഭീരുത്വമാണത്രെ ഭീരുത്വം.' രാജലക്ഷ്മിയുടെ ആത്മഹത്യ എന്ന കഥയിൽ ആത്മഹത്യയെ കുറിച്ചുള്ള താത്വികമായ വിശേഷണമാണിത്.ആത്മഹത്യയെ കുറിച്ചുള്ള പ്രസ്താവങ്ങൾ പേടിയോടു കൂടിയല്ലാതെ എനിക്ക് കേൾക്കാൻ കഴിയില്ലെന്ന് രാജലക്ഷ്മി ഈ കഥയിൽ പറയുന്നുണ്ട്. സ്‌നേഹിതന്മാരുടേയും പരിചയക്കാരുടേയും ജീവിതാനുഭവങ്ങൾ വലിയ മറവൊന്നും കൂടാതെ കഥകളിൽ എടുത്തുപയോഗിക്കുന്നു എന്നതായിരുന്നു അവർക്ക് നേരിടേണ്ടി വന്ന ആരോപണം.

അപൂർണ്ണമായ അവരുടെ രചനയായ ഉച്ചവെയിലും ഇളംനിലാവും എന്ന നോവലിന്റെ പ്രസിദ്ധീകരണം ഇടക്ക് വച്ച് നിർത്തപെട്ടു.
പിന്നീട് രണ്ട് കൊല്ലം അവർ നിശബ്ദയായിരുന്നു. നിശബ്ദയാക്കപെട്ട നാളുകളെ പറ്റി ജ്യേഷ്ടത്തി സരസ്വതിയമ്മക്ക് എഴുതിയ അവർ ഇപ്രകാരം പറയുന്നുണ്ട്. കഥയെഴുതാതെ ഞാൻ രണ്ട് കൊല്ലം ഇരുന്നു നോക്കി, അതും എന്നെ കൊണ്ട് സാധിക്കില്ല.

അപൂർണ്ണമായ ആ ക്യതി പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയപ്പോൾ തന്നെ അവർക്ക് തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നു. നോവലിൽ തങ്ങളുടെ കഥയാണെന്നും അത് പൂർണ്ണമായും വെളിച്ചം കണ്ടാൽ കുടുംബ ജീവിതത്തെ ബാധിക്കുമെന്ന് പറഞ്ഞ് ചില സ്‌നേഹിതന്മാർ അവരെ ശല്യം ചെയ്യുകയുണ്ടായി. തുടർന്ന് രാജലക്ഷ്മി നോവലിന്റെ കയ്യെഴുത്ത് പ്രതി അഗ്നിയിരയാക്കുകയായിരുന്നു.ഒരർത്ഥത്തിൽ ഇതവരുടെ പ്രതീകമായ ആത്മഹത്യയായിരുന്നു. രാജലക്ഷമിയുടെ രചനകളിൽ പൊതുവെ ദുഃഖത്തിന്റേതായ ഒരു സംഗീതമുണ്ട്. ഇതവർ വൈകാരികമായി പുലർത്തുന്ന ആത്മവേദനയാണ്. പ്രക്യതി നൽകിയ ശാരീരികമായ വൈകല്യങ്ങൾ ആത്മാവിനെ ഗ്രസിച്ചിരുന്നതിനാൽ അവർ തന്റെ ഏകാന്തതകളിലൂടെ മാത്രമാണ് സഞ്ചരിച്ചിരുന്നത്. പൂർണ്ണ സാക്ഷാത്കാരത്തിലെത്തും മുമ്പെ സ്വയമൊരുക്കിയ കുരുക്കിൽ അവർ ഓർമ്മിക്കാൻ കഴിയുന്ന പ്രായത്തിന് മുമ്പെ വിട പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP