Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിടവാങ്ങിയതു ന്യൂജൻ ട്രെൻഡിനു തുടക്കമിട്ട സംവിധായകൻ; വ്യത്യസ്തമായ കഥയുണ്ടെങ്കിൽ വിജയിക്കാമെന്നു മലയാള സിനിമക്കാരെ ആദ്യം പഠിപ്പിച്ചതു രാജേഷ് പിള്ള

വിടവാങ്ങിയതു ന്യൂജൻ ട്രെൻഡിനു തുടക്കമിട്ട സംവിധായകൻ; വ്യത്യസ്തമായ കഥയുണ്ടെങ്കിൽ വിജയിക്കാമെന്നു മലയാള സിനിമക്കാരെ ആദ്യം പഠിപ്പിച്ചതു രാജേഷ് പിള്ള

തിരുവനന്തപുരം: ട്രാഫിക് തിരുത്തിയെഴുതിയതു മലയാള സിനിമയുടെ ചരിത്രമാണ്. ഇന്ന് പരക്കെ സ്വീകരിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്യുന്ന ന്യൂജനറേഷൻ സിനിമയുടെ തുടക്കം ട്രാഫിക്കിലാണെന്നും അല്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ട്രാഫിക്കാണ് ന്യൂജെൻ മലയാള സിനിമയിലെ ട്രെൻഡ് മേക്കിങ്ങ് ചിത്രം.

പാസഞ്ചർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ പുതുതലമുറ ചിത്രങ്ങൾ ആരംഭിക്കുന്നത് എന്ന വാദങ്ങൾക്കിടയിലും രാജേഷ് പിള്ളയുടെ ട്രാഫിക്ക് ഒരു മൈൽ സ്റ്റോൺ തന്നെയാണെന്ന് പറയേണ്ടിവരും.

ട്രാഫിക്കിന് ശേഷമാണ് വ്യത്യസ്തമായ കഥകളുണ്ടെങ്കിൽ തീയറ്ററിൽ വിജയിക്കാൻ സാധിക്കുമെന്ന് സംവിധായകർക്ക് ബോധ്യമായത്. ആഷിക് അബു, അമൽ നീരദ്, സമീർ താഹീർ, അൽഫോൻസ് പുത്രൻ, അരുൺ കുമാർ അരവിന്ദ് തുടങ്ങി ഒരുപിടി പുതുതലമുറ സംവിധായകർക്ക് വ്യത്യസ്തമായ സിനിമകൾ ഒരുക്കാനും പുതുമുഖങ്ങളെ മാത്രംവച്ച് സിനിമ നിർമ്മിക്കാനുമുള്ള ധൈര്യം ഉണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് ട്രാഫിക്ക്. അതാണ് ഈ ചിത്രമൊരുക്കിയ രാജേഷ് പിള്ള മലയാള സിനിമയിൽ ചെയ്ത ഏറ്റവും വലിയ കാര്യം.

മംഗലശ്ശേരി നീലകണ്ഠൻ മീശ പിരിച്ച് ഒരാളുടെ നെഞ്ചിൻകൂടി ചവിട്ടികൂട്ടുന്ന രംഗം കണ്ട് കൈയടിച്ച പ്രേക്ഷകൻ തന്നെയാണ് ട്രാഫിക്ക് കഴിഞ്ഞപ്പോഴും എഴുന്നേറ്റ് നിന്ന് കൈയടിച്ചത്. ആ കൈയടിയുടെ അലയൊലികൾ ഇപ്പോൾ ഇറങ്ങുന്ന ന്യൂജെൻ പടങ്ങൾക്ക് പോലും കിട്ടുന്നുണ്ട്.

2011ൽ ട്രാഫിക്ക് തീയറ്ററുകളിൽ എത്തുമ്പോൾ അത് ഇത്ര വലിയ ട്രെൻഡ് മേക്കിങ്ങാവും എന്നാരും കരുതിയില്ല. ട്രൂ സ്‌റ്റോറികൾ അത്ര പതിവില്ലാത്ത മലയാള സിനിമയിൽ ഒരു പത്ര വാർത്തയിൽനിന്നാണ് രാജേഷ് പിള്ളയ്ക്ക് ട്രാഫിക്കിന്റെ കഥ ലഭിക്കുന്നത്. ചെന്നൈയിൽ നടന്ന ഒരു ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ട്രാഫിക്ക് എന്ന ചിത്രമായി രൂപപ്പെട്ടത്. ചിത്രം കണ്ട കാണികൾ ഇത്തരമൊരു സംഭവം നടന്നതാണോ എന്ന് അത്ഭുതം കൂറി. അത്രമേൽ റിയലിസ്റ്റിക്കായിട്ടാണ് രാജേഷ് പിള്ള ട്രാഫിക്ക് ഒരുക്കിയത്.

കൊച്ചി നഗരത്തിലെ ട്രാഫിക്ക് ബ്ലോക്കിൽവച്ച് മരണമടഞ്ഞ റെയ്ഹാൻ എന്ന യുവാവിന്റെ ഹൃദയം രണ്ട് മണിക്കൂർ കൊണ്ട് പാലക്കാടുള്ള അഹല്യ ഹോസ്പിറ്റലിൽ എത്തിക്കണം. ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള സിനിമയിൽ രണ്ടു മണിക്കൂർ നേരത്തെ ഉദ്വേഗഭരിതമായ രംഗങ്ങളാണ് ട്രാഫിക്കിന്റെ ജീവൻ. കൊച്ചിയിൽനിന്ന് രണ്ടു മണിക്കൂർ കൊണ്ട് പാലക്കാട് വരെ ഹൃദയമെത്തിച്ചാൽ ഒരു കൗമാരക്കാരിയുടെ ജീവൻ രക്ഷിക്കാം. ഏറെ ശ്രമകരമായ ദൗത്യം പൊലീസ് ഏറ്റെടുക്കുന്നു. പൊലീസിനോടൊപ്പം ജനങ്ങളും എഫ്എം റേഡിയോ പോലുള്ള മാദ്ധ്യമങ്ങളും കൗമാരക്കാരിയുടെ പിതാവായ സൂപ്പർതാരത്തിന്റെ ആരാധകരും പങ്കാളികളാകുന്ന വലിയ ദൗത്യമാണ് നിർവഹിക്കപ്പെടുന്നത്.

വേഗത വളരെ പ്രധാനപ്പെട്ട ഘടകമായ ചിത്രം സ്വഭാവികമായും കാണികളെ ആകാംക്ഷഭരിതരാക്കി. വില്ലനെ നായകൻ ഓടിക്കുന്നതും നായകൻ വില്ലനെ ഓടിക്കുന്നതും മാത്രം കണ്ട് ശീലിച്ച മലയാളികൾ മറ്റൊരുതരം റെയ്‌സിങ്ങ് ഈ ചിത്രത്തിലൂടെ പരിചയപ്പെട്ടു.

റെയ്ഹാന്റെ അച്ഛനമ്മമാരുടെയും കൗമാരിക്കാരിയുടെ പിതാവും സൂപ്പർ താരവുമായ റഹ്മാനും അമ്മ ലെനയും തമ്മിലുള്ള വൈകാരികമുഹൂർത്തങ്ങൾ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കാനും രാജേഷ് പിള്ളയ്ക്ക് സാധിച്ചു. ഇത് കൂടാതെ റെയ്ഹാനും കൂട്ടുകാരിയും തമ്മിലുള്ള ബന്ധം, ഭാര്യക്ക് കൂട്ടുകാരനുമായി ബന്ധമുണ്ടെന്ന് തിരിച്ചറിയുന്ന ഡോക്ടർ ആബേലിന്റെ പ്രതികരണം, ആസിഫ് അലിയുടെയും വിനീത് ശ്രീനിവാസന്റെയും പ്രകടനം, ഫാൻ ക്ലബ്ബുകളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾകൊണ്ടും ശക്തമായ സിനിമ ആയിരുന്നു ട്രാഫിക്ക്.

2005ൽ സംവിധാനം ചെയ്ത ഹൃദയത്തിൽ സൂക്ഷിക്കാനാണ് രാജേഷ് പിള്ളയുടെ ആദ്യചിത്രം. വേണ്ടത്ര ശ്രദ്ധ നേടാത്ത ഈ ചിത്രത്തിന് ആറ് വർഷത്തിനുശേഷമാണ് ട്രാഫിക്ക് സംവിധാനം ചെയ്യുന്നത്. അത് മലയാള സിനിമയുടെയും ചരിത്രം തന്നെ മാറ്റിയെഴുതി. ട്രാഫിക്കും തൊട്ടുപിന്നാലെ ഇറങ്ങിയ ചാപ്പാക്കുരിശുമാണ് ന്യൂജനറേഷൻ മലയാള സിനിമയുടെ ആദ്യചിത്രങ്ങൾ. ട്രാഫിക്ക് പ്രമേയപരിസരം കൊണ്ടും പുതുമയുള്ള അവതരണംകൊണ്ടും ശ്രദ്ധേയമായപ്പോൾ ചാപ്പാക്കുരിശ് 7ഡി ക്യാമറയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമെന്ന തരത്തിലും ചരിത്രത്തിൽ ഇടംനേടി.

ട്രാഫിക്കിന് പിന്നാലെ ഒരുപിടി ചിത്രങ്ങൾ മലയാള സിനിമയിൽ പുതതലമുറ ചിത്രങ്ങളെന്ന വിളിപ്പേരിന് പിന്നാലെയെത്തി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഉണ്ടായിട്ടുള്ള സിനിമ മൂവ്‌മെന്റിന് സമാനമായ് മലയാള സിനിമയിൽ ഉണ്ടായിട്ടുള്ള മൂവ്‌മെന്റാണ് ന്യൂജെൻ സിനിമകൾ. ഈ പുതുതലമുറ സിനിമകളുടെ രാഷ്ട്രീയത്തെക്കുറിച്ചും അവ മുന്നോട്ട് വെയ്ക്കുന്ന സാമൂഹിക, സ്ത്രീവിരുദ്ധ ആശയങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമാണെങ്കിലും ഒരു മുന്നേറ്റം ഉണ്ടെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഈ മുന്നേറ്റിന് നേതൃത്വം നൽകുന്ന ആളാണ് രാജേഷ് പിള്ള.

ട്രാഫിക്കിന് പിന്നാലെ ഇറങ്ങിയ മിലി അത്ര കണ്ട ശ്രദ്ധ നേടിയില്ലെങ്കിലും അമലാ പോളിന്റെ ശ്രദ്ധേയവേഷം ചർച്ച ചെയ്യപ്പെട്ടു. സൈക്കോളിജക്കൽ ത്രില്ലർ എന്ന് വിളിക്കാവുന്ന വേട്ട ഇന്നലെയാണ് പുറത്തിറങ്ങിയത്. മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന വേട്ടയെക്കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങൾ പുറത്ത് വന്ന് തുടങ്ങുമ്പോഴാണ് രാജേഷ് പിള്ളയുടെ വിയോഗവാർത്തയും പുറത്തുവരുന്നത്.

മലയാള സിനിമയിൽ ട്രാഫിക്കിനുള്ള സ്ഥാനം പല പുതുതലമുറ സംവിധായകരും സിനിമാ പ്രവർത്തകരും സമ്മതിച്ചിട്ടുള്ള കാര്യമാണ്. ചാപ്പാക്കുരിശിലും സോൾട്ട് ആൻഡ് പേപ്പറിലും 22എഫ് കെയിലുമെല്ലാമായി ശക്തമായ ന്യൂജെൻ സിനിമയുടെ ആത്മാവ് ട്രാഫിക്കിലാണ് രൂപംകൊള്ളുന്നത്. ട്രാഫിക്കിന്റെ വിജയംകണ്ട് ബോളിവുഡിൽ നിന്നുപോലും രാജേഷ് പിള്ളയ്ക്ക് വിളിവന്നു. ട്രാഫിക്കിന് രാജേഷ് പിള്ള ഹിന്ദിപ്പതിപ്പും ഇറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP