തലസ്ഥാനത്തെ നിയന്ത്രിച്ചിരുന്ന അബ്കാരി; ശതകോടികളുടെ ആസ്തിയുള്ള ലളിതജീവിതം മുഖമുദ്രയാക്കിയ വ്യവസായ പ്രമുഖൻ; വിവാദബാറുടമ ബിജു രമേശിന്റെ പിതാവ്: അന്തരിച്ച രമേശൻ കോൺട്രാക്ടറുടെ കഥ
November 22, 2014 | 12:24 PM IST | Permalink

ആവണി ഗോപാൽ
ഇന്ന് രാവിലെ വിടപറഞ്ഞത് തലസ്ഥാന നഗരത്തിന് ഒരിക്കലും വിസ്മരിക്കാനാകാത്ത വ്യവസായ പ്രമുഖൻ. ഒന്നുമില്ലായ്മയിൽ നിന്ന് ശതകോടീശ്വരനായി വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്ത രമേശൻ കോൺട്രാക്ടർ തലസ്ഥാനത്തെ നവവ്യവസായ സംരഭകർക്കെല്ലാം അവേശമായിരുന്നു. സമുദായ പ്രമാണിയും രാഷ്ട്രീയക്കാരുടെ പ്രിയ തോഴനും ആപത്തിൽപ്പെടുന്നവർക്ക് സഹായിയും എല്ലാമായിരുന്നു അടുത്ത കാലം വരെ രമേശൻ കോൺട്രാക്ടർ. ശതകോടികളുടെ ആസ്തിയിലെത്തിയപ്പോഴും വന്ന വഴി മറന്നിരുന്നില്ല. അതുകൊണ്ട് തന്നെ ലളിത ജീവതമായിരുന്നു രമേശൻ കോൺട്രാക്ടർ നയിച്ചത്. രാജധാനി ഗ്രൂപ്പിന്റെ വളർച്ചയുടെ കാരണവും രമേശൻ കോൺട്രാക്ടറുടെ കഠിനാധ്വാനം മാത്രമാണ്. പൊതുമരാമത്ത് കോൺട്രാക്ടറിൽ നിന്ന് ഒറ്റയ്ക്ക് നേടിയെടുത്തതാണ് രാജധാനിയെന്ന വ്യവസായ സാമ്രാജ്യം.
കോൺട്രാക്ടർ എന്ന് കേട്ടാൽ തിരുവനന്തപുരത്തുകാരുടെ മനസ്സിൽ ആദ്യം ഓടിയെത്തുക രമേശൻ കോൺട്രാക്ടറുടെ പേരു തന്നെയാണ്. താഴ്ന്ന നിലയിൽ നിന്ന് സ്വന്തമായ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്തിയ വ്യക്തിത്വമാണ് ജി രമേശൻ കോൺട്രാക്ടറുടേത്. ബിസിനസ് മേഖലയിൽ തൊട്ടതെല്ലാം പൊന്നാക്കി. വിവാദങ്ങളും സഹയാത്രികനായി രമേശൻ കൺട്രാക്കിനെ പിന്തുടർന്നു. പക്ഷേ അതൊന്നും രാജധാനിയെന്ന വ്യവസായ ഗ്രൂപ്പിന്റെ വളർച്ചയെ ചെറുതായി പോലും ബാധിച്ചില്ല.
പൊതുമരാമത്ത് കോൺട്രാക്ടറായിരിക്കെ വൻകിട പ്രോജക്ടുകൾ ഏറ്റെടുത്ത് യഥാസമയം പൂർത്തിയാക്കിയതിന് സർക്കാരിൽ നിന്ന് സ്വർണപ്പതക്കം ലഭിച്ചിട്ടുണ്ട്. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് സ്ഥിരാംഗമായ രമേശൻ കോൺട്രാക്ടർ ചെമ്പഴന്തി ആർ.ഡി.സി ചെയർമാനായും സേവനം അനുഷ്ഠിച്ചു. കേരള സർക്കാരിന്റെ മിനിമം വേജസ് കമ്മിറ്റിയിലും പ്രോവിഡന്റ് ഫണ്ട് കമ്മിറ്റി അംഗമായും ഫുഡ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ന് രാജധാനി ഗ്രൂപ്പ് ബിജു രമേശ് എന്ന മകന്റെ കരങ്ങളിലാണ്. ബാറും ഹോട്ടലും തന്നെയാണ് കരുത്ത്. പത്തോളം ഹോട്ടലുകൾ, എഞ്ചിനിയറിങ് കോളേജ്, അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൊത്ത വിതരണ കമ്പനികൾ ഇങ്ങനെയെല്ലാം രാജധാനിയെന്ന കുടക്കീഴിലുണ്ട്. രാജധാനിയുടെ ഈ വിജയത്തിന് പിന്നിൽ രമേശൻ കോൺട്രാക്ടർ എന്ന ഒറ്റവ്യക്തിയാണ്. കേരളത്തിന്റെ എക്കാലത്തേയും കരുത്തനായ മുഖ്യമന്ത്രി കെ കരുണാകരനുമായുള്ള വ്യക്തിബന്ധം അടക്കമുള്ളവ കോൺട്രാക്ടറെ പലപ്പോഴും വിവാദപുരുഷനുമായി.
1931 മാർച്ച് 21ന് തിരുവനന്തപുരം ജഗതിയിലെ കത്തിരിവിള വീട്ടിൽ ഗോവിന്ദന്റേയും ആനയറ കാട്ടിൽ വീട്ടിൽ ദേവികയുടെയും മകനായാണ് ജനിച്ചത്. ജഗതി വെർണാക്കുലർ (ഇന്നത്തെ ജഗതി യു.പി.എസ്)സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ പ്രൈവറ്റായി പാസായി. പിന്നീടാണ് പിതാവിന്റെ കോൺട്രാക്ർ പണിയിലേക്ക് തിരിഞ്ഞത്. ഇതിനിടെ കേരള രാഷ്ട്രീയത്തിലെ കരുത്തനായ ടികെ ദിവാകരന്റെ വിശ്വസ്തനായി. ഇതോടെ രമേശൻ കോൺട്രാക്ടറുടെ നല്ലകാലം തെളിഞ്ഞു.
1967 മുതൽ 69 വരെയും പിന്നീട് 1970 മുതൽ 76വരെയും പൊതുമരാമത്ത് മന്ത്രിയായിരുന്നു ടികെ ദിവാകരൻ. ഈ സമയത്ത് പൊതുമരമാത്തിലെ കരാറു പണികൾ രമേശൻ കോൺട്രാക്ടറിന് വേണ്ടുവോളം കിട്ടി. ഭരണത്തിലെ ഇടനാഴിയിലെ സജീവ സാന്നിധ്യമായും മാറി. 1972ൽ ഹോട്ടൽ വ്യവസായത്തിന്് തുടക്കമിട്ടു. ഇതിനിടെയിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനോട് ചേർന്ന് രാജധാനി ബിൽഡിംഗും രമേശൻ കോൺട്രോക്ടറായി. ഇന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്ത് വകയാണ് ഇവ. ആരും കൊതിക്കുന്ന കണ്ണായ സ്ഥലത്തുള്ള വലിയ ആസ്തി പലരും കണ്ണുവച്ചെങ്കിലും രമേശൻ കോൺട്രോക്ടർ വിട്ടുകൊടുത്തില്ല. പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്ന് രാജധാനി ബിൽഡിങ്ങിന് നടുവിൽ വീട് പണിത് താമസമാക്കുകയും ചെയ്തു.
മന്ത്രി ദിവാകരനുമായുള്ള അടുപ്പം തന്നെയാണ് രമേശൻ കോൺട്രാക്ടറിനെ വിവാദത്തിൽ ആദ്യം എത്തിച്ചത്. ദിവാകരന്റെ ബിനാമിയാണ് രമേശൻ വിമർശനത്തിനും കോൺട്രാക്ടറെ തളർത്താനായില്ല. എഴുപതുകളിലെ ചെറിയ തുടക്കം അതിനുമപ്പുറത്തേക്ക് വലുതാക്കിയാണ് രമേശൻ കോൺട്രാക്ടർ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. കഠിനാധ്വാനത്തിലൂന്നിയ തന്ത്രങ്ങളിലൂടെ രാജാധാനി ഗ്രൂപ്പ് ഹോട്ടൽ വ്യവസായത്തിനപ്പുറം വളർന്നു. ചാരായക്കച്ചവടത്തിലും ഇറങ്ങി. അവിടേയും പിഴച്ചില്ല.
പന്നീട് ബാർ ഹോട്ടൽ വ്യവസായം. തിരുവനന്തപുരത്ത് മാത്രം 14 ബാറുകൾ രാജധാനി ഗ്രൂപ്പിന് സ്വന്തമായുണ്ട്. പുതിയ മദ്യനയം ഇവയിൽ പലതിനേയും പൂട്ടിച്ചു. എന്നിട്ടും തകരാത്ത സാമ്രാജ്യമായി രാജധാനി തലയെടുപ്പോടെ നിലകൊള്ളുന്നു. ചാരായ നിരോധനത്തിന്റെ സമയത്ത് തന്നെ വൈവിധ്യവൽക്കരണത്തിന്റെ ആവശ്യം രമേശൻ കോൺട്രാക്ടർ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ മൊത്ത വിതരണ ഏജൻസി അടക്കമുള്ളവയിലേക്ക് ശ്രദ്ധതിരിച്ചു. തിരുവനന്തപുരത്തെ തൊണ്ണൂറുകളിലെ ഏറ്റവും വലിയ കല്ല്യാണ മണ്ഡപം പോലും രമേശൻ കോൺട്രാക്ടറുടേതായിരുന്നു. ജഗതിയിൽ അനന്തപുരിയെന്ന പേരിലെ കല്ല്യാണ മണ്ഡപത്തോട് ചേർന്ന് ലോഡ്ജും ഗോഡൗണുകളും പണിതു. ഇതെല്ലാം വിജയമായി.
അക്കാലത്ത് കരുണാകരന്റെ വിശ്വസ്തനായിരുന്നു രമേശൻ കോൺട്രാക്ടർ. ലീഡർക്ക് വേണ്ടതെല്ലാം എത്തിക്കുന്നത് കോൺട്രാക്ടറാണെന്നത് തിരുവനന്തപുരത്തെ എല്ലാവരും അന്ന് സമ്മതിച്ചിരുന്നു. സമുദായ പ്രവർത്തനങ്ങളിലും സജീവമായി. എസ്എൻഡിപി യൂണിയന്റെ നേതൃത്വം ആരാകണമെന്ന് പോലും കരുണാകരനുമായി ചേർന്ന് കോൺട്രാക്ടറാണ് തീരുമാനിച്ചിരുന്നത്. കോൺ്ട്രാക്ടറുടെ അടുപ്പക്കാർ എംഎൽഎമാരും എംപിമാരും പിന്നെ മന്ത്രിമാരുമായി. പാവപ്പെട്ടവരേയും കൈയയച്ച് സഹായിച്ചു. ഒപ്പം കൂടിയവർ പിന്നീട് ഒരിക്കലും കോൺട്രാക്ടറെ വിട്ടുപോയില്ല. ഇതു തന്നെയാണ് രാജധാനി ഗ്രൂപ്പിന്റെ കരുത്തും.
ബാർ കോഴ വിവാദം പുറത്തുവിട്ട ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിനെ കൂടാതെ മൂന്ന് മക്കളുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. സംസ്കാരം നാളെ രാവിലെ 10 മണിക്ക് നടത്തും. ഇന്ദിരാദേവിയാണ് ഭാര്യ. ചിത്ര, മഞ്ജു, ഡോ.ബിനു രമേശ് (കാർഡിയോളജിസ്റ്റ്) എന്നിവരാണ് മറ്റ് മക്കൾ.