Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടുമല ബാപ്പു മുസ്ലിയാർ വിടവാങ്ങുന്നത് മതസൗഹാർദത്തിന്റെയും സമുദായ ഐക്യത്തിന്റെയും ചിരസ്മരണകൾ ബാക്കിവച്ച്; സമസ്തയുടെ നിറസാന്നിധ്യമായിരുന്ന മുസ്‌ലിയാർ എന്നും മുൻതൂക്കം നല്കിയത് മാനവികതയ്ക്ക്

കോട്ടുമല ബാപ്പു മുസ്ലിയാർ വിടവാങ്ങുന്നത് മതസൗഹാർദത്തിന്റെയും സമുദായ ഐക്യത്തിന്റെയും ചിരസ്മരണകൾ ബാക്കിവച്ച്; സമസ്തയുടെ നിറസാന്നിധ്യമായിരുന്ന മുസ്‌ലിയാർ എന്നും മുൻതൂക്കം നല്കിയത് മാനവികതയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മതസൗഹാർദത്തിന്റെയും സമുദായ ഐക്യത്തിന്റെയും ചിരസമരണകൾ ബാക്കിവച്ചാണ് കോട്ടുമല ബാപ്പു മുസ്ലിയാർ വിടവാങ്ങുന്നത്. സമസ്തയുടെ നിറ സാന്നിധ്യമായിരുന്ന മുസ്ല്യാർ വിദ്യാഭ്യാസ മേഖലയക്കു നല്കിയ സംഭാവനകളും നിസ്തുലമാണ്. മതത്തെ തീവ്രവാദ നിലപാടുകൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്ന കാലത്ത് ബാപ്പു മുസ്ലിയാർ എന്നും മുൻതൂക്കം നല്കിയിരുന്നത് മാവികതയ്ക്കായിരുന്നു.

പ്രമുഖ മതപണ്ഡിതനും സമസ്തയുടെ സമുന്നത നേതാവുമായിരുന്ന മർഹും കോട്ടുമല ടി.അബൂബക്കർ മുസ്ലിയാരുടെയും പ്രമുഖ സൂഫിവര്യനും സമസ്ത സ്ഥാപക നേതാവുമായ മർഹൂം മൗലാനാ അബ്ദുൽ അലികോമു മുസ്ലിയാരുടെ മകൾ ഫാത്വിമ ഹജ്ജുമ്മയുടെയും പുത്രനായാണ് ജനനം. പിതാവിനൊപ്പം ശംസുൽ ഉലമാ ഇ.കെ.അബൂബക്ര് മുസ്ലിയാർ, കെ.കെ.അബൂബക്കർ ഹസ്രത്ത്, കുമരംപുത്തുർ എ.പി.മുഹമ്മദ് മുസ്ലിയാർ, വല്ലപ്പുഴ ഉണ്ണീൻകുട്ടി മുസ്ലിയാർ, കോക്കൂർ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുരുക്കന്മാർ.

പ്രാഥമിക പഠനത്തിനു ശേഷം പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ പിതാവിന്റെ ദർസിൽ ചേർന്നു. പന്ത്രണ്ടാമത്തെ വയസിൽ പിതാവ് പട്ടിക്കാട് ജാമിഅയിൽ എത്തിയപ്പോൾ ബാപ്പു മുസ്ല്യാരും കൂടെയെത്തി. ജാമിഅ കേന്ദ്രീകരിച്ച് മതപഠനവും പട്ടിക്കാട് ഹൈസ്‌കൂളിൽ പഠനവും തുടർന്നു.

പിന്നീട് ദർസ് പഠനത്തിനായി മേൽമുറി ആലത്തൂർപടിയിൽ കെ.കെ. അബൂബക്കർ ഹസ്രത്തിന്റെ ദർസിൽ ചേർന്നു. ഒരു വർഷം അവിടെ പഠിച്ചു. അതിനുശേഷം കെ.കെ. ഹസ്രത്ത് പൊട്ടിച്ചിറ അൻവരിയ്യ അറബിക് കോളജിലേക്ക് മാറി. രണ്ടു വർഷം അവിടെ പഠിച്ചു. 1971ൽ അൻവരിയ്യയിൽ നിന്നും ജാമിഅ നൂരിയ്യയിലെ ആറാംക്ലാസിൽ ചേർന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജാമിഅയിലെ സഹപാഠിയായിരുന്നു. ബാപ്പു മുസ്ല്യാർ 1975ൽ ഫൈസി ബിരുദം നേടി. അരിപ്ര വേളൂർ മസ്ജിദിൽ ഖാസിയും മുദരിസുമായി. തുടർന്ന് പിതാവിന്റെ നിർദ്ദേശപ്രകാരം നന്തി ദാറുസ്സലാമിൽ എത്തി.

പിതാവ് കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ നിര്യാണത്തെ തുടർന്ന് കാളമ്പാടി മഹല്ല് ഖാദി, മലപ്പുറം മുണ്ടക്കോട് മഹല്ല് ഖാദിസ്ഥാനങ്ങളും ഏറ്റെടുത്തു. കാളമ്പാടി മഹല്ല് കമ്മറ്റിയുടെയും മദ്‌റസയുടെയും പ്രസിഡന്റ്, കോട്ടുമല അബൂബക്കർ മുസ്ലിയാർ സ്മാരക കോംപ്‌ളക്‌സ് ജന. സെക്രട്ടറി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു.

വിദ്യാഭ്യാസ രംഗത്ത് ബാപ്പു മുസ്ല്യാർ നല്കിയ സേവനങ്ങൾ നിരവധിയാണ്. കടമേരി റഹ്മാനിയ അറബിക് കോളജിൽ പ്രിൻസിപ്പലായി സേവനമഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. കോളജിന്റെ പൂർവ വിദ്യാർത്ഥി സംഘടനയായ റഹ്മാനീസ്് അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ സംഗമത്തിൽ പങ്കെടുക്കാൻ സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ കൂടിയായ കോട്ടുമല ദുബൈ സന്ദർശനം നടത്തി തിരിച്ചുവന്നപ്പോൾ പനി ബാധിച്ചതിനെ തുടർന്നാണ് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം സംഭവിച്ചിരിക്കുന്നത്.

2004 സെപ്റ്റംബർ എട്ടിനാണ് സമസ്തയുടെ പരമോന്നത സംഘടനയായ മുശാവറയിൽ അംഗമാകുന്നത്. 2010ൽ ഒക്ടോബർ രണ്ടിന് ചേർന്ന മുശാവറ യോഗം ബാപ്പു മുസ്ല്യാരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2012ലാണ് ഹജ്ജ് കമ്മിറ്റി ചെയർമാന് സ്ഥാനം ഏറ്റെടുക്കുന്നത്.

സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി, സമസ്ത കേരളാ ജംഇയ്യത്തുൽ മുഫത്തിശീൻ പ്രസിഡന്റ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജാമിഅ നൂരിയ്യ കമ്മിറ്റി അംഗം, ഏറനാട് താലൂക്ക് പ്രസിഡന്റ്, സുപ്രഭാതം ദിനപത്രം ചെയർമാൻ, ഇഖ്റഅ് പബ്ലിക്കേഷൻ ചെയർമാൻ, എം.ഇ.എ എൻജിനിയറിങ് കോളജ് കമ്മിറ്റി കൺവീനർ, കാളമ്പാടി മഹല്ല് കമ്മിറ്റി, മദ്റസ പ്രസിഡന്റ്, കോട്ടുമല അബൂബക്കർ മുസ്ലിയാർ സ്മാരക കോംപ്ലക്സ് ജനറൽ സെക്രട്ടറി, മലപ്പുറം മുണ്ടക്കോട് മഹല്ല് ഖാസി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചുവരികയായിരുന്നു.

പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ മർഹും ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ മകൾ പരേതയായ സ്വഫിയ്യ ഹജ്ജുമ്മ, ആയിശാബി എന്നിവർ ഭാര്യമാരാണ്. മക്കൾ:അബൂബക്കർ, ഫൈസൽ, അബ്ദുറഹ്മാൻ, ഫാത്തിമസുഹ്റ, സൗദ, ഫൗസിയ. മരുമക്കൾ:എൻ.വി. മുഹമ്മദ് ഫൈസി കടുങ്ങല്ലൂർ, മുഹമ്മദ് ഷാഫി താമരശ്ശേരി, അബ്ദുൽസലാം കാളമ്പാടി,നൂർജഹാൻ, മാജിദ, റുബീന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP