Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വില്ലേജ് ഓഫീസർ തൂങ്ങി മരിച്ചത് സീനിയോറിട്ടിയും റിട്ടയർമെന്റ് സമയവും പരിഗണിക്കാത്ത കർണ്ണാടക അതിർത്തിയിലേക്ക് സ്ഥലം മാറ്റിയപ്പോൾ; പ്രതികാര സ്ഥലം മാറ്റത്തിന്റെ രക്തസാക്ഷിയായി പോൾ തോമസ്

വില്ലേജ് ഓഫീസർ തൂങ്ങി മരിച്ചത് സീനിയോറിട്ടിയും റിട്ടയർമെന്റ് സമയവും പരിഗണിക്കാത്ത കർണ്ണാടക അതിർത്തിയിലേക്ക് സ്ഥലം മാറ്റിയപ്പോൾ; പ്രതികാര സ്ഥലം മാറ്റത്തിന്റെ രക്തസാക്ഷിയായി പോൾ തോമസ്

കൊല്ലം: ഭരണം മാറിയാൽ സ്ഥലം മാറ്റം ഉറപ്പെന്നാണ് വയ്‌പ്പ്. ഇവിടെ ഒരു മാനദണ്ഡവും സർക്കാർ സർവ്വീസിൽ പാലിക്കാറില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇത്തവണ ഇട നൽകി. ഇടത് ഭരണമെത്തിയപ്പോഴുള്ള സ്ഥലം മാറ്റം നിയമസഭ പോലും ചർച്ച ചെയ്തു. സ്വാഭാവികമായതേ സംഭവിച്ചുള്ളൂവെന്ന സർക്കാർ വാദത്തെ പ്രതിപക്ഷം ഇനി ഏതായാലും അംഗീകരിക്കില്ല. അവർക്ക് സ്ഥലം മാറ്റത്തിൽ മനംനൊന്ത് മരിച്ച രക്തസാക്ഷിയുമായിരിക്കുന്നു. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയ ഇടത് സർക്കാർ തീരുമാനത്തിൽ മനംനൊന്താണ് കിളികൊല്ലൂർ മാനവനഗർ ലില്ലികോട്ടേജിൽ പോൾതോമസ് (53) ആത്മഹത്യ ചെയ്തത്.

കാസർകോട് ജില്ലയിലെ അതിർത്തിഗ്രാമമായ കടമ്പാൽ വില്ലേജിലേക്ക് സ്ഥലംമാറ്റിയതിനെതുടർന്ന് ആത്മഹത്യചെയ്ത വില്ലേജ് ഓഫിസർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമെത്തി. സർവീസ് സംഘടന പ്രവർത്തനങ്ങളുടെ കുടിപ്പകയാണ് ട്രാൻസഫറിന് പിന്നിലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വൈരാഗ്യ ബുദ്ധിയോടെയുള്ള ട്രാൻസ്ഫറുകൾ മാത്രമേ ഈ സർക്കാർ ചെയ്യുന്നുള്ളുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതിന്റെ രക്തസാക്ഷിയാണ് പോൾ തോമസെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന പോൾ തോമസിനെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് അതിർത്തിപ്രദേശമായ കാസർകോട് ജില്ലയിലെ കടമ്പാൽ വില്ലേജിലേക്ക് സ്ഥലംമാറ്റിയതെന്ന് എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകർ ആരോപിക്കുന്നു. ഭാഷാപരമായ വ്യത്യാസം കാരണം ജോലിചെയ്യാനുള്ള ബുദ്ധിമുട്ട് മേലധികാരികളെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സർവിസിൽ ജൂനിയറായ പലരെയും കൊല്ലം ജില്ലയിൽതന്നെ നിലനിർത്തിയ ശേഷമാണ് പോൾ തോമസിനെ അകലേക്ക് സ്ഥലംമാറ്റിയതെന്നും അസോസിയേഷൻ ആരോപിച്ചു.

റിട്ടയർ ചെയ്യാൻ രണ്ട് വർഷേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയുള്ളവരെ സ്വന്തം ജില്ലയിൽ നിലനിർത്തണമെന്ന മാനദണ്ഡമുണ്ട്. എന്നാൽ ഇടത് സർക്കാർ അത് പാലിച്ചില്ല. ഇതോടെയാണ് പോൾ തോമസിന് സ്ഥലം മാറ്റ ഉത്തരവ് എത്തിയത്. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കൗൺസിലർ ആയിരുന്നു പോൾ തോമസ്. കലക്ടറേറ്റ് അക്കൗണ്ട് സെക്ഷനിൽ സീനിയർ ക്ലാർക്കായിരിക്കെ ഇദേഹത്തിന് കഴിഞ്ഞ മാസമാണ് വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചത്. തുടർന്ന് പോളിനെ കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ നിന്നു 17 കിലോമീറ്റർ മാത്രം അകലെയുള്ള കടമ്പാർ വില്ലേജിലേക്കാണ് സർക്കാർ സ്ഥലംമാറ്റിയിരുന്നു. ഓഗസ്ത് എട്ടിനു നിലവിലെ ജോലിയിൽ നിന്നു വിട്ടു ഒരാഴ്ചത്തെ അവധിക്കു ശേഷം 16നാണു കാസർഗോഡ് വില്ലേജ് ഓഫിസറായി ജോലിയിൽ പ്രവേശിച്ചത്.

സ്ഥലംമാറ്റത്തിനു ശേഷം പോൾ തോമസ് കടുത്ത വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നെഞ്ചുവേദനയെ തുടർന്നു നാലു ഡോക്ടർമാരെ കണ്ടു. തുടർന്ന് ഭാഷ പ്രശ്‌നമാണെന്നും നെഞ്ചുവേദനയ്ക്കു ശമനമില്ലെന്നും ഭാര്യയെയും മക്കളെയും ഇദേഹം അറിയിച്ചിരുന്നു. പോൾ തോമസിനേക്കാൾ സർവീസ് കുറഞ്ഞ ഭരണാനുകൂല സർവീസ് സംഘടനകളിൽപ്പെട്ടവരെ തൃശൂർ, മലപ്പുറം, ഇടുക്കി, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലാണു സ്ഥലംമാറ്റിയത്. ഇക്കാര്യം കാട്ടി ലാൻഡ് റവന്യു കമ്മിഷണർക്ക് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. സർവീസിൽ നിന്നു വിരമിക്കാൻ ഒരു വർഷം മാത്രമാണെന്നതു കണക്കിലെടുക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അപേക്ഷയെല്ലാം നിരസിച്ചതോടെ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പോൾ ജോസഫ് ആത്മഹത്യ ചെയ്യുകയായിരുന്നു.

മങ്ങാട് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ നടന്ന സംസ്‌കാരചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കന്നട, തുളു ഭാഷകൾ സംസാരിക്കുന്ന കടമ്പാലിൽ ഭാഷ അറിയാതെ ജോലിചെയ്യുന്നതിലെ ബുദ്ധിമുട്ട് അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടാകാത്തതിൽ പോൾതോമസ് ഏറെ ദുഃഖിതനായിരുന്നെന്ന് ഭാര്യ ജെസി പ്രതിപക്ഷനേതാവിനെയും ഉമ്മൻ ചാണ്ടിയെയും അറിയിച്ചു. ആൻപോൾ, സാറാ പോൾ എന്നിവർ മക്കളാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP