Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താമരക്കുളത്തിന് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ആദ്യം പൊലിഞ്ഞത് മകൾ തേജസ്വിനി; വെന്റിലേറ്ററിൽ തുടരവേ മരുന്നുകളോട് പ്രതികരിച്ചതും കണ്ണുതുറന്നതും പ്രതീക്ഷയേകി; ശ്വാസോഛ്വാസം ക്രമപ്പെട്ടു വന്നെങ്കിലും വില്ലനായത് ഹൃദായാഘാതം; എയിംസിൽ നിന്ന് ഡോക്ടമാർ എത്തും മുമ്പ് മലയാളികളുടെ നെഞ്ചിലെ കനൽപൂവായി വിട പറഞ്ഞ് ബാലഭാസ്‌ക്കർ

താമരക്കുളത്തിന് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ആദ്യം പൊലിഞ്ഞത് മകൾ തേജസ്വിനി; വെന്റിലേറ്ററിൽ തുടരവേ മരുന്നുകളോട് പ്രതികരിച്ചതും കണ്ണുതുറന്നതും പ്രതീക്ഷയേകി; ശ്വാസോഛ്വാസം ക്രമപ്പെട്ടു വന്നെങ്കിലും വില്ലനായത് ഹൃദായാഘാതം; എയിംസിൽ നിന്ന് ഡോക്ടമാർ എത്തും മുമ്പ് മലയാളികളുടെ നെഞ്ചിലെ കനൽപൂവായി വിട പറഞ്ഞ് ബാലഭാസ്‌ക്കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാവിലെ നാല് മണിയോടെയാണ് ദേശീയപത പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാർ റോഡ് വക്കിലെ മരത്തിലിടിച്ചത്. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയപ്പോഴാണ് അപകടത്തിൽ പെട്ടത് മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌ക്കറും കുടുംബവുമാണ ് അപകടത്തിൽ പെട്ടതെന്ന് മനസിലാക്കിയത്. കാറിൽ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വി ബാലയും, ഡ്രൈവർ അർജുനുമായിരുന്നു ഉണ്ടായിരുന്നത്. അതുവഴി പോയ വാഹനത്തിലുള്ളവരും നാട്ടുകാരും ചേർന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തേജസ്വിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അപകടമുണ്ടായി ഒരാഴ്‌ച്ച കഴിയുമ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ബാലുവും യാത്രയായി. അപകടത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും ഒടുവിൽ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് ബാലു യാത്രയായത്. ബാലുവിന് വേണ്ടി പ്രാർത്ഥിച്ചവർക്ക് ഞെട്ടൽ സമ്മാനിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ വിയോഗം. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇരുവരും. ഡ്രൈവറുടെ പരിക്ക് ഗുരുതരമായിരുന്നില്ല. ഇന്ന് പുലർച്ചെ ഉണ്ടായ ഹൃദയാഘാതമാണ് ബാലഭാസ്‌ക്കറിന്റെ ജീവനെടുത്തത്.

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരവേ ബാലഭാസ്‌കറിന് ബോധം തിരിച്ചു കിട്ടിയിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയും കൈവന്നു. എങ്കിലും വെന്റിലേറ്ററിൽ തന്നെ തുടരുകയായിരുന്നു അദ്ദേഹം. ബാലഭാസ്‌കറുടെ ശ്വാസോഛ്വാസം ക്രമപ്പെട്ടു വന്നപ്പോൾ എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നത് ഏവർക്കും സന്തോഷം പകരുന്ന കാര്യവുമായി. ബോധം ഇടയ്ക്ക് വന്നതു പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പൂർണമായി ബോധം വീണിട്ടില്ല. രക്തസമ്മർദ്ദം സാധാരണ നിലയായി. ശനിയാഴ്ച രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം മാറ്റാൻ കഴിഞ്ഞു. ശ്വസന പ്രക്രിയ ഉപകരണ സഹായത്തോടെയാണ്. ഇതിലും ഗുണപരമായ മാറ്റമുണ്ടായാൽ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ അപ്രതീക്ഷിതമാി കാര്യങ്ങൾ വഷളായ്.

ബാലഭാസ്‌കറിനെ ചികിത്സിക്കാൻ ഡൽഹി എയിംസിൽ നിന്ന് ഡോക്ടർമാരെ എത്തിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ നടന്നു. എയിംസിലെ ന്യൂറോ സർജനെ അയയ്ക്കാമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ ഉറപ്പ് നൽകിയതായി ശശി തരൂർ എംപി അറിയിച്ചിരുന്നു. അതിനിടെ ബാലഭാസ്‌കറിന്റെ വലതുകാൽ ശാസ്ത്രക്രിയക്ക് വിധേയമാക്കി. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ക്ഷതത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ മതിയെന്ന നിഗമനത്തിലായിരുന്നു ഡോക്ടർമാർ. മകൾ മരിച്ചത് അറിയാതെ ഒടുവിൽ ബാലഭാസ്‌ക്കറു യാത്രയാകുകയാണ്.

നട്ടെല്ലിനും കഴുത്തിനും സുഷുമ്‌ന നാഡിക്കുമാണ് ബാലഭാസ്‌കറിന് ഗുരതരമായി പരിക്കേറ്റിരിക്കുന്നത്. ഒന്നിലധികം ശസ്ത്രക്രിയകൾക്ക് അദ്ദേഹത്തെ വിധയനാക്കി. ഭാര്യ ലക്ഷമിക്ക് അരയ്ക്ക് കീഴപ്പോട്ടാണ് പരിക്കേറ്റിരിക്കുന്നത്. അച്ഛൻ വിളിച്ചപ്പോൾ ബാലഭാസ്‌കർ ചെറുതായി കണ്ണു തുറന്നിരുന്നു. എന്നാൽ, വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രതീക്ഷകൾ അസ്ഥാനത്താക്കിയാണ് ഒടുവിൽ ബാലഭാസ്‌ക്കർ എന്ന അതുല്യ കലാകാരൻ വിടവാങ്ങിയിരിക്കുന്നത്. ലക്ഷ്മിയുടെ നിലയും ഗുരുതരമായ അവസ്ഥയിലാണ്. മകൾ തേജസ്വിനിയും ഭർത്താവും മരിച്ചത് ഇപ്പോഴും ലക്ഷ്മി അറിഞ്ഞിട്ടില്ല.

ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 15 വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് തേജസ്വിനിയെ കിട്ടുന്നത്. തിട്ടമംഗലം പുലരി നഗർ 'ടിആർഎ 306 ശിവദത്തിലെ മുറ്റത്ത് തുള്ളിച്ചാടി നടക്കുന്ന, മാലാഖക്കുട്ടി. കോളേജ് പ്രണയത്തിന് ശേഷമുള്ള ബാലഭാസ്‌കറിന്റെ വിവാഹം കൂട്ടുകാർക്കെല്ലാം ആഘോഷമായിരുന്നു. ഇരു കുടുംബവും ആദ്യ ഘട്ടത്തിൽ മടിച്ചു നിന്നു. പിന്നെ പതിയെ അടുത്തു. മക്കളില്ലാത്ത ദുഃഖമായിരുന്നു പിന്നീട്. പ്രാർത്ഥനകൾ ദൈവം കേട്ടപ്പോൾ കുഞ്ഞു മാലാഖയെത്തി. അതുകൊണ്ട് തന്നെ തേജസ്വിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും വഴിപാടുകളും മുടക്കാറില്ലായിരുന്നു ആ കുടുംബം.

തൃശൂർ വടക്കുംനാഥനു മുന്നിൽ മനമുരുകി പ്രാർത്ഥിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും. ഇതിനിടെയാണ് ഡ്രൈവറുടെ ഉറക്കം ദുരന്തമായെത്തിയത്. യാത്രകളിൽ അച്ഛന്റെ മടിയിലിരിക്കാൻ വാശി പിടിക്കും തേജസ്വി. ഇന്നോവയുടെ പിൻസീറ്റിലിരുന്ന അമ്മയുടെ കൈയിൽ നിന്ന് പതിവുപോലെ മുൻ സീറ്റിലിരുന്ന ബാലഭാസ്‌ക്കറിന്റെ മടിയിലേക്ക് വാശി പിടിച്ചെത്തി. അച്ഛന്റെ മാറിൽ തല ചായ്ച്ച് മയങ്ങി. അപകടത്തിൽ ദുരന്തവുമെത്തി. തേജസ്വി ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു. പിന്നാലെ ഇപ്പോൾ അച്ഛനും.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആൽബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് നാൽപ്പത്തൊന്നുകാരനായ ബാലഭാസ്‌ക്കർ. അപകടം നടന്നയിടത്തു നിന്ന് റോഡിൽ കിലോമീറ്ററുകളോളം തെരുവ് വിളക്കുകൾ ഇല്ല. അതു വഴി പോയ വാഹനങ്ങൾ നിർത്തി ഹെഡ് ലൈറ്റുകൾ തെളിയിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000-ത്തിലാണ് വിവാഹം കഴിച്ചത്. ഫ്യൂഷൻ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തിൽത്തന്നെ പ്രശസ്തനായ ബാലഭാസ്‌കർ, ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.

പന്ത്രണ്ടാമത്തെ വയസ്സിലാണ് ബാലഭാസ്‌കർ തന്റെ സംഗീത ജീവിതം ആരംഭിച്ചത്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനും കൂടിയാണ് ഈ പ്രതിഭ. ഫ്യൂഷൻ മ്യൂസികിലൂടെ വേദികളിൽ വിസ്മയം തീർത്തിരുന്നു ബാലഭാസ്‌കർ. സ്ഥിരം അപകടമേഖലയാണ് കണിയാപുരം പള്ളിപ്പുറം മേഖല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP