Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടിലെ അറിയപ്പെടുന്ന ഗായിക കോൺഗ്രസ് നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി മൽസരിച്ചത് പ്രസവം കഴിഞ്ഞ് കുഞ്ഞിന് 28 കഴിയുന്നതിന് മുമ്പ്; 1958ലെ കെപിസിസി. സമ്മേളനത്തിൽ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസ്സിൽ ഇടംനേടി; കോൺഗ്രസുകാരിയായിരുന്നിട്ടും അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നു; കെ കരുണാകരന്റെ പിന്തുണയിലൂടെ മന്ത്രിസ്ഥാനത്തേക്ക്; കോഴിക്കോടിന്റെ പ്രിയപ്പെട്ട കമലേടത്തി ഓർമ്മയാവുമ്പോൾ

നാട്ടിലെ അറിയപ്പെടുന്ന ഗായിക കോൺഗ്രസ് നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി മൽസരിച്ചത് പ്രസവം കഴിഞ്ഞ് കുഞ്ഞിന് 28 കഴിയുന്നതിന് മുമ്പ്; 1958ലെ കെപിസിസി. സമ്മേളനത്തിൽ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസ്സിൽ ഇടംനേടി; കോൺഗ്രസുകാരിയായിരുന്നിട്ടും അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നു; കെ കരുണാകരന്റെ പിന്തുണയിലൂടെ മന്ത്രിസ്ഥാനത്തേക്ക്; കോഴിക്കോടിന്റെ പ്രിയപ്പെട്ട കമലേടത്തി ഓർമ്മയാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മലബാറിന് മറക്കാൻ കഴിയാത്ത വ്യക്്തിത്വങ്ങളിൽ ഒന്നായിരുന്നു അന്തരിച്ച മൂൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം കമലം (96) . ഒരു ഗായികയായും വീട്ടമ്മയായും അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നു അവർ തീർത്തും അപ്രതീക്ഷമായാണ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. കോഴിക്കോട് നടക്കാവിലെ വീട്ടിൽ ഭർത്താവ് സാമിക്കും തന്റെ കടിഞ്ഞൂൽ കുഞ്ഞിനുമൊപ്പം സതൃപ്ത കുടുംബിനിയായി കഴിഞ്ഞ കാലത്ത് ഓർക്കാപ്പുറത്താണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന അവർ നേരെത്ത നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അന്ന് ജനിച്ച് 28 തികയാത്ത ഒരു കുഞ്ഞിക്കാൽ വളർന്നു വലുതാകുന്നതായിരുന്നു കമലത്തിന്റെ സ്വപ്നം. പക്ഷേ പ്രസവശുശ്രൂഷ കഴിയുന്നതിന് മുമ്പ് പൊതുപ്രവർത്തനത്തിനിറങ്ങിയ കമലം അവസാനനാളുകളിൽ പോലും വിശ്രമമില്ലാതെ കോഴിക്കോട്ടെ കോൺഗ്രസിന്റെ വേദികളിൽ സജീവമായി നിലകൊണ്ടു. അതുകൊണ്ട് തന്നെ തലമുറകളുടെ സ്‌നേഹം കമലേടത്തിയെ തേടി അവരുടെ വീട്ടിലെത്തി. കമലത്തെ വീട്ടിലെത്തി കാണാതെ ഒരു കോൺഗ്രസ് നേതാവുപോലും കോഴിക്കോട് നിന്ന് മടങ്ങാറുണ്ടായിരുന്നില്ല.

ഭർത്താവ് പറഞ്ഞതുകൊണ്ടുമാത്രം ഒരു വെള്ള പേപ്പറിൽ ഒപ്പിട്ടു കൊടുത്തതാണ് കമലത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. പക്ഷേ അപ്പോഴും താനൊരു നാമനിർദ്ദേശ പത്രിമ സമർപ്പിക്കാനുള്ള സമ്മത പത്രത്തിലാണ് ഒപ്പിട്ടതെന്ന് കമലത്തിന് അറിയുമായിരുന്നില്ല. കോഴിക്കോട് നടക്കാവിൽ സ്ഥാനാർത്ഥിയെ തിരയുകയായിരുന്ന കോൺഗ്രസ് നേതൃത്വം കമലത്തെ സമീപിച്ചു. പക്ഷേ പ്രസവം കഴിഞ്ഞ് വെറും മൂന്നാഴ്‌ച്ച മാത്രം പിന്നിട്ടിരുന്നതിനാലും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലാതിരുന്നതിനാലും കമലം അവരെ മടക്കിയയച്ചു. പക്ഷേ കോഴിപ്പുറത്ത് മാധവമേനോനും കെ.പി കൃഷ്ണൻ നായരും ഉൾപ്പെടെയുള്ള പ്രദേശിക കോൺഗ്രസ് നേതൃത്വം കമലത്തെ അങ്ങനെ വിടാൻ തയ്യാറായില്ല. അവർ കമലത്തിന്റെ ഭർത്താവ് സ്വാമിയെ സമീപിച്ചു. സ്വാമി സമ്മതം മൂളിയെന്ന് മാത്രമല്ല കമലത്തെകൊണ്ട് നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം ഉച്ചയോടെ ഭർത്താവും കോൺഗ്രസ് പ്രാദേശിക നേതൃത്വവും ഒരു കുതിരവണ്ടിയുമായി വീട്ടിലെത്തി. ആ കുതിര വണ്ടി കമലെത്തെയും കൊണ്ട് ചെന്ന് നിന്നത് മുൻസിപ്പൽ ഓഫീസിന് മുന്നിലാണ്. ഭർത്താവ് ഒരു ഫോറത്തിൽ ഒപ്പിടാൻ പറഞ്ഞു. ഭർത്താവിനെ കണ്ണടച്ചു വിശ്വസിച്ചിരുന്ന കമലം ഒപ്പിടുകയും ചെയ്തു. ഭർത്താവ് പിന്നെ കമലത്തെ മുൻസിപ്പൽ കമ്മീഷണറുടെ അടുത്തേക്ക് പറഞ്ഞുവിട്ട്. കയ്യിലുള്ള ഫോറം അവിടെ ഏൽപ്പിക്കാൻ പറഞ്ഞു. കമലം അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. മുൻസിപ്പൽ കമ്മീഷണർ ഫോറം വാങ്ങിവച്ച് സൂക്ഷ്മമായി പരിശോധിക്കുന്നത് കണ്ടപ്പോൾ മാത്രമാണ് താൻ നാമനിർദ്ദേശ പത്രികയാണ് നൽകിയതെന്ന് കമലത്തിന് മനസിലായത്

അതേ നാമനിർദ്ദേശ പത്രിക കൊടുത്ത ഉടൻ വിജയിക്കാൻ കഴിഞ്ഞു എന്ന അപൂർവ ഭാഗ്യവും കമലത്തിനു സ്വന്തം. മറ്റാരും പത്രിക സമർപ്പിക്കാതിരുന്നതിനാൽ കമലം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ സ്വമിയുടെ ഭാര്യയായി വന്നിറങ്ങിയ കമലം തിരികെ മടങ്ങുന്നത് ജനപ്രതിനിധിയായാണ്. കമലത്തെ മത്സരപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ തീരുമാനിക്കാനുള്ള കാരണം അന്ന് കമലം നാട്ടിലെ അറിയപ്പെടുന്ന ഗായികയായിരുന്നു. ഈ പ്രശസ്തി വോട്ടായി മാറുമെന്ന് കണക്കുകൂട്ടിയാണ് കോൺഗ്രസ് നേതൃത്വം കമലത്തെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുന്നത്.

കെ പി സി സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് (ഒ)-ൽ നിലകൊണ്ട അവർ ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ചെയർപേഴ്‌സണായും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വിമോചന സമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കമലത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്ന് 1954ൽ കണ്ണൂർ കേന്ദ്രമായി 200 മഹിളാ സഹകരണസംഘങ്ങളും സമിതികളും രൂപവത്കരിച്ചതാണ്. പാർട്ടിതന്നെയാണ് ഈ ചുമതലയും കമലത്തെ ഏൽപ്പിച്ചത്. 1958ൽ കണ്ണൂരിൽ നടന്ന കെപിസിസി. സമ്മേളനത്തിൽ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസ്സിൽ കമലം ഇടംനേടിയത്.ജനസേവനത്തിന്റെ ഔന്നിത്യങ്ങളിലേക്ക് കയറിപ്പോയപ്പോഴെല്ലാം മുനിസിപ്പാലിറ്റിയിലെ പ്രവർത്തനപരിചയമായിരുന്നു തുണച്ചത്.

കോൺഗ്രസുകാരിയായിരുന്നിട്ടും അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നിട്ടുള്ള ആളാണ് കമലം. അന്ന് അജിതയും മന്ദാകിനിയുമായിരുന്നു സഹതടവുകാർ. ഒരിക്കൽ കേരളത്തിൽ കോൺഗ്രസിന് വെറും മൂന്ന് കെപിസിസി സെക്രട്ടറിമാരുണ്ടായിരുന്ന കാലത്ത് അതിലൊരാൾ കമലമായിരുന്നു. ജംബോ പട്ടികയുടെ ഇക്കാലത്ത് നിന്ന് നോക്കുമ്പോഴാണ് അന്ന് കമലമെന്ന സ്ത്രീയുടെ രാഷ്ട്രീയ പ്രാധാന്യം എത്രയെന്ന് തിരിച്ചറിയാനാകുക.അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാദളിൽ ചേർന്ന കമലം പാർട്ടി ടിക്കറ്റിൽ കോഴിക്കോട് നിന്ന് ജനവിധി തേടി. പക്ഷേ പരാജയമായിരുന്നു ഫലം. പിന്നീട് കമലം കോൺഗ്രസിലേക്ക് തിരികെയെത്തുകയും ചെയ്തു. വിജയവും തോൽവിയും കമലത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു പോലെ ഉണ്ടായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ 82 മുതൽ 87 വരെ സഹകരണമന്ത്രിയിരുന്നു കമലം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നീണ്ട കാലത്തെ പ്രവൃത്തി പരിചയമാണ് കമലത്തെ ഇത്രയും സുപ്രധാനമായൊരു പദവി ഏൽപ്പിക്കാൻ കരുണാകരനെ പ്രേരിപ്പിച്ചത്.

ഒടുവിൽ സ്ഥാനമാനങ്ങളെല്ലാം വിട്ടൊഴിഞ്ഞു വിശ്രമ ജീവിതത്തിലേക്ക് മടങ്ങിയപ്പോഴും കമലം കർമ്മനിരതായിരുന്നു. അത് മരണം വരെയും തുടർന്നു. ഭർത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടിയാണ്. എം.യതീന്ദ്രദാസ് പത്മജ ചാരുദത്തൻ, എം. മുരളി, എം. രാജഗോപാൽ, എം. വിജയകൃഷ്ണൻ എന്നിവരാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP