Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുംബൈ തെരുവിൽ വെച്ച് അച്ഛൻ ഉപേക്ഷിക്കാൻ ശ്രമിച്ച പെൺകുട്ടി; 17ാം വയസിൽ ആത്മഹത്യക്ക് തുനിഞ്ഞപ്പോൾ മാനസിക രോഗമെന്ന് പറഞ്ഞ് വീട്ടുകാർ ഷോക്ക് ട്രീറ്റ്‌മെന്റ് ചികിത്സ നൽകി; തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ തുറന്നെഴുതിയപ്പോൾ 'എന്താ മാധവിക്കുട്ടി ആകാനാണോ ഭാവം' എന്നുചോദിച്ചു വീട്ടുകാർ തടയിട്ടു; പേന ഉപേക്ഷിച്ച എഴുത്തുകാരിയെ മലയാളത്തിനു മടക്കി നൽകുന്നത് ഗുരു നിത്യ ചൈതന്യയതി: അഷിത വിടപറയുമ്പോൾ അവശേഷിക്കുന്നത് എഴുത്തിന്റെ നൊമ്പരപ്പൂക്കൾ

മുംബൈ തെരുവിൽ വെച്ച് അച്ഛൻ ഉപേക്ഷിക്കാൻ ശ്രമിച്ച പെൺകുട്ടി; 17ാം വയസിൽ ആത്മഹത്യക്ക് തുനിഞ്ഞപ്പോൾ മാനസിക രോഗമെന്ന് പറഞ്ഞ് വീട്ടുകാർ ഷോക്ക് ട്രീറ്റ്‌മെന്റ് ചികിത്സ നൽകി; തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ തുറന്നെഴുതിയപ്പോൾ 'എന്താ മാധവിക്കുട്ടി ആകാനാണോ ഭാവം' എന്നുചോദിച്ചു വീട്ടുകാർ തടയിട്ടു; പേന ഉപേക്ഷിച്ച എഴുത്തുകാരിയെ മലയാളത്തിനു മടക്കി നൽകുന്നത് ഗുരു നിത്യ ചൈതന്യയതി: അഷിത വിടപറയുമ്പോൾ അവശേഷിക്കുന്നത് എഴുത്തിന്റെ നൊമ്പരപ്പൂക്കൾ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: മലയാള സാഹിത്യ മേഖലയിൽ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ തുറന്നെഴുതിയാണ് മാധവിക്കുട്ടി മലയാളികളുടെ പ്രിയങ്കരി ആകുന്നത്. ഒരുപക്ഷേ, മാധവിക്കുട്ടിക്ക് ശേഷം എഴുത്തിൽ സത്യസന്ധമായ അനുഭവങ്ങൾ കുറിച്ചിട്ട മറ്റൊരു കലാകാരിയാണ് ഇന്നലെ വിടവാങ്ങിയ അഷിത. എന്നും സ്വന്തം ജീവിതത്തിലേക്ക് തുറന്നു പിടിച്ചു കണ്ണാടിയായിരുന്നു അഷിതയുടെ എഴുത്ത്. ജീവിതത്തിൽ വലിയ അനുഭവങ്ങളിലൂടെ അവർ കടന്നു പോയി. അച്ഛന്റെ പീഡനങ്ങളെ കുറിച്ച് തുറന്നെഴുതി.. ആത്മഹത്യയെ അഭയം പ്രാപിക്കാൻ ശ്രമിച്ചതിനെ കുറിച്ചും.

മുംബൈ തെരുവിൽ വെച്ച് അച്ഛൻ ഉപേക്ഷിക്കാൻ ശ്രമിച്ച പെൺകുട്ടിയാണ് താനെന്ന് അഷിത തുറന്നു പറഞ്ഞിട്ടുണ്ട്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവായിരുന്നു അഷിതയുടെ വേദനകൾ വായനക്കാർക്ക് മുമ്പിൽ എത്തിച്ചത്. അതി തീക്ഷ്ണമായ ഈ അനുഭവങ്ങൾ മലയാളികളെ ശരിക്കും ഞെട്ടിച്ചു. മരണത്തെ പുൽകിയ രാജലക്ഷ്മിയുടെയും സരസ്വതി അമ്മയുടെയും മാധവിക്കുട്ടിയുടെയും അനുഭവങ്ങൾക്കൊക്കെ മുകളിലായിരുന്നു അഷിതയുടേത്. സ്വന്തം രക്ഷിതാക്കളിൽ നിന്നേൽക്കേണ്ടി വന്ന വേദനകളായിരുന്നു അവർ ഷിഹാബിനോട് തുറന്നു പറഞ്ഞത്. കാൻസറിനോടു മല്ലിട്ടുകൊണ്ട് ജീവിക്കുന്ന സമയത്തായിരുന്നു ഈ തുന്നു പറച്ചിൽ.

അച്ഛനിൽ നിന്നാണ് തനിക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതെന്ന് അഷിത തുറന്നു പറയുന്നത്. ഇതിൽ വായനക്കാരുടെ ഉള്ളുലച്ചത് അച്ഛൻ മുംബൈയിൽ ഉപേക്ഷിക്കാൻ ശ്രമിച്ച അനുഭവമാണ്. മുംബൈയിലെ തിരക്കേറിയ നഗരത്തിൽ അച്ഛൻ അഷിതയെ ഉപേക്ഷിച്ചു കടന്നു. അച്ഛൻ ധൃതിയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയാണ്. പക്ഷേ, വാഹനങ്ങളുടെ അമിതവേഗം മുറിച്ചുകടക്കാൻ അച്ഛനു കഴിയുന്നില്ല. ഒടുവിൽ ഒന്നുമറിയാത്തതുപോലെ അച്ഛൻ തിരിച്ചുവന്നപ്പോൾ അഷിത ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. നീ കൂടെ ഉണ്ടായിരുന്നില്ലേ എന്ന് ലാഘവത്തോടെയൊരു ചോദ്യം മാത്രമേ അച്ഛനിൽ നിന്നുണ്ടായിരുന്നുള്ളൂ.

പിന്നീടൊരിക്കൽ മുംബൈയിലെ ആശുപത്രിയിൽ അച്ഛൻ ഉപേക്ഷിക്കാൻ ശ്രമിച്ചു. ഡോക്ടറെ കാണാൻ പോയതായിരുന്നു. ഡോക്ടറുണ്ടോ എന്നു നോക്കിയിട്ടുവരാമെന്നു പറഞ്ഞ് അച്ഛൻ മുങ്ങി. എന്നാൽ മകളെ അവിടെ ഉപേക്ഷിച്ചു പോകാനുള്ള അച്ഛന്റെ ശ്രമം സെക്യൂരിറ്റിക്കാരൻ പിടിക്കുകയായിരുന്നു. പാസിൽ രണ്ടുപേർ ഉണ്ടായിരുന്നു. അച്ഛൻ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി പിടികൂടിയതായും അഷിത ഓർത്തെടുത്തു. ഒടുവിൽ മകളെയും കൂട്ടി മടങ്ങേണ്ടിവന്നു. രണ്ടുതവണ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും വീണ്ടും അതേ അച്ഛന്റെ അഭയത്തിൽ ജീവിക്കേണ്ടി വന്നുവെന്നും തുറന്നു പറയുന്നു.

ജീവിതത്തിൽ പല ഘട്ടത്തിൽ ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയും അതിന് ശ്രമിക്കുകയും ചെയ്ത അനുഭവം അഷിതയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പതിനേഴാമത്തെ വയസിലായിരുന്നു ഒരു ആത്മഹത്യാ ശ്രമം. ഈ ശ്രമത്തിൽ വളരെ അതിശയകരമായ തോൽവി പിണഞ്ഞു പോയെന്നാണ് അവർ പറഞ്ഞത്. ഇതോടെ മാനസികരോഗമാണെന്നു പറഞ്ഞ് വീട്ടുകാർ ഷോക്ക് ട്രീറ്റ്‌മെന്റിനു കൊണ്ടുപോയെന്നും അഷിത തുറന്നു പറഞ്ഞിരുന്നു. പഠനമെല്ലാം നിർത്തി വീട്ടിൽ ഇരിക്കുന്ന സമയം. അമ്മൂമ്മയും അവരുടെ സഹോദരനും മാത്രമേ ഈ തറവാട്ടുവീട്ടിൽ ഉള്ളൂ. Mandrax എന്ന ഗുളിക പതിമൂന്നെണ്ണം സംഘടിപ്പിച്ച് ഉച്ചയ്ക്കു ശേഷം കഴിച്ചു.

അന്ന് ഫോണൊന്നുമില്ലാത്ത കാലമാണ്. അമ്മൂമ്മ മുറിയുടെ മുന്നിലൂടെ പോകുമ്പോൾ അഷിത പറഞ്ഞു, ഞാൻ ഗുളിക കഴിച്ചു, മരിക്കാൻ പോകുകയാണെന്ന്. സഹായത്തിന് ആരുമില്ലാത്ത അവസ്ഥ. കുറച്ചു കഴിഞ്ഞപ്പോൾ സ്‌കൂൾ നേരത്തെ വിട്ട് എട്ടാംക്ലാസിൽ പഠിക്കുന്ന ബന്ധു വീട്ടിലേക്കുവന്നു. അമ്മൂമ്മ അവനോടു കാര്യം പറഞ്ഞു. അവൻ ഉടൻ തന്നെ കിലോമീറ്റർ അകലെയുള്ള മെഡിക്കൽ ഷോപ്പിലേക്ക് ഓടി കമ്പൗണ്ടറെ കൂട്ടിക്കൊണ്ടുവന്ന് വയർ കഴുകാനുള്ള മരുന്നു കൊടുപ്പിച്ചു.

പതിവിനു വിപരീതമായിട്ടായിരുന്നു അന്നത്തെ സംഭവങ്ങൾ. സ്‌കൂൾ നേരത്തെ വിടുന്നു, അവൻ മെഡിക്കൽ ഷോപ്പിലേക്ക് ഓടുമ്പോൾ പരിചയമില്ലാത്തൊരാൾ സൈക്കിൾ കൊടുക്കുന്നു. ആകസ്മികതകൾക്കൊടുവിൽ അഷിത രക്ഷപ്പെടുന്നു. എന്നാൽ ആത്മഹത്യാശ്രമത്തിന്റെ അടുത്ത സംഭവത്തെക്കുറിച്ച് അവർ പറയുന്നതാണ് എല്ലാവരെയും ശരിക്കും വേദനിപ്പിച്ചത്. ആത്മഹത്യ ചെയ്യാനായി കഴുത്തിൽ കയറൊക്കെയിട്ട് നിൽക്കുകയാണ് അഷിത. മകളുടെ ആത്മഹത്യാഭീഷണി അമ്മ കാണുന്നുണ്ട്. എന്നാൽ അതിനെക്കുറിച്ച് വേവലാതിപ്പെടാതെ അമ്മ കാത്തുനിൽക്കുകയായിരുന്നെന്നാണ് അഷിത പറഞ്ഞത്. മകൾ ഇങ്ങനെയൊരു കടുംകൈ ചെയ്യുമ്പോൾ പേടിക്കേണ്ടതാണ് അമ്മമാർ. എന്നാൽ തന്റെ അമ്മ കാത്തിരിക്കുകയായിരുന്നു, മകൾ കഴുത്തിൽ കയറിട്ട് ചാടിയിട്ട് കഴുത്തുമുറുകുന്നതു കാണാൻ!. എന്താ നീ കാണിക്കുന്നതെന്നു ചോദിക്കുകയോ അച്ഛനെ വിളിക്കുകയോ ഉണ്ടായില്ല. അമ്മയുടെ ഈ പെരുമാറ്റം കണ്ടതോടെ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് അഷിത ജീവിതത്തിലേക്കു മടങ്ങുകയായിരുന്നു.

അച്ഛനമ്മമാർ തമ്മിൽ നിലനിന്ന സംഘർഷവും ശീതസമരവും തുറന്നു പറഞ്ഞിരുന്നു അഷിത. മകൾ ഒരു എഴുത്തുകാരി ആകുന്നത് കുടുംബം ഇഷ്ടപ്പെട്ടില്ല. പലതവണ വിലക്കിയും മര്ദ്ദിച്ചും നോക്കി. തുറന്നെഴുതിയത് തന്നെയായിരുന്നു പ്രധാന പ്രശ്‌നം. തീവ്രത നിറഞ്ഞു നിന്നതും. ഓരോ കഥയെഴുതുമ്പോഴും 'നീ എന്താ മാധവിക്കുട്ടിയാകാനാണോ ഭാവം' എന്നായിരുന്നു വീട്ടുകാരുടെ ചോദ്യം. കൗമാരത്തിലും യൗവനത്തിലും കുടുംബമായിരുന്നു എഴുത്ത് വിലക്കിയിരുന്നതെങ്കിൽ രോഗവും ആശങ്കകളും ആശയക്കുഴപ്പങ്ങളും ആത്മീയമായ അസ്വാസ്ഥ്യങ്ങളും അവരുടെ എഴുത്തിനു വിലങ്ങു തടിയായിട്ടുണ്ട്. പലവട്ടം എഴുത്തു നിർത്തി. വായന ഉപേക്ഷിച്ചു. സ്വന്തം മുറിയിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു അവർ. ഇങ്ങനെ എഴുത്ത് ഉപേക്ഷിച്ച ഘട്ടത്തിൽ അഷിതയ്ക്ക് സഹായിയായത്. ഗുരുനിത്യ ചൈതന്യയതി ആയിരുന്നു.

എഴുത്ത് പൂർണമായി ഉപേക്ഷിച്ച് പേന ഉപേക്ഷിച്ച എഴുത്തുകാരിയെ മലയാളത്തിനു മടക്കി നൽകുന്നത് ഗുരുവായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയതയുടെ വെളിച്ചമാണ്. ജീവിതത്തിലും എഴുത്തിലും ഗുരു അഷിതയെ സ്വാധീനിച്ചു. അഷിതയെ ആത്മീയതയുടെ തണലിൽ സാന്ത്വനത്തിന്റെ കുളിർമയിൽ സംരക്ഷണത്തിന്റെ സുരക്ഷിതത്വത്തിൽ സൂക്ഷിക്കുകയാിരുന്നു യതി. ഇതോടെ അഷിത വീണ്ടും എഴുത്തിലേക്ക് കടന്നു. സമചിത്തതയോടെ ലോകത്തെ നോക്കിക്കണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP