Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ചാക്കോയുടെ ബലിദാനം പാഴായി; ജനകീയ നേതാവ് കരൾ പറിച്ച് കൊടുത്ത തൊഴിലാളിയും മരണത്തിന് കീഴടങ്ങി; മരണകാരണം അണുബാധയോ? ആശുപത്രിയുടെ പിഴവ് ചൂണ്ടിക്കാട്ടിയ കുഞ്ഞാക്കോയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടും ആർക്കും അനക്കമില്ല

കുഞ്ചാക്കോയുടെ ബലിദാനം പാഴായി; ജനകീയ നേതാവ് കരൾ പറിച്ച് കൊടുത്ത തൊഴിലാളിയും മരണത്തിന് കീഴടങ്ങി; മരണകാരണം അണുബാധയോ? ആശുപത്രിയുടെ പിഴവ് ചൂണ്ടിക്കാട്ടിയ കുഞ്ഞാക്കോയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടും ആർക്കും അനക്കമില്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ടെക്‌സ്റ്റെയിൽ സെയിൽസ്മാനായ റോജി ജോസഫ് (44) കഴിഞ്ഞ ദിവസം മരിച്ചു. പാറത്തോട് പുത്തൻപുരയ്ക്കൽ കുടുംബാഗമാണ് റോജി.

മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി കുറ്റിക്കാട്ടിൽ കുഞ്ചാക്കോയുടെ കരൾ വാങ്ങിയായിരുന്നു റോജിയുടെ ശസ്ത്രക്രിയ. കരൾ പകുത്തെടുക്കുന്ന ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവിനെ തുടർന്ന് കുഞ്ചാക്കോ മരിച്ചിരുന്നു. റോജിയും മരണത്തിന് കീഴടങ്ങിയതോടെ കുഞ്ചാക്കോയുടെ ബലിദാനം വെറുതെയായി. ചികിൽസയിലെ പിഴവാണ് റോജിയുടെ മരണത്തിന് കാരണമെന്ന ആക്ഷേപം സജീവാണ്. കൊച്ചി അമൃതയിലായിരുന്നു ശസ്ത്രക്രിയ. അതിനിടെ പോസ്റ്റ്‌മോർട്ടം നടത്തായെ റോജിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള നീക്കവും സജീവമാണ്. മരണത്തിലെ ചികിൽസാ പിഴവ് പുറത്തുവരാതിരിക്കാനാണിതെന്നാണ് ആക്ഷേപം.

റോജി ജോസഫിന് ഗുരുതര കരൾരോഗം ബാധിച്ചതോടെ നാട്ടുകാർ ലക്ഷങ്ങൾ സമാഹരിച്ചെങ്കിലും കരൾ നൽകാനായി സ്വമനസ്സുകൾക്കായി അലയുന്നതിനിടെയാണ് കുഞ്ചാക്കോ സ്വയം സന്നദ്ധനായി കരൾ പകുത്തു നൽകാൻ തയ്യാറായി രംഗത്തുവന്നത്. ബന്ധുക്കൾ പോലും തയ്യാറാകാത്ത ഘട്ടത്തിലായിരുന്നു നാട്ടുകാരുടെ ജനകീയനായ നേതാവ് ത്യാഗസന്നദ്ധത അറിയിച്ചു രംഗത്തുവന്നത്. കുഞ്ചാക്കോ കരളിന്റെ അറുപത് ശതമാനമാണ് പകുത്തുനൽകിയത്. രോഗവിവരം പത്രങ്ങളിലൂടെ അറിഞ്ഞ കുഞ്ചാക്കോ റോജിയെ തേടിയെത്തി പ്രതിഫലംവാങ്ങാതെ കരൾ പകുത്തു നൽകുകയായിരുന്നു. പിന്നീട് തുടർചികിത്സയിലായിരുന്ന കുഞ്ചാക്കോ എറണാകുളം അമൃത ആശുപത്രിയിൽ മരിച്ചു.

റോജിയുടെ രോഗവിവരം പത്രത്തിൽവായിച്ചറിഞ്ഞ പൊതുപ്രവർത്തകൻകൂടിയായ കുഞ്ചാക്കോയുടെ കരളലിഞ്ഞു. പിന്നീട് കരൾ പകുത്തുനൽകാൻ വീട്ടുകാരുടെ അനുവാദംവാങ്ങി. കഴിഞ്ഞ 17 ന് ശസ്ത്രക്രിയയിലൂടെ കരൾ നൽകി റോജിക്ക് രക്ഷകനായി. പക്ഷേ ഇത് വെറുതെയായി മാറുകയാണ് ഉണ്ടായത്. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണ് കുഞ്ചാക്കോ. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡന്റ്, ഗ്രാമവികാസ് സാംസ്‌കാരികസമിതി ചെയർമാൻ, നെഹ്രുസ്മാരക ഗ്രന്ഥശാലാപ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുഞ്ചാക്കോയുടെ കരൾ സ്വീകരിച്ച റോജി പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ പെട്ടെന്ന് എല്ലാം മാറ്റി പറഞ്ഞു. ശസ്ത്രക്രിയാ പിഴവാണ് മരണത്തിലേക്ക് കാര്യങ്ങളെത്തിയതെന്ന് ആക്ഷേപം സജീവം. എന്നാൽ വൻകിട ആശുപത്രിക്കെതിരെ പ്രതികരിക്കാൻ നേതാക്കളോ പ്രസ്ഥാനങ്ങളോ തയ്യാറല്ല.

റോജിക്ക് കരൾ നൽകാനായി കഴിഞ്ഞ നാലുമാസക്കാലമായി നിയമപരമായ നടപടികളുമായി കുഞ്ചാക്കോയും കുടുംബവും സർക്കാർ സ്ഥാപനങ്ങളിൽ കയറിയിറങ്ങുകയായിരുന്നു. രോഗിയുടെ ബന്ധുവല്ലാത്തതിനാൽ വില്ലേജ് ഓഫിസർ, തഹസിൽദാർ, ഡി.എം.ഒ, ഡിവൈ.എസ്‌പി തുടങ്ങിയവരുടെ മുന്നിലും മെഡിക്കൽ കോളജിലും ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിലെയും അധികാരികൾക്കുമുന്നിൽ കുഞ്ചാക്കോയും ഭാര്യ ലിസമ്മ, മക്കളായ സുമി, പൊന്നി, എബിൻ എല്ലാവരും ചേർന്ന് സമ്മതപത്രം നൽകി. രണ്ടാമത്തെ മകൾ പൊന്നിയൊഴികെ മറ്റെല്ലാവരും കുഞ്ചാക്കോയുടെ ത്യാഗ സന്നദ്ധതയെ പിന്തുണച്ചിരുന്നു. ഡോക്ടർമാർ നൽകിയ ഉറപ്പിലായിരുന്നു കുഞ്ചോക്ക് കരൾ പകുത്തു നൽകാൻ രംഗത്തെത്തിയത്. ശസ്ത്രക്രിയക്കായി ഡോക്ടർമാരുടെ നിർദ്ദേശാനുസരണം കുഞ്ചാക്കോ മൂന്നുമാസം കൊണ്ട് കൊഴുപ്പുകുറക്കാൻ 40 കിലോ തൂക്കവും കുറച്ചിരുന്നു.

നവംബർ 16ാം തീയ്യതി അമൃതാ ആശുപത്രിയിൽ അഡ്‌മിറ്റാകുകയും ചെയ്തിരന്നു. അടുത്ത ദിവസം തന്നെ കുഞ്ചാക്കോയുടെ ശസ്ത്രക്രിയയും റോജിയുടെ ശരീരത്തിലേക്കു കുഞ്ചാക്കോയുടെ കരൾ പിടിപ്പിക്കൽ ശസ്ത്രക്രിയയും ഡോ. സുധീന്ദ്രന്റെ നേതൃത്വത്തിൽ നടന്നു. ഇങ്ങനെ ശസ്ത്രക്രിയയ്ക്ക് ശേഷം അമൃത ആശുപത്രിയിൽ തന്നെ വിശ്രമത്തിൽ കഴിയവേയാണ് കുഞ്ചാക്കോ മരണപ്പെട്ടത്. അമൃത ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി സ്വന്തം കരൾ ദാനം ചെയ്ത കുഞ്ചാക്കോയുടെ മരണം ചികിത്സാപ്പിഴവിനെ തുടർന്നാണെന്ന് വ്യക്തമാണ്. കുഞ്ചാക്കോയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇത് സൂചിപ്പിച്ചിട്ടുണ്ട്. അമൃത ആശുപത്രിയുടെ ചികിത്സാ പിഴവാണ് നാട്ടുകാരുടെ പ്രിയങ്കരനായ കുഞ്ചാക്കോ ചേട്ടന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ അണുബാധയാണ് മരണ കാരണം. മതിയായ ചികിൽസ കിട്ടാതെ വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നു.

ഇതു തന്നെയാകും റോജിയുടെ മരണത്തിനും കാരണമെന്നാണ് ആക്ഷേപം. എന്നിട്ടും മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നില്ല. സാധാരണ മരണമായി മാറ്റുകയാണ് എല്ലാവരും ചേർന്ന്. ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്നും ആശുപത്രി അധികൃതരുടെ അവഗണനയാലുമാണ് കുഞ്ചാക്കോ മരിച്ചതെന്നാണു ബന്ധുക്കൾ പറയുന്നത്. കരൾ ദാനംചെയ്യുന്നതിനുവേണ്ടി ഡോക്ടർമാർ നിർദ്ദേശിച്ചപ്രകാരം രണ്ടുമാസത്തോളം ആഹാരജീവിതനിയന്ത്രണങ്ങളിലൂടെ ഡോക്ടർക്ക് തൃപ്തികരമായ നിലയിലേയ്ക്ക് എത്തിച്ച ശേഷമാണ് കുഞ്ചാക്കോ ഓപ്പറേഷന് വിധേയമായത്. ഒന്നും ഭയപ്പെടാൻ ഇല്ലെന്നും ഡോക്ടർമാർ അന്ന് പറഞ്ഞിരുന്നു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞതോടെ ഒരു പേഷ്യന്റിന് പരിചരിക്കുന്ന വിധത്തിൽ പരിചരണം കുഞ്ചാക്കോയ്ക്ക് ലഭിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു.

നവംബർ പതിനാറാം തീയ്യതിയാണ് കുഞ്ചാക്കോ ശസ്ത്രക്രിയക്ക് വേണ്ടി അമൃത ഹോസ്പിറ്റലിൽ അഡ്‌മിറ്റായത്. 17ാം തിയ്യതി ഓപ്പറേഷൻ തീയ്യറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഓപ്പറേഷൻ നടത്തിയ ശേഷം ധൃതിപ്പെട്ട് വാർഡിലേക്ക് മാറ്റിയതും വേണ്ടത്ര പരിചരണം നൽകാത്തതും മൂലം കുഞ്ചാക്കോയുടെ മുറിവിൽ പഴുപ്പുണ്ടായെന്നു ഭാര്യ ലിസമ്മ പറയുന്നു. നിരുത്തരവാദപരമായ സമീപനം ആശുപത്രി ജീവനക്കാരിൽ നിന്ന് ഉണ്ടായതെന്നും ലിസമ്മ പറഞ്ഞു. കൃത്യമായ പരിചരണം ലഭിക്കാത്തതും ചികിത്സയിലെ പിഴവും മൂലമാണ് ഭർത്താവ് മരിച്ചതെന്ന് സംശയിക്കുന്നതായി ലിസമ്മ പറഞ്ഞു. ഒരു സാധാരണക്കാരന് ജീവൻ നൽകാൻ വേണ്ടി കരൾ നൽകിയ കുഞ്ചാക്കോയുടെ ജീവിതം നഷ്ടമായ സാഹചര്യം മറ്റാർക്കും ഉണ്ടാകരുതെന്നും അവർ വ്യക്തമാക്കി.

വാർഡിലേക്ക് മാറ്റുമ്പോൾ ബന്ധുക്കൾ ഉണ്ടായിരുന്നില്ല. ഓപ്പറേഷന് ശേഷം 22ാം തീയതി ഞായറാഴ്ച രാവിലെ നഴ്‌സുമാർ കുളിക്കാനും പല്ലുതേക്കാനുമൊക്കെ പറഞ്ഞെങ്കിലും കുഞ്ചാക്കോ കുളിച്ചില്ല. പനിയും ഓക്‌സിജന്റെ ലെവലുമൊക്കെ നോക്കിയിട്ട് എല്ലാം നോർമലാണെന്നാണ് നഴ്‌സുമാർ പറഞ്ഞത്. ഉച്ചയോടുകൂടി പ്രഷർ നോക്കാൻ വന്ന നഴ്‌സുമാരോട് ഇന്നലെ ഐസിയുവിന്റെ വാതിൽക്കൽ മൂന്നു മണിക്കൂർ നേരം ആരുമില്ലാതെ കിടന്നപ്പോൾ ഒന്നു നോക്കണ്ടായിരുന്നോ എന്നു കുഞ്ചാക്കോ ചോദിച്ചു. ഐസിയുവിൽ നിന്ന് ഇറക്കിക്കഴിഞ്ഞാൽ അവർക്ക് ഐസിയുവിലെ പേഷ്യന്റ് അല്ലാത്തതിനാലും വാർഡിൽ വരാത്തതിനാൽ പേപ്പർ ഒന്നും കിട്ടാതെ ഞങ്ങൾക്ക് നോക്കാനാവില്ല എന്നാണ് നഴ്‌സ് അപ്പോൾ മറപടി പറഞ്ഞതെന്നും ലിസമ്മ വ്യക്തമാക്കി.

അടുത്ത ദിവസം പതിവിലധികം വേദനയായിരുന്നതിനാൽ കുഞ്ചാക്കോയ്ക്ക് ഭക്ഷണവും കഴിക്കാൻ സാധിച്ചില്ല. വയറ്റിൽ നിന്നും പോകാൻ മരുന്നുവച്ചിരുന്നതിനാൽ വയറ്റിൽ നിന്നും പോയിക്കഴിഞ്ഞപ്പോൾ കുറെ ആശ്വാസമുണ്ടെന്നും പറഞ്ഞു. പിന്നീട് 24ാം തീയതി കുഞ്ചാക്കോയെ സ്‌കാൻ ചെയ്യാൻ കൊണ്ടുപോകുകയാണ്. എല്ലാം നോർമലാണെന്നും കരൾ വളരാൻ തുടങ്ങിയിട്ടുണ്ടെന്നും ഡ്യൂട്ടി ഡോക്ടർ അറിയിച്ചു. ഉച്ച കഴിഞ്ഞപ്പോൾ വേദന കഠിനമായതിനാൽ ഡ്യൂട്ടി ഡോക്ടർ വന്ന് വേദനസംഹാരി നൽകുകയാണ് ഉണ്ടായത്. വേദന കൂടിയ സാഹചര്യത്തിൽ ഡ്യൂട്ടി ഡോക്ടർ വന്ന് പിന്നീട് കുഞ്ചാക്കോയെ ഒബ്‌സെർവേഷൻ റൂമിലേക്ക് മാറ്റുകയായിരുന്നു. ഒന്നുകൂടി സ്‌കാൻ ചെയ്തപ്പോൾ വയറ്റിൽ പഴുപ്പുണ്ടെന്നും കീഹോളിലൂടെ പുറത്തെടുക്കാമെന്നും പറഞ്ഞു. ഉടൻ തന്നെ റിക്കവറി റൂമിലേക്ക് മാറ്റുകയും കീഹോളിലൂടെ പഴുപ്പ് മാറ്റുകയും ചെയ്തു. വൈകുന്നേരമായപ്പോൾ ഐസിയുവിലേക്ക് വീണ്ടും മാറ്റി.

വയറ്റിലെ പഴുപ്പ് മാറ്റിയപ്പോൾ ഒത്തിരി ആശ്വാസമുണ്ടെന്നാണ് പറഞ്ഞത്. 10.30 ആയപ്പോൾ എന്നെയും റോജിയുടെ സഹോദരനെയും ഡോക്ടർ വിളിപ്പിച്ചു. കുഞ്ചാക്കോയുടെ വയറ്റിൽ നിന്ന് 3.5 ലിറ്റർ പഴുപ്പ് ഉണ്ടായിരുന്നെന്നും ആമാശയഭിത്തിയിൽ ഒരു സുഷിരമുണ്ടെന്നും അതടയ്ക്കാൻ എൻഡോസ്‌കോപ്പി ചെയ്യണമെന്നും പറഞ്ഞു. വൈകിട്ട് 5 മണിയായപ്പോൾ കുഞ്ചാക്കോയെ ഐസിയുവിൽ പോയി കണ്ടപ്പോൾ വേദന കഠിനമാണെന്നും ഒന്നും കഴിക്കാൻ പറ്റുന്നില്ലെന്നും പറഞ്ഞു. അടുത്ത ദിവസവും കുഞ്ചാക്കോ കഠിനമായ വേദനയാണ് അനുഭവിച്ചത്. 28ാം തീയ്യതി എൻഡോ്‌കോപ്പി ചെയ്യാൻ ഒപ്പിട്ടു കൊടുക്കണം എന്നു ആശുപത്രി അധികൃതർ പറഞ്ഞു.

ഇതനുസരിച്ച് അങ്ങനെ ചെയ്യുകയും ചെയ്തു. എൻഡോസ്‌കോപ്പി കഴിഞ്ഞ നെഞ്ചിനും കരളിനും ശ്വാസം മുട്ടൽ ഉണ്ടെന്നമാണ് ആശുപത്രി അധികൃതർ പറയുന്നത്. പിന്നീട് കുഞ്ചാക്കോയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് 1.30 ആയപ്പോൾ എൻഡോസ്‌കോപ്പി കഴിഞ്ഞ് 5 മിനിട്ട് കഴിഞ്ഞപ്പോൾ ഡോക്ടർമാരും നഴ്‌സുമാരും പരിഭ്രാന്തരായി ഓടി. തുടർന്ന് വീട്ടുകാരെ വിളിച്ച് ഹാർട്ട് ബീറ്റ് 30 ലേക്ക് താഴ്ന്നുപോയെന്നും എത്ര പരിശ്രമിച്ചിട്ടും അതുയർത്താൻ സാധിക്കുന്നില്ല. രക്ഷപ്പെടുന്ന കാര്യം സംശയമാണെന്നും പറഞ്ഞു. പിന്നീട് മരണ വാർത്തയാണ് പുറത്തുവന്നത്. ഇതിന് സമാനമായി തന്നെയാണ് റോജിയുടെ മരണവും ആശുപത്രി സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP