Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹിതനായി ബ്രിട്ടനിലേക്ക് പോകാനിരുന്ന യുവാവിന് അപകടത്തിൽ ദാരുണാന്ത്യം; ഇരു സഹോദരിമാരും യുകെയിലുള്ള കുടുംബത്തിന് നഷ്ടമായത് ഏക ആൺ തരി; മണാർകാടിനെ നടുക്കിയ ബൈക്ക് അപകടത്തിൽ ജീവൻ നഷ്ടമായ യുവ നഴ്‌സ് സബിൻ തോമസിന് നാടിന്റെ അന്ത്യാഞ്ജലി നാളെ

വിവാഹിതനായി ബ്രിട്ടനിലേക്ക് പോകാനിരുന്ന യുവാവിന് അപകടത്തിൽ ദാരുണാന്ത്യം; ഇരു സഹോദരിമാരും യുകെയിലുള്ള കുടുംബത്തിന് നഷ്ടമായത് ഏക ആൺ തരി; മണാർകാടിനെ നടുക്കിയ ബൈക്ക് അപകടത്തിൽ ജീവൻ നഷ്ടമായ യുവ നഴ്‌സ് സബിൻ തോമസിന് നാടിന്റെ അന്ത്യാഞ്ജലി നാളെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഓഗസ്റ്റിൽ യുകെ മലയാളിയായ വധുവിനെ മിന്നു കെട്ടി സഹോദരിമാരോടൊപ്പം യുകെ മലയാളി ആകാൻ കാത്തിരുന്ന യുവ മലയാളി നഴ്‌സിന് കോട്ടയത്ത് ദാരുണ അന്ത്യം. വ്യാഴഴ്ച രാത്രി ഒൻപതരയ്ക്ക് പാമ്പാടിയിൽ വച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ ജീവൻ പൊലിഞ്ഞ സബിൻ തോമസ് എന്ന യുവാവിന്റെ ദുരോഗ്യം ഇപ്പോൾ ഒരു നാടിന്റെ വേദനയായി പടരുകയാണ്. ഇതോടൊപ്പം സാബിന്റെ രണ്ടു സഹോദരിമാരും യുകെ മലയാളികൾ ആയതിനാൽ അവരുടെ സുഹൃത്തുക്കൾക്കും കണ്ണീർ ഓർമ്മയായി മാറുകയാണ് ഈ യുവാവിന്റെ മരണ വാർത്ത.

മരണം എപ്പോഴും കൂടെയുണ്ട് എന്നോർമ്മപ്പെടുത്തും വിധമാണ് അതിക്രൂരമായി വിധി സാബിനെ തട്ടിയെടുത്തത്. ഇംഗ്ലണ്ടിലേക്കു വരുവാൻ ഉള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കോട്ടയത്ത് ഓഇടി കോഴ്‌സിന് ചേർന്ന സബിൻ രാത്രി ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെയാണ് അത്യാഹിതം ഉണ്ടായത്. പാമ്പാടി നെടുംകുഴി വെമ്പിലാമറ്റം കുടുംബാംഗമാണ് സബിൻ. കോട്ടയം എം ആർ എഫ് ജീവനക്കാരൻ ആയിരുന്ന കുഞ്ഞുമോൻ (വി ടി തോമസ്) ആണ് പിതാവ്. പരേതയായ സൂസമ്മയാണ് മാതാവ്.

കോട്ടയം മണർകാടിനു അടുത്ത് നാലുമണിക്കാറ്റ് എന്ന പേരിൽ അടുത്ത കാലത്തു അറിയപ്പെട്ടു തുടങ്ങിയ സ്ഥലത്തു വച്ചാണ് അപകടം ഉണ്ടായത്. രാത്രി വഴിവക്കിൽ വഴക്കിട്ട അന്യ സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ റോഡിലേക്ക് ഇറങ്ങിയപ്പോൾ അവരെ ഇടിക്കാതിരിക്കാനായി ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന സബിനെ അപകട സമയത്തു തന്നെ സാരമായ പരുക്കുകൾ സംഭവിച്ചിരുന്നു. റോഡിൽ അൽപ ദൂരം നിരങ്ങിയ നിലയാണ് ബൈക്കും സബിനും കാണപ്പെട്ടത്. രാത്രി ഒൻപതരയോടെ നടന്ന അപകടത്തെ തുടർന്ന് പ്രദേശത്തു ഓടിക്കൂടിയവർ അഞ്ചു മിനിറ്റിനകം മണർകാട് സെന്റ് മേരിസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ബാംഗ്ലൂർ അപ്പോളോ ആശുപത്രിയിൽ നഴ്സ് ആയിരുന്ന സബിൻ യുകെ യാത്രയും വിവാഹവും പരിഗണിച്ചാണ് അടുത്തകാലത്ത് വീട്ടിൽ എത്തിയത്.

സബിന്റെ മൂത്ത സഹോദരി ഷീബ ജോസ് ഏറെക്കാലമായി യുകെ മലയാളിയാണ്. വൂസ്റ്ററിനു അടുത്ത് മാൽവേനിൽ താമസിക്കുന്ന മൂത്ത സഹോദരിക്കും കുടുംബത്തിനും ഒപ്പം അടുത്തകാലത്തായി ഇളയ സഹോദരി ഷിബിയും യുകെയിൽ എത്തിയിട്ടുണ്ട്. വെംബ്ലിയിലാണ് ഷിബിയും ഭർത്താവും താമസിക്കുന്നത്. ഇവരുടെ അമ്മയുടെ മരണത്തെ തുടർന്ന് സഹോദരിമാരായിരുന്നു സബിന്റെ എല്ലാമെല്ലാം. ഈ അടുപ്പം കാരണം യുകെയിൽ നിന്ന് തന്നെ വിവാഹം ഉറപ്പിച്ച് അതിനുള്ള ഒരുക്കത്തിലായിരുന്നു സബിനും പിതാവും.

സഹോദരിമാരുടെ കൂടെ സൗകര്യം പ്രമാണിച്ചു ഓഗസ്റ്റിൽ വിവാഹം ആഘോഷമായി നടത്താനുള്ള ഒരുക്കങ്ങൾ സബിൻ നടത്തിയിരുന്നതായി ഉറ്റ സുഹൃത്തുക്കൾ വ്യക്തമാക്കി. ഷീബയുടെയും ഷിബിയുടെയും ഏക സഹോദരനാണ് മരിച്ച സബിൻ. നാട്ടിൽ ഏവരുമായി സൗമ്യമായി ഇടപെടുന്ന സാബിന്റെ മരണം പ്രദേശത്തെ ചെറുപ്പക്കാർക്കിടയിൽ കടുത്ത വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ഇപ്പോൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മണർകാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം നാളെ ഉച്ചകഴിഞ്ഞു സംസ്‌ക്കാരം നടത്തുമെന്നാണ് കോട്ടയത്ത് നിന്നും ലഭിക്കുന്ന വിവരം.

സഹോദരിമാർ ഇരുവരും വ്യത്യസ്ത വിമാനങ്ങളിൽ നാട്ടിലേക്കു പുറപ്പെട്ടാൽ ഇന്ന് പല സമയത്തായാണ് ഇരുവരും വീട്ടിൽ എത്തുക. അതിനാൽ നാളെ ഇടവക പള്ളിയിൽ സംസ്‌കാരം നടത്താനാണ് ബന്ധുക്കൾ ആലോചിക്കുന്നത്. സഹോദരിമാർ വീട്ടിൽ എത്തിയ ശേഷവുമാകും അന്തിമ തീരുമാനം എന്നും സൂചന ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP