Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്റ്റാഫുകളുടെ അസൗകര്യം മൂലം പലതവണ മാറ്റി വച്ച ട്രിപ്പ് മരണക്കയത്തിലേക്കുള്ള യാത്രയായി; സാജൻ വിടവാങ്ങിയത് വീടെന്ന സ്വപ്നവും അനിയത്തിയുടെ വിവാഹവും ബാക്കിയാക്കി; ഇടുക്കിയിൽ റിസോർട്ടിൽ മുങ്ങി മരിച്ച ഇൻഫോ പാർക്ക് ജീവനക്കാരനു കണ്ണീരിൽ കുതിർന്ന വിട നല്കി നാട്

സ്റ്റാഫുകളുടെ അസൗകര്യം മൂലം പലതവണ മാറ്റി വച്ച ട്രിപ്പ് മരണക്കയത്തിലേക്കുള്ള യാത്രയായി; സാജൻ വിടവാങ്ങിയത് വീടെന്ന സ്വപ്നവും അനിയത്തിയുടെ വിവാഹവും ബാക്കിയാക്കി; ഇടുക്കിയിൽ റിസോർട്ടിൽ മുങ്ങി മരിച്ച ഇൻഫോ പാർക്ക് ജീവനക്കാരനു കണ്ണീരിൽ കുതിർന്ന വിട നല്കി നാട്

കരുനാഗപ്പള്ളി: വീടെന്ന സ്വപ്നവും അനിയത്തിയുടെ വിവാഹവും ബാക്കിയാക്കി സാജൻ യാത്രയായി. റിസോർട്ടിലെ പടുതാക്കുളത്തിൽ മുങ്ങി മരിച്ച കരുനാഗപ്പള്ളി തുരുത്തിക്കാട്ടിൽ പടിയിൽ ബാബു - ശോഭാ ദമ്പതികളുടെ മകൻ സാജൻ ബാബു (27)വിന്റെ വേർപാട് ഇനിയും ഉൾക്കൊള്ളാനാവാതെ തരിച്ചു നിൽക്കുകയാണ് നാട്ടുകാരും സുഹൃത്തുക്കളും. നാട്ടിലും ജോലി സ്ഥലത്തും ഒരുപോലെ പ്രിയങ്കരനായിരുന്നു സാജൻ. അനിയത്തിയുടെ വിവാഹം നടത്തിയതിന് ശേഷം പുതിയ വീടു വയ്ക്കണമെന്നായിരുന്നു സാജന്റെ ആഗ്രഹമെന്നും പിന്നീടാവാം വിവാഹമെന്ന് സാജൻ പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഇതിനിടയിൽ വിവാഹാലോചനകൾ വന്നിരുന്നു എന്നാൽ ആഗ്രഹസാഫല്യത്തിനായി മാറ്റി വയ്ക്കുകയായിരുന്നു.

എറണാകുളം ഇൻഫോ പാർക്കിലെ ടി.എ ടെക്‌നോളജീസിൽ സാജൻ ജോലിയിൽ പ്രവേശിച്ചിട്ട് അധിക നാളായില്ല. സൗമ്യമായ സംസാരവും ജോലിയിലെ കൃത്യനിഷ്ഠതയും സുഹൃത്തുക്കൾക്കിടയിലും മാനേജുമെന്റിനും ഏറെ പ്രിയങ്കരനായി മാറി. ക്രിക്കറ്റ് കളിയിൽ ഏറെ പ്രാവീണ്യമുണ്ടായിരുന്നു സാജന്. ടി.എ ടെക്‌നോളജീസ് എന്ന പേരിൽ തന്നെ കമ്പനിക്ക് ഒരു ക്രിക്കറ്റ് ടീം ഉണ്ട്. ഇതിലെ മികച്ച ബാറ്റ്‌സ്മാനായിരുന്നു സാജൻ. കഴിഞ്ഞ ആഴ്ച മറ്റൊരു കമ്പനിയുടെ ടീമുമായി മത്സരിച്ചു ജയിച്ചപ്പോൾ ഏറ്റവും കൂടുതൽ റൺ സ്‌കോർ ചെയ്തത് സാജനായിരുന്നു എന്ന് സുഹൃത്തുക്കൾ മറുനാടനോട് പറഞ്ഞു.

എല്ലാ വർഷവും കമ്പനി സ്റ്റാഫുകൾക്കായി റീ ഫ്രഷ് മെന്റ് ട്രിപ്പ് നടത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് ഒരു ദിവസത്തെ ട്രിപ്പിനായി കമ്പനിയിലെ നാല്പതംഗ സംഘം ഇടുക്കി കുളമാവിലെ ഗ്രീൻ ബർഗ്ഗ് റിസോർട്ടിലേക്ക് യാത്ര വന്നത്. സ്റ്റാഫുകളുടെയും അസൗകര്യം മൂലം പല തവണ മാറ്റി വച്ച ട്രിപ്പായിരുന്നു ഇത്. എല്ലാവരും ഏറെ സന്തോഷത്തിലായിരുന്നു. എന്നാൽ ഈ യാത്ര രണ്ട് സുഹൃത്തുക്കളുടെ അന്ത്യയാത്രയായിരിക്കുമെന്ന് ആരും അറിഞ്ഞില്ല.

റിസോർട്ടിലെത്തി ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൗണ്ടിൽ ഫുഡ്‌ബോൾ കളിക്കാനായി കുറേപ്പേർ പോയി. കളിക്കിടയിൽ പന്ത് സമീപത്തെ മഴവെള്ളം സംഭരിക്കുന്ന പടുതാ കുളത്തിൽ വീണു. പന്തെടുക്കാനായി സുഹൃത്തുക്കൾ കൈകൾ കോർത്ത് കുളത്തിലേക്കിറങ്ങി. എന്നാൽ ചവിട്ടി നിൽക്കാൻ ഇടമില്ലാഞ്ഞതിനാൽ നാലു പേർ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. 14 അടിയോളം താഴ്ചയുണ്ടായിരുന്ന കുളത്തിന്റെ അടിത്തട്ടിലേക്ക് നീന്തൽ വശമില്ലാത്ത സാജനും തിരുവല്ലാ സ്വദേശി അൻവിൻ ചെറിയാനും താഴ്ന്നു പോയി.

കുളത്തിൽ വീണ മറ്റു രണ്ടു പേരായ സനലും ജിതേഷും സുഹൃത്തുക്കൾ ഇട്ടു കൊടുത്ത കയറിൽ പിടിച്ചു കയറി. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ റിസോർട്ട് ജീവനക്കാർ കുളത്തിലേക്ക് ചാടിയെങ്കിലും വെള്ളത്തിന്റെ കാഠിന്യവും തണുപ്പും മൂലം സാജനേയും അൻവിനേയും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് സമീപത്തെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെത്തിയാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കാൻ 14 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വന്നു. ഇതിനിടയിൽ രണ്ടു പേരും മരിച്ചിരുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. അൻവിൻ ചെറിയാന്റെ സംസ്‌ക്കാരം നാളെ തിരുവല്ലയിൽ നടക്കും സാജന്റെ സംസ്‌ക്കാരം തഴവാ സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ചിൽ നടന്നു. സാജന്റെ മൃതദേഹം മണപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് എത്തിയത്. മകന്റെ വേർപാടിൽ അലമുറയിട്ട് കരയുന്ന മാതാപിതാക്കളെയും ഏക സഹോദരന്റെ വിടവാങ്ങൽ ഉൾക്കൊള്ളാനാവാതെ വിറങ്ങലിച്ച സഹോദരിയേയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കൾ നിസഹായരായി നിൽക്കുന്ന കാഴ്ച ആരുടെ കണ്ണിലും നനവ് പടർത്തുന്നതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP