Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര

അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര

മാവേലിക്കര: ജമ്മു അതിർത്തിയിൽ പാക്കിസ്ഥാൻ വെടിവയ്പിൽ വീരമൃത്യു വരിച്ച കരസേന ലാൻസ് നായിക് സാം ഏബ്രഹാമിന്റെ (35) സംസ്‌കാരം ഉച്ചകഴിഞ്ഞു രണ്ടിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും. ജമ്മുവിലെ അഖ്‌നൂർ സുന്ദർബനിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.40ന് ആണു സാം വെടിയേറ്റു മരിച്ചത്. മാവേലിക്കര പുന്നമൂട് പോനകം തോപ്പിൽ ഏബ്രഹാം ജോണിന്റെയും സാറാമ്മയുടെയും മകനാണ്.

മൃതദേഹം ഇന്നു രാവിലെ ഡൽഹി വിമാനത്താവളത്തിലും രാത്രി എട്ടു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലും എത്തിക്കും. മോർച്ചറിയിൽ സൂക്ഷിച്ച ശേഷം നാളെ പ്രത്യേക ആംബുലൻസിൽ രാവിലെ ഒൻപതു മണിയോടെ ജന്മനാട്ടിലും എത്തിക്കും. തുടർന്ന് മാതൃവിദ്യാലയമായ മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിൽ എത്തിച്ചു പൊതുദർശനത്തിനു വയ്ക്കും. അതിന് ശേഷം വിലാപയാത്രയായി വീട്ടിലെത്തിക്കും.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ആർ.രാജേഷ് എംഎൽഎ, ജില്ലാ കലക്ടർ ടി.വി.അനുപമ തുടങ്ങിയവർ സാമിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. കളക്ടറുടെ വരവ് കുടുംബത്തിന് ആശ്വാസമായി. അമ്മയുടെ ദുഃഖം തിരിച്ചറിഞ്ഞ് കളക്ടർ സാന്ത്വനമെത്തിക്കാൻ ഇരുന്നു. സാം ഏബ്രഹാമിന്റെ അമ്മ സാറാമ്മയുടെ കണ്ണുകളിൽ നോക്കി അവരുടെ വാക്കുകൾ കേട്ടിരുന്ന കലക്ടർ, ആരും പ്രതീക്ഷിക്കാത്തൊരു നിമിഷത്തിൽ വിങ്ങിപ്പൊട്ടി. ഒരു നിമിഷം കൊണ്ടു മനസ്സാന്നിധ്യം വീണ്ടെടുത്ത കലക്ടർ കണ്ണീർ തുടച്ചശേഷം ആ അമ്മയുടെ കൈകളിൽ ഒന്നമർത്തിപ്പറഞ്ഞു, 'അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...'

ഇന്നലെ ഉച്ചകഴിഞ്ഞാണു കലക്ടർ ടി.വി.അനുപമ സാം ഏബ്രഹാമിന്റെ വീട്ടിലെത്തിയത്. മുറ്റത്തു നിന്ന അച്ഛൻ ഏബ്രഹാമിനെ ആശ്വസിപ്പിച്ച ശേഷമാണ് അമ്മയുടെ അടുത്തേക്കു നീങ്ങിയത്. മൃതദേഹം കാലതാമസം കൂടാതെ നാട്ടിലെത്തിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ഹെലികോപ്ടറിൽ എൻടിപിസി ഗ്രൗണ്ടിൽ ഇറക്കാൻ സൗകര്യമൊരുക്കണമെന്നു മൂത്ത സഹോദരനും സൈന്യത്തിൽ ഹവിൽദാറുമായ മാത്യു ഏബ്രഹാം (സാബു) കലക്ടറോട് ആവശ്യപ്പെട്ടു. ഇക്കാര്യം കരസേനാ അധികൃതരെ അറിയിക്കാമെന്ന് ഉറപ്പു നൽകിയാണു കലക്ടർ മടങ്ങിയത്.

വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും കഴിഞ്ഞ ദിവസം നാലുപേരാണ് കൊല്ലപ്പെട്ടത്. സാം എബ്രഹാമിന് പുറമേ ബി.എസ്.എഫ് ഹെഡ് കോൺസ്റ്റബിൾ ജഗ്പാൽ സിങ്ങും വീരമൃത്യു വരിച്ചു. മാവേലിക്കര പുന്നമൂട് സ്വദേശിയാണ് വീരമൃത്യു വരിച്ച ലാൻസ് നായിക് സാം എബ്രഹാം. രണ്ട് ഗ്രാമീണരും മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. രാജ്യാന്തര അതിർത്തിയിലെ മൂന്ന് ജില്ലകളിലുള്ള സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കിയാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ജമ്മു, സാംബ, ഖത്തുര ജില്ലകളിലെ പോസ്റ്റുകൾക്കു നേരെയാണ് കനത്ത ഷെല്ലാക്രമണം ഉണ്ടായതെന്ന് ബി.എസ്.എഫ് വൃത്തങ്ങൾ പറഞ്ഞു.

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള രജൗറി ജില്ലയിലെ പോസ്റ്റുകൾക്ക് നേരെ കനത്ത വെടിവെപ്പുണ്ടായി. വെള്ളിയാഴ്ച പുലർച്ചെ 6.40 ഓടെയാണ് പാക് സൈനികർ പ്രകോപനംകൂടാതെ വെടിവെപ്പ് തുടങ്ങിയത്. നാല് മണിക്കൂറോളം വെടിവെപ്പ് തുടർന്നു. രാജ്യാന്തര അതിർത്തിയിലെ എല്ലാ സ്‌കൂളുകളും അടയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത വെടിവെപ്പും ഷെല്ലാക്രമണവും മണിക്കൂറുകൾ നീണ്ടതോടെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ പരിഭ്രാന്തരായതായി വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP