Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പണം കടം കൊടുത്ത ബ്ലേഡുകാർ വീടിന് മുമ്പിൻ കാറിൽ എത്തിയ വിവരം അറിഞ്ഞ് സ്വയം വെടിവച്ച് മരിച്ച സുരേഷ് മുൻ സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻ; വാൾട്ടർ ദേവാരത്തെ തോൽപ്പിച്ച കായികതാരത്തിന്റെ മരണം അന്വേഷിക്കാൻ നാട്ടുകാർ രംഗത്ത്

പണം കടം കൊടുത്ത ബ്ലേഡുകാർ വീടിന് മുമ്പിൻ കാറിൽ എത്തിയ വിവരം അറിഞ്ഞ് സ്വയം വെടിവച്ച് മരിച്ച സുരേഷ് മുൻ സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻ; വാൾട്ടർ ദേവാരത്തെ തോൽപ്പിച്ച കായികതാരത്തിന്റെ മരണം അന്വേഷിക്കാൻ നാട്ടുകാർ രംഗത്ത്

പത്തിരിപ്പാല: സംസ്ഥാനമാകെ പിടിമുറുക്കിയ ബ്ലേഡ് മാഫിയക്കാരുടെ ഭീഷണിയിൽ പെരുവഴിയിലായ കുടുംബങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് മുൻ കായികതാരവും ജീവനൊടുക്കിയിരിക്കുന്നു. സംസ്ഥാന റൈഫിൽ ഷൂട്ടിങ് മുൻ ചാമ്പ്യനും പാലക്കാട് ജില്ലാ ഷൂട്ടിങ് ടീം മുൻ പരിശീലകനുമായ കോങ്ങാട് പന്നിക്കോട് ചാത്തംകുളം സുരേഷ്‌കുമാ(57)റാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയത്തത്. ബ്ലേഡ് മാഫിയക്കാർ കാറിൽ വീടിന് മുമ്പിൽ വന്നു എന്നറിഞ്ഞതോടെ സുരേഷ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

പത്തിരിപ്പാലയ്ക്കടുത്ത് മണ്ണൂർ ഒന്നാംമൈലിൽ വാടകവീട്ടിലാണ് സുരേഷിനെ മരിച്ചനിലയിൽ കാണപ്പെട്ടത്. ചാത്തംകുളം പരേതനായ മാധവന്റെയും രത്‌നത്തിന്റെയും ഏകമകനാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ പ്രായമായ അമ്മയും സഹായിയായ സ്ത്രീയും ഇദ്ദേഹത്തിന്റെ സുഹൃത്തായ യുവാവും വീട്ടിലുണ്ടായിരുന്നു. കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. നെഞ്ചിന് താഴെയായാണ് വെടിയുണ്ട തുളച്ചുകയറിയത്. കസേരയ്ക്കുതാഴെ നിലത്തുമുഴുവൻ രക്തം തളംകെട്ടിയ നിലയിലാണ്. ഇരട്ടക്കുഴൽ റൈഫിൾ ഉപയോഗിച്ചാണ് നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

പണം കടംകൊടുത്ത നാലംഗസംഘം കാറിൽ വീടിന് വെളിയിൽ പടിക്കുമുന്നിലായി പണം ചോദിച്ച് കാത്തുനിൽക്കവേയാണ് സുരേഷ് കുമാർ സ്വയം വെടിയുതിർത്തത്. സെയിൽസ് എക്‌സിക്യുട്ടീവായ താൻ ജോലിക്കുപോകുംവഴി സുഹൃത്തിനെ കാണാനാണ് വീട്ടിലെത്തിയതെന്ന് കളപ്പെട്ടി സ്വദേശിയായ സുധീഷ് പറഞ്ഞു. തനിക്ക് ചായനൽകാൻ വീട്ടുസഹായിയായ ശാന്തയോട് സുരേഷ് പറയുന്ന സമയത്താണ് പുറത്ത് കാർ വന്നുനിന്നത്. കാർ കണ്ടതും വെപ്രാളപ്പെട്ട് സുരേഷ് അകത്തുപോയി വാതിൽ അടയ്ക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു. പൊട്ടുന്ന ശബ്ദംകേട്ട് വാതിൽ തുറന്നപ്പോൾ രക്തം ദേഹത്തിലൂടെ ഒഴുകി മരിച്ചനിലയിൽ കിടക്കുന്നതാണ് കണ്ടത്.

സംഭവത്തെ കുറിച്ച് പുറത്തു കാത്തു നിന്നവരോട് പറഞ്ഞതോടെ അവർ വേഗം കാറോടിച്ച് പോയതായി യുവാവ് പറഞ്ഞു.മണ്ണൂർ ഒന്നാംമൈലിൽ കനാലിനരികിലെ വാടകവീട്ടിൽ അഞ്ചുമാസംമുന്പാണ് അമ്മയുമൊത്ത് സുരേഷ്‌കുമാർ താമസം തുടങ്ങിയതെന്ന് അയൽക്കാർ പറഞ്ഞു. കഴിഞ്ഞ കുറേവർഷമായി പത്തിരിപ്പാല 14ാം മൈലിൽ വാടകവീട്ടിലായിരുന്നു. കോങ്ങാട്ടുള്ള തറവാടുവക വീടും പറമ്പുമെല്ലാം വില്പന നടത്തിയാണത്രേ പത്തിരിപ്പാലയിലെത്തിയത്. ധ്യാന പരിശീലകനാണ്. അത്യാവശ്യം ജ്യോത്സ്യവും നോക്കാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. പാലക്കാട് എ.എസ്‌പി. ജി. പൂങ്കുഴലി, നോർത്ത് സിഐ കെ. മുരളീധരൻ, മങ്കര എസ്.ഐ. എ. പ്രതാപ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

വിരലടയാള വിദഗ്ധൻ കെ.വി. അജേഷ്, ബാലിസ്റ്റിക് എക്‌സാമിനർ എന്നിവരും പരിശോധന നടത്തി. സിഐയ്ക്കാണ് അന്വേഷണച്ചുമതല . ഭാര്യ രൂപിതയുമായി വർഷങ്ങൾക്കുമുമ്പേ പിരിഞ്ഞതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കളില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നും തകർക്കാനാവാത്ത ദക്ഷിണേന്ത്യൻ ഷൂട്ടിങ് റെക്കോർഡിനുടമ കൂടിയാണ് സുരേഷ് കുമാർ. 1981ൽ മദ്രാസിൽ നടന്ന റൈഫിൾ ഷൂട്ടിങ് മത്സരത്തിൽ സുരേഷ് അന്ന് കീഴടക്കിയത് തമിഴ്‌നാട് ഡി.ജി.പി.യും പൊലീസിലെ വീരനായകനുമായിരുന്ന വാൾട്ടർ ദേവാരത്തെയാണ്. അതേ മത്സരത്തിൽ പിസ്റ്റൾ ഷൂട്ടിങ്ങിൽ ദേവാരം, സുരേഷിനെ തോല്പിച്ചെങ്കിലും സുരേഷിന്റെ 'ഉന്നം' തനിക്ക് അദ്ഭുതമാണെന്ന് പ്രകീർത്തിക്കാൻ ദേവാരം മടിച്ചില്ല. ആറാംവയസ്സിൽ മുത്തച്ഛൻ ചാമിയിൽനിന്നാണ് സുരേഷ് തോക്കിൽ ഉന്നംപഠിക്കുന്നത്.

കോങ്ങാട്ടെ അറിയപ്പെടുന്ന കർഷകകുടുംബമായ ചാത്തംകുളത്തെ ഉന്നംപിഴക്കാത്ത വേട്ടക്കാരനായിരുന്നു ചാമി. കുട്ടിയായ സുരേഷിന് തോക്ക്‌ ൈകയിൽ താങ്ങാതെവന്നപ്പോൾ അച്ഛൻ മാധവൻ കസേരയിൽ തോക്ക് ചാരിവച്ചാണ് പരിശീലനം നൽകിയത്. കസേരയിൽ ഇരുന്നാണ് ട്വൽവ് ബോർ ഗൺ ഉപയോഗിച്ച് സുരേഷ് അവസാന 'ഷൂട്ടിങ്ങിനായും' കാഞ്ചിവലിച്ചത്.

സുരേഷിന്റെ തോക്കുഭ്രമംകണ്ട് റൈഫിൾ നന്നാക്കുന്ന വടക്കന്തറയിലെ ഗൺ സ്മിത്ത് ജയകുമാറാണത്രേ മത്സരത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. മത്സരത്തിനിറങ്ങിയതുമുതൽ ആറുവർഷം സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനക്കാരനായി. 1979ൽ സീനിയർ വിഭാഗത്തിലും ചാമ്പ്യനായി. സിഗരറ്റിന്റെ അഗ്രം 50 അടി അകലെ ഉന്നംപിടിച്ച് തെറിപ്പിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം പ്രകടമാക്കി. കണ്ണാടിയിൽ സിഗരറ്റിന്റെ ഛായ നോക്കി പിറകോട്ട് വെടിയുതിർക്കാനും ശീലിച്ചു .22 ഓപ്പൺ ഫൈറ്റ് സ്റ്റാൻഡേഡ് റൈഫിളാണ് സുരേഷിന്റെ ഇഷ്ടയിനം. ഈ ഇനത്തിൽ മദ്രാസിൽ 1987ൽ നടന്ന ദക്ഷിണമേഖലാ മത്സരത്തിൽ നേടിയെേ റക്കാഡ് ഇപ്പോഴും നിലനിൽക്കുന്നു. 1988ൽ സ്റ്റേറ്റ് റൈഫിൾ ക്ലബ്ബ് കോച്ചായി.

ഇടുക്കി, കണ്ണൂർ, കാസർകോട് റൈഫിൾ ക്ലബ്ബുകാർ സുരേഷിന്റെ സിലബസ് ആയിരുന്നത്രേ വർഷങ്ങളോളം പിന്തുടർന്നത്. സുരേഷ് റൈഫിൾ ഷൂട്ടിങ്ങിൽ 1983, 86, 89, 91 വർഷങ്ങളിൽ സംസ്ഥാന ചാമ്പ്യനും റെക്കോഡിനുടമയുമാണ്. സുരേഷ് കുമാറിനെ സാമ്പത്തികബാധ്യത അലട്ടിയിരുന്നതായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഏതാനുംമാസം മുമ്പ് തന്നെ പണം തിരികെചോദിച്ച് ചിലർ ഭീഷണിപ്പെടുത്തുന്നതായി സുരേഷ്‌കുമാർ മങ്കരപൊലീസിൽ പരാതിപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP